
അതിരഞ്ഞൂരിലെ എൻ്റെ ആദ്യത്തെ മഴക്കാലമായിരുന്നു അത്. വിരലുവെച്ചാൽ മുറിഞ്ഞുപോകുന്ന അത്രയും മഴ.ഇടവേളകളില്ലാതെ പെയ്ത ആ മഴയിൽ അതിരഞ്ഞൂർ പുഴ കരകവിഞ്ഞൊഴുകി.കുറച്ചു ദിവസങ്ങൾക്കു മുൻപ് വരെ കണ്ട ഭാവമേയായിരുന്നില്ല പ്രകൃതിക്ക്.ചില മനുഷ്യരെപ്പോലെ, തീർത്തും അപരിചിതമായ മറ്റൊരു ഭാവം പൊടുന്നനെ അവൾ മുഖത്തണിഞ്ഞു...
കഴിഞ്ഞ വർഷമാണ് അതിരഞ്ഞൂർ സർക്കാർ ഹൈസ്കൂളിലെ മലയാളം അധ്യാപകനായി ഞാൻ ജോലിയിൽ ചേരുന്നത്.എത്തിപ്പെടാൻ അത്രയൊന്നും എളുപ്പമല്ലാത്ത ഒരിടമായിരുന്നു അത്.വല്ലപ്പോഴും -അതായത് രാവിലെ രണ്ട്, ഉച്ചയ്ക്ക് ഒന്ന്, വൈകീട്ട് രണ്ട് എന്ന കണക്കിൽ -സർവീസ് നടത്തുന്ന കെ എസ് ആർ ടി സി ബസുകളും , മറ്റെവിടെ നിന്നോ കിതച്ചെത്തുന്ന ഓട്ടോറിക്ഷകളും മാത്രമായിരുന്നു സഞ്ചാരത്തിനുള്ള സാധാരണക്കാരന്റെ ആശ്രയങ്ങൾ.ഒരു ഓട്ടോറിക്ഷ സ്റ്റാൻഡ് പോലും അവിടെയുണ്ടായിരുന്നില്ല എന്നത് എന്നെ അതിശയപ്പെടുത്തിയിരുന്നു. ആദ്യമൊക്കെ ഈ യാത്രാക്ലേശം എന്നിൽ ഒരുതരം അസ്വസ്ഥത ജനിപ്പിച്ചിരുന്നു എന്നുള്ളത് ശരി തന്നെ.സാഹചര്യങ്ങളോട് ഇഴുകിചേർന്നതോടെ പിന്നെ പിന്നെ അതില്ലാതാവുകയായിരുന്നു . ഒന്നോർത്താൽ സ്കൂൾ വിട്ടാൽ വാടകമുറി, വാടകമുറിയിൽ നിന്ന് പുറത്തിറങ്ങിയാൽ സ്കൂൾ,മറ്റെവിടേയ്ക്കും പോകാനില്ലാത്ത, മറ്റാരും അന്വേഷിച്ചു വരാനുമില്ലാത്ത ഒരാളെ സംബന്ധിച്ച് യാത്ര എന്നതിന് എന്ത് പ്രസക്തിയാണുള്ളത്. അതു കൊണ്ട് കൂടിയാണ് നാട്ടിൽ ഉപയോഗിച്ചിരുന്ന ടു വീലർ അവിടേയ്ക്ക് കൊണ്ട് പോകാതിരുന്നതും.മാസത്തിലൊരിക്കൽ നാട്ടിലേക്ക് പോകുമ്പോഴാകട്ടെ വൈകുന്നേരത്തെ ബസിൽ റെയിൽവേ സ്റ്റേഷന് മുന്നിലും,തിങ്കളാഴ്ചകളിൽ രാവിലത്തെ ബസിൽ തിരിച്ച് സ്കൂളിനടുത്തുള്ള ബസ് സ്റ്റോപ്പിൽ ഇറങ്ങുകയും ചെയ്യാം.അല്പം നടക്കേണ്ട ദൂരം മാത്രം. സ്വസ്ഥം, സമാധാനം..എല്ലാ തിരക്കുകളിൽ നിന്നും, ലോകത്തിന്റെയീ ദ്രുത ചലനങ്ങളിൽ നിന്നും ശബ്ദകോലാഹലങ്ങളിൽ നിന്നുമെല്ലാം വിട്ടകന്ന് ശാന്തമായി ജീവിതം വെറുതേയങ്ങനെ ജീവിച്ചു തീർക്കാൻ അതിലും യോജിച്ച ഒരിടം എന്നെ സംബന്ധിച്ച് മറ്റൊന്നുണ്ടായിരുന്നില്ല. കിഴക്ക് അതിരിട്ടു നിൽക്കുന്ന മലനിരകൾക്കിടയിലൂടെ , പുഴ കൈപിടിച്ചു കൊണ്ടുവരുന്ന കിഴക്കൻ കാറ്റേറ്റ് ‘സ്പോട്ടിഫയി’ലെ ഇഷ്ടപ്പെട്ട പ്ലേലിസ്റ്റും ഓൺ ചെയ്ത് വെച്ച് കരിമ്പനകൾക്ക് നടുവിലെ പാറപ്പുറത്ത് കണ്ണടച്ച് മലർന്നു കിടക്കുന്നതായിരുന്നു ‘ആദ്യകാല അതിരഞ്ഞൂർ വൈകുന്നേരങ്ങളിലെ’ എന്റെ പ്രിയപ്പെട്ട നേരംപോക്ക്.പിന്നെ പുഴയ്ക്ക് നടുവിലെ ചെറിയ തുരുത്തുകളിൽ നിന്നും ആറ്റുവഞ്ചി പൂക്കൾ പിഴുതെടുത്ത് വാടകമുറിയിലേക്ക് നടക്കും. ഒക്ടോബർ പകുതിയോടെ വറ്റിവരണ്ട് പുഴ നേർത്ത നൂലുപോലെയാകും, വരണ്ട പൊടിക്കാറ്റ് വീശും.എങ്കിലും ഭൂതകാലത്തിന്റെ സമൃദ്ധിയുടെ ഓർമകളിൽ അഭിരമിച്ചു കിടക്കുന്ന മണൽത്തരികളിൽ അപ്പോഴും ചെറിയ നനവ് അനുഭവപ്പെടാറുണ്ടായിരുന്നു. അതിൽ ചവുട്ടി നടക്കുമ്പോൾ എന്റെ ഹൃദയത്തിലും തെളിനീർ കിനിയുന്നത് ഞാൻ അറിയാറുണ്ട്. അങ്ങനെ നടക്കുമ്പോഴാകും ക്ലാസ്സിലെ ഏതെങ്കിലുമൊരു കുട്ടിയുടെ രക്ഷിതാവിനെ കണ്ടുമുട്ടുക. തങ്ങളുടെ നാട്ടിലെ ആകെയുള്ളൊരു സർക്കാർ ഹൈ സ്കൂളിലെ മലയാളം അധ്യാപകനായ പരദേശി യുവാവിനെ ആ നാട്ടുകാർ ഉപാധികളില്ലാത്ത സ്നേഹവായ്‌പ്പോടെയാണ് ചേർത്തുപിടിച്ചത്. കുശലാന്വേഷണങ്ങൾ പലപ്പോഴും നീണ്ടു നീണ്ടു പോകാറുള്ളത് പതിവായിരുന്നു.മഴക്കാലമായതോടെ എന്റെയാ പ്രിയപ്പെട്ട വൈകുന്നേരങ്ങളാണ് എനിക്കു നഷ്ടപ്പെട്ടുപോയത്.

വര :പി ആര്‍ രാജന്‍
പുറത്തെ പെരുമഴയിൽ,ഇടവഴിയോട് ചേർന്നുള്ള, ദേവസ്സിചേട്ടന്റെ ഫ്ലോർമില്ലിന് മുകളിലെ വാടകമുറിയിൽ, ശനിയാഴ്ചയുടെ ആലസ്യത്തിൽ മൂടിപ്പുതച്ച് കിടന്നുറങ്ങുമ്പോൾ ‘ഈ നിമിഷമാണ് ഭൂമിയിലെ സ്വർഗ്ഗമെന്ന്’ എനിക്ക് തോന്നിപ്പോയിരുന്നു.വാടകമുറിയെന്ന് പറയുമ്പോൾ സൗകര്യങ്ങളെല്ലാം വളരെ പരിമിതമായ ഓടുപാകിയ ഒറ്റമുറി. കിടപ്പുമുറിയും അടുക്കളയും ഭക്ഷണമേശയും എല്ലാം ഒരിടത്ത്, പിന്നെ അടുക്കളയിൽ നിന്ന് തുറക്കുന്ന വാതിലുകളുള്ള ഒരു കുളിമുറിയും.എങ്കിലും ആ മുറി എനിക്ക് പ്രിയപ്പെട്ടതാണ്.സ്വന്തം വീടൊഴിച്ച് മറ്റെവിടെ നിന്നും ലഭിച്ചിട്ടില്ലാത്ത മനഃശാന്തിയും സ്വസ്ഥതയും അവിടെയായിരിക്കുമ്പോൾ എനിക്കനുഭവപ്പെടാറുണ്ട്. സ്വകാര്യതയിലേക്ക് കടന്നു കയറാൻ ആരുമില്ലാതിരിക്കുന്ന അവസ്ഥയാണ് ലോകത്തേക്ക് വെച്ചേറ്റവും വലിയ ആഡംബരം എന്ന് ഞാൻ തിരിച്ചറിഞ്ഞത് ആ മുറിക്കുള്ളിൽ വെച്ച് തന്നെയാണ്.തനിച്ചിരുന്നു പുസ്തകങ്ങൾ വായിക്കാനും മനസ്സിൽ തോന്നുന്ന വരികൾ ഡയറിയിൽ കുറിച്ചിടാനും ഏറ്റവും സൗകര്യപ്രദമായ ഒരിടം.എങ്കിലും ഇടയ്ക്ക് മിണ്ടിയും പറഞ്ഞുമിരിക്കാൻ ആരെങ്കിലുമൊക്കെ ഉണ്ടായിരുന്നെങ്കിലെന്നും വെറുതേ മോഹിച്ചുപോകും.അപ്പോഴൊക്കെ ദേവസ്സി ചേട്ടൻ ഒരു ദൈവദൂതനെ പോലെ എനിക്കു മുന്നിൽ പ്രത്യക്ഷപ്പെടും. പിന്നെ അതിരഞ്ഞൂർ കഥകളുടെ കെട്ടഴിക്കും.എഴുത്തിന്റെ ‘അസ്കിത’യുള്ള ഒരാൾക്ക് അത്തരം കഥകളിൽ നിന്ന് സ്വഭാവികമായും ചിലതെല്ലാം വീണുകിട്ടുമല്ലോ.ആദ്യമായി അവിടേക്ക് താമസിക്കാൻ വരുമ്പോൾ സദാസമയം പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ഒരു ഫ്ലോർ മില്ലിന് മുകളിലെ താമസം എങ്ങനെയായിരിക്കുമെന്ന് ഒരാശങ്ക എനിക്കുണ്ടായിരുന്നു.എന്നാൽ ഞാൻ മുറിയിൽ ഉണ്ടായിരിക്കുമ്പോഴൊന്നും അയാൾ മുളക്, മല്ലി, മഞ്ഞൾ തുടങ്ങിയ ഉപദ്രവകാരികളായ വസ്തുക്കളൊന്നും മില്ലിൽ നിന്ന് പൊടിച്ചു കൊടുക്കാറില്ലായിരുന്നു. ഞാൻ പുറത്തോ സ്‌കൂളിലോ ആയിരിക്കുമ്പോൾ മാത്രം അവ പൊടിക്കുകയും അല്ലാത്തപ്പോഴെല്ലാം അരി, ഗോതമ്പ്, പോലുള്ള ധാന്യങ്ങളും മറ്റും പൊടിച്ച് പരമാവധി എന്നെ ശല്യപ്പെടുത്താതിരിക്കാൻ ശ്രമിച്ചിരുന്നു.ദേവസ്സിചേട്ടനും എനിക്കുമിടയിൽ നിലനിന്നിരുന്ന ആ അലിഖിത കരാർ ഒരിക്കലും ലംഘിക്കപ്പെടാതിരിക്കാൻ അയാൾ അതീവശ്രദ്ധാലുവുമായിരുന്നു.ഒരു സഹൃദയൻ, അതിരഞ്ഞൂരിനപ്പുറം ഒരു ലോകമില്ലെന്ന് കരുതുന്ന ഹൃദയവിശുദ്ധിയുള്ള ഒരു പാവം മധ്യവയസ്കൻ..
മഴയൊന്ന് തോർന്നപ്പോൾ-വാടകമുറിയുടെ ബാൽക്കണിയെന്ന് പറയാവുന്ന ഇടുങ്ങിയയിടത്തോട് ചേർന്നുള്ള ഇലഞ്ഞിക്കൊമ്പിൽ നിന്ന് അവസാനത്തെ തുള്ളിയും ഇറ്റുവീണതിന് ശേഷം,ഒരല്പം ഇറങ്ങി നടക്കാമെന്നു കരുതി മുറി പൂട്ടി പുറത്തേക്കിറങ്ങാൻ തുടങ്ങുമ്പോഴായിരുന്നു ഞാൻ താഷിയെ ആദ്യമായി കാണുന്നത്.നരച്ച ഇളംനീല നിക്കറും അതിനേക്കാൾ നരച്ച, അവനേക്കാൾ ഇരട്ടിവലിപ്പമുള്ള ഒരു റോസ്നിറ ടീ ഷർട്ടും ധരിച്ച് “ചേട്ടാ..പുസ്തകങ്ങള് വേണോ”? എന്ന് ഉറക്കെ ചോദിച്ചു കൊണ്ട് മുകളിലേക്ക് നോക്കി നിൽക്കുകയായിരുന്നു അവൻ. നെറ്റിയിലേക്ക് വീണുകിടക്കുന്ന അവന്റെ നീളൻ മുടിത്തുമ്പിൽ മഴത്തുള്ളികൾ പളുങ്കു മണികൾ പോലെ പറ്റിപ്പിടിച്ചിരുന്നിരുന്നു.അവന്റെ ഇളംനീല കണ്ണുകൾക്ക് അദ്‌ഭുതകരമായ തിളക്കമുണ്ടായിരുന്നു.“പുസ്തകങ്ങളോ,, എന്ത് പുസ്തകങ്ങൾ?” എന്ന് കൗതുകത്തോടെ ഞാൻ തിരിച്ചു ചോദിച്ചു. “വായിക്കാനുള്ള പുസ്തകങ്ങൾ ” എന്ന അവന്റെ നിഷ്കളങ്കമായ മറുപടി കേട്ട് എന്റെ മുഖത്ത് അറിയാതെ പരന്ന ഒരു പുഞ്ചിരിയുമായി ഞാൻ താഴേക്ക് ഇറങ്ങിച്ചെന്നു. മഴയായത് കൊണ്ട് ദേവസ്സി ചേട്ടൻ അന്ന് മില്ല് തുറന്നിരുന്നില്ല. മില്ലിന്റെ മുന്നിലെ അരമതിലിൽ ഇരുന്ന് ഞാൻ അവനോട് പുസ്തകങ്ങൾ കാണട്ടെ എന്നാവശ്യപ്പെട്ടു. മഴ നനയാതിരിക്കാൻ പ്ലാസ്റ്റിക് കൂടിൽ പൊതിഞ്ഞ് ടി ഷർട്ടിനടിയിൽ സൂക്ഷിച്ചിരുന്ന ഒരടുക്ക് പുസ്തകങ്ങൾ അവൻ പുറത്തേക്കെടുത്തു,അവന്റെ നെഞ്ചിലെ ചൂടുപറ്റിയ ഒരടുക്ക് പുസ്തകങ്ങൾ.എല്ലാം പഴയ പുസ്തകങ്ങളായിരുന്നു, പഴയ പതിപ്പുകൾ. ഏറ്റവും മുകളിലായി ‘രണ്ടാമൂഴവും’ അതിന് താഴെ ‘ആനന്ദിന്റെ മരുഭൂമികൾ ഉണ്ടാകുന്നതും’ കണ്ടു. അരമതിലിൽ നനവില്ലാത്ത ഒരിടത്ത് അവൻ ആ പുസ്തകങ്ങള്‍ പരത്തിയിട്ടു. കൂട്ടത്തിൽ കുറേ ആഴ്ചപതിപ്പുകളും ഉണ്ടായിരുന്നു, പഴയത്, മാസങ്ങൾക്കു മുൻപിറങ്ങിയത്.ഏതോ പഴയ പുസ്തകക്കടയിൽ ആരുടെയും കരസ്പർശമേൽക്കാതെ വീർപ്പുമുട്ടി കിടന്നവയായിരുന്നിരിക്കണം. പൂതലിച്ച ഗന്ധവുമായി ആവേശിക്കാൻ ഒരു ശരീരം കാത്തുകിടക്കുന്നവ. “ഇതെല്ലാം പഴയതാണല്ലോ” ഞാൻ ചോദിച്ചു. താഷി മറുപടി പറഞ്ഞില്ല.അവന്റെ നീല കണ്ണുകളിലെ തിളക്കം മങ്ങി അവ ദൂരേയൊരു ബിന്ദുവിൽ തങ്ങി നിന്നു. അവനെ ഒരിക്കലും ഞാൻ പഠിപ്പിക്കുന്ന സ്കൂളിന്റെ പരിസരങ്ങളിൽ ഇതുവരെ കണ്ടതായി ഓർക്കുന്നില്ലല്ലോ എന്ന ചിന്തയോടെ ആദ്യത്തെ ചോദ്യത്തിന് ഉത്തരം കേൾക്കും മുൻപ് ഞാൻ വീണ്ടും ചോദിച്ചു- “സ്കൂളിൽ പോകുന്നില്ലേ, എത്രാം ക്ലാസ്സിലാണ് പഠിക്കുന്നത്”? “ഏഴില്.. ഇതൊക്കെ എന്റെ അച്ഛന്റെ കടയിലെ പുസ്തകങ്ങളായിരുന്നു.” എല്ലാ ചോദ്യങ്ങൾക്കുമായി അവൻ ഉത്തരം നൽകി.
“എവിടെയാണ് അച്ഛന്റെ പുസ്തകക്കട”? എന്നായി അപ്പോൾ എന്റെ ചോദ്യം.
“ദൂരെ..” അനന്തതയിലേക്ക് കണ്ണുകൾ പായിച്ച് പിന്നെ നിരത്തിയിട്ട പുസ്തകങ്ങൾ അവൻ പ്ലാസ്റ്റിക് കൂടിനുള്ളിലേക്ക് തിരികെ എടുത്തുവെയ്ക്കാൻ തുടങ്ങി. ഞാൻ പുസ്തകങ്ങൾ വാങ്ങിയ്ക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് അവൻ കരുതിക്കാണണം. അതിനിടെ ‘സക്കറിയയുടെ കഥകൾ’ എന്ന പുസ്തകം കണ്ട് ഇതെനിക്ക് വേണമെന്ന് ഞാൻ പറഞ്ഞു. പഴയതായത് കൊണ്ടായിരുന്നിരിക്കണം, പുസ്തകത്തിന്റെ പുറംചട്ടയിൽ പ്രിന്റ് ചെയ്തിരിക്കുന്നതിന്റെ പകുതി വിലയാണ് അവൻ എന്റെ പക്കൽ നിന്ന് ആവശ്യപ്പെട്ടത്. അത് അവന്റെ നിക്കറിന്റെ പോക്കറ്റിലേക്ക് തിരുകി വെയ്ക്കുമ്പോൾ, ഞാൻ ചോദിച്ചു “ഈ കാശൊക്കെ അച്ഛന് കൊണ്ടുപോയി കൊടുക്കുമോ”?. ഒരു നിമിഷം അവൻ സ്തബ്ദനായി നിന്നു. പിന്നെ മറുപടി പറയാതെ പോയ് മറഞ്ഞു.

വര :പി ആര്‍ രാജന്‍
അതിരഞ്ഞൂരിലെ മനുഷ്യർക്കെല്ലാം പറയാൻ ഒരു കഥയുണ്ടായിരുന്നു. ചിലത് വളരെ നിഗൂഢവും വിചിത്രവുമായിരുന്നു.ദേവസ്സി ചേട്ടനിൽ നിന്ന് അത്തരം കഥകൾ പറഞ്ഞു കേൾക്കുന്നത് തന്നെ ഒരു രസമാണ്. ഞാൻ കണ്ടിട്ടുള്ളതിൽ വെച്ചേറ്റവും നല്ല കഥപറച്ചിലുകാരൻ അയാളായിരുന്നു.താഷിക്കുമുണ്ടായിരിക്കും അത്തരത്തിൽ ഒരു കഥയെന്ന് ചിന്തിച്ചു കൊണ്ട് ഞാൻ അവിടെത്തന്നെ അല്പനേരം നിന്നു.എന്തുകൊണ്ടോ അന്നത്തെ നടത്തം ഉപേക്ഷിച്ചേക്കാമെന്നു തോന്നി ‘സക്കറിയയുടെ കഥകളുമായി’ പിന്നെ എന്റെ കിടക്കയിലേക്ക് മറിഞ്ഞു വീഴുകയായിരുന്നു. വായനക്കിടയിൽ എപ്പോഴോ മയങ്ങിപ്പോയ ഞാൻ വാതിലിൽ തുടർച്ചയായി ആരോ മുട്ടുന്ന ശബ്ദം കേട്ടാണ് ഉണർന്നത്.നേരം ഇരുട്ടിയിരുന്നു. പുറത്തേക്കുള്ള ബൾബ് തെളിയിച്ച് വാതിൽ തുറന്നപ്പോൾ അരണ്ട മഞ്ഞവെളിച്ചത്തിൽ മുങ്ങി നിൽക്കുന്ന ദേവസ്സി ചേട്ടനെ കണ്ടു.ചില ദിവസങ്ങളിൽ സന്ധ്യകഴിഞ്ഞാൽ അങ്ങനെയൊരു സന്ദർശനം പതിവുള്ളതാണ്.കുറേനേരമിരുന്നു നാട്ടുവർത്തമാനങ്ങൾ പറയും. അന്നേരങ്ങളിലാണ് അതിരഞ്ഞൂർ കഥകളുടെ കെട്ടഴിഞ്ഞു വീഴാറുള്ളത്. “കുറച്ചു പുഴമീനാണ്.മുളകിട്ട് വെച്ചപ്പോൾ സാറിനെയോർത്തു. ഒരു പറ ചോറുണ്ണാൻ വേറെയൊന്നും ഇനി വേണ്ട..അവള് തന്നുവിട്ടതാണ്” കൈയിലെ തൂക്കുപാത്രം ദേവസ്സി ചേട്ടൻ എനിക്കു നേരെ നീട്ടി ക്ഷണിക്കാതെ തന്നെ അകത്തേക്ക് കടന്നിരുന്നു. ദേവസ്സി ചേട്ടന് ഈ ഭൂമിയിൽ സ്വന്തമായുള്ളത് ആ മില്ലും പിന്നെ ബേബിചേച്ചിയും മാത്രമാണ്. അവർക്ക് കുട്ടികളുണ്ടായിരുന്നില്ല.“കര്‍ത്താവ് ഒരു കുശുമ്പനാണ് സാറേ . ഞങ്ങളിങ്ങനെ പത്തുനാൽപ്പത്തിയഞ്ച് കൊല്ലമായിട്ട് സന്തോഷിച്ചു ജീവിക്കുന്നത് അങ്ങേർക്ക് സഹിക്കാൻ പറ്റാഞ്ഞിട്ടാണ് ഇടയ്ക്കൊന്നോർത്ത് നോവട്ടെ എന്ന് വെച്ച് ഒരു കുഞ്ഞിനെ തരാതിരുന്നത്.അതുകൊണ്ടൊന്നും നമ്മള് വിട്ടുകൊടുക്കില്ല…അല്ലേടീ ബേബിക്കുഞ്ഞേ…” ആദ്യമായി ദേവസ്സി ചേട്ടന്റെ വീട്ടിൽ ഒരു വിരുന്നുകാരനായി ചെന്ന ദിവസം ബേബിചേച്ചിയെ ചേർത്തുപിടിച്ച് ഉള്ളിലെ നോവുകടിച്ചു പിടിച്ചുകൊണ്ട് അയാൾ പറഞ്ഞു. “ഓ. ഈ മനുഷ്യൻ..!” എന്ന് നാണത്തോടെ നിറഞ്ഞു ചിരിച്ച ബേബിചേച്ചിയുടെ മുഖം ഇപ്പോഴും എന്റെ മനസ്സിൽ തെളിഞ്ഞു നിൽക്കുന്നുണ്ട്. അവർക്കാവട്ടെ എന്നോട് ഒരു മകനോടുള്ളതെന്ന പോലെ സ്നേഹവും വാത്സല്യവുമാണെന്ന് എനിക്കു പോകെപ്പോകെ മനസ്സിലായി. ബേബിചേച്ചിയുടെ ആ സ്നേഹം അങ്ങനെ ചില ‘തൂക്കുപാത്രങ്ങളായി’ പലപ്പോഴും എന്നെ തേടിവന്നിട്ടുണ്ട്. നിസീമമായ അങ്ങേയറ്റം നിസ്വാർത്ഥമായ സ്നേഹം എല്ലായ്പ്പോഴും എന്നെ ഭയപ്പെടുത്തുകയാണ് ചെയ്യാറുള്ളത്. സ്നേഹബന്ധങ്ങളിലുള്ള വിശ്വാസം എനിക്ക് പണ്ടേയ്ക്ക് പണ്ടേ കൈമോശം വന്നിരുന്നു.അത്തരത്തിൽ സ്നേഹിക്കാനറിയാവുന്നവരൊക്കെ ഈ ഭൂമിയിൽ ഇനിയുമവശേഷിക്കുന്നുണ്ടോ എന്ന് പോലും എനിക്ക് സംശയമാണ്. ഇനി അഥവാ ഉണ്ടെന്ന് തന്നെ കരുതുക,ആ സ്നേഹത്തിന് എന്താണ് ഞാൻ പകരം കൊടുക്കേണ്ടത്?, ആത്മാവിൽ നിറഞ്ഞു തുളുമ്പുന്ന ഒരിറ്റു കണ്ണുനീരല്ലാതെ..
രണ്ട് കട്ടൻചായ ഗ്ലാസുകളുമായി രണ്ടുപേർക്ക് മാത്രം ഇരിക്കാവുന്ന ഭക്ഷണമേശയ്ക്ക് ഇരുപുറമിരുന്നു സംസാരിക്കുന്നതിനിടയിലാണ് അന്ന് രാത്രി ഞാൻ താഷിയെ കുറിച്ച് ദേവസ്സി ചേട്ടനോട് ചോദിച്ചത്.
“അതൊരു പാവം ചെറുക്കനാ സാറേ.. അവന്റെ അപ്പൻ അജയന് ടൗണിൽ പുസ്തകക്കടയായിരുന്നു. പകൽ മുഴുവൻ പുസ്തകങ്ങൾക്കിടയിലും രാത്രിയായാൽ ബാറിലും. മൂക്കറ്റം കുടിച്ച് നാലു കാലിൽ വന്ന്,പാവം ആ പെണ്ണ് ഉമയെ തൊഴിക്കുന്നതായിരുന്നു അവന്റെ സ്ഥിരം പരിപാടി . ഒരിക്കൽ ആർക്കാടീ നീയ്യ് പ്രേമലേഖനം എഴുതിയതെന്ന് ചോദിച്ചായിരുന്നു അക്രമം. പിന്നെയൊരിക്കലോ വായിച്ചയേതോ പുസ്തകത്തിലെ കഥാപാത്രം അവളുടെ ജാരനാണെന്നും പറഞ്ഞായിരുന്നു പുകിലാകെ . കണ്ണിൽക്കണ്ട പുസ്തകങ്ങളൊക്കെ വായിച്ച് ഓരോന്നിരുന്നങ്ങനെ ആലോചിച്ചു കൂട്ടി വട്ട് മൂത്തതാവാനേ തരമുള്ളു..അല്ലാതെയിങ്ങനെയുണ്ടോ…അവളും കുട്ടികളും കുറച്ചൊന്നുമല്ല സഹിച്ചത്. അങ്ങനെ കുടിച്ചു കുടിച്ച് ഉള്ള് മൊത്തം പൊള്ളയായി. ഒരിക്കൽ രാത്രി മടങ്ങി വന്നില്ല. രണ്ടുദിവസമായിട്ടും കാണാതെ അന്വേഷിച്ചിറങ്ങിയപ്പോഴാണ്,അവന്റെ കടയിൽ പുസ്തകങ്ങളുടെ കൂമ്പാരങ്ങൾക്കിടയിൽ ചോരയും ഛർദ്ദിച്ച് കിടക്കുന്നത് കണ്ടത്. ആത്മഹത്യയായിരുന്നു. ഏതോ ഒരു പുസ്തകത്തിന്റെ പേര് എഴുതി വെച്ചിരുന്നു. അതേതാണെന്ന്എനിക്കിപ്പോള്‍ ഓർമ്മ കിട്ടുന്നുമില്ല. അത് വായിച്ച് ബോധോദയം ഉണ്ടായത്രേ. ചെയ്ത പാപങ്ങൾക്കൊക്കെ ഭാര്യയോടും മക്കളോടും മാപ്പ് എന്ന് എഴുതി വെച്ച് ഒരൊറ്റ പോക്ക്. അവനെന്തു നോക്കാൻ. വെറുതേയങ്ങു മരിച്ചുപോയാൽ മതിയല്ലോ.രണ്ട് പൊടിക്കുഞ്ഞുങ്ങളെയും കൊണ്ട് പെരുവഴിയിലായത് അവളല്ലേ.. കിട്ടുന്ന പണിയൊക്കെചെയ്താ അവളാ മക്കളെ വളർത്തുന്നത്. ഇപ്പൊ കോയമ്പത്തൂരൊരു സിമന്റ് കമ്പനിയിലാ അവൾക്ക് ജോലി..” തണുത്തു തുടങ്ങിയ കട്ടൻ ചായ ഒറ്റവലിയിൽ കുടിച്ച് തീർത്ത് ദേവസ്സി ചേട്ടൻ തുടർന്നു. “കോയമ്പത്തൂരിലേക്ക് പോകുമ്പോൾ മക്കളൊറ്റക്കാകുമല്ലോ എന്ന് കരുതിയാണ് അവരെയിവിടെ അവരുടെ അപ്പാപ്പന്റെയൊപ്പമാക്കിയിട്ട് പോയത്. ഇക്കൊല്ലം തൊട്ടാണെന്ന് തോന്നുന്നു നമ്മുടെ സ്‌കൂളിൽ ചേർത്തത് . അവിടെന്നിങ്ങോട്ട് നാട് വിട്ട് വരുമ്പോൾ അവൾ ഭർത്താവിന്റെ ആകെയുള്ള സാമ്പാദ്യമായിരുന്ന പുസ്തകങ്ങളിൽ കിട്ടിയതൊക്കെ തൂക്കിവിറ്റു, ബാക്കിയുള്ളതാകട്ടെ അവൻ, താഷി കെട്ടുകളാക്കി ഇങ്ങോട്ട് കൊണ്ടുവന്നു.ഇടയ്ക്ക് അതിലൊന്നോ രണ്ടെണ്ണമോ ഒക്കെ കൊണ്ട് നടന്ന് വിൽക്കുന്നത് കാണാം..ഓരോരോ ജീവിതങ്ങൾ.. അല്ലാതെന്ത് പറയാൻ…!”
ദേവസ്സി ചേട്ടൻ ഒരു ദീർഘശ്വാസമെടുത്തു. “ഇങ്ങനെയിരുന്നു പറഞ്ഞാൽ പറയാൻ ഒരുപാടുണ്ട് സാറേ..സാറിനി കഴിച്ചിട്ട് കിടന്നോ.നേരം ഒരുപാടായി.ഞാൻ ഇറങ്ങാം. അവൾ കാത്തിരിക്കുമെന്ന്”പറഞ്ഞ് അയാൾ മുറിവിട്ടുപോയിട്ടും ഞാൻ അതേ ഇരിപ്പു തന്നെ തുടർന്നു. ഭൂതകാലം മലവെള്ളപ്പാച്ചിൽ പോലെ കുതിച്ചെത്തുകയായിരുന്നു. വർഷങ്ങൾക്ക് മുൻപ് ഞാനും മേധയും അമ്മയും കടന്നുവന്ന വഴികളിലെ കൂർത്ത കല്ലുകളും മുള്ളുകളും അതേ മൂർച്ചയോടെ വീണ്ടും വേദനിപ്പിക്കുകയായിരുന്നു. എനിക്കിപ്പോഴും ഓർമയുണ്ട്, അച്ഛൻ മരിച്ചതിന്റെ നാൽപ്പത്തിയൊന്നാം ദിവസം വിഷം കലർത്തിയ ഭക്ഷണത്തിൽ നിന്ന് എനിക്കും മേധയ്ക്കും ഒരുപിടി വാരി വായിൽ വെച്ചുതരാൻ ഒരുങ്ങുമ്പോൾ ഞാൻ അമ്മയോട് പറഞ്ഞു- “പാട്ട പെറുക്കി വിറ്റായാലും നമുക്ക് ജീവിക്കാം അമ്മേ..”. അതുകേട്ട് പാത്രം ആഞ്ഞ് വീശി വലിച്ചെറിഞ്ഞ് കളഞ്ഞ് അമ്മ എന്നെയും മേധയേയും വാരി പുണരുകയായിരുന്നു. “ദൈവമേ.. എന്റെ മക്കൾ” എന്ന് പറഞ്ഞു അമ്മയന്ന് പൊട്ടിക്കരഞ്ഞത് എന്തിനായിരുന്നെന്ന് എനിക്ക് പിന്നീടാണ് മനസ്സിലായത്. ഭക്ഷണത്തിൽ വിഷം ചേർത്തിരുന്നത് ഞങ്ങൾ കുട്ടികൾ അറിഞ്ഞിരുന്നില്ല. ഒരു മാത്രയിലെ ബുദ്ധിശൂന്യതകൊണ്ടെടുത്ത ആ തീരുമാനത്തെയോർത്ത് ശേഷിച്ച കാലം മുഴുവൻ അമ്മ സ്വയം ശപിച്ചു ജീവിച്ചു. പാവം ഒരു സ്ത്രീ- എന്റെയമ്മ. അമ്മയെ കുറിച്ച് ഓർക്കുമ്പോഴെല്ലാം ഒരേസമയം വേദനകൊണ്ടും അഭിമാനം കൊണ്ടും എന്റെ കണ്ണുകൾ നിറയും. അച്ഛനൊരു വർക്ക്‌ഷോപ്പിലായിരുന്നു ജോലി.ഒരു ദിവസം രാവിലെ ജോലിക്ക് പോകാനായി പുറപ്പെടുന്നതിനിടയിൽ കുഴഞ്ഞു വീഴുകയായിരുന്നു. പിന്നെ കണ്ണു തുറന്നില്ല. അച്ഛനില്ലാതായപ്പോഴാണ് ഒരു സത്യം ഞങ്ങൾ തിരിച്ചറിഞ്ഞത്. ഞങ്ങളുടേതെന്നു കരുതിയിരുന്ന മനുഷ്യരും ഇടങ്ങളുമൊന്നും ഞങ്ങളുടേതായിരുന്നില്ല എന്ന്. എത്രപെട്ടെന്നാണ് എല്ലാവരിൽ നിന്നും എല്ലായിടത്തുനിന്നും ഞങ്ങൾ തിരസ്കരിക്കപ്പെട്ടത്. രക്ത ബന്ധങ്ങളിലും സ്നേഹബന്ധങ്ങളിലുമുള്ള വിശ്വാസം അന്നാണ് എനിക്ക് നഷ്ടപ്പെട്ടുപോയത്. മനുഷ്യർ പരസ്പരം സ്നേഹിക്കുന്നതിനു പിന്നിലെല്ലാം ഒരു കാരണം കാണും, അദൃശ്യമായ ഒരു ഉടമ്പടി. ആ ഉടമ്പടി എന്ന് പ്രസക്തമല്ലാതായി തീരുന്നുവോ അന്ന് ആ സ്നേഹബന്ധവും അവസാനിക്കുന്നു. കൊടുക്കൽ വാങ്ങലുകളെല്ലാം തീർന്നിടത്ത് പിന്നെ സ്നേഹത്തിനെന്തു കാര്യം. അച്ഛന്റെ വീട് വിട്ടിറങ്ങി ഉള്ളതെല്ലാം-ഓരോ തരിയും -വിറ്റിട്ടാണ് അമ്മ ഒരു കുഞ്ഞു വാടക വീട് സംഘടിപ്പിച്ചത്.മനസ്സിൽ എന്തൊക്കെയോ ദൃഢനിശ്ചയങ്ങൾ എടുത്തത് പോലെയായിരുന്നു പിന്നീടുള്ള അമ്മയുടെ ജീവിതം. മാർക്കറ്റിൽ നിന്ന് മുളകും മഞ്ഞളും മല്ലിയും അരിയുമെല്ലാം വാങ്ങിച്ച് കഴുകിയുണക്കി പൊടിച്ചു പായ്ക്കറ്റുകളിലാക്കി ഓരോ വീടുകൾ തോറും കയറിയിറങ്ങി വിൽപ്പന നടത്തി. ആദ്യമൊക്കെ പലരും മടിച്ചു. പക്ഷേ അവരുടെയെല്ലാം വിശ്വാസം ചെയ്യുന്ന ജോലിയിലെ സത്യസന്ധതകൊണ്ട് നേടിയെടുക്കുകയായിരുന്നു അമ്മ. ആദ്യമൊക്കെ സ്ഥിരം ചില വീട്ടുകാരായിരുന്നു, അത് വളർന്നു ചെറിയ ചില കടകളിലും, പിന്നെ പേരെടുത്ത വലിയ സൂപ്പർമാർക്കറ്റുകളിലും അമ്മയ്ക്ക് കച്ചവടം കിട്ടി. ആരുടെ മുന്നിലുമിനി കൈനീട്ടില്ലെന്ന ഒരു വാശിയായിരുന്നു അമ്മയെ മുന്നോട്ട് നയിച്ചത്. ആത്മഹത്യയുടെ വക്കിൽ നിന്ന് ഒരു സ്വയം സംരംഭകയായി വളർന്ന അമ്മയെ കുറിച്ചോർക്കുമ്പോൾ അഭിമാനം കൊണ്ട് കണ്ണുനിറയാതിരിക്കുന്നതെങ്ങിനെ. എങ്കിലും അമ്മ പറഞ്ഞു –“മണ്ണിൽ ഉറച്ചു നിൽക്കുക.ഒന്നും സ്ഥിരമായിട്ടുണ്ടാവണമെന്നില്ല. താഴെ നോക്കി നടന്നാൽ വീഴ്ചയും കുറയ്ക്കാം”. താഷിയുടെ അമ്മയ്ക്കും മനക്കരുത്ത് ഉണ്ടാവട്ടെ എന്നാണ് ഞാൻ ആ നിമിഷത്തിൽ പ്രാർത്ഥിച്ചത്.മറ്റൊന്നും എനിക്ക് ചെയ്യാനുണ്ടായിരുന്നില്ലല്ലോ.താഷിയുടെ അമ്മ കടന്നുപോകുന്ന വഴികൾ എനിക്ക് മനസ്സിലാക്കാനാകുമായിരുന്നു , അതിനേക്കാൾ നന്നായി എനിക്ക് താഷിയേയും അവന്റെ അനിയത്തി താമരയേയും മനസ്സിലാക്കാനാകുമായിരുന്നു.. ആ രാത്രി അമ്മയെ കാണണമെന്ന് തോന്നി. അമ്മ അടുത്തുണ്ടായിരുന്നെങ്കിലെന്ന് തീവ്രമായി ആഗ്രഹിച്ചു.ഞാൻ അമ്മയെ ഫോണിൽ വിളിച്ചുസംസാരിച്ചു..
മഴ മാറി നിന്ന തിങ്കളാഴ്ചയായിരുന്നു അത്.മുറിപൂട്ടിയിറങ്ങുമ്പോൾ ദേവസ്സി ചേട്ടൻ താഴെ മില്ല് തുറക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. പതിവിലും വൈകിയിരുന്നത് കൊണ്ട് ധൃതിയിൽ സ്‌കൂളിലേക്ക് നടക്കുകയായിരുന്നു. മഴയിൽ നനഞ്ഞൊട്ടി നിന്ന അതിരഞ്ഞൂരിനെയാകെ വെയിൽ പൊതിഞ്ഞിരുന്നു. ഇറക്കമിറങ്ങിയാൽ പിന്നെ റോഡിനിരുവശവും നെൽപാടമാണ്.നിർത്താതെ പെയ്ത മഴയിൽ പാടം നിറയെ വെള്ളം കയറിയിരുന്നു. രണ്ട് കയറ്റങ്ങൾ കൂടി നടന്നു കയറിയാലേ സ്‌കൂളിലെത്തൂ. രാവിലത്തെ ആ കയറ്റമാണ് ആകെയുള്ള വ്യായാമം. ആദ്യത്തെ കയറ്റം കയറിയപ്പോഴാണ് ഇടവഴിയിൽ നിന്ന് അവർ എനിക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടത് - മുത്തച്ഛന്റെ കൈകളിൽ തൂങ്ങി താഷിയും താമരയും. താഷിയുടെ മുത്തച്ഛനെ എനിക്ക് മുൻപരിചയമുണ്ടായിരുന്നു. പലപ്പോഴും എന്റെ ‘അതിരഞ്ഞൂർ വൈകുന്നേരങ്ങളിൽ’ പാറപ്പുറത്തിരിക്കുമ്പോൾ ഞാൻ ആ വൃദ്ധനെ കാണാറുണ്ടായിരുന്നു. അത് താഷിയുടെ മുത്തച്ഛൻ ആണെന്ന് വൈകിയാണ് തിരിച്ചറിഞ്ഞതെന്ന് മാത്രം. “മാഷേ. പേരക്കുട്ടികളാണ്. ഇവരെക്കൂടി ഒന്ന് നോക്കണേ” എന്ന് പറഞ്ഞു കൊണ്ട് ആ വൃദ്ധൻ താഷിയേയും താമരയേയും എന്നെയേല്പിച്ചു. “വയ്യ മാഷേ.. ഈ കുന്ന് നടന്ന് കയറൽ എളുപ്പമല്ല. ഇപ്പോഴത്തെ കാലമല്ലേ. കൂട്ടില്ലാതെ കുട്ടികളെ വിടാനും വയ്യ. മാഷ്ക്ക് ബുദ്ധിമുട്ടായോ” അയാൾ ചോദിച്ചു. ‘എന്ത് ബുദ്ധിമുട്ട്’ എന്ന് പറഞ്ഞ് ഞാൻ താഷിയേയും താമരയേയും എനിക്കൊപ്പം കൂട്ടുകയായിരുന്നു.മുന്നോട്ട് നടക്കുമ്പോൾ അവർ ഇടയ്ക്കിടെ മുത്തച്ഛനെ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു. വേലിയിൽ പിടിച്ച് ആ വൃദ്ധൻ അവിടെ തന്നെ നോക്കി നിൽക്കുകയായിരുന്നു.കഴിഞ്ഞ ദിവസം തന്റെ പക്കൽ നിന്ന് പുസ്തകം വാങ്ങിയ ആ ആൾ താൻ പഠിക്കുന്ന സ്കൂളിലെ അധ്യാപകനായിരുന്നു എന്നറിഞ്ഞതിന്റെ ഒരു പകപ്പ്, താഷിയുടെ മുഖത്ത് നിന്ന് ഞാൻ വായിച്ചെടുത്തു. അവൻ ഒന്നും മിണ്ടാതെ എനിക്ക് മുൻപിലായി താമരയുടെ കൈകൾ പിടിച്ചു നടക്കുകയായിരുന്നു. താമര, താഷിയുടെ മാത്രം താര,അവൾ ഒരു കുസൃതിക്കുടുക്കയായിരുന്നു. ഇടയ്ക്കിടെ എന്നെ തിരിഞ്ഞു നോക്കി ചിരിച്ചുകൊണ്ടിരുന്നു. “മാഷ് ഏത് ക്ലാസ്സിലാ പഠിപ്പിക്കണേ?”. അവൾ ചോദിച്ചു.
“വലിയ ക്ലാസ്സില്”
“വലിയ ക്ലാസ്സെന്ന് പറഞ്ഞാൽ ?”
“താമര ഇപ്പോൾ എത്രയിലാണ് പഠിക്കുന്നത്?.” എന്നായി അപ്പോൾ എന്റെ ചോദ്യം “ഒന്ന് ബിയില്” അവൾ കൊഞ്ചിക്കൊണ്ട് പറഞ്ഞു.
“ഞാനേ പത്താം ക്ലാസ്സിലാണ് പഠിപ്പിക്കുന്നത്.”
“ഹൊയ്യോ” അവളുടെ താമരക്കണ്ണുകൾ വിടർന്നു വന്നു. “നിങ്ങൾക്കാരാണ് ഇത്രയും നല്ല പേരുകൾ ഇട്ടത്?” എന്നായി എന്റെ അടുത്ത ചോദ്യം. “അച്ഛനാ”. അത് പറഞ്ഞപ്പോൾ അവളുടെ ശബ്ദം നേർത്ത് നേർത്തു പോയത് പോലെ. ചുവപ്പിൽ മഞ്ഞ പുള്ളികളുള്ള ഉടുപ്പ് വിരിച്ചു പിടിച്ച് ഇരുവശത്തേക്കുമായി പിന്നിയിട്ട മുടി ആട്ടിയാട്ടി അവൾ താഷിയുടെ വിരലുകൾ വിടുവിച്ച് മുന്നോട്ട് അല്പദൂരം ഓടി. “താരേ ഓടരുത്”. ഉത്തരവാദിത്തമുള്ള ഒരു ചേട്ടനായി മാറി താഷിയപ്പോൾ. ഞാൻ അറിയാതെ എന്റെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു. എന്തിന്.? എനിക്ക് മേധയുടെയും എന്റെയും കുട്ടിക്കാലം ഓർമ വന്നു. എന്ത് നല്ല കാലമായിരുന്നു അത്. എല്ലാം പൊയ്പ്പോയിരിക്കുന്നു. താഷിക്കും താമരക്കും ഒപ്പമെത്താൻ എനിക്കും അല്പ ദൂരം ഓടേണ്ടി വന്നു. പിന്നെയും ഒരുമിച്ച് നടക്കുമ്പോൾ ഞാൻ ചോദിച്ചു “ആരാ താമരയെ ഇങ്ങനെ സുന്ദരിയായി അണിയിച്ചൊരുക്കിയത്? അമ്മയാണോ?” സുന്ദരിയാണെന്ന് കേട്ടപ്പോൾ അവളുടെ മുഖം താമരപ്പൂ പോലെ ചുവന്നു തുടുത്തു. “അമ്മ ഇവിടില്ലല്ലോ. ഏട്ടനാ എന്നെ കുളിപ്പിച്ച് തരുന്നതും ഉടുപ്പിടുവിച്ച് തരുന്നതുമൊക്കെ” അവൾ കുസൃതിയോടെ തലയാട്ടിക്കൊണ്ട് പറഞ്ഞു. “അപ്പോൾ കണ്ണെഴുതി തരുന്നതോ.?. പൊട്ടു തൊടുവിച്ചു തരുന്നതോ?” “ അതും ഏട്ടൻ!” ‘ദൈവമേ.. എന്റെ മേധ. എന്റെ കുഞ്ഞനിയത്തി..’ ഞാനറിയാതെ എന്റെ മനസ്സുരുകുകയായിരുന്നു. “ഒരു ശ്രദ്ധയില്ല മാഷേ.. മര്യാദക്ക് തല തോർത്തുക പോലുമില്ല” മൗനം ഭേദിച്ച് താഷിയാണത് പറഞ്ഞത്. അപ്പോഴേക്കും ഞങ്ങൾ നടന്ന് സ്കൂൾ എത്താറായിരുന്നു . ഹൈസ്‌കൂൾ വിഭാഗവും ലോവർ പ്രൈമറി -അപ്പർ പ്രൈമറി വിഭാഗവും രണ്ടിടത്തായിട്ടാണ്. എനിക്ക് പിന്നെയും ഒരു കുഞ്ഞു കയറ്റംകൂടി കയറേണ്ടതുണ്ടായിരുന്നു. യാത്ര പറഞ്ഞു പോകുമ്പോൾ താമര തിരിഞ്ഞു നോക്കി തിരിഞ്ഞു നോക്കി കൈവീശിയാണ് പോയത്. ഒടുവിൽ താഷിയും. നൂറുകണക്കിന് കുട്ടികൾക്കിടയിലേക്ക് അവർ അലിഞ്ഞു ചേരുന്നതും നോക്കി എത്രനേരമാണ് ഞാൻ അവിടെ നിന്നതെന്ന് എനിക്ക് ഓർമയില്ല. മുന്നോട്ട് നടക്കുമ്പോൾ ഓർമകളുടെ തിരയിളക്കത്തിൽ ഞാനാകെ ഉലഞ്ഞു പോയിരുന്നു. ‘എന്റെ വിരലിൽ തൂങ്ങി നടന്ന, എന്റെ നെഞ്ചിൽ കിടത്തി ഞാൻ വളർത്തിയ കുഞ്ഞനിയത്തിയായിരുന്നു മേധ. അവൾ എന്ത് തെറ്റാണ് എന്നോട് ചെയ്തത്?അമ്മയേയും സഹോദരനേയും ഉപേക്ഷിച്ച് സ്നേഹിച്ച പുരുഷനോടൊപ്പം ജീവിച്ചു തുടങ്ങിയതോ? അവൾക്ക് അവളുടെ ആഗ്രഹം തുറന്നു പറയാമായിരുന്നില്ലേ, എല്ലാവരേയും നാണക്കേടിലാഴ്ത്തി ഒളിച്ചു പോകണമായിരുന്നോ? അമ്മക്ക് അവളോട് എങ്ങനെ ക്ഷമിക്കാൻ കഴിഞ്ഞു. അത് അമ്മ മനസ്സിന്റെ വലിപ്പമാകാം . എനിക്കതിനു കഴിയില്ല.’ഓർമകളെ വകഞ്ഞു മാറ്റി ഞാൻ ആ ആടിയുലച്ചിലിനെ അതിജീവിച്ചു. തികട്ടി വന്നതെല്ലാം ആയാസപ്പെട്ടിറക്കി വാർത്തമാനത്തിന്റെ നേരിലേക്കിറങ്ങി നടന്നു.
എല്ലാ ദിവസവും താഷിയും താമരയും പിന്നെ എനിക്കൊപ്പമായിരുന്നു സ്‌കൂളിലേക്ക് വന്നിരുന്നത്. വൈകുന്നേരം സ്കൂൾ വിട്ടാൽ ഞാൻ എത്തും വരെ അവർ അവരുടെ സ്കൂൾ ഗേറ്റ് നു മുന്നിൽ കാത്തു നിൽക്കും.മടക്കവും ഞങ്ങൾ ഒരുമിച്ചായിരുന്നു.മുത്തച്ഛൻ പറഞ്ഞു ചട്ടം കെട്ടിയതാണത്. ‘മാഷ്ടെ കൂടെയേ വരാവൂ’.അധ്യാപകനും വിദ്യാർത്ഥിക്കുമിടയിലേതു പോലെയൊരു ബന്ധമായിരുന്നില്ല ഞങ്ങൾക്കിടയിൽ. ആ അഞ്ച് വയസ്സ്കാരിയിലും പന്ത്രണ്ട് വയസ്സുകാരനിലും ഞാൻ കണ്ടത് എന്റെയും മേധയുടേയും കുട്ടിക്കാലം തന്നെയായിരുന്നു.. പ്രവർത്തി ദിവസമായിരുന്ന ഒരു ശനിയാഴ്ചയായിരുന്നു അത്.അന്ന് വൈകുന്നേരം നാട്ടിലേക്ക് പോകണമെന്ന് നേരത്തെ തീരുമാനിച്ചതായിരുന്നു. സ്കൂൾ വിട്ട് വരുമ്പോൾ വീണ്ടും മഴ പെയ്തു തുടങ്ങി. മഴയിൽ നിറയെ ദ്വാരങ്ങൾ വീണ, മങ്ങിയ തവിട്ടു നിറമുള്ള കുടയിൽ നനഞ്ഞൊട്ടി താഷിയും താമരയും എന്നെ കാത്തു നിൽക്കുകയായിരുന്നു. ആ കുടയുടെ കമ്പികളിൽ ഒന്ന് രണ്ടെണ്ണം ഒടിഞ്ഞു തൂങ്ങിയിരുന്നു. “ഈ കുടയിലേക്ക് കയറി നിൽക്കൂ” അത് കണ്ട് ഞാൻ താമരയോട് പറഞ്ഞു. അവൾ ഓടി വന്ന് എന്റെ കുടയ്ക്കടിയിലേക്ക് കയറി നിൽക്കുകയായിരുന്നു. “എന്താ താമരയ്ക്ക് കുടയില്ലേ”? ഞാൻ ചോദിച്ചു. അവൾ മിണ്ടിയില്ല. “ഇത് അമ്മയുടെ കുടയാ. എനിക്ക് തന്നിട്ട് പോയതാ.ഇത് മുഴുവൻ കേടുപറ്റിയാൽ പുതിയത് വാങ്ങിച്ചു തരാമെന്ന് അമ്മ പറഞ്ഞിട്ടുണ്ട്.” താഷി പറഞ്ഞു.
