Image

ഫൊക്കാന സാഹിത്യ അവാർഡുകൾ – 2026 പ്രഖ്യാപിച്ചു

കോരസൺ വർഗീസ് (സാഹിത്യസമ്മേളന ചെയർമാൻ) Published on 03 August, 2026
ഫൊക്കാന സാഹിത്യ അവാർഡുകൾ – 2026 പ്രഖ്യാപിച്ചു

'അതിരുകൾ കടന്ന് മലയാളം – പ്രവാസ സാഹിത്യത്തിന്റെ വർത്തമാനവും ഭാവിയും' മുഖ്യ പ്രമേയമാക്കി ഫൊക്കാന സാഹിത്യസമ്മേളനം

ന്യൂയോർക്ക്: ഇന്ത്യയ്ക്ക് പുറത്തുള്ള മലയാളികളുടെ ഏറ്റവും വലിയ കുടക്കീഴിലുള്ള സംഘടനയായ ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻസ് ഇൻ നോർത്ത് അമേരിക്ക (ഫൊക്കാന) 2026-ലെ സാഹിത്യ അവാർഡുകൾ പ്രഖ്യാപിച്ചു. ലോകമെമ്പാടുമുള്ള മലയാളി എഴുത്തുകാരുടെ സൃഷ്ടിപരമായ സംഭാവനകളെ ആദരിക്കുകയും പ്രവാസ മലയാള സാഹിത്യത്തെ ശക്തിപ്പെടുത്തുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് ഫൊക്കാന സാഹിത്യ പുരസ്കാരങ്ങൾ സമ്മാനിക്കുന്നത്. മലയാള സാഹിത്യത്തിന് വളരെ പ്രാധാന്യം നൽകുന്നതോടൊപ്പം നോർത്ത് അമേരിക്കയിലെ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കാനും ഫൊക്കാന എന്നും മുന്നിലുണ്ടായിരുന്നു. അതുകൊണ്ടുതന്നെയാണ് ഫൊക്കാന മലയാളികളുടെ മനസ്സിൽ ചേക്കേറിയതും നിലനിൽക്കുന്നതും.  

ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി, ജനറൽ സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ, ട്രെഷറർ ജോയ് ചാക്കപ്പൻ, സാഹിത്യസമ്മേളന ചെയർമാൻ കോരസൺ വർഗീസ്, കെ.കെ ജോൺസൺ (കോ-ചെയർമാൻ), സന്തോഷ് പാലാ എന്നിവർ സംയുക്തമായി അവാർഡ് ജേതാക്കളെ പ്രഖ്യാപിച്ചു. ഇത്തവണ ഓരോ കാറ്റഗറിയിലും അമേരിക്കൻ മലയാളി എഴുത്തുകാരുടെ നിരവധി പുസ്തകങ്ങൾ ലഭിച്ചു. പലതും ഒന്നിനൊന്നു മികച്ചതായതിനാൽ ഒരു തിരെഞ്ഞെടുപ്പ് വളരെ പ്രയാസമായിരുന്നു എന്ന് വിധികർത്താക്കൾ അഭിപ്രായപ്പെട്ടു. അവാർഡ് എഴുത്തുജീവിതത്തിലെ ഒരു ഘട്ടം മാത്രമാണ്, അത് ഒരു വലിയ ഉത്തരവാദിത്തംകൂടിയാണ്. ഇത്തവണ തിരഞ്ഞെടുക്കപ്പെട്ടില്ല എന്നുകരുതി മോശമായ ഒരു പുസ്തകമാണ് എന്നു കരുതരുത്. അമേരിക്കൻ എഴുത്തുകൾ ഉയർന്ന തലത്തിലേക്കു അറിയാതെ കടന്നുകഴിഞ്ഞു. ഇവിടെയുള്ള എഴുത്തുകൂട്ടങ്ങളും വായനാ കൂട്ടങ്ങളും അതിനു നിമിത്തങ്ങളായി മാറി.  

ഫൊക്കാന സാഹിത്യ അവാർഡുകൾ – 2026

നോവൽ

  • ക്രൈം ഇൻ 1619 – സാംസി കൊടുമൺ

ചെറുകഥ

  • മാണീം ഇന്ദിരാഗാന്ധീം – പ്രിയ ജോസഫ്

കവിത

  • നടക്കാനിറങ്ങിയ കവിത – ജോസഫ് നമ്പിമഠം

യാത്രാവിവരണം

  • ലേഡി ലിബർട്ടി – എസ്. അനിലാൽ
  • മഞ്ഞിൽ വിരിഞ്ഞ റഷ്യ – ബാബു പാറയ്ക്കൽ

ലേഖനം / ഓർമ്മ

  • വെയിൽചായും നേരം – റഹിമാബി മൊയ്തീൻ

ഫൊക്കാന ഫൗണ്ടേഷൻ അവാർഡുകൾ

അനിരുദ്ധൻ അവാർഡ്

  • ജനകീയനായ ജനനായകൻ – ഡോ. മാമ്മൻ സി. ജേക്കബ്

ജോർജ്ജ് മണ്ണിക്കരോട്ട് അവാർഡ്

  • പറക്കും പക്ഷിയെ പ്രണയിക്കുന്നവർ – അബ്ദുൽ പുന്നയൂർക്കുളം

മറിയാമ്മ പിള്ള അവാർഡ്

  • ആത്മായനം – ബിന്ദു കാന

സ്പെഷ്യൽ ജൂറി അവാർഡുകൾ

  • ഊന്നുവടി – ഡോ. മാത്യു ജോയിസ്
  • പാടുന്നു പാഴ്‌മുളം തണ്ടുപോലെ – ജയൻ വർഗീസ്
  • രാമഴവില്ല് – ഫിലിപ്പ് തോമസ്
  • പതിനെട്ടാം സ്ഥലം – സീന ജോസഫ്
  • പുരാതന വൈദ്യശാസ്ത്ര ചരിത്രം – ഡോ. സലീമ ഹമീദ്

