Image

വിശുദ്ധഭൂമിയുടെ കാവല്‍ക്കാര്‍ മരിക്കുമോ? (ജോണ്‍ മാത്യു)

Published on 04 August, 2026
വിശുദ്ധഭൂമിയുടെ കാവല്‍ക്കാര്‍ മരിക്കുമോ? (ജോണ്‍ മാത്യു)

ഇന്ന് മലയാളി സമൂഹത്തില്‍ എവിടെയും ചര്‍ച്ചാ വിഷയം കേരളത്തിന്റെ ഭാവി. വരാന്‍ പോകുന്ന, വന്നുകൊണ്ടിരിക്കുന്ന സാമ്പത്തിക പരിവര്‍ത്തനം. വിവാദങ്ങള്‍ക്ക് അവസാനമില്ല; അസ്തമനവേളയില്‍ തീപിടിക്കുന്നത് ആകാശത്തിനോ കടലിനോ? ചിലര്‍ പറയുമ്പോള്‍   പണ്ഡിതോചിതം, മറ്റു ചിലപ്പോള്‍ അത് വിഡ്ഢിത്തം പോലും. അതായത് 'ആളുവില കല്ലുവില'!  
    കേരളം സഹ്യനേക്കടന്നും മുന്നേറിക്കൊണ്ടിരിക്കുന്ന ശുഭവീരശൂര പ്രതീക്ഷയായിരു ന്നല്ലോ ഒരു കാലത്ത് നമ്മുടെ കവികള്‍ക്കുണ്ടായിരുന്നത്. അതായത്, അതിന്റെ മറുപുറം വായിക്കുമ്പോള്‍ 'മാമലകള്‍ക്കപ്പുറത്ത്........'
    പണ്ടുപണ്ടൊരിക്കല്‍, ഡല്‍ഹിയിലെ ഒരു സമ്മേളനത്തില്‍ പനമ്പിള്ളി ഗോവിന്ദ മേനോന്‍ മലയാളികളോടായി ഇങ്ങനെ പറഞ്ഞു: 
    'പോകൂ നിങ്ങള്‍ കേരളത്തിനു പുറത്തേക്ക്, പക്ഷേ, അങ്ങോട്ട് മടങ്ങിപ്പോകരുത്, മരിക്കാന്‍ അങ്ങോട്ട് പോകരുത്......'

    ഒരു കാലത്ത് നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ മുഴങ്ങിക്കേട്ട ഉപദേശം: 'വെറുതേ തെക്കു-വടക്കു നടക്കാതെ........' അതായത് ഇവിടെയൊന്നും ചെയ്യാനില്ലാതെ, എവിടെയെങ്കിലും ചെന്ന് കരകേറ്, ആകുന്ന കാലത്ത് അല്പം കാശൊണ്ടാക്ക്.....'
    അന്ന് അതൊരു വാര്‍ത്തയായിരുന്നു: അവന്‍ അല്ലെങ്കില്‍ അവള്‍ ബോംബെയിലാ, ഡല്‍ഹിയിലാ, കല്‍ക്കത്തയിലാ എന്നിങ്ങനെ. 
    തുടര്‍ന്നു ''ഭിലായിക്ക് പോകുന്നില്ലേ.....'' അന്നത്തെ ഭാരതവികസന സ്വപ്നത്തില്‍ നിന്ന് ലേശം പങ്കുപിടിച്ചു പറ്റാന്‍.

    അതിനിടെ പത്രങ്ങളില്‍ വാര്‍ത്ത 'ഉപരിപഠനാര്‍ത്ഥം അമേരിക്കയിലേക്ക്.....' തീര്‍ന്നില്ല, ആളുകൂടിയപ്പോള്‍, ആ യാത്ര സര്‍വ്വസാധാരണമായപ്പോള്‍ അതിനൊരു മേല്‍ക്കൈ വേണ്ടേ, അപ്പോള്‍, ഒരു തിരുത്ത്, അതായത് 'വിമാനമാര്‍ഗ്ഗം' എന്നൊരു വിശേഷണം! 
    എങ്ങനെയോ, ചിലപ്പോള്‍ അവിചാരിതമെന്ന് തോന്നുന്നതുപോലെ, ഇന്ന് കേരളം ദിശ മാറിച്ചവിട്ടുന്നതുപോലെ, എന്നാല്‍ അങ്ങനെയല്ല. ഈ മാറ്റത്തിന്റെ സൂചനകള്‍ എത്രയോ നാളുകളായി നമ്മോടൊപ്പമുണ്ട്. ഒരു ഭരണമാറ്റം അതിന് ആക്കം കൂട്ടിയെന്ന് മാത്രം. 
    ഇതൊരു രാഷ്ട്രീയ ചര്‍ച്ചയേയല്ല, കാലാകാലങ്ങളിലുണ്ടാകുന്ന ആശയങ്ങളില്‍ ചിലത് ദീര്‍ഘകാലം നിലനിന്നേക്കാം, മറ്റു ചിലത് അവഗണിക്കപ്പെട്ടേക്കാം. അതുകൊണ്ടുതന്നെ ഇതൊരു സാമൂഹിക ചര്‍ച്ചയാണ്. സമൂഹത്തില്‍ അതതു സന്ദര്‍ഭങ്ങളില്‍ അധികാരവര്‍ഗ്ഗത്തിന്റെ ആശയങ്ങളും സ്വാധീനവും നിരാകരിക്കാന്‍ കഴിയുകയില്ല. പക്ഷേ, വിവിധ കാലഘട്ടങ്ങളിലൂടെ ഉരുത്തിരിഞ്ഞുവന്ന രീതികളുടെ ആകെത്തുക എന്താണ്? ഇവിടെയാണ് കഴിഞ്ഞ നൂറു വര്‍ഷക്കാലത്തിന്റെ പ്രസക്തി. നമ്മുടെ സമൂഹത്തിന്റെ പ്രതീക്ഷയുടെ, പെരുമാറ്റത്തിന്റെ തന്‍പോരിമയുടെ പുരോഗമനമെന്ന ആശയത്തിന്റെ പ്രായോഗികതയില്‍ സംഭവിച്ചത്. 
    കഴിഞ്ഞ നൂറുവര്‍ഷത്തിന്റെ, തിരുത്തിയെഴുത്തായിരിക്കും അടുത്ത ഒരു നൂറുവര്‍ഷത്തില്‍ സംഭവിക്കുക. ആ പ്രത്യേകതയാണ് ഇവിടെ ചര്‍ച്ചാവിഷയമാക്കുന്നത്. ആ തിരുത്തലിന്റെ സാമൂഹിക രാഷ്ട്രീയ നീക്കങ്ങള്‍ 'വിജയിച്ചാല്‍', അതേ, ഇന്നേക്ക് നൂറു വര്‍ഷത്തിനുശേഷം നമ്മള്‍ എന്തായിരിക്കും? നേരിട്ട് ഒരു ഉത്തരമില്ല, സാങ്കേതിമായി. പക്ഷേ, കഴിഞ്ഞ നൂറ്റാണ്ട് നമ്മള്‍ ഏറെക്കുറെ അനഭവിച്ചറിഞ്ഞതല്ലേ, അതുകൊണ്ട് അടുത്ത നൂറ്റാണ്ട് ഇന്നത്തെ സാങ്കേതിക മാറ്റങ്ങളുടെ പശ്ചാത്തലത്തില്‍ ഭാവനയില്‍ കാണുക. 
    
അതിന്റെ ആദ്യപടി: 
    
കാലങ്ങള്‍ക്ക് മുമ്പുണ്ടായിരുന്ന മനുഷ്യനീക്കങ്ങള്‍ ഇവിടെ കാര്യമായ ചര്‍ച്ചാവിഷയമല്ല. എന്നാല്‍ നമ്മുടെ സമൂഹത്തിന്റെ പെരുമാറ്റ രീതികളിലേക്ക് ഒന്നു തിരിഞ്ഞുനോക്കാം. 
    ഇങ്ങോട്ടുള്ള മനുഷ്യനീക്കങ്ങള്‍ നമ്മള്‍ തടഞ്ഞു നിര്‍ത്തി, പകരം അങ്ങോട്ടു പോയി. അതായത് നമ്മുടെ മണ്ണിന്റെ വിശുദ്ധി കാത്തു സൂക്ഷിച്ചു. 
    'പെനാംഗില്‍ നിന്നൊരു കമ്പി.....' എം.പി. നാരായണപിള്ളയുടെ 'ജോര്‍ജ് ആറാമന്റെ കോടതി' എന്ന കഥ തുടങ്ങുന്നത് ഇങ്ങനെയാണ്. ആ കഥയല്ല ഇവിടെ വിഷയം. 
    മലയ, ഇന്നത്തെ മലേഷ്യാ, ഒരു കാലത്ത് നമ്മുടെ ഭാഗ്യഭൂമി ആയിരുന്നു, ഒപ്പം ബര്‍മ്മയും, സിംഗപ്പൂരും, ജാവയും ബോര്‍ണിയയും, പിന്നെ സിലോണും. 
    മാറ്റം, 
    ഓലകെട്ടിയ വീടുകള്‍ ഓടിട്ടു. മാറ്റത്തിന്റെ ആദ്യ സൂചന. ഭക്ഷണത്തില്‍ ഇറച്ചിയും മീനും നിരന്തരം.  
    ജനം കണ്ണും മിഴിച്ച് നോക്കിനിന്നു. ചിലര്‍ക്കെങ്കിലും കുടുംബത്ത് തങ്ങള്‍ അദ്ധ്വാനിക്കാതെ പണം വന്നുകൊണ്ടിരുന്നു. കാരണവന്മാര്‍ പാരമ്പര്യം പറഞ്ഞ് തലപ്പാവു കെട്ടി, പുതിയ അവകാശം! 
    നമ്മുടെ ഭൂമിയിലേക്ക് ആരും വന്നില്ല; പക്ഷേ പണം ഒഴുകിക്കൊണ്ടിരുന്നു.

    നാളുകള്‍ കഴിഞ്ഞു. യുദ്ധം. ഒരു പടയോട്ടം, ജീവന്‍ പണയംവെച്ചുകൊണ്ട് അവന്‍, എന്നാലെന്ത്, വീട്ടുകാര്‍ക്ക് പണവും നാട്ടുകാരുടെ മുന്നില്‍ തലയെടുപ്പും. 
    നമ്മുടെ 'വിശുദ്ധഭൂമിയെ' ആരും തൊട്ടില്ല, നാം സുരക്ഷിതരായിരുന്നു.

    അതിന്റെ അവസാനം ചില വാതിലുകള്‍ അടഞ്ഞുകൊണ്ടേയിരുന്നു. പക്ഷേ,  പിന്നീടുണ്ടായത് ശാസ്ത്രീയമായി നിര്‍വചിക്കപ്പെടാത്ത ഒരു സ്ഥിതിസമത്വവ്യവസ്ഥ, ഏവര്‍ക്കും പ്രാപ്യമായ 'മറുനാടന്‍' ജീവിതം!
    അക്കാലത്ത്, 
    നിരന്തരം ഉയര്‍ന്നുകൊണ്ടിരുന്ന ചോദ്യം, ചെറുപ്പക്കാരോട്: 
    കണക്കെഴുത്താണോ, ഭൂമി സര്‍വ്വേയാണോ, അതോ ടൈപ്പടിയോ? അതിവേഗം കൈവശപ്പെടുത്താന്‍ കഴിയുന്ന സാങ്കേതികത. പെണ്‍കുട്ടികള്‍ക്കാണെങ്കില്‍ തെരഞ്ഞെടുക്കാന്‍ അധികമൊന്നുമില്ല, കൂട്ടത്തോടെ നേഴ്‌സിംഗിനും. രാഷ്ട്രത്തിന്റെ പുതിയ ഉണര്‍വ് നാം നേരത്തെ കണ്ടറിഞ്ഞു. ഓടുന്ന പട്ടിക്ക് ഒരു മുഴം മുന്നേ. വടക്കേയിന്ത്യയില്‍ ഭൂമി അളക്കാന്‍ ആളു വേണം. മാര്‍വാഡി സേഠിന് കണക്കെഴുതാനും. ഭാരതത്തിന്റെ ഉള്‍നാടുകളിലെ ആശുപ്രതികള്‍പ്പോലും നിയന്ത്രിക്കാന്‍ നമ്മുടെ യുവതികള്‍ വേണമായിരുന്നു. 
    എന്തിനാണ് അന്ന് മറുനാടുകളിലേക്ക് നമ്മള്‍ പോയത്? ഇന്നും പൊയ്‌ക്കൊണ്ടിരി ക്കുന്നത്. തൊട്ടു മുന്നിലുള്ള 'ഇന്ന്' എന്ന നിമിഷം ആസ്വദിക്കാന്‍ ഇപ്പോഴാണ് ഒരു തൊഴില്‍ വേണ്ടത്, അല്ലാതെ മത്സരപ്പരീക്ഷ എഴുതി കാലങ്ങള്‍ കാത്തിരുന്നിട്ടല്ല. 
    
അത് ഇപ്പോള്‍ വേണം. 
    മറ്റു ദേശങ്ങളില്‍ തൊഴിലവസരം ഉണ്ടായിരുന്നു.

    ഏതു കലാശാലയിലാണ് പഠിച്ചതെന്ന ചോദ്യത്തിന് 'കുമ്പനാട് യൂണിവേഴ്‌സിറ്റി' എന്ന് ചടുലമായി പറയാനുള്ള സാമര്‍ത്ഥ്യവും നര്‍മ്മബോധവും നമ്മുടെ ചെറുപ്പക്കാര്‍ക്കുണ്ടായിരുന്നു.
    ഏതോ നാട്ടിലെ, ദേശത്തെ, ഏതോ ഒരു സേഠിന് അറിയാമായിരുന്നോ എന്തോ അങ്ങനെയൊരു കലാശാല നമ്മുടെ അതിവേഗ ഭാവനാ സൃഷ്ടിയായിരുന്നെന്ന്.. 
    ഇവിടെ വൈദഗ്ദ്ധ്യമല്ല, കേവലം പ്രായോഗികബുദ്ധിയാണ് പ്രവര്‍ത്തിച്ചത്. ഈ പ്രായോഗികത സമ്മാനിച്ച ധൈര്യമാണ് പിന്നീട് വിദേശങ്ങളിലേക്കുംകൂടി പുറപ്പെട്ടു പോകന്‍ നമ്മെ സഹായിച്ചത്. പക്കലുള്ള പരിമിത കഴിവിന് സ്വന്തം ദേശത്ത് വിലയില്ല, ആവശ്യമില്ല. മറ്റു നാടുകളിലുണ്ട്. 
    ഇതിനെല്ലാം പുറമേയാണ് തങ്ങള്‍ക്ക് സാമ്പത്തികമായി മേലേക്കിടയിലെത്താനുള്ള വ്യാമോഹവും, അതായത് പരിമിതമായ ചുറ്റുപാടുകളാണെങ്കിലും അവിടെ ഉയര്‍ന്നു നില്‍ക്കുക. അതിനുള്ള ഒരേ ഒരു മാര്‍ഗ്ഗം ഏതെങ്കിലും അവസരം കിട്ടുന്നിടത്ത് അദ്ധ്വാനിക്കുക, കിട്ടുന്ന നിക്ഷേപം സ്വന്തം നാട്ടില്‍ അഭിമാനമായി പ്രദര്‍ശിപ്പിക്കുക. ഒരു സങ്കരജനതയെന്ന കാരണത്താല്‍ നമുക്കു ലഭിച്ച പൈതൃകമായിരിക്കാം ഈ മാനസികാവസ്ഥ!. അതോ ഒരു 'പൂച്ച സിംഡ്രമോ!' എലിയേപ്പിടിച്ചാല്‍ അത് ഉമ്രവാതിലില്‍ തന്നെ പ്രദര്‍ശിപ്പിക്കണം. 'ഞാന്‍ നേടി!'
    പിന്നെ, പേര്‍ഷ്യയും ആഫ്രിക്കയും യൂറോപ്പും അമേരിക്കയും അവസരങ്ങളൊരുക്കി. അങ്ങനെ കഴിഞ്ഞ ഒരു നൂറ്റാണ്ടുകാലം നാം നമ്മുടെ ഭൂമിയുടെ കാവല്‍ക്കാരായി. അക്ഷരാര്‍ത്ഥത്തില്‍ത്തന്നെ ആരും ഇങ്ങോട്ട് കടന്നുവരാതെ അതിനെ സംരംക്ഷിച്ചു. 
    ഇനിം അടുത്ത നൂറു വര്‍ഷക്കാലം ഇതിനോടു ചേര്‍ത്ത് വായിക്കുക. കടലു കടന്നുവരുന്നവര്‍, സന്ദര്‍ശനത്തിനു വരുന്നവര്‍, പഠിക്കാന്‍ വരുന്നവര്‍, അല്ല കേവലം തായ്‌ലാന്‍ഡു മോഡല്‍ തമാശക്കു വരുന്നവരും... അവര്‍ നമുക്ക് വന്‍നഗരങ്ങളുടെ രീതികള്‍ സൃഷ്ടിച്ചുനല്കും... പുതിയ യന്ത്രങ്ങള്‍,  അതു നിയന്ത്രിക്കാന്‍ വിദേശി, അവന്‍ ഇവിടെ കുടികിടപ്പുകാരനും, പച്ചനിറഞ്ഞ ഭൂമിയെല്ലാം കച്ചോടത്തിന്, യന്ത്രപേശിലൂടെ, അതാണല്ലോ കാശൊണ്ടാക്കുന്ന വിദ്യ!
    ഒരിക്കല്‍ നമ്മള്‍ പാടി:
    'കടലിനക്കരെ പോണോരെ....'
    ഇനീം,
    'വാ.... വാ.... അക്കരേന്ന്, അക്കരേന്ന്.....'
    വരും കാലങ്ങളില്‍ നമ്മുടെ ആ കാവല്‍ക്കാര്‍ ഇല്ല, ഈ ഭൂമി നമ്മുടേതായിരിക്കില്ല. അപ്പോള്‍ അടുത്ത നൂറു വര്‍ഷത്തിന്റെ കഥ കേള്‍ക്കാന്‍ ക്ഷമയോടെ കാത്തിരിക്കാം.  

Read More: https://www.emalayalee.com/writer/58


 

Join WhatsApp News
Sudhir Panikkaveetil 2026-08-05 14:00:08
പരശുരാമക്ഷേത്രം, മാവേലി നാട് എന്നൊക്കെ പേരുണ്ടായിരുന്ന ഒരു പ്രദേശത്തു നിന്ന് ജനങ്ങൾ ജീവിതമാർഗ്ഗം തേടി പലായനം ചെയ്തു. അവർ പോയിക്കൊണ്ടിരുന്നു. അപ്പോൾ ആ ഒഴിവിലേക്ക് അന്യദേശത്തുനിന്നും ആളുകൾ വന്നു. അങ്ങനെ ആ രാജ്യത്തിൻറെ മുഖഛായയും ഭാഷയും മാറിക്കൊണ്ടിരിക്കുന്നു. ഈ ലേഖനം വായിച്ച ആരെങ്കിലും അതൊക്കെ ഓർക്കുമായിരിക്കും. പ്രവാസം വിധിക്കപ്പെട്ടവർ മലയാളികൾ. അവർക്ക് സ്വദേശം നഷ്ടപെടുന്നതിൽ ദുഖമുണ്ടാകില്ലായിരിക്കാം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക