
"ഉച്ചയ്ക്ക് ആ മുതിരക്കാലാ വളവു വരെ ഒന്നും വെള്ളത്തിൽ നീന്താൻ പോയേക്കല്ലേ... സൂക്ഷിക്കണം "
നല്ല മഴക്കാലത്തു മുളക്കുളം L. P. സ്‌കൂളിലേക്ക് പോരുമ്പോൾ അമ്മ എന്നും ആവർത്തിക്കുന്ന വാചകം. ഞാൻ വഴിയിൽ ഉള്ള സകല വെള്ളച്ചാലിലും ചവിട്ടിയെ സ്കൂളിൽ പോകാറുള്ളൂ. അതൊരു ഹരമാണ്. ഇടിയും മിന്നലും ഇല്ലെങ്കിൽ മഴയോട് ഏറെ ഇഷ്ടം. ഇപ്പോൾ പെയ്യുന്ന മഴയോടല്ല അന്നത്തെ മഴയോട് ഏറെ പ്രിയം. വടക്കു നിന്നു പാടം കടന്ന് ഇരമ്പിയെത്തി ഓടിൻ പുറത്ത് താളം പിടിക്കുന്ന മഴ. മരങ്ങൾക്കിടയിൽ കാറ്റിനോടൊപ്പം പെയ്തു പെയ്തു മനം കുളിർപ്പിക്കുന്ന മഴ. വീട്ടിൽ കപ്പ കൃഷി ഉണ്ടായിരുന്നതിനാൽ അരിഞ്ഞുണക്കിയെ നേർത്ത കപ്പ ചീനച്ചട്ടിയിൽ ഇട്ടു വറുത്തു തേങ്ങാക്കൊത്തും ചേർത്തു കറുമുറെ കടിച്ചു പൊട്ടിക്കുന്ന രുചി ഒരു നല്ല മഴയോർമ്മ.
മുളക്കുളം നാൽക്കവലയിൽ വെള്ളം കയറുമ്പോൾ ബസ് ഓടിയിരുന്ന റോഡിൽ ചെറിയ കൊതുമ്പു തോണികൾ ഇറങ്ങും. ഉണങ്ങിയ തേങ്ങകളും വലിയ വിറകു കഷണങ്ങളും ഒഴുകി വരും. അത് കാണാൻ ഞങ്ങൾ കുന്നിറങ്ങി അമ്പലപ്പടിയിൽ വന്നു നിൽക്കും. സ്കൂളിലേക്കുള്ള വഴിയിൽ വെള്ളം കാണും. അമ്പലക്കുളം നിറഞ്ഞു കവിഞ്ഞൊഴുകി റോഡിലെ വെള്ളക്കെട്ടിൽ ചേരും.
അമ്മമൊഴി മറന്നു വെള്ളപ്പൊക്കം രൂക്ഷമാകും മുൻപ് മുറ്റട്ടമുള്ള ഉടുപ്പ് പൊക്കിപ്പിടിച്ചു ഞങ്ങൾ കൂട്ടുകാരികൾ മുതിരക്കാലാ വളവിലേക്കു മെല്ലെ ചുവട് വെച്ച് കൈ കോർത്തു നീന്തി രസിക്കും. അമ്മ ഒന്നും അറിയുന്നില്ലല്ലോ എന്ന് ഉള്ളാലെ ചിരിക്കും.
എങ്കിലും ഇറവെള്ളത്തിൽ നനഞ്ഞു മുറ്റത്തു കൂടി ഓട്ട പ്രദക്ഷിണം നടത്തുന്ന പെറ്റിക്കോട്ടിട്ട ഒരു പെൺകുട്ടി ഇപ്പോഴും മനസ്സിൽ മഴ നനയുന്നുണ്ട്.. അവൾ ഒഴുക്കിയ കടലാസ്സ് വഞ്ചികൾ കരകാണാതെ മഴയിൽ കുതിർന്നു പോയിരിക്കുന്നു.
ഇപ്പോൾ മരങ്ങൾക്കപ്പുറം മൂവാറ്റുപുഴയാർ ശാന്തത വെടിഞ്ഞു ഭാവം മാറി കുതിച്ചോഴുകുമ്പോൾ വീട്ടിലേക്ക് ഒരിക്കലും വെള്ളം കയറില്ല എങ്കിലും വെള്ളക്കെട്ടിൽ കുതിർന്ന നിരവധി കുടുംബങ്ങളുടെ നോവ് മനസ്സിനെ ആധി പിടിപ്പിക്കുന്നു. കത്തിയെരിഞ്ഞു ഭയപ്പെടുത്തിയ കർക്കിടകം ഒരു വട്ടം കൂടി ചോർന്നൊലിക്കുന്ന ആകാശക്കീഴിൽ വിറങ്ങലിക്കുന്നു.
പട്ടിണി ഇല്ലാത്തവന് മുന്നിൽ മഴ ചിലമ്പിട്ട നർത്തകിയാകുന്നു. വിശക്കുന്നവന് മുന്നിൽ ഇല്ലായ്മയുടെ തീരാനോവുമാകുന്നു.