
മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി, കഴിഞ്ഞ വര്‍ഷം ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് അഭിനയത്തില്‍ നിന്ന് ഇടവേള എടുത്തിരുന്നു. കൈരളിയുടെ ഡോക്ടേഴ്സ് പുരസ്‌കാര വേദിയില്‍ സംസാരിക്കവെയാണ് മമ്മൂട്ടി തന്റെ രോഗ കാലത്തെക്കുറിച്ചും ഡോക്ടര്‍മാരുടെ പരിചരണത്തെക്കുറിച്ചും മമ്മൂക്ക സംസാരിക്കുന്നത്. തന്റെ രോഗത്തിന്റെ വലുപ്പം ഡോക്ടര്‍മാര്‍ തന്നോട് പറഞ്ഞില്ലെന്നും അത്രയും വലുപ്പം ഉണ്ടായിരുന്നില്ലെന്നും മമ്മൂക്ക പറഞ്ഞു. അസുഖം വന്ന സമയത്ത് ഒരു ഡോക്ടറും എന്നെ പേടിപ്പിച്ചിട്ടില്ലെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.
'ഞാന്‍ കുറേക്കാലത്തേക്ക് ഒരു രോഗിയായിരുന്നു. ഇപ്പോള്‍ രോഗമുക്തനാണെന്നാണ് എന്റെ വിശ്വാസം. ആ സമയത്ത് ഡോക്ടര്‍മാരും നഴ്സുമാരുമൊക്കെ എന്നെ ശുശ്രൂഷിച്ചതാണ് ഇപ്പോള്‍ ഓര്‍ക്കുന്നത്. അത് ഞാനൊരു പ്രമുഖന്‍ ആയതു കൊണ്ട് മാത്രമല്ല. രോഗത്തിന്റെ വലിപ്പം ഒന്നും അവര്‍ എന്നോട് പറഞ്ഞിരുന്നില്ല. അത്ര വലിപ്പമൊന്നും ഉണ്ടായിരുന്നില്ല എന്നാണ് എന്റെ അനുഭവത്തില്‍ നിന്നും ഞാന്‍ മനസിലാക്കുന്നതും.
പക്ഷെ അത്ര നല്ലതല്ലാത്ത രോഗം ശരീരത്തിലുണ്ടാകുമ്പോള്‍ നമുക്കുണ്ടാകുന്ന മാനസിക സംഘര്‍ഷങ്ങള്‍ ഉണ്ട്. അത് ആദ്യകാലത്ത് ഉണ്ടാകും. പിന്നെ നമ്മള്‍ അത് ഉള്‍ക്കൊള്ളും. ഒരു ഡോക്ടറും എന്നോട് നെഗറ്റീവായിട്ട് ഒരു വാക്കും പറഞ്ഞിട്ടില്ല. കേള്‍ക്കുമ്പോള്‍ പേരു കൊണ്ട് പേടിപ്പിക്കുന്നതാണെങ്കിലും അവര്‍ എന്നെ ഒന്നും പറഞ്ഞ് പേടിപ്പിച്ചിട്ടില്ല. ഞാനൊരു രോഗിയെന്ന നിലയില്‍ പറയുകയാണ്.
ഡോക്ടര്‍മാര്‍ ദൈവത്തിന് ഏറ്റവും അടുത്തു നില്‍ക്കുന്നവരാണെന്ന് നമ്മള്‍ വിശ്വസിക്കുന്നു. രോഗത്തിന്റെ അവസാന ഘട്ടത്തില്‍ ഡോക്ടര്‍മാര്‍ പോലും പ്രാര്‍ത്ഥിക്കാന്‍ പറയുമ്പോള്‍ ഡോക്ടര്‍ക്ക് ശേഷമാണ് നമ്മള്‍ ദൈവത്തെ പ്രതീക്ഷിക്കുന്നത്. അതുകൊണ്ട് ഡോക്ടര്‍മാര്‍ക്ക് നല്‍കുന്ന പുര്സകാരം ഒരു അവാര്‍ഡായല്ല, മറിച്ച് ഡോക്ടര്‍മാരെ കാണപ്പെടുന്ന ദൈവങ്ങളായി കണക്കാക്കി അവര്‍ക്ക് നല്‍കുന്ന നിവേദ്യമോ പ്രാര്‍ത്ഥനയോ ഒക്കെ ആയിട്ടാണ് അതിനെ കാണേണ്ടത്,' മമ്മൂട്ടി പറഞ്ഞു.