“അമ്മ നാളെ വരും.” അത് പറയുമ്പോൾ താമര തുടിക്കുന്ന ഒരു പൂവിതൾ പോലെയായി. അവൾ അവളുടെ ബാഗ് മഴ നനയാതിരിക്കാൻ നെഞ്ചോട് ചേർത്ത് പിടിച്ചിരുന്നു. “എനിക്കുമുണ്ട് താമരയെ പോലെ ഒരു അനിയത്തി. പണ്ട് പണ്ട് സ്‌കൂളിലേക്ക് പോകുമ്പോൾ ഞങ്ങളും ഇങ്ങനെയായിരുന്നു. മഴയിൽ നനഞ്ഞ്.. അവൾക്കും എന്റെ കുടയ്ക്കടിയിൽ നടക്കാനായിരുന്നു ഇഷ്ടം.ഏട്ടനായിരുന്നു അവളുടെ കുട”. ഞാൻ പറഞ്ഞു. ചില വാക്കുകൾ എത്ര മറച്ചു പിടിച്ചാലും മറ നീക്കി പുറത്ത് വരും. ഹൃദയത്തിൽ നിന്ന് വരുന്ന വാക്കുകളെ തടഞ്ഞു നിർത്താൻ ആർക്കുമാവില്ലെന്ന് എനിക്ക് തിരിച്ചറിവുണ്ടായത് അന്നായിരുന്നു. ‘ഏട്ടനായിരുന്നു അവളുടെ കുട’- താഷിയോടും താമരയോടുമായി പറഞ്ഞ ആ വാക്കുകൾ ഹൃദയത്തിന്റെ ഉള്ളറകളിൽ തട്ടി പിന്നെയും പിന്നെയും പ്രതിധ്വനിച്ചുകൊണ്ടിരുന്നു..അവർക്ക് തിരിയാനുള്ള വഴിയിൽ ആ വൃദ്ധൻ കാത്തു നിന്നിരുന്നു, മഴ നനഞ്ഞ ഒരു തൂവെള്ള തൂവൽ പോലെ. അയാൾ തണുത്ത് വിറക്കുകയായിരുന്നു.. ഞാൻ എന്റെ കുട അവർക്ക് നൽകി. “അയ്യോ.. വേണ്ട മാഷേ.. മാഷ് നനയില്ലേ” അയാൾ അത് നിരസിച്ചു കൊണ്ട് പറഞ്ഞു. സാരമില്ല, ഇടയ്ക്ക് മഴ നനയുന്നതും ഒരു സുഖമാണെന്ന് പറഞ്ഞ് നിർബന്ധപൂർവം ആ കുട താമരയുടെ കൈയിൽ കൊടുത്ത് ഞാൻ ഓടുകയായിരുന്നു. മഴയിൽ നനഞ്ഞു വരുന്ന എന്നെ കണ്ട് ദേവസ്സി ചേട്ടൻ തെല്ലൊരു ആശങ്കയോടെ നിന്നു.“നനയാൻ ഒരു പൂതി” എന്ന് പറഞ്ഞ് ഞാൻ മുറിയിലേക്ക് ഓടി കയറി.തിടുക്കത്തിൽ ബാഗിൽ വിയർപ്പുനാറുന്ന തുണികളെല്ലാം കുത്തി നിറച്ചു പുറത്തിറങ്ങി. മുറിയുടെ താക്കോൽ ദേവസ്സി ചേട്ടനെ ഏൽപ്പിച്ചു. “ തിങ്കളാഴ്ച ഞാൻ വരില്ല ദേവസ്സി ചേട്ടാ. അമ്മയെ ചെക്കപ്പിന് കൊണ്ട് പോകണം. ചൊവ്വാഴ്ച വൈകിയേ എത്തൂ”. ഞാൻ പറഞ്ഞു. നാട്ടിലേക്ക് പോകുമ്പോഴേല്ലാം താക്കോൽ ഞാൻ ദേവസ്സി ചേട്ടനെതന്നെയാണ് ഏൽപ്പിക്കാറുള്ളത്. ഒഴിവുള്ളപ്പോള്‍ അയാളും ബേബിചേച്ചിയും കൂടി മുറി അടിച്ചു തുടച്ചു വൃത്തിയാക്കിയിടും. ആവശ്യപ്പെട്ടിട്ടൊന്നുമല്ല അങ്ങനെ ചെയ്യുന്നത്, എങ്കിലും അതും ഒരലിഖിത കരാറായി ഞങ്ങൾക്കിടയിൽ നിന്നിരുന്നു എന്ന് പറയുന്നതാവും ശരി.ബസിൽ റെയിൽവേ സ്റ്റേഷനിലേക്ക് പുറപ്പെടുമ്പോൾ അയാൾ മില്ലിന് പുറത്തെ അരമതിലിൽ ഇരുന്ന് എനിക്ക് നേരെ കൈ വീശി കാണിച്ചു.
വീട്ടിലേക്കുള്ള മടങ്ങി വരവുകൾക്ക് ഒരു പ്രത്യേക സുഖമാണ്, അത് നിർവചിക്കാനാവാത്ത ഒരനുഭൂതിയാണ്. എന്നെ സംബന്ധിച്ചിടത്തോളം അമ്മയുടെ ഗർഭപാത്രത്തിന്റെ സുരക്ഷിതത്വവും ചൂടുമാണ് എനിക്കെന്റെ വീട്. എല്ലാം പഴയത് പോലെ തന്നെയുണ്ടായിരുന്നു.ഗേറ്റിൽ പടർത്തിയിരിക്കുന്ന മോർണിംഗ് ഗ്ലോറികൾ, ദൂരെ ചെറിയ പോർച്ചിൽ മൂടിയിട്ടിരിക്കുന്ന എന്റെ ടു വീലർ,വാതിൽക്കൽ കത്തിച്ചു വെച്ചിരിക്കുന്ന നിലവിളക്ക്,വൃത്തിയിൽ അടിച്ചിട്ട മുറ്റം, മുറ്റം നിറയെ ചൂലുകൊണ്ട് വരഞ്ഞ ‘റ’ വരകൾ. അതിലൂടെ കാൽപാടുകൾ പതിപ്പിച്ചു നടക്കാൻ ഒരു പ്രത്യേക രസമാണ്.മഴ വിട്ടു നിൽക്കുകയായിരുന്നു.. എന്നത്തേയും പോലെ ഭസ്മക്കുറി നെറ്റിയുമായി അമ്മ വന്നെന്നെ പുണർന്നു.എല്ലാ ഭാരവും ഒഴിഞ്ഞു പോയി ഞാൻ ഒരു കുഞ്ഞായി തീരുന്നത് പോലെ എനിക്കനുഭവപ്പെട്ടു.രാത്രി അടുക്കളയിലെ ചെറിയ മേശയിലിരുന്നു ഭക്ഷണം കഴിക്കുമ്പോൾ ഞാൻ അതിരഞ്ഞൂർ വിശേഷങ്ങൾ അമ്മയോട് പങ്കു വെച്ചു. താഷിയെ കുറിച്ചും താമരയെക്കുറിച്ചും അവരുടെ അമ്മയെ കുറിച്ചും തന്നെയായിരുന്നു സ്വാഭാവികമായും ഏറ്റവും കൂടുതൽ സംസാരിച്ചത്. “എനിക്ക് നമ്മുടെ പോയ കാലം ഓർമ വന്നു”.ഞാൻ പറഞ്ഞു.അമ്മയും ഓർമകൾക്കൊപ്പം സഞ്ചരിക്കുകയാണെന്ന് അമ്മയുടെ മുഖത്ത് നിന്ന് എനിക്ക് വായിച്ചെടുക്കാനാവുമായിരുന്നു.
“പാവം കുട്ടികൾ. അവരിനി എത്രകാലം നീന്തണം, ദുരിതങ്ങളുടെ ആ കടൽ കടന്നു കിട്ടാൻ”. ഭക്ഷണം കഴിച്ചു കഴിഞ്ഞ് പാത്രം കഴുകി വെക്കുമ്പോൾ ഞാൻ പറഞ്ഞു. അമ്മ ഒന്നും മിണ്ടിയില്ല. പഴയതെല്ലാം അമ്മയെ ഓർമിപ്പിക്കേണ്ടതില്ലായിരുന്നു എന്ന കുറ്റബോധത്തോടെയാണ് ആ രാത്രി ഞാൻ ഉറങ്ങാൻ കിടന്നത്.പിന്നെ രണ്ട് ദിവസങ്ങൾ കടന്നു പോയതറിഞ്ഞില്ല.അമ്മയുടെ ചെക്ക് അപ്പ്, ടു വീലറിന്റെ സർവിസിങ്,വീടിന്റെ മോടികൂട്ടുന്ന ചില അറ്റകുറ്റ പണികളെല്ലമായി നിന്ന് തിരിയാൻ സമയമില്ലായിരുന്നു.പിറ്റേന്ന് അതിരാവിലെ പുറപ്പെട്ടിറങ്ങുമ്പോൾ ഒരുപോലെയുള്ള രണ്ട് പുള്ളി കുടകൾ എന്റെ കൈകളിലേക്ക് വെച്ച് തന്ന് അമ്മ പറഞ്ഞു –“ഇത് താഷിക്കും താമരയ്ക്കും കൊടുക്കണം.”.വർഷങ്ങൾക്ക് മുൻപുള്ള ഏതോ ഒരു ദിവസത്തിൽ നിന്ന് ഇറങ്ങി വന്നതാണ് അമ്മ, എന്നാണ് എനിക്ക് ആ നിമിഷം തോന്നിപ്പോയത്.. എനിക്കും മേധയ്ക്കും പകരം താഷിയും താമരയുമായെന്നേയുള്ളൂ.
രണ്ട് ദിവസത്തെ അവധി കഴിഞ്ഞ് തിരിച്ച് അതിരഞ്ഞൂർ എത്തിയപ്പോൾ സമയം പതിനൊന്നു മണി കഴിഞ്ഞിരുന്നു. ബസ് സ്റ്റോപ്പിലിറങ്ങി തിടുക്കത്തിൽ നടന്നു. മഴ മാറി നിന്നിരുന്നെങ്കിലും അതിരഞ്ഞൂരാകാശം തെളിച്ചമില്ലാതെ മൂടിക്കെട്ടി നിൽക്കുകയായിരുന്നു. സ്റ്റോപ്പിൽ നിന്ന് ഇടത്തോട്ട് തിരിയുന്ന, സ്‌കൂളിലേക്കുള്ള വഴിയിലെ വൈദ്യുത വിളക്കിന്റെ ചുവട്ടിൽ പതിച്ചുവെച്ചിരിക്കുന്ന മരണമറിയിപ്പ് കണ്ട് ഞാൻ നടുങ്ങി പോകുകയായിരുന്നു.എന്റെ ശ്വാസം നിലയ്ക്കുന്നത് പോലെയും കൈകാലുകൾ ഊർന്നു വീഴുന്നതായും എനിക്കനുഭവപ്പെട്ടു. എങ്ങനെയാണ് ഞാൻ ദേവസ്സി ചേട്ടന്റെ മില്ലിന് മുന്നിലേക്ക് നടന്നെത്തിയത് എന്ന് എനിക്കു തന്നെയറിയില്ല.ദേവസ്സി ചേട്ടൻ എന്നെ താങ്ങിപ്പിടിച്ചിരുത്തുകയായിരുന്നു. അരമതിലിൽ ചാരിയിരുന്ന് ഒരു ഗ്ലാസ് വെള്ളം കുടിച്ചു.
“സാറ് അറിഞ്ഞില്ലായിരുന്നു അല്ലെ?” അയാൾ ചോദിച്ചു.ഇല്ലായെന്ന് ഞാൻ തലയാട്ടി. സ്വാഭാവികമായും സ്കൂളിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ആ വിവരം ഉണ്ടായിരുന്നിരിക്കണം. നോട്ടിഫിക്കേഷൻ എന്നെന്നേക്കുമായി സൈലന്റ് ആക്കിയിട്ടിരിക്കുന്നത് കൊണ്ടും കഴിഞ്ഞ രണ്ട് ദിവസങ്ങളായി വീട്ടിൽ പിടിപ്പത് പണിയായിരുന്നത് കൊണ്ടും ഞാനത് ശ്രദ്ധിക്കാതിരുന്നതാണ്.
“അമ്മയും മക്കളും കൂടി കടവിൽ കുളിക്കാൻ പോയതാണ്.. ആരെങ്കിലും ചെയ്യുമോ സാറേ, ഈ മഴക്കാലത്ത്...!അവൾ ഏത് മലവെള്ള പാച്ചിലും നീന്തി കയറുന്നവളാ.. പക്ഷേ കുട്ടികൾ അങ്ങനെയാണോ...ഇറങ്ങരുതേ..കരയ്ക്ക് നിന്നാൽ മതി, നീങ്ങി നിന്നോ എന്ന് പറഞ്ഞാണത്രേ കടവിലിറങ്ങിത്.. പക്ഷേ കാലു തെന്നിയതാണോ എങ്ങനെയാണെന്ന് ഒരുപിടിത്തവുമില്ല. ഒന്ന് മുങ്ങി നിവർന്നപ്പോൾ കണ്മുന്നിൽ മുങ്ങി താഴുന്നതാണ് കണ്ട കാഴ്ച..അതിരഞ്ഞൂർ പുഴയാണ്. കുസൃതിക്കാരിയാണ്.. ഏത് നേരത്താണ് പുറകിൽ ഒളിപ്പിച്ചു വെച്ച കൈകളുമായി അവൾ പിടിച്ചു വലിക്കുക എന്നാർക്കുമറിയില്ല. ഒരുപാട് ഇഷ്ടമുള്ളവരെ അവൾ പിടിച്ചു വലിച്ചു കൊണ്ട് പോകും. പിന്നെയാര് ശ്രമിച്ചിട്ടും കാര്യമില്ല.” ദേവസ്സി ചേട്ടൻ നിന്ന നിൽപ്പിൽ പറഞ്ഞതെല്ലാം ഞാൻ യാന്ത്രികമായി കേട്ടുകൊണ്ടിരിക്കുകയായിരുന്നു.പിന്നെ ഇറങ്ങി നടന്നു. “ഞാനും വരാം.. അടക്കമാവുമ്പോഴേക്കും എത്താം” എന്ന് അയാൾ എനിക്ക് പിറകിൽ നിന്ന് വിളിച്ചു പറയുന്നുണ്ടായിരുന്നു. ആദ്യത്തെ കയറ്റം കഴിഞ്ഞ് ഇടവഴിയിലേക്ക് കയറിയപ്പോൾ ദൂരെ ആൾക്കൂട്ടം തിങ്ങി നിറഞ്ഞ ഒരു മുറ്റം കാഴ്ചയിലേക്ക് വന്നു. പിന്നെ ആ കാഴ്ച അടുത്തടുത്തെത്തി.കടുത്ത വിഷാദത്തിൽ ഭൂമിയിലേക്ക് മുഖം പൂഴ്ത്തി നിൽക്കുകയായിരുന്നു ആ വീട്.നേർത്ത് ചിലമ്പിച്ച ഒരു കരച്ചിൽ ആ വീടിന്റെ,വിള്ളൽ വീണ,നിറം മങ്ങിയ ചുവരുകളിലും ദ്വാരങ്ങൾ വീണ മേൽക്കൂരയ്ക്കടിയിലുമായി തങ്ങി നിന്നിരുന്നു.എല്ലാ മുഖങ്ങളും പരിചിതമായിരുന്നു. ചിലർ എഴുന്നേറ്റ് അവരുടെ ഇരിപ്പിടങ്ങൾ എനിക്കായി ഒഴിച്ചിട്ടു തരുന്നുണ്ടായിരുന്നു. ആരെയും ശ്രദ്ധിക്കാനാവാതെ ആൾക്കൂട്ടത്തിലൂടെ തിങ്ങി ഞെരുങ്ങി ഞാൻ നീല ടർപോളിൻ ഷീറ്റ് വിരിച്ചിടത്തേക്ക് കടന്നു. കുളിച്ചു കണ്ണെഴുതി പൊട്ടു തൊട്ട് പുള്ളിയുടുപ്പിട്ട് കുസൃതിച്ചിരിയുമായി എന്നെന്നേക്കുമായി മയങ്ങി കിടക്കുകയായിരുന്നു അവൾ, താമര. ഒരു നോക്കേ ഞാൻ നോക്കിയുള്ളൂ.അപ്പോൾ ദുർബലമായ രണ്ട് കൈകൾ വന്നെന്നെ ചുറ്റിപ്പിടിച്ചത് ഞാൻ അറിഞ്ഞു. ‘മാഷേ’എന്ന് വിളിച്ചു കൊണ്ട് താഷി എന്റെ വയറ്റത്ത് മുഖം പൂഴ്ത്തി.. അവനിനി ആർക്കാണ് കുടയാവുക?, അവനായിരിക്കും അവസാനമായി അവന്റെ കുഞ്ഞനിയത്തിയെ ഒരുക്കി കിടത്തിയിട്ടുണ്ടാവുക, അതിനുള്ള അവകാശം മറ്റാരേക്കാളും അവനു തന്നെയാണുള്ളത്. ദൈവമേ കാലം എന്തൊരു ക്രൂരനാണ് എന്ന് വിലപിച്ചു കൊണ്ട് ഞാൻ അവനെ ചേർത്തുപിടിച്ചു നിന്നു.എല്ലാ വാക്കുകളും അപ്രസ്കതമാവുന്ന മൗനം മാത്രം സംസാരിക്കുന്ന ഒരു നിമിഷമായിരുന്നു അത്.പിന്നെ ആരുടേയും കണ്ണെത്താത്ത വിധം ഒരു കോണിൽ പോയിരുന്നു. ചിതയിലെ അവസാന കനലും അണഞ്ഞപ്പോൾ ബാഗിൽ നിന്നെടുത്ത ഒരു പുള്ളിക്കുട ഞാൻ ആ ചാരക്കൂമ്പാരത്തിന്റെ തലയ്ക്കൽ നിവർത്തി വെച്ചു.മറ്റൊന്ന് ഏതോ ഒരു കസേരയിലും. താഷി അത് കണ്ടിരുന്നോ എന്നെനിക്കറിയില്ല. യാത്ര ചോദിക്കാതെ തിരികെ നടക്കുമ്പോൾ ഇടയ്ക്കൊന്ന് ഞാൻ തിരിഞ്ഞു നോക്കി . കെട്ടടങ്ങിയ ചിതയുടെ തലയ്ക്കൽ പോക്കുവെയിലിൽ ആ കുട തനിച്ചിരുന്നു., മറ്റൊരു കുട എല്ലാകാലത്തേക്കുമായി കണ്ണീർ പെയ്തുകൊണ്ട് അത് നോക്കി നിൽക്കുകയായിരുന്നു. കണ്ണീർ തുളുമ്പി കാഴ്ച മങ്ങുന്നുണ്ടായിരുന്നു..പൊടുന്നനെ,എനിക്ക് മേധയെ കാണണമെന്ന് തോന്നി. എത്ര നാളായി അവളെ നേരിൽ കണ്ടിട്ട്, അവളുടെ ശബ്ദം കേട്ടിട്ട്.അകാരണമായ ഒരു ഭയവും നഷ്ടബോധവും ആ നിമിഷം വന്നെന്നെ പൊതിഞ്ഞു.ഫോണെടുത്ത് ഞാൻ അവളുടെ നമ്പറിൽ ഡയൽ ചെയ്തു. വർഷങ്ങൾക്കപ്പുറത്ത് നിന്ന് കേൾക്കുന്നത് പോലെയായിരുന്നു അപ്പോൾ മേധയുടെ ശബ്ദം, പ്രാകൃതമായ ഒരു നിലവിളിയായിരുന്നു എന്നിൽ നിന്നും പുറത്തേക്ക് വന്നത്. – “മോളേ.....”! ഫോണിന്റെ മറുതലയ്ക്കൽ നിന്ന് അടക്കിപ്പിടിച്ച ഒരു തേങ്ങൽ ഞാൻ കേട്ടു.....