ഫൊക്കാന ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡുകൾ

  • ഡോ. എ. കെ. ബി. പിള്ള
  • ജോർജ്ജ് മണ്ണിക്കരോട്ട്

പ്രവാസ മലയാള സാഹിത്യത്തിന്റെ ഭാവി ചർച്ച ചെയ്യുന്ന അന്താരാഷ്ട്ര വേദി

2026 ഓഗസ്റ്റ് 6 മുതൽ 9 വരെ പെൻസിൽവാനിയയിലെ കലഹാരി റിസോർട്ടിൽ നടക്കുന്ന ഫൊക്കാന അന്താരാഷ്ട്ര കൺവെൻഷന്റെ ഭാഗമായി വിപുലമായ സാഹിത്യസമ്മേളനമാണ് സംഘടിപ്പിച്ചിരിക്കുന്നത്. "അതിരുകൾ കടന്ന് മലയാളം – പ്രവാസ സാഹിത്യത്തിന്റെ വർത്തമാനവും ഭാവിയും" എന്ന പ്രമേയത്തെ ആസ്പദമാക്കി നടക്കുന്ന സമ്മേളനം ലോകമെമ്പാടുമുള്ള മലയാളി എഴുത്തുകാരുടെയും സാഹിത്യപ്രേമികളുടെയും സംഗമവേദിയാകും.

പ്രശസ്ത ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണൻ, നോവലിസ്റ്റ് ടി. ഡി. രാമകൃഷ്ണൻ, സാഹിത്യകാരനും മുൻ ഐ.എ.എസ്. ഉദ്യോഗസ്ഥനുമായ കെ. വി. മോഹൻകുമാർ, ജോൺ മുണ്ടക്കയം, ഡോ.പ്രമീളാദേവി, പി.പി. ജെയിംസ് എന്നിവർ മുഖ്യപ്രഭാഷകരായിരിക്കും. കൂടാതെ വിവിധ വിഷയങ്ങളെ ആസ്പദമാക്കി സെമിനാറുകൾ, സംവാദങ്ങൾ, സംവേദനങ്ങൾ, വായനക്കാരും എഴുത്തുകാരും തമ്മിലുള്ള ആശയവിനിമയങ്ങൾ എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്.

സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന പൊതുസമ്മേളനത്തിൽ സാഹിത്യ അവാർഡ് ജേതാക്കളെയും ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാര ജേതാക്കളെയും ആദരിക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മലയാളി എഴുത്തുകാരും പ്രസാധകരും സാംസ്കാരിക പ്രവർത്തകരും പങ്കെടുക്കുന്ന ഈ ചടങ്ങ് പ്രവാസ മലയാള സാഹിത്യചരിത്രത്തിലെ ശ്രദ്ധേയമായ ഒരു നാഴികക്കല്ലാകുമെന്ന് സംഘാടകർ അറിയിച്ചു.

ഫൊക്കാനയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഈ സാഹിത്യസമ്മേളനം മലയാള ഭാഷയുടെ ആഗോള സാന്നിധ്യം കൂടുതൽ ശക്തിപ്പെടുത്തുകയും പ്രവാസ തലമുറകളിൽ മലയാള വായനയും സാഹിത്യസൃഷ്ടിയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഒരു ചരിത്രപരമായ സംരംഭമായിരിക്കുമെന്ന് ഫൊക്കാന ഭാരവാഹികൾ അഭിപ്രായപ്പെട്ടു.

സാംസി കൊടുമൺ :

ന്യൂയോർക്കിൽ കഴിഞ്ഞ നാൽപ്പത് വർഷമായി താമസിക്കുന്ന ഒരു ദക്ഷിണേന്ത്യൻ നോവലിസ്റ്റാണ് സാംസി. സമകാലിക സാഹിത്യത്തിലെ ഒരു മികച്ച ശബ്ദമായ അദ്ദേഹം തന്റെ മാതൃഭാഷയായ മലയാളത്തിൽ എട്ട് പുസ്തകങ്ങളും സ്വന്തം കൃതിയുടെ ശ്രദ്ധേയമായ ഒരു ഇംഗ്ലീഷ് വിവർത്തനവും രചിച്ചിട്ടുണ്ട്. ചരിത്രത്തോടുള്ള ആജീവനാന്ത അഭിനിവേശത്താൽ പ്രചോദിതനായ സാംസി, നീതി, സഹാനുഭൂതി, നിലനിൽക്കുന്ന മനുഷ്യാത്മാവ് എന്നിവയുടെ ആഴത്തിലുള്ള പര്യവേക്ഷണത്താൽ നയിക്കപ്പെടുന്ന ആഖ്യാന ലോകങ്ങൾ സൃഷ്ടിക്കുന്നു. അടിമജീവിതം എങ്ങനെയൊക്കെയായിരുന്നുവന്ന  അന്വേഷണംകൊണ്ട് വ്യത്യസ്തത പുലർത്തുന്ന പുസ്തകമാണ് ക്രൈം ഇൻ 1619. 480 പേജുള്ള ഈ പുസ്തകം തയ്യാറാക്കാനായി ദീർഘകാലത്തെ സാഹസിക ഗവേഷണങ്ങൾ ഉണ്ടായിട്ടുണ്ട്. കൈരളി ബുക്ക്സ് ആണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്. അമേരിക്കയിലെ എഴുത്തിടങ്ങളിൽ  സജ്ജീവ സാന്നിധ്യമാണ് സാംസി. കേരള കൾച്ചറൽ അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ വായനശാല ഉണ്ടാക്കുന്നതിനും വിചാരവേദി എന്ന സാഹിത്യസംഘടനയുടെ അമരക്കാരനുമായി പ്രവർത്തിക്കുന്നു.

പ്രിയ ജോസഫ്: 

പ്രിയ ജോസഫിന്റെ  ആദ്യ ചെറുകഥാസമാഹാരമായ മാണീം ഇന്ദിരാഗാന്ധീം, 2025 സെപ്റ്റംബറിൽ മാതൃഭൂമി ബുക്‌സാണ് പ്രസിദ്ധീകരിച്ചത്. 1991ലും 1992ലും ചെറുകഥയ്ക്കുള്ള ഗൃഹലക്ഷ്മി അവാർഡ് നേടിയിട്ടുള്ള പ്രിയ, നീണ്ട ഒരു ഇടവേളയ്ക്കു ശേഷം 2018 മുതലാണ് വീണ്ടും എഴുത്തിലേക്ക് തിരിച്ചെത്തിയത്. അതിനുശേഷം മലയാളത്തിലെ പ്രമുഖ പ്രസിദ്ധീകരണങ്ങളിൽ അനുഭവക്കുറിപ്പുകളും ഓർമ്മക്കുറിപ്പുകളും ചെറുകഥകളും തുടർച്ചയായി പ്രസിദ്ധീകരിച്ചു വരുന്നു. 2022 ഇൽ സംസ്കൃതി സി.വി. ശ്രീരാമൻ പുരസ്കാരവും പ്രിയയെ തേടിയെത്തിയിരുന്നു. ഡോ. രാധിക മേനോൻ വിവർത്തനം ചെയ്ത “മാണീം ഇന്ദിരാഗാന്ധീം” 2024ലെ ജോൺ ഡ്രൈഡൻ ട്രാൻസ്ലേഷൻ കോമ്പറ്റീഷന്റെ ലോങ്ങ്‌ലിസ്റ്റിലും ഇടം പിടിച്ചിരുന്നു. ഷിക്കാഗോയിലെ സൗത്ത് ബാരിംഗ്ടണിൽ താമസിക്കുന്ന പ്രിയ ഐ.ടി. മേഖലയിൽ ജോലി ചെയ്യുന്നു.

ജോസഫ് നമ്പിമഠം:

കവിതയുടെ വഴിയിലൂടെ, അരനൂറ്റാണ്ടു പിന്നിട്ടു സഞ്ചാരം തുടരുന്ന എഴുത്തുകാരനാണ് ശ്രീ ജോസഫ് നമ്പിമഠം.1970 കൾ മുതൽ, ദീപിക, കേരള ഭൂഷണം തുടങ്ങിയ മാധ്യമങ്ങളിൽ കൂടിയാണ് ആണ് എഴുത്തിന്റെ തുടക്കം. ചെറു കഥകളും ലേഖനങ്ങളും ആയിരുന്നു ആദ്യ കാലങ്ങളിൽ എഴുതിയിരുന്നത്. 1975 ൽ എഴുതിയ 'പുതുയുഗപ്പിറവി' എന്ന കവിതയാണ് പ്രസിദ്ധീകരിച്ച ആദ്യ കവിത. 2025 ൽ എഴുതിയ"നടക്കാനിറങ്ങിയ കവിത" യാണ് ഏറ്റവും അവസാനം എഴുതിയ മലയാളം കവിത. ഡാളസിലെ കേരള ലിറ്റററി സൊസൈറ്റിയുടെ ആദ്യ സെക്രട്ടറി, പ്രസിഡന്റ്, അമേരിക്കയിലെ എഴുത്തുകാരുടെ കേന്ദ്ര സംഘടനയായ ലാനയുടെ ആദ്യ സെക്രട്ടറി, രണ്ടാമത്തെ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 1977 ൽ കേരളത്തിൽ നിന്നും യുവദീപ്തി, അഖില കേരളാടിസ്ഥാനത്തിൽ നടത്തിയ സാഹിത്യ മത്സരത്തിൽ ചെറുകഥക്ക്  ഒന്നാം സ്ഥാനവും ലേഖന രചനാ മത്സരത്തിൽ രണ്ടാം സ്ഥാനവും ലഭിച്ചു. 2025 ൽ സുകുമാർ അഴീക്കോടിന്റെ സ്മരണയിലുള്ള തത്ത്വമസി സാഹിത്യ പുരസ്ക്കാരം"നടക്കാനിറങ്ങിയ കവിത"ക്ക് ലഭിച്ചു.  അമേരിക്കയിലെയും കേരളത്തിലെയും മാധ്യമങ്ങളിൽ സാഹിത്യ കൃതികൾ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്നു. 
 

എസ്. അനിലാൽ:

കഥ, യാത്രാവിവരണം, അനുഭവം/ഓർമ്മ, ലേഖനം തുടങ്ങിയ സാഹിത്യശാഖകളിൽ സജീവമായി എഴുതിവരുന്നു. ഫിത്ർ സക്കാത്ത് എന്ന ചെറുകഥാസമാഹാരത്തിന് 2024-ലെ ഫൊക്കാന കാരൂർ നീലകണ്ഠപ്പിള്ള പുരസ്കാരം ലഭിച്ചു. സബ്രീന എന്ന കൃതിക്ക് 2022-ൽ ഏറ്റുമാനൂർ കാവ്യവേദി പുരസ്കാരവും കേരള ലിറ്ററേച്ചർ സൊസൈറ്റിയുടെ എബ്രഹാം തെക്കേമുറി പ്രവാസകഥ പുരസ്‌കാരം (2026).  2021-ൽ ടി. എ. റസാക്ക്  കഥാ പുരസ്കാരവും നേടിയിട്ടുണ്ട്. പ്രവാസജീവിതത്തിന്റെ അനുഭവങ്ങളും മനുഷ്യബന്ധങ്ങളുടെ സങ്കീർണതകളും സാമൂഹിക-സാംസ്കാരിക പരിവർത്തനങ്ങളും രചനകളിലെ പ്രധാന പ്രമേയങ്ങളാണ്. മനുഷ്യസ്നേഹവും സാമൂഹികബോധവും ലാളിത്യവും സമന്വയിക്കുന്ന എഴുത്തുശൈലിയിൽ വിശ്വസിക്കുന്നു. അമേരിക്കൻ മലയാള സാഹിത്യരംഗത്ത് സജീവം. ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക (LANA)യുടെ പ്രസിഡന്റായിരുന്നു. സാഹിത്യപ്രവർത്തനങ്ങൾക്കു പുറമെ ദി ടെസ്റ്റമെന്റ്, സമയരഥം പിന്നോട്ട് എന്നീ ഡോക്യുമെന്ററികളും മനസ്സറിയാതെ എന്ന മിനി സിനിമയും രചിച്ച് സംവിധാനം ചെയ്തിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര സ്വദേശിയായ അനിലാൽ അമേരിക്കയിൽ സ്ഥിരതാമസമാണ്. 

ബാബു പാറയ്ക്കൽ:

ചങ്ങനാശേരി മാടപ്പള്ളിയിൽ ജനനം. വിദ്യാഭ്യാസം നാട്ടിലും ബോംബെയിലും ന്യൂയോർക്കിലും. ന്യൂയോർക്ക് മെട്രോയിൽ ഉദ്യോഗസ്ഥനായിരുന്നു. ഇപ്പോൾ കുടുംബത്തോടൊപ്പം റിട്ടയർമെന്റ് ജീവിതം നയിക്കുന്നു.  പതിനെട്ടാമത്തെ വയസ്സിൽ മനോരാജ്യം വാരികയിൽ ആദ്യത്തെ കൃതി പ്രസിദ്ധീകരിച്ചു. അൻപതിലധികം ചെറുകഥകളും കവിതകളും ലേഖനങ്ങളും സമകാലീന പ്രസിദ്ധീകരണങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആദ്യ നോവൽ 'നിറങ്ങളിൽ ജീവിക്കുന്നവർ' 2010 ൽ പ്രസിദ്ധീകരിച്ചു. ആദ്യ ചെറുകഥാ സമാഹാരം, 'മനസ്സിൽ സൂക്ഷിച്ച കഥകൾ' 2018 ൽ പ്രസിദ്ധീകരിച്ചു. ആദ്യത്തെ ഷോർട്ട്ഫിലിം, 'ഇൻസൈറ്റ്' (42 മിനിറ്റ്) കഥയും രചനയും സംഭാഷണവും സംവിധാനവും ചെയ്‌തു 2024 ൽ പുറത്തിറക്കി. ‘മഞ്ഞിൽ വിരിഞ്ഞ റഷ്യ’ എന്ന ആദ്യത്തെ യാത്രാവിവരണം 2025 ൽ പ്രസിദ്ധീകരിച്ചു. ചെറുകഥാ സമാഹാരം, 'റെയിൽ ചക്രങ്ങൾ' 2026 ൽ പ്രസിദ്ധീകരിച്ചു. ഓൺലൈൻ പത്രമായ 'ഇമലയാളി'യിൽ, ‘നടപ്പാതയിൽ ഇന്ന്’ എന്ന കോളം സമകാലീന സംഭവങ്ങളെ പ്രതിപാദിച്ച് എഴുതിക്കൊണ്ടിരിക്കുന്നു. വിവിധ സാഹിത്യ-സാംസ്‌കാരിക സംഘടനകളിൽ അംഗമാണ്.
 

റഹിമാബി മൊയ്തീൻ:

സ്വദേശം പാലക്കാട്. മെരിലാൻ്റിലെ സാലിസ്ബറിയിൽ താമസം. നേഴ്സിങ്ങ് മേഖലയിൽ പ്രവർത്തിയ്ക്കുന്നു.  നേഴ്സിങ്ങിലും സോസിയോളജിയിലും ബിരുദാനന്തര  ബിരുദം. ആരോഗ്യവകുപ്പിൽ നേഴ്‌സിംഗ് അധ്യാപകയായിരുന്നു. ഉള്ളിൽനിന്നും ഒരിക്കലും ഒലിച്ചുപോകരുതേയെന്നു ആഴത്തിൽ വിശ്വസിക്കുന്ന ഓർമ്മകളുടെ തുള്ളികളാണ് ഈ പുസ്തകം എന്ന് അർഷാദ് ബത്തേരി കുറിച്ചിരിക്കുന്നു. നമുക്ക് നഷ്ട്ടപ്പെട്ട ദേശവും മനുഷ്യരും ഓർമ്മകളിലൂടെ ഹൃദയത്തിലേക്കു നേരിട്ട് പ്രവേശിക്കുന്ന അനുഭവം സൃഷ്ടിക്കാൻ റഹിമാബിക്കു കഴിയുന്നു. വായനയും എഴുത്തും ഇഷ്ടം. കഥ, കവിത, ഓർമ്മകുറിപ്പുകൾ മുതലായവ എഴുതാറുണ്ട്. ആദ്യ പുസ്തകമാണ് 2024 ൽ പുറത്തിറങ്ങിയ " വെയിൽ ചായും നേരം". 2026 ലെ കേരള ലിറ്റററി സൊസൈറ്റി ഓഫ് ഡാളസ് ൻ്റെ ശ്രീ ജേക്കബ് മനയിൽ പ്രവാസി കവിതാ പുരസ്ക്കാരം, ഇ മലയാളി കഥാമത്സരം ജൂറി അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്. ഭർത്താവ്  പി മൊയ്തീൻകുട്ടി, മക്കൾ റിതു, റിനു,റിതിൻ.

ഡോ. മാമ്മൻ സി. ജേക്കബ്:

പത്തനംതിട്ടയിൽ മേൽപ്പാടം സ്വദേശി. ദീർഘകാലം കോൺഗ്രസ് പ്രവർത്തകനായി, ഉമ്മൻചാണ്ടിയുമായി നീണ്ട സൗഹൃദത്തിൽനിന്നും ഒപ്പിയെടുത്ത ഓർമ്മകളുടെ ഒരു പുസ്തകം. 1996- ഇൽ ഫൊക്കാനയുടെ ജനറൽ സെക്രട്ടറി, ഫൊക്കാന ട്രസ്റ്റി ബോർഡ് ചെയർമാൻ, ഫൗണ്ടേഷൻ ചെയർമാൻ തുടങ്ങി ഇപ്പോഴും ഫൊക്കാനയുടെ  സജ്ജീവ പ്രവർത്തകൻ. ഫ്‌ലോറിഡയിൽ താമസം.

അബ്ദുൽ പുന്നയൂർക്കുളം:

ഇഗ്ളീഷിലും മലയാളത്തിലുമായി 6 പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ഇഗ്ളീഷിൽ ഒരു ചെറുകഥാ സമാഹാരം: Catching the dream, Bouquet of emotions. മലയാളത്തിൽ: എളാപ്പ എന്ന ചെറുകഥ സമാഹാരം. മീൻകാരൻ ബാപ്പാ: കവിതാസമാഹാരം, നോവൽ: പറക്കും പക്ഷയെ പ്രണയിക്കുന്നവൻ. മലയാളിയുടെ അമേരിക്കൻ പ്രവാസ ജീവിതം , സന്തോഷങ്ങളും സങ്കടങ്ങളും ഒട്ടും ചോർന്നുപോകാതെ വൈകാരിക സൂഷ്മതയോടെ ചിത്രീകരിച്ചിരിക്കുന്ന നോവൽ. ജീവിതത്തിന്റെ വിവിധാനുഭവങ്ങളെ വിദഗ്ദമായി ചിത്രീകരിച്ചിരിക്കുന്നു. നിരവധി അവാർഡുകളും അംഗീകാരങ്ങളും ലഭിച്ചു. സോഷ്യൽ വർക്കർ ആയി സേവനം അനുഷ്ടിച്ചു, മിഷിഗണിലെ റോസെവില്ലയിൽ താമസം.

