
ഇന്ന് വൈശാഖൻ തമ്പിയുടെ ഒരു വീഡിയോ കാണുകയായിരുന്നു. അതിലയാൾ പേരൻ്റിംഗിനെ പറ്റി പറയുന്നുണ്ട്. ഇന്നത്തെ മാതാപിതാക്കളുടെ കുട്ടികളെപറ്റിയുള്ള ആധിയെ പറ്റി പറയുന്നുണ്ട്.
അപ്പോ ഞാനാലോചിക്കയായിരുന്നു.
എന്നെപ്പറ്റി . എൻ്റെ അമ്മയെ പറ്റി.
എൻ്റെ മക്കൾക്ക് 24 ഉം 28 ഉം വയസ്സായി. എന്നിട്ടും അവർ പുറത്ത് പോയാൽ എനിക്ക് ആധിയാണ്. അതിന് പരിഹാരം കണ്ടത് ഇങ്ങനെയാണ്. അവർ എവിടെ പോയാലും പോയി തിരിച്ച് വരുന്നതുവരെ എന്നെ അറിയിക്കരുത്. അതവർ ചിലപ്പോഴൊക്കെ അറിയാതെ ലംഘിക്കും. അപ്പോ ഞാനിങ്ങനെ ആധിപിടിച്ചു കൊണ്ടേയിരിക്കും. എവിടെയണാവോ ? എന്തെടുക്കാണാവോ? എന്നൊക്കെ. എന്തുണ്ടായാലും ദൂരെയൊരിടത്തിരിക്കുന്ന എനിക്കൊന്നും ചെയ്യാനാവില്ല എന്നറിഞ്ഞിട്ടുപോലും .....
അപ്പഴാണ് ഞാനമ്മേനെ ഓർക്ക. പണ്ട് ഞാൻ എട്ടിലും ഒമ്പതിലും പത്തിലും പഠിക്കുന്ന കാലത്ത്. അന്ന് ഞാൻ ഒല്ലൂർകോൺവെൻറ് സ്കൂളിലാണ് പഠിക്കുന്നത്. വീട്ടിൽ നിന്നും മുക്കാൽ മണിക്കൂർ നേരത്തെ ബസ് യാത്രയുണ്ട് സ്കൂളിലേക്ക്.
അന്ന് ചില വെള്ളിയാഴ്ചകളിൽ സ്കൂൾ വിടുമ്പോൾ ഞാൻ എൻ്റെ വരാക്കരയിലുള്ള അമ്മയുടെ വീട്ടിലേക്കാണ് പോകാറ് .
പിന്നെ തിങ്കളാഴ്ച സ്കൂളിലേക്ക് പോയി അവിടുന്ന് വൈകിട്ടാണ് വീട്ടിലേക്ക് തിരിച്ചെത്തുന്നത്.
പിന്നീട് എനിക്ക് മക്കൾ ഉണ്ടായതിനുശേഷം അവരെ സ്കൂളിലേക്ക് വിട്ട് കുറച്ച് വൈകിയാൽ പോലും ആധി പിടിച്ചിരിക്കുന്ന സമയത്ത് ഞാൻ ആലോചിക്കാറുണ്ട് എൻറെ അമ്മ അന്ന് ശനിയും ഞായറും തിങ്കളും എന്ത് സമാധാനത്തിലാണ് വീട്ടിലിരുന്നിരുന്നത് എന്ന്.
വെള്ളിയാഴ്ച്ച ഞാൻ അമ്മയുടെ വീട്ടിലേക്കാണ് പോകുന്നത് എന്ന് എന്റെ അമ്മക്കറിയാം. പക്ഷേ ഞാൻ അവിടെ എത്തിയോ എന്ന് അറിയാൻ ഒരു മാർഗ്ഗവുമില്ല. ഞാനാ വെള്ളിയാഴ്ച വരാക്കരയിൽ അമ്മ വീട്ടിലേക്ക് എത്തും എന്ന് അവർക്കും മുൻധാരണയില്ല.ഇന്നത്തെപ്പോലെ മിനി ഇന്ന് അവിടേക്കാണ് വരുന്നത് കേട്ടോ എന്ന് വിളിച്ചു പറയാൻ ടെലഫോൺ സൗകര്യണ്ടായിരുന്നില്ലല്ലോ.
തിരിച്ച് തിങ്കളാഴ്ച വീട്ടിലേക്ക് തിരികെ എത്തുന്നതിനിടയിലുള്ള സമയത്ത്എനിക്ക് എന്ത് സംഭവിച്ചാലും ആരും അത് അറിയാൻ പോകുന്നില്ല.തിങ്കളാഴ്ച തിരിച്ചെത്തിയില്ലെങ്കിൽ മാത്രമാണ് എനിക്ക് എന്തുപറ്റി? എന്താണ് വരാത്തത് എന്നതിനെപ്പറ്റി ഒരു അന്വേഷണം ഉണ്ടാവുകയുള്ളൂ.
അതുപോലെ വീട്ടിൽനിന്ന് 20 മിനിറ്റ് നടന്നാലാണ് ബസ്റ്റോപ്പിൽ എത്തുന്നത്. ബസ്റ്റോപ്പിലേക്ക് പോകുമ്പോ സ്ഥിരം നേരം വൈകൽകാരിയായ ഞാൻ റബർ തോട്ടത്തിലൂടെ ഓടിച്ചാടിയും കുന്നുകയറിയും ഒക്കെയാണ് എളുപ്പവഴി ബസ്റ്റോപ്പിൽ എത്താൻ ശ്രമിക്കാറുള്ളത്.
ആരുമില്ലാത്ത വിജനമായ റബ്ബർ തോട്ടങ്ങൾ.
അതുപോലെ മഴക്കാലത്ത് സ്കൂളിൽ നിന്ന് തിരിച്ചു വരുന്ന വഴി എനിക്ക് പാടത്ത് കൂടെ വരാനാണ് ചിലപ്പോ തോന്നുക. വീട്ടിൽ അറിഞ്ഞാൽ അടി കിട്ടും. പാടത്ത് കൂടി വരുന്നത് വീട്ടുകാർക്ക് ഇഷ്ടായിരുന്നില്ല കാരണം അതിലവർക്ക് പേടിയുണ്ടായിരുന്നു. നിറഞ്ഞ് കവിഞ്ഞൊഴുകുന്ന തോടു മുറിച്ചു കടന്ന് അരക്കൊപ്പം വെള്ളത്തി കൂടെ മുറിച്ച് കേറി വേണം വരാൻ. അതിലവർക്ക് പേടിയുണ്ട്. നല്ല ഒഴുക്കുണ്ടാവും. എവടെലും പെടച്ചു കേറി വീഴണ പോലല്ലല്ലോ. വെള്ളത്തി വീണ് മുങ്ങി ചത്താലോ ! പലപ്പോഴും അടി കിട്ടിയിട്ടുണ്ട്. എന്നാലും ഈ സാഹസികത ഞാൻ ഉപേക്ഷിക്കാറില്ല എനിക്ക് നിറഞ്ഞു കവിഞ്ഞു കിടക്കണ തോട്ടിറമ്പത്ത് കൂടി കഷ്ടപ്പെട്ട് ഓരോന്ന് നോക്കിം കണ്ടും ഒക്കെ നടക്കണം.
( ഭാഗ്യത്തിന് എനിക്കൊന്നും പറ്റിയില്ല. ചിലരുടെ ഭാഗ്യക്കേട് കൊണ്ടും .. )
അങ്ങനെ ഇന്നത്തേക്കാളും നൂറായിരംഅപകടസാധ്യതയുള്ള സാഹചര്യങ്ങളിൽ കൂടി ഒക്കെ മക്കളെ ഇങ്ങനെ അഴിച്ചുവിടുമ്പോൾ അന്നത്തെ മാതാപിതാക്കൾക്ക് ഇത്ര പേടിയൊന്നും ഉണ്ടായിരുന്നില്ല എന്നാണ് എനിക്ക് തോന്നുന്നത്. ഇപ്പോൾ ഇത്തിരി നേരം മക്കൾ മാറി നിൽക്കുമ്പോൾ പോലും എന്തൊരു ചങ്കിടിപ്പാണ്.
വൈശാഖൻ തമ്പി പറയുന്നതുപോലെ ഇന്ന് ഒരുപാട് സുരക്ഷാ സംവിധാനങ്ങൾ ഉണ്ട്. എല്ലാ പിള്ളേർക്കും മൊബൈലുണ്ട് എത്തിയോ ? എപ്പോ തിരിച്ചെത്തും? നേരം വൈകുമോ? എന്നൊക്കെ വിളിച്ചു ചോദിക്കാനുംഅന്വേഷിക്കാനും ഒക്കെ ഒരുപാട് സുരക്ഷാസംവിധാനങ്ങൾ ഉണ്ട്. എന്നിട്ട് പോലും ആ സുരക്ഷാ സംവിധാനങ്ങൾ അധികമാകുംതോറും നമുക്ക് പേടിയാണ് നമ്മുടെ മക്കളെ പുറത്തേക്ക് വിടുമ്പോഴൊക്കെ.
എൻ്റെ അമ്മ എന്നെ ടൂർ വിടാറില്ല. അപകടം പേടിച്ച് . അതിലമ്മക്ക് പേടിയായിരുന്നു. കുറേക്കാലം എനിക്കമ്മയോട് ആ കാര്യത്തിൽ കലിപ്പുമുണ്ടായിരുന്നു.