
പാതിരായാമങ്ങളിൽ കുളക്കടവ് പ്രകമ്പനം കൊണ്ടു . ഒരു കൊടിയും കൊണ്ട് ചാടി വീണിരിക്കുന്നു കുറേ അലക്കുകാർ .
അവർ തമ്മിൽത്തമ്മിൽ ചെകിട്ടത്തും മുതുകത്തും അടിക്കുന്നതിൻ്റെ ഒച്ചയാണ് കൂടുതൽ കേട്ടത് .
ഇടയ്ക്കിടെ ചിലർ ചിലരെ തൊഴിച്ച് വീഴ്ത്തുന്നുണ്ട് . ഉടൻ , എടാ എന്നലറിക്കൊണ്ട് , വീണ ഒരുത്തൻ ചാടി വന്ന് കൊടി പിടിച്ച് പറിക്കാൻ നോക്കുന്നു . അപ്പോൾ അലക്കുവടി കൊണ്ട് മറ്റൊരുത്തൻ അവൻ്റെ തലയ്ക്കടിച്ചു . തല പൊട്ടി ചോരയൊഴുകി . അതു കണ്ട് ഒരു രോമാഞ്ച കഞ്ചുകൻ - ഹാ ..... വർഗ്ഗശത്രുവിൻ്റെ ചോര എത്ര നീചം !
ഇടയ്ക്ക് കേൾക്കാം കൊടി കല്ലിൽ തല്ലി നനക്കുന്നതിൻ്റെ ശബ്ദം . കുറേ നേരം കൊടി കല്ലിൽ തല്ലും . അത് മടുത്താൽ കൊടിയെ വടി കൊണ്ട് തല്ലും .കണ്ടാൽ ശരിക്കും കൊടിച്ചിപ്പട്ടിയെ തല്ലുന്നത് പോലുണ്ട് . ഭൂപടങ്ങളിൽ ഒരിന്ത്യയുണർന്നപ്പോൾ ജീവിതങ്ങൾ തുടലൂരിയെറിഞ്ഞ് ഈ മലനാട്ടു മണ്ണ് ധീരമായി നേടിയ ആ കൊടി !
ഇത് ഒന്നൊന്നര അലക്കല്ല , നാലഞ്ചേമുക്കാലക്ക് . മുക്കലിനെതിരെ തുടങ്ങിയ അലക്കാണ് . അതിലേക്ക് മുക്കാൻ കിട്ടിയവരും കിട്ടാത്തവരും പക്ഷം ചേർന്നു . കൊടി ബാക്കി വേണം എന്നാഗ്രഹമുള്ള ആരെങ്കിലും ആ കൂട്ടത്തിൽ ഉണ്ടെന്ന് തോന്നുന്നില്ല . ഉണ്ടെങ്കിൽ ഒരു അലക്കും ഇങ്ങനെ ഒരു അതിക്രമമായി തുടരില്ലല്ലോ .
മുക്കലിനെതിരെ തുടങ്ങിയ അലക്ക് മൂത്തപ്പോൾ ചിലർ മുങ്ങി . ചിലർ പൊങ്ങി . മുങ്ങിയ ചിലരെ പൊക്കി . പൊങ്ങിയ പലരെ മുക്കി . ഒരു തരം മെഗാ അലക്ക് തന്നെ .
അലക്കി അലക്കി നേരം വെളുക്കുമ്പോഴേക്കും അഴുക്കെല്ലാം ഇളകി , പുഴയിലെ വെള്ളം മൊത്തം കറുത്തു . കൊടിയാകട്ടെ , നട്ടുച്ച വരെ അലക്കിയിട്ടും വെളുത്തുമില്ല . കൊടിയിലെ കരിയും ചെളിയുമല്ല , അലക്കുകാരുടെ ഉള്ളിലെ അഴുക്കാണ് കൂടുതലിളകിയത് .
ക്യാമറയും പേനയുമായി അലക്ക് റിപ്പോർട്ട് ചെയ്യാൻ വന്ന കുറേ ആട്ടിൻകുട്ടികൾ ആവേശത്തോടെ കടവത്ത് നിന്നു . അതിൽ ആട്ടിൻതോലിട്ടവരാര് എന്ന് എണ്ണാൻ പ്രയാസമാണ് . ഒറിജിനൽ ആടേത് എന്ന് ചികയുന്നതാവും എളുപ്പം .
അലക്കുതല്ല് മൂത്ത് അലക്ക് കല്ല് പൊട്ടി . രാപ്പകലുള്ള അലക്കലമ്പ് കേട്ട് കേട്ട് സ്വൈര്യം നഷ്ടപ്പെട്ട കടവത്തു കാർ കുടിയൊഴിഞ്ഞ് പോയി . എന്നിട്ടും നിർത്തിയില്ല അലക്കുഘോരന്മാർ !
ആടും വേഷക്കാർ ചോര കലങ്ങിയ വെളളം കുടിക്കാൻ കൊള്ളുന്നതാണോ എന്ന് മണത്തു നോക്കി ..... ഹോ , അസഹനീയം .... പതിറ്റാണ്ടുകളുടെ പിന്നാമ്പുറക്കഥകളും കുത്തിത്തിരിപ്പുകളും കൊണ്ട് ജീർണ്ണതയുടെ ദുർഗന്ധം വമിക്കുന്നു .
ഒടുവിൽ കൊടിയുടെ തുണി കീറിപ്പറിഞ്ഞ് കുറേ പിഞ്ഞിയ നൂലുകളായി . അതിൻ്റെ ചുവപ്പ് നിറവും മിക്കവാറും മങ്ങിപ്പോയിരുന്നു .
പിന്നെ പിടി വലി ആ നൂലുകൾക്ക് വേണ്ടിയായി . പിടിച്ചു വലിച്ചും പൊട്ടിച്ചെടുത്തും സ്വന്തമാക്കാൻ കഴിഞ്ഞ ചിലർ നൂലിഴകൾ കുടൽ മാലയായി കഴുത്തിലിട്ടമറുന്ന ഭീമനായി .
ഒന്നല്ല , അനവധി ഭീമന്മാർ ....
ഇപ്പോൾ ഭീമന്മാരെല്ലാം ദുശ്ശാസനന്മാർ ! !