Image

സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി സ്ത്രൈണതയുടെ പുതുചരിത്രം - ഡോ. ശ്രീക്കുട്ടി തങ്കപ്പന്‍ (പുസ്തകലോകം / ടി. ഡി രാമകൃഷ്ണന്‍)

Published on 05 August, 2026
സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി സ്ത്രൈണതയുടെ പുതുചരിത്രം - ഡോ. ശ്രീക്കുട്ടി തങ്കപ്പന്‍ (പുസ്തകലോകം / ടി. ഡി രാമകൃഷ്ണന്‍)

*തുലൈന്തവള്‍ നാന്‍
കവിതൈ മറന്തവള്‍ നാന്‍
കാതല്‍ കരിന്തവള്‍ നാന്‍
കര്‍പ്പ് മുറിന്തവള്‍ നാന്‍@

(സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി)

     

ശ്രീലങ്കയുടെ അതിവിദൂരമല്ലാത്ത വര്‍ത്തമാന രാഷ്ട്രീയ ചരിത്രത്തില്‍ നിന്നുമാണ് ടി. ഡി രാമകൃഷ്ണന്‍റെ സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി എന്ന നോവല്‍ ആരംഭിക്കുന്നത്. ആഭ്യന്തര കലാപങ്ങളും വംശവെറിയും അസ്ഥിരമാക്കിയ ശ്രീലങ്കയില്‍ അതോടൊപ്പം നടമാടിയ ഭരണകൂടഭീകരതയെക്കൂടി അവതരിപ്പിക്കുകയാണ് ഈ നോവല്‍.  ഉത്തരാധുനികനോവല്‍ രചയിതാക്കളില്‍ പലരുടേയും ഇഷ്ടവിഷയമായ ചരിത്രത്തെയും അതിന്‍റെ ബദല്‍ നിര്‍മിതിയിലെ മിത്തിക്കല്‍ സാധ്യതയെയും പ്രായോജനപ്പെടുത്തിക്കൊണ്ടാണ് സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകിയുടെ ആഖ്യാനത്തെ അദ്ദേഹം സാധ്യമാക്കുന്നത്.

ചരിത്രവും മിത്തും ഇടകലര്‍ത്തിയുള്ള ഒരു ബദല്‍ ചരിത്രനിര്‍മ്മിതിയുടെ സാധ്യതയെ തുറന്നുതരുന്ന സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി, ചരിത്രത്തെ *അവന്‍റെ കഥ@(history)യില്‍ നിന്നും അവളുടെ കഥയാക്കാന്‍ ശ്രമിക്കുന്നു. ചരിത്രത്തിന്‍റെയും  വര്‍ത്തമാനത്തിന്‍റെയും അധികാരിയും കര്‍ത്താവും പുരുഷനായിരിക്കണം എന്ന ധാരണയെ റദ്ദുചെയ്യുന്നിടത്ത് സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകിയുടെ കഥ ആരംഭം കുറിക്കുന്നു. ചരിത്രവര്‍ത്തമാനത്തിന്‍റെ കര്‍തൃസ്ഥാനത്ത് അവനെ മാറ്റി അവളെ പ്രതിഷ്ഠിക്കുമ്പോള്‍ അവളിലെ സ്ത്രൈണതയ്ക്ക് എന്തെല്ലാം മാനങ്ങളാണ്  രൂപപ്പെടുന്നത് എന്ന അന്വേഷണമാണ് ഈ പഠനം.

സ്ത്രൈണത എന്ന വാക്കിന്‍റെ സാമാന്യമായ അര്‍ഥം സ്ത്രീയെ സംബന്ധിച്ച് എന്നാണ്.  ഇവിടെ ഒരു സ്ത്രീക്ക്  ആവശ്യമായത് എന്നല്ല അര്‍ഥമാക്കുന്നത്, മറിച്ച് എന്തെല്ലാം ഗുണങ്ങളാണ്  അവളെ അവളാക്കുന്നത് എന്നാണ്. *സമൂഹം സ്ത്രീയില്‍ ബോധപൂര്‍വം സൃഷ്ടിച്ചെടുക്കുന്ന ഗുണഗണങ്ങളെയാണ് സ്ത്രൈണത എന്ന വാക്കിലൂടെ വിനിമയം ചെയ്യുന്നത്@ (2020:43). ഈ ഗുണഗണങ്ങളെ നിര്‍മിച്ചെടുക്കുന്നത് പുരുഷസമൂഹമാണ്. അവളുടെ ഇരിപ്പും നടപ്പും മുതല്‍ അവളുടെ സൗന്ദര്യബോധം വരെയും, അതേപോലെ അവളിലെ ലൈംഗികതയും അതിനെ നിയന്ത്രിക്കുന്ന സദാചാരം എന്ന കാണാച്ചരടുമെല്ലാം ഒരു പുരുഷാധിപത്യ സമൂഹത്തിന്‍റെ ഉത്പന്നങ്ങളാണ്. ഈ ധാരണകളെ പൊളിച്ചെഴുതാനുള്ള ശ്രമമാണ് സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകിയില്‍ കാണുന്നത്.  ഒരേ നാണയത്തിന്‍റെ ഇരുവശങ്ങള്‍ പോലെയാണ് ചരിത്രത്തിലും വര്‍ത്തമാനത്തിലും സുഗന്ധി പ്രത്യക്ഷപ്പെടുന്നത്.  

ചേരസാമ്രാജ്യത്തെ ആയുധപരിശീലന കേന്ദ്രത്തില്‍ നിന്നും ആരംഭിക്കുന്നു സുഗന്ധി  എന്ന അണ്ടാളിന്‍റെ ചരിത്രം. അതാവട്ടെ ചേര –ചോള–പാണ്ഡ്യ എന്നീ ദ്രാവിഡ ദേശങ്ങളിലൂടെ സഞ്ചരിച്ച് ശ്രീലങ്കല്‍ മണ്ണിന്‍ നിര്‍വാണം പ്രാപിക്കുകയാണ്. ചേര ചോള പാണ്ഡ്യന്മാർ അടങ്ങുന്ന മൂവേന്തന്മാരുടെ യുദ്ധവെറിയും അത് ലങ്കയിലേക്ക് നീളുന്നതിന്‍റെ ചരിത്രതുടർച്ചയും നോവലിൽ കാണാം. ശ്രീലങ്കയിലെ സിംഹളവംശജരും തമിഴ് ഈഴത്തിലെ പോരാളികളും തമ്മിലുള്ള വംശവെറിയുടേയും യുദ്ധവെറിയുടേയും വേരുകൾ നോവലിസ്റ്റ് സുഗന്ധി എന്ന മിത്തിക്കൽ കഥാപാത്രവുമായി ചേർത്തു നിർത്തുകയാണ്.

*ഭൂതവര്‍ത്തമാനങ്ങള്‍ തമ്മിലുള്ള നിരന്തര സംവാദമാണ് ചരിത്രം@ (2001:24). എന്ന ഇ. എച്ച്. കാറിന്‍റെ അഭിപ്രായത്തെ അടിസ്ഥനമാക്കിയാല്‍ ഇന്നിനെ അറിയണമെങ്കില്‍ ഇന്നലകളെ മനസിലാക്കിയാല്‍ മാത്രമേ സാധിക്കുകയുള്ളു എന്നു വരുന്നു.   വർത്തമാനത്തെ അറിയാൻ ഭൂതകാലത്തെ തിരയുന്നത് യുക്തമെങ്കിലും ആ ഭൂതകാലവും അപൂർണ്ണമാണെന്ന തിരിച്ചറിവ് ഉൾക്കൊള്ളേണ്ടതുണ്ട്. മുൻപ് സൂചിപ്പിച്ചതുപോലെ പോലെ ഹിസ്റ്ററി എന്നത് ഒരു ജൻഡർ ന്യൂട്രൽ വാക്കാണെങ്കിലും *അവന്‍റെ  കഥ@യിൽ അവളെക്കൂടി അടയാളപ്പെടുത്തുന്നുണ്ടോ എന്ന ചോദ്യമാണ് പ്രധാനം. ദളിത്, ആദിവാസി വിഭാഗങ്ങൾ പോലെ ദുർബലരും അരികുചേർക്കപ്പെട്ടവരുമാണ് ചരിത്രത്തിൽ സ്ത്രീകൾ. അവർക്ക് ചരിത്രത്തിലേക്കുള്ള പ്രവേശനം മിത്തുകളിലുടെയും ഐതീഹ്യങ്ങളിലൂടെയും മറ്റുമേ സാധിക്കുകയുള്ളു. എന്നാൽ ഈ മിത്തുകളുടേയും ഐതിഹ്യങ്ങളുടേയും ആഖ്യാനവും രാഷ്ട്രീയവും പുരുഷനിർമ്മിതമാണ്. സുഗന്ധി എന്ന ആണ്ടാൾ ദേവനായകിയിലും പുരുഷനിര്‍മ്മിതമായ ഒരു മിത്തിനെ കടം കൊണ്ടുകൊണ്ടാണ് ശ്രീലങ്കയുടെ വര്‍ത്തമാന രാഷ്ടീയത്തിലെ പെണ്‍ഉയിരുകള്‍ ഒരേ സമയം ഈഴത്തിനെതിരെയും ഭരണകൂടത്തിനെതിരെയും പോരാടാന്‍ ഊര്‍ജ്ജം കണ്ടെത്തുന്നത്.

എണ്‍പതുകളില്‍ ആരംഭിക്കുന്ന ഈഴത്തമിഴ് പോരാട്ടങ്ങളില്‍ തുടങ്ങി 2014 ല്‍ ശ്രീലങ്കയില്‍ വെച്ചു  നടത്തപ്പെട്ട CHOGM( Commonwealth Head of Government Meeting ) സമ്മേളനം വരെയുള്ള രണ്ടു പതിറ്റാണ്ടിനപ്പുറമുള്ള ശ്രീലങ്കന്‍ ആഭ്യന്തര കലാപത്തിന്‍റെ പശ്ചാത്തലത്തിലാണ് സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകിയുടെ ആഖ്യാനം മുന്നേറുന്നത്. വേലുപ്പിള്ള പ്രഭാകരനെ ഓര്‍മപ്പെടുത്തുന്ന വി പി യുടെ  നേതൃത്വത്തിലുള്ള തമിഴ് പുലി എന്ന തമിഴ് ഈഴവും അതോടൊപ്പം ആ പോരാട്ടങ്ങളെ അടിച്ചമര്‍ത്താന്‍ എന്ന പേരില്‍ രജ് പക്സെ ഭരണകൂടം നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളും അതില്‍ ഏറ്റവും അധികം ഇരകളാകുന്ന സ്ത്രീകളുടെയും അവരുടെ പോരാട്ടങ്ങളുടെയും കഥയാണ് ഇത്.  

