Image

ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പുരുഷ പ്രൊഫസർ ഇനി അമേരിക്കൻ മലയാളി നേഥൻ തോമസ്

പ്രസാദ് തീയാടിക്കൽ Published on 05 August, 2026
ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പുരുഷ പ്രൊഫസർ ഇനി അമേരിക്കൻ മലയാളി നേഥൻ തോമസ്

ഫ്ലോറിഡ: അമേരിക്കയിലെ ഫ്ലോറിഡ സ്വദേശിയും കേരള വംശജനുമായ നേഥൻ തോമസ് ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പുരുഷ പ്രൊഫസറെന്ന ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കി. 18 വയസും 346 ദിവസവും പ്രായമുള്ളപ്പോഴാണ് അദ്ദേഹം മയാമി ഡേഡ് കോളേജിൽ എഞ്ചിനിയറിങ് പ്രോഗ്രാമിംഗ് അധ്യാപകനായി ചുമതലയേറ്റത്. ഇതോടെയാണ് 306 വർഷം പഴക്കമുള്ള റെക്കോർഡ് അദ്ദേഹം മറികടന്നത്.

1717-ൽ വെറും 19-ാം വയസ്സിൽ പ്രൊഫസറായ സ്കോട്ടിഷ് ഗണിതശാസ്ത്രജ്ഞൻ കോളിൻ മക്ലോറിന്റെ റെക്കോർഡാണ് നേഥൻ തോമസ് തകർത്തത്. ഗിന്നസ് വേൾഡ് റെക്കോർഡിന്റെ സ്ഥിരീകരണപ്രകാരം, ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പുരുഷ പ്രൊഫസറെന്ന ബഹുമതിയാണ് അദ്ദേഹത്തിന് ലഭിച്ചത്.

മിക്ക വിദ്യാർത്ഥികളും കോളേജ് ജീവിതം ആരംഭിക്കുന്ന പ്രായത്തിൽ തന്നെ നേഥൻ തോമസ് ഫ്ലോറിഡ ഇന്റർനാഷണൽ സർവകലാശാലയിൽ നിന്ന് ഇലക്ട്രിക്കൽ എഞ്ചിനിയറിംഗിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയിരുന്നു. അതിന് മുമ്പ് വെറും 14-ാം വയസ്സിൽ മയാമി ഡേഡ് കോളേജിൽ നിന്ന് അസോസിയേറ്റ് ബിരുദവും കരസ്ഥമാക്കിയിരുന്നു.

നിലവിൽ മയാമി ഡേഡ് കോളേജിൽ ഓൺലൈൻ എഞ്ചിനിയറിങ് കോഴ്സുകൾ പഠിപ്പിക്കുന്നതിനൊപ്പം, യൂണിവേഴ്സിറ്റി ഓഫ് മയാമി ലോ സ്കൂളിൽ നിയമപഠനവും തുടരുകയാണ്. അദ്ദേഹത്തിന്റെ ഈ നേട്ടം ലോകമെമ്പാടുമുള്ള യുവാക്കൾക്ക് പ്രചോദനമാണെന്ന് ഗിന്നസ് വേൾഡ് റെക്കോർഡ്സ് വ്യക്തമാക്കി.--

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക