
ഹൂസ്റ്റണ്‍: യു.എസിലെയും കാനഡയിലെയും മലയാളി സംഘടനകളുടെ ഏറ്റവും വലിയ കൂട്ടായ്മയായ ഫോമയുടെ 2026-2028 വര്‍ഷത്തെ എക്സിക്യൂട്ടീവ് കമ്മിറ്റി തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച് ഉജ്വല വിജയം നേടിയ 'ടീം വോയ്സ് ഓഫ് ഫോമാ' പുതിയ കാഴ്ചപ്പാടുകളും വിപ്ലവകരമായ വാഗ്ദാനങ്ങളുമായാണ് അദികാരത്തിലെത്തുന്നത്. 'ഒരു സമൂഹം ഒരു ലക്ഷ്യം, ഒരു ടീം ഒരു ദൗത്യം, ഒരുമിച്ചു നില്ക്കാം, കരുത്തോടെ മുന്നേറാം' എന്ന ശക്തമായ മുദ്രാവാക്യവുമായാണ് ടീം വോയ്സ് ഓഫ് ഫോമാ ജനവിധി തേടിയത്. ഫോമയുടെ ഇരുപതാം വാര്‍ഷികത്തോട് അനുബന്ധിച്ച് കേരളത്തില്‍ അര്‍ഹരായവര്‍ക്ക് 20 വീടുകള്‍ നിര്‍മ്മിച്ച് നല്കുന്ന ഭവന പദ്ധതി ഉള്‍പ്പെടെ പത്ത് പ്രധാന കര്‍മ്മപരിപാടികളാണ് പ്രകടനപത്രികയില്‍ വിഭാവനം ചെയ്തിരിക്കുന്നത്.
ടീം വോയ്സ് ഓഫ് ഫോമാ ജനങ്ങള്‍ക്ക് മുന്നില്‍ സമര്‍പ്പിച്ച പദ്ധതികള്‍ക്കുള്ള അംഗീകാരമാണ് ഈ മുന്നുന്ന വിജയമെന്ന് വിലയിരുത്തപ്പെടുന്നു.
*ശക്തമായ അസോസിയേഷനുകള്‍: ശക്തമായ ഫോമാ: എല്ലാ അംഗസംഘടനകളെയും ചേര്‍ത്തു നിര്‍ത്തി അവര്‍ക്ക് വിവിധ മേഖലകളില്‍ കൂടുതല്‍ പങ്കാളിത്തവും നേതൃത്വ പിന്തുണയും റിസോഴ്സുകളും നല്കി ഫോമയെ അടിത്തട്ടില്‍ നിന്ന് ശക്തിപ്പെടുത്തുക.
*ആരോഗ്യ ഹെല്‍പ്പ് ലൈന്‍: മലയാളി ഡോക്ടര്‍മാരുടെയും ആരോഗ്യ വിദഗ്ദ്ധരുടെയും വലിയൊരു ശൃംഖല രൂപീകരിച്ച് കമ്മ്യൂണിറ്റിയുടെ ക്ഷേമത്തിനായി സൗജന്യ വൈദ്യസഹായവും ഉപദേശ നിര്‍ദേശങ്ങളും മാനസികാരോഗ്യ പിന്തുണയും ലഭ്യമാക്കുക. നിലവില്‍ യുവാക്കള്‍ക്ക് ആകര്‍ഷകമായ അവസരങ്ങള്‍ കാണാന്‍ കഴിയാത്തതുകൊണ്ട് തന്നെ, അവരില്‍ പലരും ഫോമയിലേക്ക് അത്രയധികം ആകര്ഷിക്കപ്പെടുന്നില്ല എന്നത് ഒരു വെല്ലുവിളിയാണ്. ആ സാഹചര്യം മാറ്റും. താല്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് മെന്റര്‍ഷിപ്പ് നല്‍കാനും അവരെ കൂടെ നിര്‍ത്തി കാര്യങ്ങള്‍ പഠിപ്പിക്കാനും തയ്യാറുള്ള ഡോക്ടര്‍മാരുടെ ഒരു ശൃംഖലയാണ് രൂപീകരിക്കപ്പെടുക. ഇതിലൂടെ, വൈദ്യശാസ്ത്ര രംഗത്തെ കരിയര്‍ സാധ്യതകള്‍ കണ്ടെത്തുന്നതിന് യുവാക്കളെ പ്രചോദിപ്പിക്കാനും, ഫോമ തങ്ങളുടെ വളര്‍ച്ചയ്ക്കുള്ള ഇടമാണെന്ന് അവര്‍ക്ക് തോന്നിപ്പിക്കാനും സാധിക്കും.
*കരിയര്‍ & ലീഗല്‍ സപ്പോര്‍ട്ട് നെറ്റ് വര്‍ക്ക്: ജോലി അന്വേഷിക്കുന്നവര്‍ക്കായി റഫറലുകള്‍, മെന്റര്‍ഷിപ്പ്, റസ്യൂം ഹെല്‍പ്പ് എന്നിവയ്ക്കൊക്കാപ്പം ഇമിഗ്രേഷന്‍, ബിസിനസ്സ്, കുടുംബപരമായ ആവശ്യങ്ങള്‍ എന്നിവയ്ക്കുള്ള നിയമസഹായവും ഉറപ്പാക്കുക.
*വെല്‍ക്കം & റീലൊക്കേഷന് സപ്പോര്‍ട്ട്: യു.എസിലേക്കോ കാനഡയിലേക്കോ പുതുതായി കുടിയേറുന്ന കുടുംബങ്ങള്‍ക്ക് താമസം കണ്ടെത്താനും പ്രാദേശിക പിന്തുണ നല്‍കാനും സഹായിക്കുക. ഇന്ത്യന്‍ കോണ്‍സുലേറ്റുകളുമായുള്ള പങ്കാളിത്തം ശക്തമാക്കി കോണ്‍സുലാര്‍ സേവനങ്ങള്‍ കൂടുതല്‍ സുഗമമാക്കുക.
*സ്റ്റുഡന്റ് സക് സസ് & യൂത്ത് ലീഡര്‍ഷിപ്പ്: വിദ്യാര്‍ത്ഥികള്‍ക്ക് കോളേജ് മെന്റര്‍ഷിപ്പ്, സ് കോളര്‍ഷിപ്പുകള്‍, ഇന്റേണ്‍ഷിപ്പുകള്‍ എന്നിവ ഉറപ്പാക്കുകയും യുവജന നേതൃത്വ നിരയെ വളര്‍ത്തിയെടുക്കുകയും ചെയ്യുക.
*മുതിര്‍ന്ന പൗരന്മാര്, സംസ് കാരം: മലയാള ഭാഷ: മുതിര്‍ന്നവരുടെ ക്ഷേമത്തിനായി പ്രത്യേക പദ്ധതികള്‍, മലയാള ഭാഷാ പഠന ക്ലാസുകള്‍, സാംസ് കാരിക പൈതൃക സംരക്ഷണം എന്നിവ ഉറപ്പാക്കുക.
*കലാ കായിക മികവിന്: പ്രാദേശിക തലത്തിലുള്ള കലാ-കായിക മത്സരങ്ങളെ ദേശീയ തലത്തിലുള്ള ഫോമാ ചാമ്പ്യന്‍ഷിപ്പുകളിലേക്ക് ഉയര്‍ത്തുക.
*ഫോമാ ഹെല്‍പ്പിംഗ് ഹാന്‍ഡ്: യു.എസ്, കാനഡ, കൂടാതെ ഇന്ത്യ എന്നിവിടങ്ങളില്‍ സാമ്പത്തിക ബുദ്ധിമുട്ടുകളോ മറ്റ് പ്രതിസന്ധികളോ നേരിടുന്ന കുടുംബങ്ങള്‍ക്കായി ചാരിറ്റി, ഫണ്ട് ശേഖരണം, അടിയന്തര സഹായങ്ങള്‍ എന്നിവ കൂടുതല്‍ ശക്തിപ്പെടുത്തുക. ഫോമായുടെ ഇരുപതാം വാര്‍ഷികത്തിന്റെ ഭാഗമായി കേരളത്തില്‍ അര്‍ഹരായവര്‍ക്ക് 20 വീടുകള്‍ നിര്‍മ്മിച്ച് നല്‍കുക.
*വുമണ്‍ റൈസിംഗ് ഇനിഷ്യേറ്റീവ്: നേതൃത്വ അവസരങ്ങള്‍, സംരംഭകത്വ പ്രോഗ്രാമുകള്‍, എല്ലാ റീജിയനുകളിലെയും അസോസിയേഷനുകളിലുള്ള സജീവ പങ്കാളിത്തം എന്നിവയിലൂടെ സ്ത്രീകളെ ശാക്തീകരിക്കുക.
*ബിസിനസ്സ് & പ്രൊഫഷണല്‍ നെറ്റ് വര്‍ക്ക്: ബിസിനസ്സ് പ്രൊഫഷണലുകളെയും ഐ.ടി വിദഗ്ദ്ധരെയും സംരംഭകരെയും ഒരുമിച്ച് നിര്‍ത്തി കമ്മ്യൂണിറ്റിയുടെ വളര്‍ച്ചയ്ക്കായി വലിയൊരു മലയാളി ബിസിനസ്സ് ശൃംഖല കെട്ടിപ്പടുക്കുക.
അമേരിക്കന്‍ മലയാളി സമൂഹത്തിന്റെ ഏറ്റവും വലിയ കുടുംബസംഗമമായ ഫോമാ ഇന്റര്‍നാഷണല്‍ ഫാമിലി കണ്‍വന്‍ഷനെ നിലവിലെ നാല് ദിവസങ്ങളില്‍ നിന്ന് അഞ്ചു ദിവസമായി വിപുലീകരിക്കുമെന്ന സുപ്രധാന പ്രഖ്യാപനവും ടീം വോയ്സ് നടത്തി. അഞ്ചു ദിവസത്തെ കണ്‍വെന്‍ഷനില്‍ ഒരു ദിവസം മുഴുവനായും കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും മാത്രം സമര്പ്പിക്കുമെന്നതാണ് ഈ പദ്ധതിയുടെ ഏറ്റവും വലിയ പ്രത്യേകത. ഫോമായുടെ അടുത്ത തലമുറയെ സംഘടനയുടെ പ്രവര്‍ത്തനങ്ങളിലേക്ക് കൂടുതല്‍ സജീവമായി ആകര്‍ഷിക്കുകയും, ഭാവി നേതൃനിരയെ വളര്‍ത്തിയെടുക്കുകയും ചെയ്യുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ടീം വോയ്സ് ഓഫ് ഫോമായുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ബിജു തോണിക്കടവില്‍ വ്യക്തമാക്കിയ്രുന്നു.