
മിക്കവർക്കും സുപരിചിതനായ അമേരിക്കൻ മലയാളി എഴുത്തുകാരനാണ് ജോസ് ഓച്ചാലിൽ. ഇദ്ദേഹം നല്ലൊരു കവിയും കഥാകാരനുമാണ്. അനേകം ഭക്തി ഗാനങ്ങളൂം ആൽബം സോസും എഴുതിയിട്ടുള്ള ഇദ്ദേഹം ഒരു ഭക്തകവിയായും അറിയപ്പെടുന്നു.
കുടിയേറ്റ ജീവിതം പുതിയ മനുഷ്യരഹസ്യങ്ങളുടെ സങ്കീർണ്ണമായ മേഖലയാണ്. അവിടെ മലയാളം ഇന്നേവരെ വായിച്ചിട്ടില്ലാത്ത പുതിയ കഥകളും കഥാപാത്രങ്ങളും ഉണ്ട്. അത് കണ്ടെത്തുന്നതിനു മാത്രമല്ല, നന്നായി ആവിഷ്‌കരിക്കുന്നതിനും പ്രതിഭ വേണം. ഈ പ്രതിഭാശക്തിയുള്ള കഥാകാരനാണ് താനെന്ന് ഓച്ചാലിസാർ വായനക്കാരെക്കൊണ്ട് സമ്മതിപ്പിക്കുന്നു.
ഈ സമാഹാരത്തിൻ്റെ പേരിലുള്ള കഥ 'പറുദീസയിലെ ചക്രവാകപ്പക്ഷികൾ' എന്ന ഒറ്റക്കഥ മതി വായനക്കാർക്ക് അതു സമ്മതിച്ചു കൊടുക്കാൻ. പറുദീസയും ചക്രവാകവുമൊക്കെ പ്രാചീനമായ അർപ്പിത ബിംബങ്ങളാണ്. പക്ഷേ ചിരപരിചിതമായ ആ ബിംബങ്ങളെ അതിനൂതനമായ ഒരു ജീവിതരഹസ്യം അഥവാ ജീവിതാനുഭവം ആവിഷ്‌കരിക്കുന്നതിനാണ് കഥാകാരൻ ഈ കഥയിൽ ഉപയോഗിച്ചിരിക്കുന്നത്. സമൃദ്ധികൾക്കിടയിലും പാരസ്പര്യം നഷ്ടപ്പെട്ട പുതിയ മനുഷ്യൻ്റെ ആകുലതകളുടെ പൊതുബിംബമായി ആ കഥയുടെ പേര് സമാഹരത്തിലെ പലകഥകളെയും അതിൻ്റെ ചിറകിനുള്ളിലൊതുക്കുന്നു.
അമേരിക്കൻ പറുദീസയിലെത്തിയിട്ടും ചക്രവാകപ്പക്ഷികളാകാൻ വിധിക്കപ്പെട്ട വൃദ്ധദമ്പതികൾ നമ്മുടെ മനസ്സിനെ പിടിച്ചുലയ്‌ക്കുന്ന കഥാപാത്രങ്ങളാണ്. വേർപെടുത്തപ്പെട്ട ആ വൃദ്ധമനസ്സുകൾ അനുഭവിക്കുന്ന മാനസികപീഡനം അത് അനുഭവിച്ചവർക്കു മാത്രമേ മനസ്സിലാവുകയുള്ളൂ. ആ വിഭക്തഹൃദയങ്ങളുടെ വക്താവായി മാറുന്ന കഥാകാരൻ വളരെ ഗൗരവമുള്ള ഒരു സാമൂഹിക പ്രശ്നമാണ് കഥയിലൂടെ ഉന്നയിച്ചിരിക്കുന്നത്.

പതനം' എന്ന കഥ ഒരു നാടൻ ചെറുപ്പക്കാരൻ്റെ അമേരിക്കൻ മോഹങ്ങളുടെ പതനത്തിൻ്റെ കഥയാണ്. എൺപതൂകളിൽ തൻ്റെ പതിനാറാം വയസ്സിൽ ഫാമിലി ഫയലിങ്ങിലൂടെ അമേരിക്കയിൽ എത്തിയ ജോണിക്കുട്ടിയുടെ കഥയാണിത്. വായിച്ചു കഴിയുമ്പോൾ ഇത് കഥയാണോ അതോ ജോണിയുടെ ജീവിതം പകർത്തിയതാണോ എന്ന് സംശയിച്ചുപോകും അത്ര തന്മയത്തത്തോടെയാണ്, നേരിൽ കണ്ടവനേപ്പോലെ അല്ലെങ്കിൽ അനുഭവിച്ചറിഞ്ഞവനെപ്പോലെയാണ് ഓരോ സന്ദർഭങ്ങളുടെയും സൂക്ഷമ വിവരണം നൽകിയിരിക്കുന്നത്.
സ്വാതന്ത്ര്യത്തിൻ്റെയും അവസരങ്ങളുടെയും ഈ മണ്ണിലെത്തിയവരിൽ ചിലരെങ്കിലും വിജയവും സംതൃപതിയും ലഭിക്കാത്തവരായുണ്ടല്ലോ. അവരിലേക്ക് കഥാകാരൻ്റെ ദൃഷ്ടിയെത്തിയപ്പോഴുണ്ടായ മനോഹരമായ കഥയാണ് 'അറിഞ്ഞില്ലേ അറിഞ്ഞില്ലേ' എന്നത്. ഈ കഥയും പതനത്തിൻ്റെ മറ്റൊരു വശം ഭംഗിയായി ആവിഷ്‌കരിച്ചിരിക്കുന്നു. അത് പൊള്ളുന്ന സത്യമാണ്. വൈവിധ്യമുള്ള കഥാപാത്രങ്ങളെ അവർക്ക് ഇണങ്ങുന്ന ഭാവ-ഭാഷാ ശൈലിയിൽ ഈ കഥകളിൽ ആവിഷ്‌കരിച്ച് കരുത്ത് കാട്ടിയിരിക്കുന്നു.
നാട്ടിലെ ജീവിതത്തിൻ്റെ അനുഭവത്തിൽ നിന്നും കരുപിടിപ്പിച്ച കഥകളും മികച്ചതാണ്. കഥാ സന്ദർഭങ്ങൾ സൂക്ഷ്മമായി വിവരിക്കുന്നതിലുള്ള വൈവഭം ഓച്ചാലിസാർ ഇവയിലും പുലർത്തിയിരിക്കുന്നു.
'കൃഷ്ണതുളസി', എന്ന കഥയിലെ കൃഷ്ണപിള്ള എന്ന കിണ്ണനും തൂളസിയും, 'ഞാനൊരു ഭാഗ്യവാൻ എന്ന കഥയിലെ ഗോപിസാറും, 'സുനന്ദ' എന്ന കഥയിലെ നായിക സൂനന്ദയും, 'കൗസല്യ എന്ന പെൺ കുട്ടി' യിലെ കൗസു എന്നു വിളിക്കുന്ന കൗസല്യയും, 'നന്ദി ഒരായിരം നന്ദി' എന്ന കഥയിലെ ഹൈകോർട്ട് ജഡ്ജി രാമൻകുട്ടി നായരുമെല്ലാം ആദ്യവായനയ്‌ക്കു ശേഷവും നമ്മോടു സംവേദിച്ചുകൊണ്ടിരിക്കും എന്നുള്ള കാര്യത്തിൽ സംശയമില്ല.
'തവിയപ്പം' എന്ന കഥയിൽ ബേക്കറി പലഹാരങ്ങൾ പ്രചാരത്തിലായിരിക്കുന്ന കാലത്ത് വരാന്തയിൽ കാലും നീട്ടിയിരുന്ന് തൻ്റെ കുട്ടിക്കാലവും, അമ്മയേയും അമ്മ ഉണ്ടാക്കി കൊടുക്കാറുള്ളതായ പ്രത്യേകതരം തവിയപ്പത്തേയും ഓർത്തെടുക്കുകയാണ് ഒരു മുത്തശ്ശി. ദിവാസ്വപ്നത്തിൽ നിന്നും മുത്തശ്ശിയെ വിളിച്ചുണർത്തുന്നത് കൊച്ചു മകളാണ്. പല കാലത്തിൻ്റെ ഓർമ്മകളിലൂടെ കഥ മനോഹരമാക്കിയിരിക്കുന്നു.
മനസ്സിൽ നിറയെ കഥകൾ ത്രസിക്കുന്ന ഒരു കഥാകാരനെയാണ് ഈ സമാഹാരത്തിൽ വായനക്കാർ സന്ധിക്കുന്നത്. കഥയിലേക്ക് കഥ തിരിച്ചു വരുന്ന അനുഭവം ഇവിടെ കാണാം. കഥ നിർബാധം പറഞ്ഞു പോകുന്ന ലളിത സങ്കേതമാണ് കഥാകാരൻ ഉപയോഗിച്ചിരിക്കുന്നത്. ഈ സ്വാഭാവികത തന്നെയാണ് ഓച്ചാലിക്കഥകളുടെ ആരോഗ്യവും ആകൃഷകത്വവും.
ഇദ്ദേഹത്തെ ഒരിക്കൽ പരിചയപ്പെട്ടിട്ടുള്ളവർ ഒരിക്കലും മറക്കില്ല. എല്ലാവരോടും ഓച്ചാലിസാർ വളരെ സരസമായിട്ടാണ് സംസാരിക്കുന്നത്. സംസാരത്തിലൊക്കെ നർമ്മം നന്നായി ചേർത്തിരിക്കും. എഴുതിയ കഥകളുടെ ഒരു നൂറിരട്ടി സാഹിത്യസദസ്സുകളിൽ പറഞ്ഞിട്ടുണ്ടാകും. കേട്ടവരൊന്നും അത് മറക്കാൻ വഴിയില്ല.
അമേരിക്കൻ കുടിയേറ്റ ജീവിതത്തിലെ അപൂർവ്വമായ അനുഭവങ്ങളുടെ കഥകൾ ഇതിൽ വായിക്കാം. സഹോദരനായ ഡോ. സാലസ് എബ്രഹാമാണ് പ്രസാദകൻ. ഡോ. മാത്യു ജെ. മുട്ടത്ത് ആണ് അവതാരിക എഴുതിയിരിക്കുന്നത്. 108 പേജുകളുള്ള ഈ സമാഹാരത്തിൽ 9 കഥകളാണൂള്ളത്.

ജോസ് ഓച്ചാലിൽ
തിരുവല്ലയ്‌ക്കടുത്ത് തിരുവൻവണ്ടൂരിൽ ഓച്ചാലിൽ കുടുംബത്തിൽ വിദ്വാൻ പി. സി. അബ്രഹാമിൻ്റെയും അന്നമ്മയെന്ന കൊച്ചുപെണ്ണിൻ്റെയും ഒൻപതു മക്കളിൽ ഇളയ മകനായി 1949 ജനിച്ചു. കഥാപ്രസംഗ കലയുടെ ഉപജ്ഞാതാക്കളിൽ ഒരാളും പ്രചാരകനുമായിരുന്നു പിതാവ്. പാരമ്പര്യമായി ലഭിച്ച കലോപാസനയും ഭാഷസ്നേഹവും പ്രകടമാക്കും വിധം കലാസൃഷ്ടികൾ യൗവനാരംഭത്തിൽ തന്നെ രചിക്കുവാൻ തുടങ്ങി. ഡാലസ്സിലെ FMC യിൽ വളരെക്കാലം ജോലി ചെയ്തു. ഇപ്പോൾ വിശ്രമജീവിതം നയിക്കുന്നു.
കേരള അസോസിയേഷൻ ഓഫ് ഡാലസ്, കേരള ലിറ്റററി സൊസൈറ്റി തുടങ്ങിയ വിവിധ സംഘടനകളിൽ സജ്ജീവമായി പ്രവർത്തിക്കുന്നു. ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക (ലാന) യുടെ പ്രസിഡൻ്റായിരുന്നു.
ജീവിതം ഒരു തീർത്ഥയാത്ര (കവിത) പ്രവാസിയുടെ ഗീതങ്ങൾ (കവിത), നന്മതൻ പൂമരം (കവിത), പറുദീസയിലെ ചക്രവാകപ്പക്ഷികൾ (കഥ) എന്നിവ പുസ്തക രൂപത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഭാര്യ :- ആൻസി ജോസഫ് , മക്കൾ :- അഞ്ജു, അബു, സാം ,
email :- joseochalil@gmail.com