
കഴിഞ്ഞ അധ്യായത്തില്‍ കൂവള്ളൂര്‍കുന്നിന്റെ നിറുകയിലുള്ള കുളത്തില്‍ നിന്നും വെള്ളം ഒരു അരുവിയായി കിഴക്കോട്ടൊഴുകി അവസാനം മീനച്ചിലാറ്റില്‍ചെന്നുലയിക്കുന്നു എന്ന് സൂചിപ്പിച്ചിരുന്നുവല്ലോ. കൂവള്ളൂര്‍കുന്ന് പടിഞ്ഞാറോട്ട് ചരിഞ്ഞുകിടക്കുന്നു. ആ കുന്നിന്റെ ഒത്തനടുവിലൂടെ ഒരു ചെറിയ നീരുറവ ഉണ്ടായിരുന്നു എന്നുള്ളകാര്യം ഇന്നു ജീവിച്ചിരിക്കുന്ന ചുരുക്കംചിലര്‍ക്ക് മാത്രമേ അറിഞ്ഞുകൂടൂ. നന്നേ ചെറുപ്പം മുതല്‍ക്കെ അതെപ്പറ്റി അറിവുള്ള ജി.കെ രഹസ്യങ്ങളുടെ ചുരുളഴിക്കുകയുണ്ടായി. പ്രസ്തുത നീരുറവ മഴക്കാലത്ത് ഒരുപാടംപോലെ ആകുമായിരുന്നു. കുന്നിന്റെ അടിഭാഗത്ത് ഒരിക്കലും വറ്റാത്ത ഒരു ചെറിയ നീരുറവയും ഉണ്ടായിരുന്നു. ആ നീരുറവ സാവകാശം ഒഴുകി ചരിഞ്ഞുകിടക്കുന്ന പാറയില്‍നിന്നും താഴേയ്ക്ക് ഒരു വെള്ളച്ചാട്ടമായി പരിണമിച്ചിരുന്നു. പ്രസ്തുതവെള്ളം താഴ്ന്നപ്രദേശങ്ങളായ വെട്ടിക്കക്കുഴി, ആനിത്തോട്ടം എന്നീ പറമ്പുകളിലൂടെ ഒഴുകി ഒരുതോടായി പാലാന്തട്ടു കുന്നുംകഴിഞ്ഞ് കുറുവാച്ചിറ, കണ്ണാനി പ്രദേശങ്ങളും പിന്നീട്ട് തെക്കോട്ടൊഴുകി മീനച്ചിലാറ്റില്‍ ചെന്നുലയിച്ചിരുന്നു.
കൂവള്ളൂര്‍കുന്ന് ഏറെക്കുറെ 70 വര്‍ഷങ്ങള്‍ക്കുമുന്‍പ് ആയുര്‍വേദമരുന്നുകളുടെ ഒരു കലവറയായിരുന്നു. ആയുര്‍വേദത്തിലെ പ്രധാനപ്പെട്ട ഒന്നായിരുന്നു അക്കാലത്ത് നാല്പതാമരം എന്ന മരുന്ന്. അതിന്റെ കൂട്ടായിരുന്നു അത്തി, ഇത്തി, അരയാല്‍, പേരാല്‍ എന്നീ മരങ്ങള്‍ കടപ്ലാമറ്റത്തിനുചുറ്റും അറിയപ്പെട്ടിരുന്ന നാലുവൈദ്യന്മാര്‍ ജീവിച്ചിരുന്നു. പ്ലാച്ചേരി വൈദ്യന്‍ പാളയം പള്ളിയുടെ കിഴക്കായി താമസിച്ചിരുന്നു. ജി.കെ. ബാല്യത്തില്‍ കുളങ്ങര തറവാട്ടില്‍ കൂട്ടുകാരോടൊപ്പം കളിച്ചു നടന്നിരുന്ന കാലത്ത് ഒരു മരപ്പൊത്തില്‍ പക്ഷിക്കൂടാണെന്നു കരുതി കൈഇട്ടതും മാരക വിഷമുള്ള ഇറുകുലി കടിച്ചതും ബോധരഹിതനായി വീണതും നാട്ടുകാരും വീട്ടുകാരും എടുത്തുകൊണ്ടോടി വൈദ്യന്റെ അടുക്കല്‍ ചെന്നതും, വൈദ്യന്‍ രക്ഷിച്ചതും ജി.കെ.യുടെ ബാല്യകാലസ്മരണകളില്‍ മറ്റൊരിടത്തു രേഖപ്പെടുത്തിയിട്ടുണ്ട്.

Family: Right to left Sitting: Guru Koovalloor, Father late K.T. Joseph Koovalloor, Mother late Mary Joseph Koovalloor ( Kulangara), Robert ( G K's youngest brother).
Right to left: Standing: Rosa, Celin, Lukose, Skaria, Jose and his wife Aleyamma.
കടപ്ലാമറ്റത്തെ മറ്റൊരു വൈദ്യന്‍ ആയിരുന്നു പാലാന്തട്ടേല്‍ വൈദ്യന്‍. അറിയപ്പെട്ടിരുന്നു വൈദ്യന്‍ ആയിരുന്നു അദ്ദേഹം. മറ്റൊരു അറിയപ്പെട്ടിരുന്ന വൈദ്യനാണ് കുട്ടന്‍ തറപ്പേല്‍ വൈദ്യന്‍. കൂവള്ളൂര്‍ കുന്നിന്റെ കിഴക്കോട്ടുകിടക്കുന്ന വഴിയെ പാളയത്തിനു പോയാല്‍ ഇന്നും കുട്ടന്‍ തറപ്പേല്‍ വൈദ്യന്റെ പിന്‍ഗാമികള്‍ താമസിക്കുന്ന വീടുകാണാം. കൂവള്ളൂര്‍ കുന്നിന്റെ നിറുകയില്‍ നിന്നും വടക്കോട്ട് മരങ്ങാട്ടുപിള്ളിയ്ക്കുള്ള വഴിയിലൂടെ അല്‍പം പോയാല്‍ അറിയപ്പെട്ടിരുന്ന മറ്റൊരു വൈദ്യനാണ് ചൂണ്ടെലിക്കാട്ട് കുര്യാക്കോ എന്ന വൈദ്യന്‍. അദ്ദേഹം കണ്ണുസംബന്ധമായ രോഗങ്ങള്‍ക്കുള്ള ചികിത്സയില്‍ 50 വര്‍ഷങ്ങള്‍ക്കുമുന്‍പ് അറിയപ്പെട്ടിരുന്ന ആളാണ്.
പ്ലാച്ചേരിവൈദ്യനെപ്പറ്റി നിരവധി കഥകള്‍ നാട്ടിലുള്ളവര്‍ പറഞ്ഞുകേട്ടിട്ടുണ്ട്. അദ്ദേഹം ദിവ്യശക്തിയുള്ള വൈദ്യന്‍ ആയിരുന്നുവത്രേ. കടിച്ചമൂര്‍ഖന്‍പാമ്പിനെ വരുത്തി വിഷമെടുപ്പിച്ചിരുന്നവൈദ്യന്‍. പക്ഷേ ഇന്ന് അത്തരത്തിലുള്ള വൈദ്യന്മാര്‍ നാട്ടില്‍നിന്നും അപ്രത്യക്ഷമായി. അതിനുപ്രധാനകാരണം മരുന്നുലോബികളുടെ കടന്നാക്രമണം ആണെന്നുള്ളത് പറയേണ്ടതില്ലല്ലോ.
ഗുരുകൂവള്ളൂരിന്റെ പൂര്‍വ്വികര്‍ ആരുംതന്നെ ഹോസ്പിറ്റലില്‍ പോയിട്ടുള്ള ചരിത്രം വളരെ വിരളമാണ്. 50 വര്‍ഷങ്ങള്‍ക്കുമുന്‍പ് ഏതുരോഗത്തിനും നാട്ടുവൈദ്യന്മാരായിരുന്നു ആശ്രയം.

Kadaplamattom Team 1960's : Right to Left Sitting: Thomachen Maruthumkal, K. T. Joseph Koovalloor ( with beard), Chundelikkattu Mathappan, Anithottathil Mani, George Adackanattu. Standing Right to left: Sivaraman Nair, George Palakkeel , Noottiyanikunnel Chacko, Marottiyil Kurian. All of them passed away.
കൂവള്ളൂര്‍കുന്ന് 70 വര്‍ഷങ്ങള്‍ക്കുമുന്‍പ് പാതാളമൂലക്കിഴങ്ങ് എന്ന അപൂര്‍വ്വമായ മരുന്നിന്റെ കേന്ദ്രമായിരുന്നു. പില്‍ക്കാലത്ത് എന്റെ പിതാവിനുവീതമായികിട്ടിയതോടെ മരങ്ങളും, മരുന്നുകളുമെല്ലാം വെട്ടിമാറ്റികൃഷിനിലമാക്കി മാറ്റി. അപ്പോഴാണ് മേല്‍ പ്രസ്ഥാപിച്ച പടിഞ്ഞാറോട്ട് ഒഴുകുന്ന നീരുറവ വ്യക്തമായിക്കണ്ടത്. കാടുവെട്ടിത്തെളിച്ചു കഴിഞ്ഞ് വെളുത്താര്യന്‍, കറുത്താര്യന്‍ എന്നീ നെല്‍വിത്തുകള്‍ പിതാവ് വിതച്ചതും നാലുമാസത്തിനുമുന്‍പ് കൊയ്‌തെടുത്തിരുന്നതും ഇന്നലെയെന്നോണം ഓര്‍ക്കുന്നു. സാധാരണ കേരളത്തില്‍ കുന്നിന്‍ചെരുവില്‍ പാടംപോലെയുള്ള സ്ഥലം കാണുക വളരെ വിരളമാണ്. അതു ഒരുകുന്നിന്റെ മുകളില്‍നിന്നും കിഴക്കോട്ട് വെള്ളമൊഴുകുന്നതും ആ കുന്നില്‍നിന്നും പടിഞ്ഞാറോട്ടും വെള്ളമൊഴുകുന്നതും, കുന്നിന്റെ മുകളില്‍ ഒരിക്കലും വറ്റാത്തകുളവും, പടിഞ്ഞാറ് അടിത്തട്ടില്‍ ഒരിക്കലും വറ്റാത്ത നീരുറവയുമുള്ള സ്ഥലം പ്രകൃതിയുടെ അത്ഭുതപ്രതിഭാസമാണെന്നു നന്നേ ചെറുപ്പത്തിലേ മനസ്സിലാക്കാനും പ്രകൃതിയില്‍ത്തന്നെ മനുഷ്യന് ആവശ്യമുള്ള എല്ലാ മരുന്നുകളും ഉണ്ടെന്നുള്ള ഉള്‍ക്കാഴ്ചയും ജി.കെ. സിദ്ധിച്ചിരുന്നു. ഒരുപക്ഷേ അതുതന്നെ ആയിരിക്കാം ഇന്നും പരമാവധി മരുന്നുകളില്‍നിന്നും മുക്തനായിരിക്കാന്‍ അദ്ദേഹത്തിനു കഴിയുന്നത്. എല്ലാവരും കോവിഡ് -19 എന്ന മാരകവ്യാധിയെപ്പറ്റി നിരവധി കെട്ടുകഥകള്‍ പറഞ്ഞ് മൂന്നും നാലും വാക്‌സിനേഷനുകള്‍ എടുത്തപ്പോഴും കോവിഡിന് വാക്‌സിനേഷന്‍ എടുക്കാതെ ജി.കെ. പിടിച്ചുനിന്നു എന്നതാണ് വാസ്തവം. ഇന്ന് കോവിഡ് 19ന് വാക്‌സിനേഷന്‍ എടുക്കാന്‍ പ്രേരിപ്പിച്ച ഡോക്ടര്‍ ആന്റണി ഫൗചി പ്രതിക്കൂട്ടില്‍ ആയിരിക്കുകയാണ് എന്നു വാര്‍ത്തകളിലൂടെ കാണാന്‍ കഴിയുന്നു.
ഇത്രയും എഴുതിയതില്‍ നിന്നും വായനക്കാര്‍ പാഠംപഠിക്കണം എന്നാണ് ജി.കെ. പറയുന്നത്. എന്നൊക്കെ പ്രകൃതി വിരുദ്ധമായി മനുഷ്യര്‍ അറിഞ്ഞോ അറിയാതെയോ പ്രവര്‍ത്തിക്കുന്നുവോ അന്നൊക്കെ മാരകമായ രോഗങ്ങള്‍ക്കും നാം വിധേയരാകും. ഒരുകൃഷിക്കും വിഷമരുന്നുകള്‍ അടിക്കാത്ത ഒരുകാലം നമുക്കുണ്ടായിരുന്നു. അന്ന് രോഗങ്ങള്‍ വളരെ വിരളമായിരുന്നു. രോഗങ്ങളുണ്ടായാല്‍ത്തന്നെ അതിനുള്ള മരുന്നുകള്‍ പ്രകൃതിയില്‍ത്തന്നെ ഉണ്ടായിരുന്നു.
വിഷമരുന്നുകളുടെ ആവിര്‍ഭാവത്തോടെ പറമ്പിലും, പാടത്തും, തോടുകളിലും ഉണ്ടായിരുന്ന ജീവജാലങ്ങള്‍ക്ക് ഉത്മൂലനാശം വന്നു. തോടുകളിലും പാടത്തുമുണ്ടായിരുന്ന മത്സ്യങ്ങള്‍ക്കു വംശനാശമുണ്ടായി. മനുഷ്യന്റെ പ്രത്യുല്‍പ്പാദനത്തെവരെ വിഷമരുന്നുകളുടെ അമിതമായ ഉപയോഗം തകരാറിലാക്കി എന്നുള്ളതാണ് വാസ്തവം.

G. K sitting with Mr. A. P. Somasekharan ( Mony Sir) and Mrs. Mony.
''റബര്‍ വരുന്നതിന് മുന്‍പ് പ്ലാവും മാവും പേരയും ജാംബയും കശുവിന്‍മാവും തേക്ക്, ആഞ്ഞിലി, വീട്ടി, വേങ്ങാ പോലുള്ള വിലപ്പെട്ട വൃക്ഷങ്ങളും നിറഞ്ഞതായിരുന്നു ഇവിടവും പാലാ- കോട്ടയം പ്രദേശങ്ങളും,'' ഗുരു കൂവള്ളൂര്‍ ഓര്‍മിച്ചെടുത്തു. കുന്നുകള്‍ക്കിടയിലുള്ള താഴ്‌വരകളില്‍ നെല്ല് സമൃദ്ധമായി വിളഞ്ഞിരുന്നു. കാട് വെട്ടി തട്ടുകള്‍ തിരിച്ച് ഇഞ്ചിയും കപ്പയും ചേമ്പും ചേനയും കാപ്പിയും തേയിലയും കവുങ്ങും തെങ്ങുമൊക്കെ നട്ടു വളര്‍ത്തിയിരുന്നു. ഇടയ്ക്ക് മരങ്ങളില്‍ നിറയെ കുരുമുളകു വള്ളികള്‍. മറ്റു ചിലയിടങ്ങളില്‍ പാവലും പീച്ചിലും പടവലവും കോവലും വെണ്ടയും ചീരയും എന്നു തുടങ്ങി നാട്ടില്‍ ആവശ്യമുള്ള എല്ലാത്തരം മലക്കറികളും ഇലക്കറികളും സമൃദ്ധമായിരുന്നു.
''അക്കാലത്ത് വീട്ടില്‍ ആഹാരമില്ലാത്ത പാവങ്ങള്‍ക്ക് തൊടിയിലേക്കിറങ്ങിയാല്‍ എന്തെങ്കിലുമൊക്കെ വിശപ്പടക്കാന്‍ കിട്ടാതിരിക്കില്ല,'' ഗുരുവിന്റെ ഓര്‍മകള്‍. ''അയല്‍പ്പക്കത്തെ തൊടിയില്‍നിന്ന് ഒരു ചക്കയോ രണ്ടു മാങ്ങയോ എടുത്തു കഴിച്ചാലും ആരും ശകാരിക്കില്ല. കാരണം അത്രസമൃദ്ധമായിരുന്നു അവ.'' തന്റെ പഠനകാലത്ത് കടപ്ലാമറ്റം സ്‌കൂളിന് അടുത്തുള്ള പുഴയ്ക്കക്കരെ കാട്ടില്‍ ഒരു ദിവസം വിഭവസമൃദ്ധമായി കഴിച്ചുകൂട്ടിയതും അദ്ദേഹം ഓര്‍ക്കുന്നുണ്ട്. റബ്ബര്‍ വന്നതോടെ ഈ സ്ഥിതി മാറി. ''റബര്‍ മധ്യതിരുവിതാംകൂറിനും കേരളത്തിനു പൊതുവെയും സാമ്പത്തിക പുരോഗതി ഉണ്ടാക്കി എന്നതു സത്യമാണ്. പക്ഷേ, അത് പരിസ്ഥിതിയെ ആകെ മാറ്റിമറിച്ചു എന്നകാര്യം ഒരു വലിയ സത്യമാണ്.'' അദ്ദേഹം ചൂണ്ടിക്കാട്ടി.
ഗുരു കൂവള്ളൂരിന്റെ കര്‍മഭൂമിയായ വടക്കേ അമേരിക്കയുടെ സമീപഭൂഖണ്ഡമായ തെക്കേ അമേരിക്കയിലെ സമൃദ്ധമായ മഴക്കാടുകളാണ് റബര്‍ മരങ്ങളുടെ ജന്മദേശം. തദ്ദേശവാസികള്‍ ''കരച്ചില്‍മരം'' എന്നു വിളിച്ചിരുന്ന ഇതിനെപ്പറ്റി ക്രിസ്റ്റഫര്‍ കൊളംബസ് എഴുതിയിട്ടുണ്ട്. ''അവിടുത്തെ തദ്ദേശവാസികളായ റെഡ് ഇന്ത്യക്കാര്‍ റബര്‍ പാല്‍ എടുത്ത് കട്ടിയാക്കി കുപ്പി, പാത്രം, ചെരിപ്പ് തുടങ്ങി പലവിധ വീട്ടുസാധനങ്ങളും നിര്‍മിച്ചിരുന്നു,'' ഗുരു കൂവള്ളൂര്‍ വിശദീകരിച്ചു. പെന്‍സില്‍കൊണ്ടുള്ള വരകള്‍ മായ്ക്കാന്‍ ഈ വസ്തുവിന് കഴിവുണ്ട് എന്ന് 1770 ല്‍ ജോസഫ് പ്രിസ്റ്റ്‌ലി എന്ന രസതന്ത്രജ്ഞന്‍ കണ്ടെത്തി. അതോടെയാണ് ''ഉരച്ചു കളയുന്നത്'' എന്ന അര്‍ത്ഥത്തില്‍ റബര്‍ എന്ന പേരു വന്നത്.
അയര്‍ലണ്‍ഡ് സ്വദേശിയായ തോട്ടം സംരംഭകന്‍ ജോണ്‍ ജോസഫ് മര്‍ഫി 1902 ല്‍ എറണാകുളം ജില്ലയിലെ കോതമംഗലത്തിനു വടക്കുള്ള തട്ടേക്കാട് വനം വെട്ടിത്തെളിച്ച് ഒരു തോട്ടം തുടങ്ങിയതോടെ കേരളത്തില്‍ റബറിന്റെ വാണിജ്യപരമായ ചരിത്രം ആരംഭിച്ചു. കേരളത്തിലെ കാലാവസ്ഥയും ഭൂപ്രകൃതിയും റബറിന്റെ ജന്മഭൂമിയായ തെക്കേ അമേരിക്കയിലെ മഴക്കാടുകളോട് സാദൃശ്യമുള്ളതു കൊണ്ടാകണം, തട്ടേക്കാട് പ്ലാന്റേഷന്‍ മര്‍ഫി സായ്പിന് വലിയ ലാഭമുണ്ടാക്കി. തുടര്‍ന്ന്, കോട്ടയം ജില്ലയുടെ ഹൈറേഞജ് കവാടമായ മുണ്ടക്കയത്തും അദ്ദേഹം തോട്ടം സ്ഥാപിച്ചു. അവിടെനിന്നാണ് റബര്‍ മധ്യതിരുവിതാംകൂറിലാകെ വ്യാപിച്ചത്. തന്റെ യൗവനകാലത്താണ് കോട്ടയം, പാലാ പ്രദേശങ്ങളില്‍ ഭൂവുടമകള്‍ വ്യാപകമായി കാടു വെട്ടിത്തെളിച്ച് റബര്‍ തോട്ടങ്ങള്‍ വെച്ചുപിടിപ്പിക്കാന്‍ ആരംഭിച്ചതെന്ന് 76കാരനായ ഗുരു കൂവള്ളൂര്‍ ഓര്‍മിക്കുന്നു. ''അതോടെ, മധ്യതിരുവിതാംകൂറിന്റെ കാര്‍ഷികസമ്പദ്വവസ്ഥ പണാധിഷ്ഠിത സമ്പദ്വവസ്ഥയ്ക്ക് വഴിമാറി. കാട്ടുമരങ്ങളും ഫലവൃക്ഷങ്ങളും വെട്ടി വിറ്റ് റബര്‍ത്തൈകള്‍ വെച്ചുപിടിപ്പിച്ച് തോട്ടമുണ്ടാക്കുന്നതിന്റെ വാര്‍ത്തകള്‍ നിത്യേനയെന്നോണം കേള്‍ക്കുമായിരുന്നു,'' അദ്ദേഹം പറഞ്ഞു.

Original Owners of Koovalloor Property From right to left Sitting: Late Rosa Thommen Koovalloor ( Maruthukunnel family,G.K's Grandmother), Late Thommen Luka Koovalloor ( G.K's Grandfather), Late Rev. Fr. Joseph Koovalloor Senior, Late Augusthy Luka Koovalloor, Late Rev. Fr. Joseph Koovalloor Jr, ( Retired Corporate Secretary for the Corporate Educational Agency in Pala, Kerala). Standing : From Right to left: Late Mathai Augusthy Koovalloor, late Luka Thommen Koovalloor, late Augustine Luka Koovalloor, late K.T. Skaria Koovalloor ( Koovalloor Skaria Sir),K.T. Joseph Koovalloor ( G.k's father), late Luka Augusthy Koovalloor ( Koovalloor Luka Sir).
വിശാലമായ റബര്‍ത്തോട്ടങ്ങളുടെ വരവ് പഴയ കാര്‍ഷികസംസ്‌കൃതിയുടെ കൂട്ടായ്മാബോധം എടുത്തുകളഞ്ഞു എന്ന് ഗുരു കൂവള്ളൂരിനൊപ്പം കടപ്ലാമറ്റത്തെ മറ്റു മുതിര്‍ന്നവരും പറയുന്നുണ്ട്. അയല്‍ക്കാരന്റെ പറമ്പിലെ ഇഞ്ചിക്കും കപ്പയ്ക്കും തടമെടുക്കാന്‍ കൂലി വാങ്ങാതെ പോയിരുന്ന കാലം. തിരിച്ച്, ഇവിടെ പണി നടക്കുമ്പോള്‍ അയല്‍ക്കാരനും പണിയെടുക്കാന്‍ വരും. കൂട്ടുകൃഷി സമ്പ്രദായം. ജോസഫ് കൂവള്ളൂര്‍ അതിന് നേതൃത്വം നല്‍കിയിരുന്നു. മകളുടെ കല്യാണത്തിന് കാശില്ലാതെ ഒരാള്‍ ബുദ്ധിമുട്ടുന്നതു കണ്ടാല്‍, തന്റെ നാട്ടിന്‍പുറത്തെ നാലഞ്ചു ചാക്ക് ചുക്ക് കൊണ്ടുപോയി വിറ്റോളാന്‍ അയല്‍ക്കാരന്‍ പറയുമായിരുന്ന കാലം! ഇത്തരം കൊടുക്കല്‍ വാങ്ങലുകളും സൗഹൃദക്കൂട്ടായ്മയും അന്ന് പതിവായിരുന്നു എന്ന് അദ്ദേഹം പറയുന്നു.
കെ.എം. മാണിയുടെ വലംകൈ
കടപ്ലാമറ്റത്തിന്റെ കാര്‍ഷിക, രാഷ്ട്രീയ സാമൂഹ്യരംഗങ്ങളില്‍ ഒരു മഹാമേരുവെപ്പോലെ തലയെടുപ്പോടെ ഉയര്‍ന്നുനിന്ന മനുഷ്യനായിരുന്നു കെ.റ്റി ജോസഫ് കൂവള്ളൂര്‍. ടൗണിലൂടെ തല ഉയര്‍ത്തി, നെഞ്ചു വിരിച്ച് നടന്നുവരുന്നതു കണ്ടാല്‍ നാട്ടിലെ ഗുണ്ടകള്‍പോലും മുണ്ടഴിച്ചിട്ട് തലേക്കെട്ട് അരയില്‍കെട്ടി വഴിമാറി നില്‍ക്കും!
പാപ്പച്ചന്‍ എന്ന് നാട്ടുകാര്‍ സ്‌നേഹാദരവുകളോടെ വിളിച്ചിരുന്ന ജോസഫ് ചേട്ടന്റെ തന്റേടവും പ്രതിസന്ധികളെ മറികടക്കാനുള്ള സവിശേഷമായ കഴിവും നേതൃത്വഗുണവും മൂത്തപുത്രന്‍ തോമസ് എന്ന വാവച്ചന് കിട്ടിയിട്ടുണ്ടെന്ന് പഴമക്കാര്‍ പറയുന്നു. ''പറഞ്ഞാല്‍ പറഞ്ഞതുപോലെ നടത്താന്‍ കഴിവുള്ളയാളായിരുന്നു ജോസഫ് ചേട്ടന്‍,'' ആത്മസുഹൃത്ത് 'കോംപൗണ്ടര്‍ മണി' എന്ന എ.പി സോമശേഖരന്‍ പറയുന്നു: ''നല്ല ധൈര്യശാലി ആയിരുന്നു. അക്കാലത്ത് കടപ്ലാമറ്റത്ത് ഏതെങ്കിലും വീട്ടില്‍ കൊടുംവിഷമുള്ള സര്‍പ്പങ്ങള്‍ കയറിയാല്‍ ആളുകള്‍ പാപ്പച്ചന്‍ ചേട്ടനെ വിളിക്കും. ഒറ്റയടി: സര്‍പ്പത്തിന്റെ കഥ കഴിഞ്ഞു.'' എന്നാല്‍, അപ്പനും മകനും വ്യത്യസ്തവ്യക്തിത്വങ്ങള്‍ ഉള്ളവരായിരുന്നു എന്നുകൂടി കടപ്ലാമറ്റംകാരുടെ പ്രിയപ്പെട്ട മണിസാര്‍ കൂട്ടിച്ചേര്‍ക്കുന്നു.
പഴയ കോണ്‍ഗ്രസ്സുകാരനും സ്വാതന്ത്ര്യസമരസേനാനി യുമായിരുന്ന ജോസഫ് കൂവള്ളൂര്‍ കേരള കോണ്‍ഗ്രസ്സിലേക്കെത്തിയത് കെ.എം. മാണിയുമായുള്ള ആത്മസൗഹൃദം മൂലമായിരുന്നെന്ന് മണിസാര്‍ ചൂണ്ടിക്കാട്ടി. സ്വന്തം നേട്ടങ്ങള്‍ക്ക് ആ സൗഹൃദം ഉപയോഗിച്ചില്ലെങ്കിലും നാട്ടുകാര്‍ക്കുവേണ്ടി എന്തും ചെയ്തുകൊടുക്കുമായിരുന്നു. ''എന്റെ അനിയന് ഒരു ജോലി ആവശ്യമായിവന്നപ്പോള്‍ ഞാന്‍ ജോസഫ് ചേട്ടനോടാണ് സഹായം ചോദിച്ചത്. അതോടെ അക്കാര്യം അദ്ദേഹം ഏറ്റെടുത്തു. എങ്ങനെയെന്നറിയില്ല, അവന് പഞ്ചായത്തില്‍ ജോലി കിട്ടി,'' മണി സാറിന്റെ വാക്കുകളില്‍ ഇപ്പൊഴും നന്ദി നിറയുന്നു. ''ഞാന്‍ കടപ്ലാമറ്റം സര്‍ക്കാര്‍ ഡിസ്‌പെന്‍സറിയിലായിരുന്നപ്പോള്‍ നിത്യവും അവിടെ മറ്റുള്ളവരുംകൂടി ചീട്ടുകളിക്കും. പിന്നെ, പാലായ്ക്ക് സ്ഥലംമാറ്റമായിട്ടും സൗഹൃദം മുറിഞ്ഞില്ല. ഇടയ്ക്ക് കാണാന്‍ വരുമായിരുന്നു.''
ഒരു ക്രിസ്മസ്‌കാലത്ത് കേക്കും ഒരു കുപ്പി ബ്രാന്‍ഡിയുമാണ് തന്റെ ആത്മസുഹൃത്തിന് ജോസഫ് കൂവള്ളൂര്‍ കൊടുത്തുവിട്ടത്! തന്റെ ജീവിതാന്ത്യത്തില്‍ തനിക്ക് ഏറ്റം പ്രിയപ്പെട്ട നായയെ വളര്‍ത്താന്‍ അദ്ദേഹം ഏല്‍പ്പിച്ചതും മണി സാറിനെയായിരുന്നു. സമൂഹത്തിലെ താഴ്ന്ന വിഭാഗങ്ങള്‍ക്കുവേണ്ടി അദ്ദേഹം ഒത്തിരി കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും സ്വന്തംമകന്‍ അവരുമായി നേരിട്ട് ഇടപെടുന്നത് ഇഷ്ടമായിരുന്നില്ലെന്ന് മണി സാര്‍ ചൂണ്ടിക്കാട്ടി. ''തോമസാകട്ടെ, നേരേതിരിച്ചും! ദലിത് വിഭാഗക്കാരുമായിട്ടായിരുന്നു തോമസിന് കൂടുതല്‍ അടുപ്പം. പിതാവിന് അത് ഇഷ്ടമായിരുന്നില്ല. അപ്പനും മകനും വേറെവേറെ ലൈന്‍ ആയിരുന്നു.'' കേരള സര്‍ക്കാര്‍ ഫാര്‍മസി വകുപ്പില്‍ അസിസ്റ്റന്റ് ഡയറക്ടറായി 1995 ല്‍ വിരമിച്ച എ.പി സോമശേഖരന്‍ എന്ന മണിസാര്‍ ഇപ്പൊഴും മങ്ങാത്ത ഓര്‍മകളുമായി വിശ്രമജീവിതത്തിലാണ്, ഇതെഴുതുമ്പോള്‍.