ശ്രീലങ്കന്‍ സര്‍കാരിന്‍റെ സഹായത്തോടെ നിര്‍മിക്കപ്പെടുന്ന *Women Behind the Fall of Tigers@ എന്ന ചലച്ചിത്രത്തിന്‍റെ സ്ക്രിപ്റ്റ് എഴുതുന്ന പീറ്റര്‍ ജീവാനന്ദമെന്ന കഥാപാത്രത്തിലൂടെയാണ് നോവലിന്‍റെ കഥ ആഖ്യാനം ചെയ്യുന്നത്. ഈഴപ്പോരില്‍ 1989 ല്‍  കൊല്ലപ്പെട്ട ഡോ. രജനി തിരണഗാമയുടെ കഥയാണ് പീറ്ററുടെ സ്ക്രിപ്റ്റിന് ആധാരം . ഇതിലേയ്ക്കുള്ള അന്വേഷണത്തിലാണ് നോവലിന്‍റെ മുഖ്യ ആഖ്യാനത്തിലേക്ക് ചരിത്രവും സാമൂഹ്യമാധ്യമങ്ങളും പ്രസംഗങ്ങളും മറ്റും ഇടകലരുന്നത്. ഒരു സ്വതന്ത്ര സംവിധായകനാകന്‍ ഉള്ള ആഗ്രഹം മനസില്‍ കൊണ്ടുനടന്ന കാലത്ത് കുറച്ചു നാള്‍ അയാള്‍ ഇഴവുമായി സഹകരിച്ചിരുന്നു. അക്കാലത്തെ അയാളുടെ പെണ്‍സുഹൃത്തിന്‍റെ പേരായിരുന്നു സുഗന്ധി. കാലങ്ങള്‍ക്ക് ശേഷം SAD എന്ന മ്യൂസിക് വീഡിയോ കാണാനിടയായ പീറ്റര്‍ അതിന്‍റെ അവസാനം I Am Sugandhi Alias Andal Devanayaki  എന്ന് എഴുതിക്കാണിക്കുന്നത് കാണാന്‍ ഇടയായി. ഇതയാളെ കൂടുതല്‍ അന്വേഷണങ്ങളിലേക്ക് തെളിക്കുന്നിടത്താണ്  സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകിയെന്ന മിത്തിക്കല്‍ കഥാപാത്രത്തിലേക്ക് നോവലിന്‍റെ ആഖ്യാനം ചെന്നെത്തുന്നത്. അത് ശ്രീലങ്കയുടെ മാത്രമല്ല ദ്രാവിഡദേശ ചരിത്രത്തിലെ പെണ്‍പോരാട്ടത്തിന്‍റെ കഥയായി മാറുന്നു.

ചരിത്രവും മിത്തും ഇടകലര്‍ത്തിക്കൊണ്ടാണ് ടി.ഡി. രാമകൃഷ്ണന്‍ സുഗന്ധിയുടെ കഥ ആഖ്യാനം ചെയ്യുന്നത്. സ്ത്രൈണതയുടെ മറ്റൊരു തലത്തെയാണ് സുഗന്ധിയിലൂടെയും വര്‍ത്തമാനകാല പെണ്‍പോരാളികളിലൂടെയും നോവലിസ്റ്റ് അവതരിപ്പിക്കുന്നത്. പെണ്ണ് എന്നാല്‍ എന്തായിരിക്കണം എങ്ങനെയായിരിക്കണം എന്നു സൂചിപ്പിക്കുന്ന, സ്ത്രൈണ ഗുണങ്ങളില്‍ ഒരുപക്ഷേ ഒരിക്കലും ഉണ്ടാവാന്‍ ഇടയില്ലാത്ത ഒന്നാണ് പോരാട്ടവീര്യം. പ്രത്യേകിച്ചും ആയുധവും മനഃസ്ഥൈര്യവും ഉപയോഗിച്ചുള്ള പോരാട്ടം. അത്തരം പോരാട്ടങ്ങള്‍ പുരുഷന്‍മാര്‍ക്ക് മാത്രം ഉള്ളതാണ് എന്ന സങ്കല്‍പ്പത്തെ പൊളിച്ചെഴുതുകയാണ് ടി.ഡി. രാമകൃഷ്ണന്‍റെ നോവല്‍.

പെണ്‍-ഉടല്‍ പോരാട്ടങ്ങള്‍

സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകിയുടെ ആഖ്യാനസ്ഥലിയായ ശ്രീലങ്കയുടെ ആഭ്യന്തരരാഷ്ട്രീയചരിത്രം വംശവെറിയുടെ മാത്രമല്ല ഭരണകൂടവും ഈഴവും ഒരേപോലെ കുറ്റക്കാരാവുന്ന മനുഷ്യാവകാശലംഘനങ്ങളുടെ കൂടി ചരിത്രമാണ്. ഒരു യുദ്ധമുണ്ടാകുമ്പോള്‍ അത് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് സ്ത്രീകളേയും കുട്ടികളേയും ആയിരിക്കുമെന്നത് ഒരു സാമാന്യ യുക്തിയാണ്. ആ സാമാന്യ യുക്തിയിലേക്കാണ് ഡോ. രജനി തിരണഗാമയെപ്പോലെ ലസാന്ത വിക്രമസിംഹയെപ്പോലെ മീനാക്ഷി രാജാരത്നത്തെപ്പോലെ ആണ്ടാള്‍ ദേവനായകിയെപ്പോലെ ജൂലിയറ്റ് ഡിസൂസയെപ്പോലെ ജീവിച്ചിരുന്നവരും ഭാവനാസൃഷ്ടികളുമായ സ്ത്രീകളും പോരാട്ടത്തിന്‍റെ മുന്നണിയിലേക്ക് വരുന്നത്. ആയുധമെടുത്തും അക്ഷരങ്ങളിലൂടെയും അവര്‍ വംശീയവെറിക്കെതിരെയും മനുഷ്യാവകാശത്തിന് വേണ്ടിയും പോരാടി. അവിടെ ഉടല്‍ ഒരു വലിയ സാധ്യതയുടെ ആയുധമായി മാറുന്നതിന്‍റെ കാഴ്ചയാണ് നോവല്‍ പങ്കുവെക്കുന്നത്. ഒരേ സമയം സ്ത്രീകളുടെ പോരാട്ടത്തിന്‍റെ ഏറ്റവും വലിയ ആയുധമായി അത് മാറുന്നു. അതേ അവസരത്തില്‍ത്തന്നെ അത് ഭരണകൂടത്തിന്‍റെയും  ഈഴത്തിന്‍റെയും പീഡനോപാധിയായും മാറുന്നു.

സ്ത്രൈണനിര്‍വചനത്തിലെ പൊതുസമൂഹമെന്നു  വിവക്ഷിക്കുന്ന പുരുഷന്‍റെ നോട്ടത്തില്‍ പെണ്‍ശരീരം, ലോലകാമനകളുടെയും ആണിന്‍റെ ലൈംഗിക താത്പര്യങ്ങളുടെയും അന്വേഷണഇടം മാത്രമാണ്.  എന്നാല്‍ ഈ സ്ത്രൈണ നിര്‍വചനങ്ങളെ പൊളിച്ചെഴുതുകയാണ് നോവലിലെ പെണ്‍പോരാളികള്‍. ഈ പെണ്‍ പോരാട്ടങ്ങള്‍ക്ക് ഊര്‍ജ്ജം പകരുന്നത് ഡോ. രജനി തിരണഗാമയുടെയും ഒപ്പം മീനാക്ഷി രാജരത്നം സാമൂഹ്യമാധ്യമത്തിലൂടെ പങ്കുവെച്ച സുഗന്ധി എന്ന ആണ്ടാള്‍ ദേവനാകിയുടെ കഥയുമാണ്. *I want to prove that ordinary woman like me also has enormous courage and power to fight  alone and hold our inner selves together@ എന്ന രജനി തിരണഗാമയുടെ വാക്കുകളെ ഓര്‍ത്തെടുക്കുന്നുണ്ട് ക്രിസ്റ്റി.

സ്വന്തം സ്വത്വത്തെ മുറുകെപ്പിടിച്ചുകൊണ്ടു പോരാടാന്‍ തുനിയുന്ന സാധാരണ സ്ത്രീകള്‍, അവര്‍ക്ക് നഷ്ടപ്പെട്ടത് ഉറ്റവരും ഉടയവരും മാത്രമല്ല മറിച്ച് അവളുടെ കര്‍പ്പ് (virginity) കൂടിയാണ്. അവളുടെ കര്‍പ്പ് ഇല്ലാതാക്കുകയും അതുവഴി അവളെ ഗര്‍ഭിണിയാക്കി മാനസികമായും ശാരീരികമായും പീഡിപ്പിക്കപ്പെട്ട പെണ്ണിന്‍റെ മനസിന്‍റെ കരുത്തും ഉടലിലെ ഊര്‍ജ്ജത്തെയും ഇല്ലാതാക്കാനുള്ള ശ്രമമാണ് ഭരണകൂടത്തിന്‍റെ തടവറകളില്‍ സൈന്യം രൂപപ്പെടുത്തിയിരിക്കുന്നത്. നോവലിന്‍റെ തുടക്കത്തില്‍ തന്നെ ശ്രീലങ്കന്‍ പട്ടാളത്തിന്‍റെ കൊളംബിയയിലെ രഹസ്യകേന്ദ്രമായ ഡിവൈന്‍ പേള്‍ എന്ന ഇടത്തു ചെന്നെത്തുന്ന പീറ്റര്‍ ഉള്‍പ്പെടുന്ന സിനിമാസംഘത്തോട് വളരെ വിശദമായിതന്നെ ലെഫ്. കേണല്‍ ഡിസില്‍വ വിവരിച്ചു കൊടുക്കുന്നു.

സിംഹം എന്നു വിളിപ്പേരുള്ള ഒരു പട്ടാള കമാണ്ടരുടെ ക്രൂരമായ ചെയ്തികളെ നോവലില്‍ അവതരിപ്പിക്കുന്നുണ്ട്. വിപ്ലവകാരികളായ പെണ്‍കുട്ടി കളെ തന്‍റെ കിടപ്പറയില്‍ കൊണ്ട്വന്നു പീഡിപ്പിക്കുകയും ഒടുക്കം ഗര്‍ഭിണിയാക്കുകയും ചെയ്യുന്നു. ഒരു കാരണവശാലും ഗര്‍ഭമലസിപ്പിക്കാതിരിക്കാനുള്ള മുന്‍കരുതല്‍ അയാള്‍ എടുക്കുന്നു. ഏറ്റവും വെറുക്കുന്ന ഒരു പുരുഷന്‍റെ കുട്ടിയെ പ്രസവിച്ചു വളര്‍ത്തുന്നതിലും വലിയൊരു ശിക്ഷ ഈ വിപ്ലവകാരി പെണ്‍കുട്ടികള്‍ക്ക് നൽകാന്‍ ഇല്ലെന്നും അയാള്‍ വിശ്വസിക്കുന്നു.  എന്നാല്‍ തന്‍റെ ഉടലിനേറ്റ ക്ഷതത്തെ വളരെ വേഗം മറന്ന്  അതിന് കാരണക്കാരായവരോടുള്ള പ്രതികാരം തീര്‍ക്കന്‍ അവര്‍ നിശ്ചയിക്കുന്നു. പൂമണിയുടെ കൈകളാല്‍ സിംഹം കൊല്ലപ്പെടുന്നതും ചോഗം (CHOGM ) നടക്കുന്ന ഇടത്തേയ്ക്ക് ഒരു ചാവേറായിപ്പോകാന്‍ പട്ടാളം വികലാംഗയും വിരൂപയുമാക്കി മാറ്റിയ സുഗന്ധിക്ക് കരുത്തേകുന്നത് പീഡിപ്പിക്കപ്പെട്ട അവളുടെ ഉടല്‍ തന്നെയാണ്.

പെണ്ണുടൽ ആണിന്‍റെ വന്യവും മൃഗീയവുമായ കാമനകൾക്ക് വിളനിലമായി മാറുന്നു എന്നു മാത്രമല്ല അതേ ഉടലില്‍ അവന്‍ തന്‍റെ എല്ലാത്തരം അധികാരത്തെയും   പ്രയോഗിക്കുവാനുള്ള ഇടം കൂടിയാക്കി മാറ്റുന്നു ഇവിടെ. രാജ്പക്സെ ഭരണകൂടത്തിന്‍റെ ഏകാധിപത്യ– ഫാസിസ്റ്റ്  നിലപാടുകളില്‍ നിറയുന്ന വംശീയ വിദ്വേഷത്തിന്‍റെയും മനുഷ്യാവകാശ ലംഘനങ്ങളുടെയും ഭീതിതമായ വിവരണമാണ് അണ്ടാള്‍ ദേവനായകിയില്‍ കാണുന്നത്. ഏകാധിപതികളില്‍ നിറഞ്ഞുനില്‍ക്കുന്ന സൗന്ദര്യബോധത്തെക്കാള്‍ പലപ്പോഴും എല്ലാ സ്ത്രീകളും തങ്ങള്‍ക്ക് കീഴടങ്ങേണ്ടവരാണെന്ന അവരുടെ  ആണ്‍സ്വത്വത്തിന്‍റെ മനോഭാവമാണ് നോവലില്‍ തെളിയുന്നത്. പെണ്ണെന്ന നിലയില്‍ പുരുഷനു കീഴടങ്ങണം സ്ത്രീ എന്നു മാത്രമല്ല,  അധികാരമുള്ള ആണിന്‍റെ അധികാരത്തെ പ്രയോഗിക്കാനുള്ള ദുര്‍ബല ശരീരമായി ഇവിടെ അധികാരമുള്ള പുരുഷന്‍ പെണ്ണുടലിനെ  കണക്കാക്കുകയും ചെയ്യുന്നു. അതേ പോലെ സിംഹളനെന്ന വംശീയമായ ഔന്നിത്യം സിംഹമുള്‍പ്പെടെയുള്ള സൈന്യാധിപന്മാരെ തമിഴ് വംശജരായ ഈഴപ്പെണ്ണുങ്ങളെ ശാരീരികമായും മാനസികമായും പീഡിപ്പിച്ച് അതില്‍ ആനന്ദം കണ്ടെത്താന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നുണ്ട്.  

ഉടല്‍ ഒരു പ്രതിരോധ ആയുധമായി തീരുന്നതിന്‍റെ  കാഴ്ചകൾ നോവലിൽ കാണാൻ സാധിക്കും. സൈന്യത്തിന്‍റെ  മൃഗീയമായ പീഡനങ്ങൾ ഏറ്റുവാങ്ങുമ്പോഴും ക്രൂരമായ ബലാത്സംഗത്തിന് ഉടൽ വിധേയമാകുമ്പോഴും, അതിന്‍റെ  ബാക്കിപത്രമായൊരു ജീവനെ പ്രസവിക്കുമ്പോഴും സുഗന്ധിയുടെയും ജൂലിയറ്റിന്‍റെയും മീനാക്ഷിയുടെയും പോരാട്ടവീര്യത്തെ തകർക്കാൻ സൈന്യത്തിന് കഴിയുന്നില്ല. ഡിവൈൻ പേളിലെ മൃഗീയമായ പീഡനമുറകൾക്ക് ഇരയാക്കപ്പെടുകയും ഒപ്പം സിംഹത്തിന്‍റെ ക്രൂരമായ ശാരീരിക പീഡയ്ക്ക് വിധേയമായ സുഗന്ധി തിരികെ ജീവിതത്തിലേയ്ക്ക് വരുന്നത് കൈകൾ നഷ്ടപ്പെട്ട് ആസിഡ് പുരട്ടി വികൃതമാക്കപ്പെട്ട ശരീരവുമായിട്ടാണ്. എന്നിട്ടും അവൾ അങ്ങ് കാനഡയിൽ നിന്നും തന്‍റെ പോരാട്ടം തുടരുന്നു. കനവ് തുലൈന്തവള്‍, കവിതൈ മറന്തവള്‍, കാതല്‍ കരിന്തവള്‍, കര്‍പ്പ് മുരിന്തവള്‍ നാന്‍ എന്നാണ് അവള്‍ തന്നെ സ്വയം വിശേഷിപ്പിക്കുന്നതും ഒപ്പം ഈഴത്തിലേ ഓരോ തമിഴ് പെണ്ണിനെയും അവള്‍ നിര്‍വചിക്കുന്നതും. കനവും കവിതയും കര്‍പ്പുമെല്ലാം നഷ്ടപ്പെടുന്നവർക്കെല്ലാം ഇണങ്ങുന്ന ഒറ്റപ്പേരാണ് സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി.

ദേവനായകി എന്ന സ്ത്രൈണസൌന്ദര്യം -  മിത്തും ചരിത്രവും

സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി എന്ന പേര് ടി.ഡി രാമകൃഷ്ണന്‍റെ നോവലില്‍ ഉപയോഗിക്കപ്പെടുന്നത് ചരിത്രത്തില്‍ നിന്നു കണ്ടെടുത്ത കേവലമൊരു പേരായോ പറഞ്ഞു പഴകിയ ഒരു മിത്തായോ മാത്രമല്ല, മറിച്ച് അതൊരു അമൂര്‍ത്ത ബിംബമാണ്. ചരിത്രത്തില്‍ നിന്നു വര്‍ത്തമാനത്തിലെ പെണ്‍പോരാട്ടങ്ങള്‍ക്ക് ഊര്‍ജ്ജമായി പ്രസരിക്കുന്ന ബിംബമാണ് ആ പേര്. സുഗന്ധി പീറ്ററിന് അയക്കുന്ന സന്ദേശത്തില്‍ ഇങ്ങനെ പറയുന്നു, *രണ്ടു കൈയ്യും നഷ്ടപ്പെട്ട് വേദനകൊണ്ടു പുകഞ്ഞ് ആശുപത്രിയില്‍ അമ്മയുടെ പരിചരണത്തില്‍ കിടന്നൊരു രാത്രിയിലാണ് എനിക്ക് ബോധോദയമുണ്ടായത്. കാന്തളൂര്‍ ദേവനായകിയുടെ കഥ പറയുമ്പോള്‍ അതെന്‍റെ കഥയാണെന്ന് അമ്മപോലും അറിഞ്ഞിരുന്നില്ല. ദേവനായകിയുടെ കഥ ഓരോ ജന്മത്തിലും വ്യത്യസ്തമായ രീതിയില്‍ ആവര്‍ത്തിക്കപ്പെടുകയാണ്. അന്ന് മഹീന്ദര്‍ മുലകളാണ് മുറിച്ചതെങ്കില്‍ ഇന്ന് കൈകളാണെന്ന വ്യത്യാസമേയുള്ളൂ@. വംശീയകാലാപത്താല്‍ രക്തരൂഷിതമായ ലങ്കയുടെ വര്‍ത്തമാന ചരിത്രത്തില്‍ എഴുതപ്പെടുന്ന ഒരു നാമമായി നോവലിസ്റ്റ് ആണ്ടാള്‍ ദേവനായകിയെ മാറ്റുന്നു. ചേര– ചോള രാജാക്കന്മാരുടെ ഭരണകാലം മുതല്‍ വാര്‍ത്തമാനകാലത്തെ രാജപക്സേയുടെ സിംഹളദേശം വരെ നീണ്ടുനില്‍ക്കുന്ന ഒരു അമാനുഷിക സാന്നിധ്യമായി സുഗന്ധി മാറുന്നു.

മൂന്നു ഭാഗങ്ങളായി കറുപ്പിന്‍റെ വെബ് സൈറ്റില്‍ മീനാക്ഷി രാജാരത്നം എഴുതിയ ദേവനായകിയിന്‍ കതൈയിലാണ്  നോവല്‍ സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകിയുടെ കഥ ആദ്യമായി പറയുന്നത്. പിന്നീട് ശ്രീവല്ലഭ ബുദ്ധനാര്‍ എഴുതിയ സുസാന സുപിന എന്ന കൃതിയിലും ദേവനായകിയിന്‍ കതൈ ആഖ്യാനം ചെയ്യുന്നുണ്ട്. ഏ .ഡി 992ല്‍  കുലശേഖര സാമ്രാജത്തിന്‍റെ തെക്കേയറ്റത്തുള്ള  കാന്തളൂര്‍ ശാല. അതിന് വടക്കുകിഴക്ക് ഇടതൂര്‍ന്ന കാട്ടിലൂടെ പോയാല്‍ ചേര സാമ്രാജ്യത്തിലെ ഏറ്റവും വലിയ സൈനിക പരിശീലന കളരിയാണ്. പെരിയകോയിക്കാന്‍ എന്ന കളരിഗുരുക്കളുടെ കീഴില്‍ പരിശീലനം സിദ്ധിക്കാന്‍ ചേരനാട്ടില്‍ നിന്നും മാത്രമല്ല സിംഹളത്തില്‍ നിന്നുപോലും ആളുകള്‍ എത്തുന്നു. പെരിയകോയിക്കന്‍റെ മകളായ ദേവനായകി സൗന്ദര്യത്തില്‍ മാത്രമല്ല അറിവിലും അവള്‍ ആര്‍ക്കും പിന്നിലല്ല. *പെണ്ണിന് വെറുതെ ആടാനും പാടാനും മാത്രമല്ല പുരുഷന്മാരെപ്പോലെ രാജാഭരണത്തിലും പ്രധാന പങ്കുവഹിക്കാന്‍ കഴിയണമെന്ന് അവള്‍ ആഗ്രഹിച്ചു. അതിനായി അര്‍ഥശാസ്ത്ര പഠനത്തോടൊപ്പം പിതാവിന്‍റെ അടുക്കല്‍ നിന്നും അവള്‍ രഹസ്യമായി ആയോധനമുറകള്‍  അഭ്യസിക്കുകയും   ചെയ്തു.@ ഇങ്ങനെയാണ് ദേവനായകിയിന്‍ കതൈയില്‍ മീനാക്ഷി രാജരത്നം അവതരിപ്പിക്കുന്നത്. പിന്നീട് ദേവനായകിയുടെ കഥ ദ്രാവിഡദേശത്തിന്‍റെ കഥയോടൊപ്പം വളരുകയും സിംഹളനാട്ടില്‍ ചെന്നു മഹീന്ദര്‍ എന്ന സിംഹള രാജാവിനോട് തന്‍റെ മകള്‍ കൂവേണിയുടെ കൊലപാതകത്തില്‍ അയാളോട് പ്രതികാരവും തീര്‍ത്ത് അവള്‍  നിര്‍വാണം പ്രാപിക്കുന്നു. അപ്പോഴേയ്ക്കും അവള്‍ ചരിത്രത്തില്‍ നിന്നും വിടുതെല്‍ നേടി ആകാശം മുട്ടുന്നോരു മിത്തയി രൂപാന്തരപ്പെട്ടിരുന്നു. പെണ്ണിന്‍റെ കണ്ണീര്‍ വീഴുന്നിടത്തെല്ലാം അവള്‍ ഓടിയെത്തും. തെറ്റുചെയ്യുന്നവരുടെ നഗരങ്ങള്‍ ചുട്ടെരിക്കാനായി അവള്‍ വരും. അങ്ങനെ സുസാന്ന സുപ്പിയയില്‍ ആകാശം മുട്ടുന്നൊരു മിത്തായി  ദേവനായകി രൂപാന്തരപ്പെട്ടു.  

പെരിയകോയിക്കന്‍റെ മകളായ ദേവനായകി, സ്ത്രീയെന്ന നിലയില്‍ പുരുഷനൊപ്പം നിൽക്കാൻ ആഗ്രഹിച്ചവളാണ്. പെണ്ണുടലിന്‍റെ അഴകളവു കൊണ്ട് മാത്രം പുരുഷന്‍റെ അംഗീകാരത്തെ നേടാനും അധികാര ഇടങ്ങളെ പ്രാപിക്കാനും ആഗ്രഹിച്ചവളല്ല, മറിച്ച് അഴകും അറിവും അവള്‍ക്ക് അത്തരം ഇടങ്ങളിലെത്താനുള്ള വാതിലാകാന്‍ കൊതിച്ചവളാണ്. ചേര മന്നന്‍ മഹേന്ദ്രന്‍റെ എട്ടാമത്തെ പത്നിയായി അവള്‍ നിയോഗിക്കപ്പെട്ടപ്പോഴും അത് അവള്‍ ആഗ്രഹിച്ചു. എന്നാല്‍ പുരുഷന്മാര്‍ മാത്രമുള്ള രാജസദസിലെ ദേവനാകിയുടെ സാന്നിധ്യം അവരെ അസ്വസ്ഥരാകി എന്നു മാത്രമല്ല രാജാവ് ഒരു പെങ്കൊന്തനായി എന്നൊരു പറച്ചിലും ഉയര്‍ന്നു. ഏഴു ഭാര്യമാരിലും ആണ്‍മക്കള്‍ ഇല്ലാത്ത രാജാവിന് ഒരു ആണ്‍കുഞ്ഞിനെ കൊടുക്കുക എന്നതാണ് ദേവനായകിയുടെ ദൗത്യം എന്നു വളരെ വേഗം വെളിപ്പെടുകയും ചെയ്യുന്നു. എന്നാല്‍ തന്‍റെ ബുദ്ധി കൊണ്ട് പ്രയോജനം ഇല്ലാതിടത്ത് ദേവനായകി തന്‍റെ സൗന്ദര്യത്തെ പ്രയോജനപ്പെടുത്തുന്നത് പിന്നീടുള്ള ദേവനായകിയിന്‍ കഥയിലുടനീളം കാണാം.

വ്യത്യസ്തമായ ആഖ്യാനങ്ങളാണ് കാന്തളൂര്‍ യുദ്ധത്തിന് ശേഷം ദേവനായകിയെക്കുറിച്ച് പ്രചരിക്കുന്നത്. പെരിയശാഡുലയിലുള്ളവര്‍ അവളെ ജ്ഞാന സരസ്വതിയായി ആരാധിക്കുന്നു. എന്നാല്‍ ദേവനായകിയിന്‍ കതൈയുടെ രണ്ടാം ഭാഗത്ത് അവള്‍ രാജരാജ ചോളന്‍റെ പത്നിയായി തീര്‍ന്നതും പിന്നീടുള്ള അവളുടെ ജീവിതവും പകവിട്ടലും ജ്ഞാനസമ്പാദനവും എല്ലാം അവളിലെ സൗന്ദര്യത്തെ മുന്നിര്‍ത്തിയായിരുന്നു എന്നു ചരിത്രം?/ മിത്ത്? വ്യക്തമാക്കുന്നു.

സ്വന്തം ശരീര സൗന്ദര്യത്തെ തന്‍റെ ബുദ്ധിക്ക് സമാന്തരമായി പ്രയോഗിച്ച് ശത്രുനിരയിലെ ആണ്‍കോയ്മയെ തോല്പിച്ച സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകിയുടെ മിത്താണ് വര്‍ത്തമാന കാലത്തും ശ്രീലങ്കയിലെ ഈഴപെണ്‍ പോരാളികള്‍ക്കും ഊര്‍ജമാവുന്നത് . ശത്രു നിരയില്‍ പെണ്ണാണെങ്കില്‍  അവള്‍ എക്കാലത്തും പുരുഷന്‍റെ വേട്ടമൃഗം മാത്രമാവുന്നു. ഇരയെ വേട്ടയാടുന്ന രീതിയില്‍ അവന് ഭോഗിക്കാനുള്ള ഭോഗവസ്തുവാണ് സ്ത്രീയെന്ന് വരുന്നു. ദേവനായകി എന്ന മിത്തിലും വര്‍ത്തമാനകാലത്തെ ദേവനായകിമാരിലും ശക്തിയായിത്തിരുന്നത് അവരിലെ ബുദ്ധിയേക്കാള്‍ ഏറെ അവരിലെ സ്ത്രൈണതയാണ്. പൂമണി സെല്‍വല്‍വനായകം സിംഹമെന്ന അപരനാമമുള്ള പട്ടാളമേധാവിയെ വധിക്കാന്‍ ഉപയോഗിച്ചതും അയാള്‍ അവള്‍ക്ക് ശിക്ഷ വിധിക്കാന്‍ ഉപയോഗിച്ചതും അവളുടെ ശരീരമാണ്.  അവളുടെ ശരീരം കേവലമൊരു സ്ത്രീ രൂപം മാത്രമാണെന്നും അതിനുള്ളില്‍ ഒരു ആത്മാവുണ്ടെന്നും ഉള്ള പരിഗണന അവളോടുള്ള അയാളുടെ സംസാരത്തില്‍ തെല്ലും ഉണ്ടായിരുന്നില്ല. പട്ടവേശി എന്നു മാത്രമാണു അയാള്‍ അവളെ വിളിച്ചത്. എന്നാല്‍ ആ സംബോധനയോട് അവള്‍ക്കാദ്യം ഈര്‍ഷ്യ തോന്നിയെങ്കിലും പിന്നെ അത് ഒരു ഉത്തേജന മരുന്നായി അവള്‍ക്ക് തോന്നി. താന്‍ കന്യകയല്ലെന്നും അയാള്‍ അവളുടെ നാലാമത്തെ പുരുഷനാണെന്നും പറയുമ്പോള്‍ അത് അയാളെ അധൈര്യനാക്കുമെന്ന് അവള്‍ക്ക് അറിയാമായിരുന്നു. ഒരു പെണ്ണിന് നല്‍കാവുന്ന ഏറ്റവും വലിയ ശിക്ഷ അവളുടെ ചരിത്ര്യം നശിപ്പിക്കലാണെന്ന് കരുതിയാണ് അയാള്‍ ഇത്തരം ഒരു ശിക്ഷാമുറ സ്വീകരിച്ചത്. ജൂലിയറ്റില്‍ അയാള്‍ നടപ്പാക്കിയതും അത് തന്നെയായിരുന്നു.

സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകിയുടെ കഥ മുഴുവന്‍ വായിച്ചു കഴിഞ്ഞപ്പോള്‍ മേരി ആനിന് അത്ഭുതമാണ് തോന്നിയത്. ഒരു സഹസ്രാബ്ദങ്ങള്‍ക്ക് മുന്‍പ് ഒരു സ്ത്രീ ഇത്തരത്തില്‍ ജീവിക്കുന്നതും ചിന്തിക്കുന്നതും ചെറിയകാര്യമല്ല എന്ന് അവള്‍ക്ക് തോന്നി. എന്നാല്‍ ദേവനായകി എന്ന മിത്തിനെ തന്‍റെ സിനിമയ്ക്ക് ഉപയോഗിക്കാം എന്നാണ് ക്രിസ്റ്റി വിചാരിക്കുന്നത്. ഇയക്കിത്തിലെ എല്ലാ പെണ്‍പോരാളികളിലും അയാള്‍ ഒരു ദേവനായകിയെ കണ്ടു. ഇരു കൂട്ടരുടെയും ജീവിതത്തിലെ സ്ത്രീപക്ഷവും സ്ത്രീ വിരുദ്ധവുമായ സങ്കീര്‍ണ്ണതകളെ അയാള്‍ തിരിച്ചറിഞ്ഞു. The Women Behind the Fall of Tigers എന്ന തന്‍റെ സിനിമയില്‍ ദേവനായകിയുടെ മിത്തിനെ കൂട്ടിച്ചേര്‍ത്തു സ്ക്രിപ്റ്റ് പുതുക്കാന്‍ അയാള്‍ പീറ്ററിനോട് ആവശ്യപ്പെട്ടു. അത്തരത്തില്‍ രജനി തിരിണഗാമയുടെ  കഥയെ പീറ്റര്‍ പുതുക്കിയെഴുതിയപ്പോള്‍ അത് ഈഴത്തിലെ മുഴുവന്‍ പെണ്ണുങ്ങളുടെയും കഥയായി.

പ്രണയവും പ്രതികാരവും രതിയും കാരുണ്യവും ശാന്തിയും എല്ലാം ഇടകലര്‍ന്ന പെണ്‍പോരാട്ടങ്ങളുടെ കഥയാണ് ടി. ഡി. രാമകൃഷ്ണന്‍ സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി എന്ന നോവലിലൂടെ പറയുന്നതു. സ്ത്രീയുടെ സൗന്ദര്യം ആണിന്‍റെ കാമഭോഗത്തിനും ഉടല്‍വേട്ടയ്ക്കും മാത്രമുള്ളതാകുമ്പോള്‍ അതേ ഉടല്‍ പെണ്ണിന് തന്‍റെ വംശത്തിന്‍റെ രക്ഷയ്ക്കുള്ള ആയുധമായി മാറുന്നത് നോവലില്‍ കാണാം. മിത്തില്‍ നിന്നും ചരിത്രത്തിലേക്കും ചരിത്രത്തില്‍ നിന്നും വര്‍ത്തമാത്തിലേക്കും നീണ്ടുകിടക്കുന്ന ദേവനായകിയിന്‍ കതൈയിലൂടെ സ്ത്രൈണതയുടെ നിര്‍വചനത്തെ പൊളിച്ചെഴുതാനുള്ള ശ്രമമാണ് ടി.ഡി. രാമകൃഷ്ണന്‍റെ നോവല്‍.
                     
സഹായഗ്രന്ഥങ്ങള്‍

1.      Caar. E.H,What is History ?,2001,Palgrave Macmillan,U.K.

2.      രാമകൃഷ്ണന്‍, ടി. ഡി., സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി, 2015, ഡി.സി

ബുക്ക്സ്, കോട്ടയം.

3.      രേണു, ഡോ. സ്ത്രീയും അധികാരവ്യവസ്ഥയും –നോവല്‍ പ്രതിനിധാനങ്ങള്‍, 2020, എസ് .പി. സി. എസ്, കോട്ടയം.  

(ഡോ. ശ്രീക്കുട്ടി തങ്കപ്പൻ.കോട്ടയം ജില്ലയിലെ വാഴൂരിൽ ജനനം. എം.ജി യൂണിവേഴ്സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദം. 2015 ൽ യു ജി സി നെറ്റ് / ജെ ആർ എഫോടു കൂടി സെൻ്റ് തോമസ് കോളേജിൽ ഗവേഷണത്തിന് ചേർന്നു, ഡോ .തോമസ് സ്കറിയയുടെ മേൽനോട്ടത്തിൽ *മലയാളനോവലിലെ ചരിത്രനിർമ്മിതി: ആനന്ദ്, ടി.പി രാജീവൻ എന്നിവരുടെ നോവലുകളെ മുൻനിർത്തിയുള്ള അന്വേഷണം@ എന്ന വിഷയത്തിൽ 2020 ൽ ഡോക്ടറേറ്റ് ലഭിച്ചു. 2019 മുതൽ അധ്യാപികയായി സേവനമനുഷ്ഠിക്കുന്നു.)

Join WhatsApp News
Jayan varghese 2026-08-05 14:22:19
മനുഷ്യ കഥാനുഗായിയായ ഒരു സാഹിത്യ രചനയ്ക്ക് ലഭിക്കുന്ന ആദരണീയമായ അവലോകനം ! നന്ദി, രചനയ്ക്കും നിരൂപണ രചനയ്ക്കും ! ജയൻ വർഗീസ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക