Image

ഗ്ലാസ്‌ഗോയ്ക്ക് വിട; ഇനി അഹമ്മദാബാദില്‍ (സനില്‍ പി. തോമസ്)

Published on 03 August, 2026
ഗ്ലാസ്‌ഗോയ്ക്ക് വിട; ഇനി അഹമ്മദാബാദില്‍ (സനില്‍ പി. തോമസ്)

കോമണ്‍വെല്‍ത്ത് ഗെയിംസ് 1000 ദിവസം അകലെ നില്‍ക്കെ ആതിഥേയ സ്ഥാനത്തുനിന്ന് സാമ്പത്തിക പ്രതിസന്ധി ഉയര്‍ത്തിക്കാട്ടി വിക്ടോറിയ പിന്‍വാങ്ങിയപ്പോള്‍ ഗെയിംസ് തന്നെ നിന്നു പോകുമോയെന്ന ആശങ്ക ഉയര്‍ന്നിരുന്നു. എന്നാല്‍ ചെലവു ചുരുക്കി, മത്സര ഇനങ്ങള്‍ കുറച്ച് ഗെയിംസ് നടത്താന്‍ ഗ്ലാസ്‌ഗോ മുന്നോട്ടു വന്നു. പാരാ സ്‌പോര്‍ട്‌സ് ഒഴിച്ചാല്‍ 10 ഇനങ്ങളുമായി അവര്‍ ഗെയിംസ് സംഘടിപ്പിച്ചു. ഇന്നലെ കൊടിയിറങ്ങി. ഇനി 2030 ല്‍ അഹമ്മദാബാദില്‍. 20 വര്‍ഷത്തിനുശേഷം കോമണ്‍വെല്‍ത്ത് ഗെയിംസ് ഇന്ത്യയില്‍ എത്തുമ്പോള്‍ അത് ഗെയിംസിന്റെ ശതാബ്ദി വര്‍ഷം കൂടിയാണ്. ബ്രിട്ടീഷ് എമ്പയര്‍ ഗെയിംസ് എ്ന്ന പേരില്‍ 1930 ലാണു മേള തുടങ്ങിയത്.

അഹമ്മദാബാദില്‍ നരേന്ദ്രമോദി സ്‌റ്റേഡിയം ആയിരിക്കും പ്രധാന വേദി. 2030 ലെ ഗെയിംസില്‍ കൂടുതല്‍ സ്‌പോര്‍ട്‌സ് ഇനങ്ങള്‍ ഉണ്ടാകും. ഗെയിംസിന്റെ പഴയ പ്രൗഢി വീണ്ടെടുക്കുവാനുള്ള ശ്രമങ്ങള്‍ നിശ്ചയമായും ഉണ്ടാകും. 2036 ലെ ഒളിംപിക്‌സിന് ആതിഥേയരാകാന്‍ അപേക്ഷ സമര്‍പ്പിച്ചിരിക്കുന്ന രാജ്യങ്ങളില്‍ ഇന്ത്യയുമുണ്ട്. അതുമുന്‍ക്കൂട്ടിക്കണ്ടാണ് 2030 ലെ കോമണ്‍വെല്‍ത്ത് ഗെയിംസിന് വേദിയാകാന്‍ ഇന്ത്യ ഒരുങ്ങിയത്.

ഗ്ലാസ്‌ഗോയില്‍ പാരാ സ്‌പോര്‍ട്‌സ് ഉള്‍പ്പെടെ 13 ഇനങ്ങളില്‍ (9+4) 123 അത്‌ലറ്റുകളാണ് ഇന്ത്യന്‍ ടീമില്‍ ഉണ്ടായിരുന്നത്. 13 സ്വര്‍ണ്ണവും 17 വെള്ളിയും ഒന്‍പതു വെങ്കലവും ഉള്‍പ്പെടെ 39 മെഡലുമായി ഇന്ത്യ മെഡല്‍ പട്ടികയില്‍ നാലാം സ്ഥാനത്തുവന്നു.

ഓസ്‌ട്രേലിയ(70, 46, 56, 171), ഇംഗ്ലണ്ട് (29,45, 36, 110), കാനഡ (19, 20, 23, 62) എന്നീ രാജ്യങ്ങളാണ് യഥാക്രമം ആദ്യ മൂന്നു സ്ഥാനങ്ങളില്‍. ആതിഥേയരായ സ്‌കോട്‌ലന്‍ഡ് അഞ്ചാമതായി(13, 09, 17, 39).

ബോക്‌സിങ് താരങ്ങളാണ് ഇന്ത്യക്ക് അഭിമാനകരമായ നേട്ടം സാധ്യമാക്കിയത്. മത്സരിച്ച 10 പേരും ഫൈനലില്‍ കടന്നു. ഏഴുപേര്‍ സ്വര്‍ണ്ണവും മൂന്നുപേര്‍ വെള്ളിയും നേടി. ടോക്കിയോ ഒളിംപിക്‌സില്‍ വെങ്കലം നേടിയ ലൗലീന ബോര്‍ഗോഹെയ്ന്‍  75 കിലോ വിഭാഗത്തില്‍ വെള്ളികൊണ്ടു തൃപ്തിപ്പെട്ടതു പക്ഷേ തിരിച്ചടിയായി. ഏഷ്യന്‍ ഗെയിംസ് ഏതാണ്ടു രണ്ടു മാസം അകലെ നില്‍ക്കെ റിങ്ങിലെ ഇന്ത്യന്‍ കുതിപ്പ് പ്രതീക്ഷ നല്‍കുന്നു. ബോക്‌സിങ് റിങ്ങില്‍ ഇന്ത്യ നേടിയ ഏഴു സ്വര്‍ണ്ണത്തില്‍ അഞ്ചും ഹരിയാനയിലെ ഭിവാനിയില്‍ നിന്നുള്ള താരങ്ങൾ കരസ്ഥമാക്കി. നാലു വനിതകളും ഒരു പുരുഷനും.

ചരിത്രത്തില്‍ ആദ്യമായി ഇന്ത്യ കോമണ്‍വെല്‍ത്ത് ഗെയിംസ് ജൂഡോയില്‍ സ്വര്‍ണ്ണം നേടി. 48 കിലോ വിഭാഗത്തില്‍ അസ്മിത ഡേ ആണ് ചരിത്രമെഴുതിയത്. പിന്നാലെ ഹര്‍ഷ് സിങ്ങും(60 കിലോ) സ്വര്‍ണ്ണം സ്വന്തമാക്കി. ഇതിനു പുറമെ ഒന്നു വീതം വെളളിയും വെങ്കലവും ജൂഡോയില്‍ കൈവന്നു. ദാരോദ്വഹനത്തില്‍ തുടര്‍ച്ചയായി മൂന്നാം തവണയും മീരാബായ് ചാനു സ്വര്‍ണ്ണമണിഞ്ഞു.

ഇന്ത്യയുടെ പാരാ അത്‌ലിറ്റുകള്‍ മൂന്നു സ്വര്‍ണ്ണവും രണ്ടു വെള്ളിയും ഒരു വെങ്കലവും നേടി. പാരാ പവര്‍ ലിഫ്റ്റിങ്ങില്‍ ഒരു വെങ്കലവും ലഭിച്ചു. അത്‌ലറ്റിക്‌സില്‍ പക്ഷേ, ഇന്ത്യ സ്വര്‍ണ്ണില്ലാതെ മടങ്ങി. അഞ്ചു വെള്ളിയും അത്രയും വെങ്കലവും ലഭിച്ചു. ഇരുപത്തെട്ടുകാരന്‍ ഗുല്‍വീര്‍ സിങ്ങ് 10,000 മീറ്ററില്‍ വെള്ളിയും 5,000 മീറ്ററില്‍ വെങ്കലവും നേടി ഇരട്ടമെഡല്‍ നേട്ടം സാധ്യമാക്കി. നീരജ് ചോപ്ര ജാവലിനില്‍ വെള്ളികൊണ്ടു തൃപ്തനായി. പരുക്കില്‍ നിന്നു മോചിതനായി നീരജ് മടങ്ങിയെത്തിയിട്ട് അധികമായില്ല. ശ്രീലങ്കയുടെ രുമേഷ് ആകട്ടെ ഫോമിലും. അതിനാല്‍ അട്ടിമറിയല്ല രുമേഷിന്റെ വിജയം. അഞ്ചു മലയാളി താരങ്ങള്‍ പങ്കെടുത്തതില്‍ ലോങ് ജംപില്‍ ശ്രീശങ്കറും പാരാ അത്‌ലറ്റിക്‌സ് 100 മീറ്ററില്‍(ടി.47), മുഹമ്മദ് ബാസിലും വെള്ളി നേടി ഇനി സെപ്റ്റംബര്‍ 19ന് ഏഷ്യന്‍ ഗെയിംസ്. കാത്തിരിക്കാം.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക