
ന്യൂ സിറ്റി, ന്യൂയോർക്ക്: യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയിലെ മുതിർന്ന വൈദികനും ന്യൂ സിറ്റി യാക്കോബായ സുറിയാനി ഓർത്തഡോക്സ് ദേവാലയത്തിന്റെ വികാരിയുമായ വന്ദ്യ ഗീവർഗീസ് തോമസ് ചട്ടത്തിൽ കോറെപ്പിസ്കോപ്പയെ ന്യൂയോർക്കിലെ റോക്ക്ലാൻഡ് കൗണ്ടി പ്രത്യേക ബഹുമതിയോടെ ആദരിച്ചു. അൻപത് വർഷത്തിലേറെ നീണ്ട അദ്ദേഹത്തിന്റെ ആത്മീയ, സാമൂഹിക, സാംസ്കാരിക സേവനങ്ങളെ മാനിച്ചാണ് ഈ ആദരം നൽകിയത്. റോക്ക്ലാൻഡ് കൗണ്ടി സംഘടിപ്പിച്ച ഇന്ത്യൻ പൈതൃക മാസാചരണ ചടങ്ങിലായിരുന്നു പുരസ്കാര സമർപ്പണം.
ചടങ്ങിൽ കൗണ്ടി ലെജിസ്ലേറ്റർ ഡോ. ആനി പോൾ വന്ദ്യ ചട്ടത്തിൽ അച്ചനെ സദസിന് പരിചയപ്പെടുത്തി. അദ്ദേഹത്തിന്റെ അൻപത് വർഷത്തിലേറെ നീണ്ട വൈദിക-സാമൂഹിക സേവനങ്ങളും സഭയ്ക്കും സമൂഹത്തിനും നൽകിയ വിലപ്പെട്ട സംഭാവനകളും വിശദമായി അവതരിപ്പിച്ച ശേഷം സ്മാരകോപഹാരം (മെമെന്റോ) സമ്മാനിച്ച് ആദരിച്ചു.

അമേരിക്കയിലെ ഇന്ത്യൻ സമൂഹത്തിന്റെ പൈതൃകവും സമൂഹസേവനവും ആഘോഷിക്കുന്നതിനായി സംഘടിപ്പിച്ച ചടങ്ങിലാണ് വന്ദ്യ ചട്ടത്തിൽ അച്ചനെ ആദരിച്ചത്. പതിറ്റാണ്ടുകളായി അദ്ദേഹം കാഴ്ചവച്ച ആത്മീയ നേതൃത്വവും നിസ്വാർത്ഥമായ സമൂഹസേവനവുമാണ് ഈ വർഷത്തെ അംഗീകാരത്തിന് അടിസ്ഥാനമായത്.
യുവജന മാർഗനിർദേശം, കുടുംബ കൗൺസലിംഗ്, ജീവകാരുണ്യ പ്രവർത്തനങ്ങൾ, സമുദായ ഐക്യം, സുറിയാനി സഭയുടെ ആത്മീയ പൈതൃക സംരക്ഷണം എന്നിവയിലൂടെ ആയിരക്കണക്കിന് കുടുംബങ്ങളുടെ ജീവിതത്തിൽ അദ്ദേഹം ശ്രദ്ധേയമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്. വൈദിക ശുശ്രൂഷയുടെ സുവർണ്ണ ജൂബിലിയും ഈ വർഷം അമേരിക്കൻ മലങ്കര അതിഭദ്രാസന ആസ്ഥാനത്ത് വിപുലമായി ആഘോഷിക്കപ്പെട്ടിരുന്നു.
അമേരിക്കൻ മലങ്കര അതിഭദ്രാസനത്തിൽ വൈറ്റ് പ്ലെയിൻസ്, ആൽബനി, വെസ്റ്റ് നയാക്ക്, സ്റ്റാറ്റൻ ഐലൻഡ്, യോങ്കേഴ്സ് എന്നിവിടങ്ങളിലെ ദേവാലയങ്ങളിൽ ആത്മീയ നേതൃത്വം നൽകിയ അദ്ദേഹം, നിലവിൽ ന്യൂ സിറ്റി യാക്കോബായ സുറിയാനി ഓർത്തഡോക്സ് ദേവാലയത്തിന്റെ വികാരിയായും നാനുവെറ്റ് ദേവാലയത്തിന്റെ സഹവികാരിയായും സേവനമനുഷ്ഠിച്ചുവരുന്നു. അമേരിക്കൻ മലങ്കര അതിഭദ്രാസന കൗൺസിൽ അംഗം, വൈദിക സെക്രട്ടറി എന്നീ നിലകളിലും അദ്ദേഹം ശ്രദ്ധേയ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

സഭയ്ക്കും വിശ്വാസിസമൂഹത്തിനും നൽകിയ വിലമതിക്കാനാവാത്ത സംഭാവനകളെ മാനിച്ച് 2011 സെപ്റ്റംബർ 24-ന് അമേരിക്കൻ മലങ്കര അതിഭദ്രാസനത്തിന്റെ ആർച്ച് ബിഷപ്പായ അഭിവന്ദ്യ മോർ തീത്തോസ് യൽദോ അദ്ദേഹത്തെ കോറെപ്പിസ്കോപ്പ പദവിയിലേക്ക് ഉയർത്തി.
1952 ഓഗസ്റ്റ് 9-ന് കേരളത്തിൽ ജനിച്ച വന്ദ്യ ഗീവർഗീസ് തോമസ് ചട്ടത്തിൽ കോറെപ്പിസ്കോപ്പ ബാല്യകാലം മുതൽ സഭാജീവിതത്തിൽ സജീവമായിരുന്നു. 1974-ൽ വൈദികപട്ടം സ്വീകരിച്ച അദ്ദേഹം 1976-ൽ ഔദ്യോഗിക വൈദിക ശുശ്രൂഷ ആരംഭിച്ചു. വിശ്വാസം, വിനയം, ആത്മസമർപ്പണം എന്നിവ ജീവിതത്തിന്റെ അടിസ്ഥാനമൂല്യങ്ങളാക്കി സഭയെയും സമൂഹത്തെയും ഒരുപോലെ സേവിച്ചുവരികയാണ് അദ്ദേഹം.
ഇന്ത്യയിൽ മുപ്പതിലധികം ഇടവകകളിൽ വികാരിയായി സേവനമനുഷ്ഠിച്ച അദ്ദേഹം യുവജന പരിശീലനം, കുടുംബശുശ്രൂഷ, മതപഠനം, ജീവകാരുണ്യ പ്രവർത്തനങ്ങൾ, ദേവാലയ നിർമാണം തുടങ്ങിയ മേഖലകളിൽ ശ്രദ്ധേയ നേതൃത്വം നൽകി. കോട്ടയം ഭദ്രാസന കൗൺസിൽ അംഗം, വൈദിക സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചു. തൃക്കോതമംഗലം സെന്റ് മേരീസ് ബെത്‌ലഹേം ദേവാലയത്തിന്റെ നിർമാണം ഉൾപ്പെടെ നിരവധി പദ്ധതികളിൽ അദ്ദേഹത്തിന്റെ സംഭാവന നിർണായകമായിരുന്നു.

ചടങ്ങിൽ ന്യൂ സിറ്റി സെന്റ് ജോർജ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് ദേവാലയത്തിന്റെ വൈസ് പ്രസിഡന്റ് വിജയൻ ദാനിയേൽ , കമ്മിറ്റി അംഗം സണ്ണി വെള്ളാവള്ളിൽ, ജോയിന്റ് ട്രഷറർ സഞ്ജു ഇട്ടൻ, മാർത്ത മറിയം വനിതാ സമാജം സെക്രട്ടറി ലീലാമ്മ രാജൻ, അമേരിക്കൻ മലങ്കര അതിഭദ്രാസന വൈദിക സെക്രട്ടറി റവ. ഫാ. ഗീവർഗീസ് ചാലിശേരിൽ, വൈദിക കൗൺസിൽ അംഗം റവ. ഫാ. ആകാശ് പോൾ, അതിഭദ്രാസന ആസ്ഥാന മാനേജർ റവ. ഫാ. വർഗീസ് പോൾ, സെന്റ് ജോൺസ് തിയോളജിക്കൽ സെമിനാരി സി.ഇ.ഒ. റവ. ഫാ. ജെറി ജേക്കബ്, അതിഭദ്രാസന കൗൺസിൽ അംഗം റോയ് മാത്യു, ജിൻസ് മാത്യു, ദാസ് മത്തായി എന്നിവരും വിശ്വാസികളും സമൂഹത്തിലെ പ്രമുഖരും വന്ദ്യ ചട്ടത്തിൽ അച്ചന്റെ കുടുംബാംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.
മലങ്കര യാക്കോബായ സുറിയാനി സഭയുടെ കാതോലിക്ക ശ്രേഷ്ഠ ബസേലിയോസ് ജോസഫ് ബാവായും , അമേരിക്കൻ മലങ്കര അതിഭദ്രാസനാധിപൻ അഭിവന്ദ്യ യെൽദൊ മോർ തീത്തോസ് ആർച്ച് ബിഷപ്പും ചടങ്ങിനോടനുബന്ധിച്ച് ആശംസകൾ അറിയിച്ചു.
റോക്ക്ലാൻഡ് കൗണ്ടിയുടെ ഈ അംഗീകാരം വന്ദ്യ ഗീവർഗീസ് തോമസ് ചട്ടത്തിൽ കോറെപ്പിസ്കോപ്പയുടെ ദീർഘകാല ആത്മീയ-സാമൂഹിക സേവനങ്ങൾക്ക് ലഭിച്ച ചരിത്രപരമായ ആദരവാണ്. ഒരു വ്യക്തിക്കുള്ള ബഹുമതി എന്നതിലുപരി, മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ആത്മീയ പാരമ്പര്യത്തിനും വിശ്വാസിസമൂഹത്തിന്റെ കൂട്ടായ്മയ്ക്കും സഭാ നേതൃത്വത്തോടൊപ്പം അദ്ദേഹം നൽകിയ സമർപ്പിത സേവനങ്ങൾക്കും ലഭിച്ച പൊതുസമൂഹത്തിന്റെ ആദരസൂചകമായ അംഗീകാരമായാണ് ഈ ബഹുമതി വിലയിരുത്തപ്പെടുന്നത്.