ബിന്ദു കാന:

ബിന്ദു കാന എന്നപേരിൽ എഴുതുന്ന ബിന്ദു ഫെർണാണ്ടസ് കോഴിക്കോട് ജില്ലയിൽ ചോവായൂർ സ്വദേശി. നേഴ്സ് ആയി ജോലിചെയ്യുന്നു. കാന ചാരിറ്റബിൾ ഓർഗനൈസേഷൻ സ്ഥാപകയും ഡയറക്ടറുമാണ്. ഹ്യൂസ്റ്റനിൽ താമസം. അമേരിക്കൻ ജീവിത തിരക്കിനിടയിലും എഴുത്തിനെ അതിയായി സ്നേഹിക്കുന്ന എഴുത്തുകാരിയാണ്. അത്മായനം എന്ന കുറിപ്പുകൾ, ഓരോരുത്തരോടും തീയാവാനും വേട്ടയാടുന്ന കാടുകൾ കത്തിച്ചു ചാമ്പലാക്കുവാനുമുള്ള ആഹ്വാനമാണ്.

ഡോ. മാത്യു ജോയിസ്:
ലാസ് വേഗാസിൽനിന്നും ഇപ്പോൾ കൂടുതൽ സമയവും കേരളത്തിൽ താമസിക്കുന്ന ഡോ. മാത്യു ജോയ്‌സ് എഴുത്തിൽ സജീവം. ശരീരം തളർത്തുമ്പോളും എഴുത്തു ഊന്നുവടിയാക്കുന്ന കുറിപ്പുകളുടെ ഒരു സമാഹാരം. ഇതിൽ നർമ്മമുണ്ട്, നന്മയുണ്ട്, വിശ്വാസമുണ്ട്. ഞാൻ വിട്ടാൽ നീ വീഴും, നിന്നെ വിട്ടാൽ ഞാനും വീഴും എന്ന തിരിച്ചറിവിന്റെ സങ്കീർണ്ണതകൾ, ഒപ്പം ആശ്വാസവും വെളിച്ചവും നല്കാൻ കഴിയുന്ന പുസ്തകം. ഇത് ഒരു സാധാരണ ലേഖനസമാഹാരമല്ല, ഒരു ഹൃദയസ്പർശിയായ യാത്രയാണ്. 

ജയൻ വർഗീസ്:
ഔപചാരിക വിദ്യാഭാസത്തിന്റെ അക്ഷരവെളിച്ചം ആസ്വദിക്കാനാവാതെ, ആരവയറിൽ മുണ്ടു മുറുക്കേണ്ടിവന്ന ദരിദ്ര്യബാല്യത്തിൽ പതിനൊന്നാം വയസ്സിൽ പഠിപ്പുപേക്ഷിച്ചു പാടത്തു പണിക്കിറങ്ങേടിവന്ന ഒരാൾ. ആ അവസ്ഥയിൽ നിന്ന് അവിശ്വസനീയങ്ങളായ സാഹചര്യങ്ങളുടെ ഇടപെടലുകളോടുകൂടെ അമേരിക്കൻ യൂണിവേഴ്സിറ്റി പ്രസിദ്ധീകരിച്ച ആദ്യത്തെ ഇന്ത്യൻ ഭാഷാ ഗ്രന്ഥത്തിന്റെ രചയിതാവാണ് ജയൻ വർഗീസ്. ജീവിതത്തിൽ അടുത്ത ചുവടുവയ്ക്കുന്നതിനുള്ള വെളിച്ചം തേടുന്നവർക്ക് ചൂണ്ടുപലകയാണ് "പാടുന്നു പാഴ്‌മുളം തണ്ടുപോലെ". 

ഫിലിപ്പ് തോമസ്:
അടൂർ ഗവ : ബോയ്സ് ഹൈ സ്കൂൾ, സെന്റ് : സിറിൾസ് കോളേജ് അടൂർ, അടയാർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് എന്നി വിടങ്ങളിൽ  പഠനം. 1997 രോഗങ്ങൾ  പൂക്കുന്ന കുട്ടനാട്ടിലൂടെ  എന്ന  ഡോക്യൂമെൻറ്ററി ക്കു സംസ്ഥാന തല പുരസ്കാരം. 2000 ചെറുകഥയ്ക്കുള്ള  പുതുമുഖം അവാർഡ്. 2010 ചെറുകഥയ്ക്കുള്ള പ്രഥമ  പാറപ്പുറം അവാർഡ്. 1990- 1992 സാഹിതി മാസികയുടെ മുഖ്യ പത്രാധിപർ ആയിരുന്നു. പ്രസിദ്ധീകരിച്ച  പുസ്തകങ്ങൾ: 

നഗരത്തിൽ എല്ലാവർക്കും സുഖമാണ് (1997)കഥാസമാഹാരം, പാതാളക്കരണ്ടി (2013)കഥാസമാഹാരം. ഐസ് ക്രീംന്റെ കഥ (ബാല സാഹിത്യ കൃതി)2022. രാമഴവില്ലു (2024) കഥാസമാഹാരം .ന്യൂയോർക് സബ്വേയിൽ ജോലിചെയ്യുന്നു. ഭാര്യ ബിജി, മകൾ  ദിയ.

സീന ജോസഫ്:
കണ്ണൂർ വള്ളിത്തോട് സ്വദേശം. ഹസനംബാ ഡെന്റൽ കോളേജ്,  യൂണിവേഴ്സിറ്റി ഓഫ് പെൻസൽവാനിയ ടെൻറ്റൽ സ്കൂൾ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. ഇപ്പോൾ മാസച്യുസെറ്റ്സിൽ താമസം. ഫാമിലി ഡെൻറ്റൽ പ്രാക്ടീസ് നടത്തുന്നു. ഭർത്താവ് ബോബി ജോസഫ്, മക്കൾ എഡ്വിനും ഷോണും. ജീവിതമെന്ന പൂമരം ഉതിർത്തുവിട്ട 36 കവിതകളുടെ സമാഹാരം, പ്രകൃതിയും ജീവിതവും ജലവും മനുഷ്യന്റെ മനസ്സും പ്രണയവുമൊക്കെ ചേർന്നുള്ള വാക്കുകളും വരികളും. 

ഡോ. സലീമ ഹമീദ്
തിരുവനന്തപുരം സ്വദേശം.തിരുവനന്തപുരം മെഡിക്കൽ കോളേജിൽനിന്നും MBBS ശേഷം ഓൺറ്റോറിയയിൽ ഫാമിലി ഫിസിഷ്യനായി ജോലി ചെയ്യുന്നു. എന്റെ വഴിയമ്പലങ്ങൾ, അൻഡലൂസിയൻ ഡയറി, പോർട്ടുഗൽ - ഫടോ സംഗീതത്തിന്റെ നാട്, ബൊഹീമിയൻ കാഴ്ചകൾ, കനാലുകളും കലയും ചരിത്രവും - ഇറ്റാലിയൻ യാത്രാക്കുറിപ്പുകൾ, അനുകലങ്ങളിൽ സജ്ജീവ സാന്നിധ്യം. സാധാരണക്കാർക്ക് മനസിലാകുന്ന ഭാഷയിൽ ചികിത്സയുടെ ചരിത്രം ഈ പുസ്തകത്തിലൂടെ അവതരിപ്പിച്ചിരിക്കുന്നു. 

Join WhatsApp News
Dr. Mathew Joys 2026-08-03 20:57:33
Congratulations all the literary award winners. See you at Kalahari✍️💕
abdul 2026-08-03 20:58:40
great
ജോസഫ് നമ്പിമഠം 2026-08-04 04:06:45
അമേരിക്കയിലെ എഴുത്തും, എഴുത്തുകാരും അതിവേഗം മുന്നോട്ടു പോകുന്ന വളർച്ചയുടെ പാതയിൽ ആണെന്നത് വളരെ സന്തോഷത്തോടെ കാണുന്നു. സാഹിത്യ അവാർഡുകളിലേക്കു വരുന്ന പുസ്തകങ്ങളുടെ എണ്ണവും വൈവിധ്യവും ഗുണനിലവാരവും വ്യക്തമാക്കുന്നുണ്ട്, ഇത്തവണത്തെ അവാർഡ് വാർത്ത. അവാർഡുകൾ കിട്ടിയവർക്ക് അനുമോദനങ്ങൾ, കൂടുതൽ നല്ല കൃതികൾ ഉണ്ടാകട്ടെ. അമേരിക്കയിലെ എല്ലാ എഴുത്തുകാർക്കും ഇത്‌ പ്രചോദനം നൽകട്ടെ. ഫൊക്കാന ഭാരവാഹികൾക്കും, സാഹിത്യ അവാർഡു കമ്മറ്റിക്കും അഭിനന്ദനങ്ങൾ അറിയിക്കുന്നതോടൊപ്പം ഇവിടത്തെ എഴുത്തുകാർക്ക് ഏറ്റവും കൂടുതൽ പ്രോസാഹനം നൽകുന്ന മാധ്യമങ്ങളോടും നന്ദി. Together we can make a big difference. Congratulations to all again. Best wishes to all.
Jaya Ramakumaran 2026-08-04 07:05:28
Congratulations to all award winning writers.May you allcontinue to contribute more
Jayan varghese 2026-08-04 09:49:40
അതിരുകൾ കടന്ന് മലയാളം ! 2009 ലും 2024 ലും 2026 ലും മികച്ച സാഹിത്യ രചനക്കുള്ള അവാർഡുകൾ നൽകി എളിയവനായ എന്നെ ആദരിച്ച ഫൊക്കാനയ്‌ക്കും, അമേരിക്കൻ മലയാള സാഹിത്യത്തിലെ മികച്ച പത്ത് കൃതികളുടെ രചയിതാക്കളുടെ ലിസ്റ്റിൽ ഉൾപ്പെടുത്തി ആദരിച്ച ഇ മലയാളിക്കും, 2025 ലെ മികച്ച സംഭാവനയ്ക്കുള്ള പ്രവാസി സാഹിത്യ പുരസ്ക്കാരം നൽകി ആദരിച്ച കേരളാ സെന്ററിനും ഹൃദയ പൂർവകമായ നന്ദി വിനയപൂർവം പ്രകാശിപ്പിച്ചു കൊള്ളുന്നു. ജയൻ വർഗീസ്.
Critic 2026-08-04 11:27:32
ഇതെന്താ സർവാണി സദ്യയോ? അമേരിക്കയിൽ പേന എടുത്തിട്ടുള്ളവർക്കൊക്കെ അവാർഡ്. ഇത് കഷ്ടമായി.
ജെയിംസ് കുളങ്ങാട്ടിൽ 2026-08-04 18:19:29
നിങ്ങൾ എത്ര നല്ല കൃതി എഴുതി അത് പൊക്കാനയ്ക്ക് അവാർഡിനായി സബ്മിറ്റ് ചെയ്താലും, നിങ്ങൾ പൊക്കാനയ്ക്ക് രജിസ്റ്റർ ചെയ്തില്ലെങ്കിൽ സമ്മേളനത്തിന് വരുന്നില്ലെങ്കിൽ, നിങ്ങളുടെ പുസ്തകമോ കൃതിയോ അവാർഡ് നിർണയത്തിന് എടുക്കുകയില്ല അല്ലെങ്കിൽ പരിഗണിക്കപ്പെടുകയില്ല എന്നൊരു അലിഖിതമായ നിയമം ഉണ്ടെന്ന് സംഘാടകരിൽ നിന്ന് അറിഞ്ഞിരുന്നു. അതിനാൽ പൊക്കാനയ്ക്ക് വരാത്ത നല്ല പുസ്തകങ്ങളോ നല്ല കൃതികളോ തീർച്ചയായിട്ടും, എത്ര മഹത്തരം ആയെങ്കിൽ പോലും ഇവിടെ അവാർഡിനായി പരിഗണിക്കപ്പെട്ടിട്ടില്ല എന്ന സത്യം ഈ വാർത്തയോടൊപ്പം പ്രസിദ്ധീകരിക്കേണ്ടത് ആയിരുന്നു. വരുന്നവർ സമർപ്പിക്കപ്പെട്ട കൃതികൾ മാത്രമേ ഇവിടെ മാർക്ക് ഇട്ടിട്ടുള്ളൂ ഇവിടെ പരിഗണിച്ചിട്ടുള്ളൂ. അത് അന്ന്, കൺവെൻഷൻ സ്റ്റേജിൽ കയറി വാങ്ങുകയും വേണം. എന്നതാണ് വസ്തുത. അതിനാൽ ഇവിടെ ഫോട്ടോ സഹിതം പ്രസിദ്ധീകരിച്ചതാണ്, ഏറ്റവും അർഹമായ നല്ലകൃതികൾ എന്ന് കരുതി ആരും അഹങ്കരിച്ച തുള്ളിച്ചാടേണ്ടതില്ല. പിന്നെ ഇതിനെല്ലാം അപ്പുറം മറ്റ് അനവധി push & Pull, Discrimination ചിന്തകളും, വിധി നിർണായക തീരുമാന കമ്മിറ്റിക്കാർക്ക് ഉണ്ടാകുമല്ലോ. അതിനാൽ കിട്ടാത്തവർ നിരാശപ്പെടേണ്ടതില്ല. കിട്ടാത്തവർക്ക് കൂടുതൽ വായനക്കാർ ഉണ്ടെങ്കിൽ ആ വായനക്കാരാണ് നിങ്ങളുടെ ഏറ്റവും വലിയ അവാർഡ്. മുട്ടത്തുവർക്കി എന്ന ജനകീയ എഴുത്തുകാരന് അന്നൊക്കെ അവാർഡുകൾ കിട്ടിയവരേക്കാൾ നൂറുമടങ്ങ് വായനക്കാർ ഉണ്ടായിരുന്നു. എലിപ്പത്തായം എന്ന സിനിമ വലിയ അവാർഡ് നേടി. . പക്ഷേ ആ സിനിമ കണ്ടാൽ ബോറടിച്ച് മനുഷ്യൻ ഉറങ്ങിപ്പോകും എന്നാൽ അതേ അവസരത്തിൽ നല്ല തകർപ്പൻ പൊളിപ്പൻ ധാരാളം നല്ല സന്ദേശങ്ങൾ നൽകുന്ന സിനിമകൾ ധാരാളം ആൾക്കാർ കൈയ്യടിച്ചു കാണും. എലിപ്പത്തായം 10 പേർ ഉണ്ടെങ്കിൽ, നല്ല തകർപ്പൻ തട്ടുപൊളിപ്പൻ സിനിമകൾ ലക്ഷക്കണക്കിന് ആളുകൾ കാണും. ഈ ലക്ഷക്കണക്കിന് ആളുകൾ കാണുന്ന സിനിമയ്ക്ക് ഒരുപക്ഷേ യാതൊരു അവാർഡും ആരും കൊടുത്തില്ല എന്ന് ഇരിക്കും. അതുകൊണ്ട് അവാർഡ് കിട്ടാത്തവർ ആരും മോശക്കാരനായി സ്വയം കരുതേണ്ടതില്ല മറ്റുള്ളവരും കരുതേണ്ടതില്ല.
രസികൻ വലിയിടം 2026-08-04 21:23:43
ഫൊക്കാന അവാർഡ് കിട്ടിയവരിൽ മൂന്നു പേർ ഇ മലയാളിയുടെ മികച്ച പത്ത് പുസ്തകങ്ങൾ എന്ന ലിസ്റ്റിൽ പെട്ടിരുന്നു. അമേരിക്കൻ മലയാളി എഴുത്തുകാർ എല്ലാം തങ്ങൾ മികച്ച എഴുത്തുകാർ എന്ന് സ്വയം തീരുമാനിക്കുമ്പോൾ പത്ത് പേരെന്നുള്ളത് നൂറ് എന്നാക്കേണ്ടി വരും. എന്തായാലും ഈ അവാർഡ് പ്രഖ്യാപനങ്ങൾ അമേരിക്കൻ മലയാള സാഹിത്യ വേദിയിൽ ഒരു ഉണർവ് ഉണ്ടാക്കിയെന്നത് സത്യമാണ്. നിരാശപെടുന്നവരും ആഹ്ളാദിക്കുന്നവരും സമൂഹത്തിൽ ഉണ്ട്. പിന്നെ കുളങ്ങാട്ടിൽ പറയുന്ന പോലെയാണ് ഫൊക്കാനയുടെ തിരഞ്ഞെടുപ്പ് രീതിയെങ്കിൽ ആന വേഗം കാട്ടിലേക്ക് ഓടുമെന്നു കാണാവുന്നതാണ്.
തോമസ് കുറിയാക്കോസ് 2026-08-05 03:12:54
അമേരിക്കയിലെ വളരെ സീനിയേഴ്സും, ജനകീയരുമായ എഴുത്തുകാർ ഇത്തരം സാഹിത്യ മത്സര രംഗത്ത് സാധാരണഗതിയിൽ പങ്കെടുത്തിട്ടില്ല, അവൾ പങ്കെടുക്കാറുമില്ല. ഇതിനൊക്കെ പങ്കെടുക്കുന്നത് കുറച്ച് പുതു എഴുതി തുടങ്ങുന്ന വരും, അത്രതന്നെ എഴുത്തിൽ അത്ര പേരില്ലാത്ത വരും, പിന്നെ ഒരു midlevel എഴുത്തുകാരും മാത്രമാണ്. അവർക്ക് ഇതിൽ പങ്കെടുക്കുക ഇത്തരം അവാർഡുകൾ കിട്ടുക എന്നുള്ളത് ഒരു വലിയ പുതുമയും, അതും FOKANA എന്ന ആനയിൽ നിന്ന് കഷ്ടപ്പെട്ടിട്ടാണെങ്കിലും അവാർഡുകൾ കൈപ്പറ്റുക എന്നുള്ളത് വലിയ കാര്യമാണ്. അവാർഡ് കിട്ടി എന്നുള്ള പേരിൽ അവർ വീണ്ടും എനിക്ക് അത് കിട്ടി എനിക്ക് ഇത് കിട്ടി എന്ന പേരിൽ മറ്റനവധി സംഘടനയിലും നാട്ടിലും ഒക്കെ പോയി വേറെയും അവാർഡുകൾ വാങ്ങുന്ന ചരിത്രം ഭാവിയിൽ നിങ്ങൾക്ക് ദർശിക്കാവുന്നതാണ്. ഒന്ന് കിട്ടിക്കഴിഞ്ഞാൽ പിന്നെ രണ്ടാമത് മൂന്നാമതും ഒക്കെ കിട്ടാൻ, ചോദിച്ചു വാങ്ങാൻ ഒക്കെ ഒരു ധൈര്യം അവർക്ക് കിട്ടുമല്ലോ?. എന്നാൽ ജനകീയരായ നല്ല എഴുത്തുകാർ, ഇത്തരം അവാർഡുകളുടെ പുറകെ ഒന്നും ഒരിക്കലും പോകാറില്ല. അവരുടെ ഏറ്റവും വലിയ ആനന്ദം അല്ലെങ്കിൽ ഏറ്റവും വലിയ അവാർഡ് ജനങ്ങളുടെ അംഗീകാരമാണ്. മുട്ടത്തുവർക്കി, പൊൻകുന്നം വർക്കി, കെ വി സൈമൺ, കട്ട കയത്തിൽ ചെറിയാൻ മാപ്പിള, തുടങ്ങിയ മഹാ എഴുത്തുകാർക്ക് അവാർഡുകൾ ജീവിച്ചിരുന്ന കാലത്ത് കിട്ടിയിട്ടില്ലെന്ന് തന്നെ പറയാം. അതുമാതിരി തന്നെയാണ് അമേരിക്കയിലെ അതിപ്രഗൽഭരായ- അതായത് അവാർഡുകൾ ഒരിക്കലും വാങ്ങാത്ത പ്രതിഭാശാലികളുടെ നിലപാടും അവസ്ഥയും. അതുകൊണ്ട് പ്രിയ വായനക്കാരെ അവാർഡുകൾ കിട്ടാത്തവരെ നിങ്ങൾ ഒരിക്കലും ചെറുതായി കാണേണ്ടതില്ല. സത്യത്തിൽ അവരെയാണ് വലുതായി കാണേണ്ടത്. അവരാണ് എളിമയുള്ളവരും ആർക്കും, ഒരു അവാർഡിനായി ഒരുതരത്തിലും വഴങ്ങി കൊടുക്കാത്ത തത്വ വീക്ഷിതയുള്ളവർ.
Nainaan Mathullah 2026-08-05 09:00:48
I have six books published. Due to some of the reasons mentioned above, I didn't send my books for consideration. Most of my books are on religious philosophy. In the beginning stages of literature, all the books of literature were religious. Even now school curriculum has many religious topics due to political considerations. Prof. Sukumar Azhikkodu's 'Thathwamassi' is religious topic. Nowadays, many think that to be forward looking ( purogamana chinthagathi), one shouldn't touch religious topics. Being an atheist is acceptable to them. Are we moving forward or backward?
Jayan varghese 2026-08-05 14:11:28
‘ എളിമയുള്ളവരും ആർക്കും, ഒരു അവാർഡിനായി ഒരുതരത്തിലും വഴങ്ങി കൊടുക്കാത്ത തത്വ വീക്ഷിത (?) യുള്ളവരുമായ അമേരിക്കയിലെ വളരെ സീനിയേഴ്സും, ജനകീയരുമായ എഴുത്തുകാർ ഇത്തരം സാഹിത്യ മത്സര രംഗത്ത് സാധാരണഗതിയിൽ പങ്കെടുത്തിട്ടില്ല, അവർ പങ്കെടുക്കാറുമില്ല.’ ശ്രീ തോമസ് കുര്യക്കോസിന്റെ കമന്റ്‌. സിനിമയിൽ അഭിനയിക്കാൻ പോയി തിരസ്‌ക്കരിക്കപ്പെട്ട ഒരു നടൻ തിരിച്ചു വന്നപ്പോൾ എന്തുപറ്റി എന്ന് ചോദിച്ച നാട്ടുകാരോട് അയാൾ പറഞ്ഞ ഒരു കഥയുണ്ട് : “ അവൾക്ക് ( അക്കാലത്ത് കത്തി നിന്ന ഒരു നായക നടി ) എന്നെ അവളുടെ ബെഡ്‌റൂമിൽ കിട്ടണം എന്ന വാശി. ഞാൻ വഴങ്ങിയില്ല വിട്ടുപോന്നു “ എന്ന്. ഈ കമന്റ്‌ കാണുമ്പോൾ ഇദ്ദേഹം തന്നെയാണോ അദ്ദേഹം എന്ന സംശയവും ഉണ്ട്. ജയൻ വർഗീസ്.
Sudhir Panikkaveetil 2026-08-05 14:38:06
ശ്രീ ജയൻ പറഞ്ഞ ആൾ സിനിമയിൽ അഭിനയിക്കാതെ തന്നെ സിനിമ നടൻ എന്ന പേരിൽ പ്രശസ്തനാണ്. പിന്നെ നടിയോട് വഴങ്ങിയില്ല എന്ന തള്ള് സമർത്ഥമായി നടക്കുന്നു. ജനം വിശ്വസിക്കുന്നുവെന്നതാണ് അയാളുടെ വിജയം. അവാർഡ് ലഭിച്ചവരെ അഭിനന്ദിക്കുക അവർ എന്തെങ്കിലും എഴുതിയിട്ടല്ലേ കിട്ടിയത്. നന്മകൾ നേരുക. എന്തിനാണ് പലരും ദോഷൈകദൃക്കുകൾ ആകുന്നത്.
Jayan varghese 2026-08-05 15:17:07
ഞാൻ വ്യക്തിപരമായി ആരെയും ഉദ്ദേശിച്ചിട്ടില്ല എന്ന് വ്യക്തമാക്കിക്കൊള്ളുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക