Image

ഗ്ലാസ്‌ഗോയില്‍ വെള്ളി നേടി ശ്രീശങ്കറും ബാസിലും (സനില്‍ പി. തോമസ്)

Published on 31 July, 2026
ഗ്ലാസ്‌ഗോയില്‍ വെള്ളി നേടി  ശ്രീശങ്കറും ബാസിലും (സനില്‍ പി. തോമസ്)

ബര്‍മ്മിങാം കോമണ്‍വെല്‍ത്ത് ഗെയിംസിലും ഹാങ്‌ചോ ഏഷ്യന്‍ ഗെയിംസിലും ലോങ് ജംപില്‍ വെള്ളി നേടിയ എം. ശ്രീശങ്കര്‍ പ്രതീക്ഷയോടെയാണ് പാരിസ് ഒളിംപിക്‌സ് ലക്ഷ്യമിട്ട് പരിശീലനം തുടര്‍ന്നത്. പക്ഷേ, ഒളിംപിക്‌സിനു തൊട്ടു മുമ്പ് കാല്‍മുട്ടിനു പരുക്ക്. പിന്നെ ശസ്ത്രക്രിയ, വിശ്രമം, സാവധാനം തിരിച്ചുവരവ്. അത്‌ലറ്റിക് ജീവിതം അവസാനിച്ചുവെന്ന് ആശങ്കപ്പെട്ടിടത്തുനിന്ന് ആത്മവിശ്വാസം കൈവിടാതെയുള്ള ഉയർത്തെഴുന്നേൽപ്. ഇപ്പോൾ ഗ്ലാസ്ഗോ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളി.
ഖത്തറില്‍ 2024 ഏപ്രിലില്‍ ആയിരുന്നു ശസ്ത്രക്രിയ.

Sreeshankar and Murali

 2025 ജൂലൈ 12 ന് പുനെയില്‍ ഇന്ത്യന്‍ ഓപ്പണ്‍ അത്‌ലറ്റിക്‌സില്‍ 8.05 മീറ്റര്‍ ചാടിയതോടെ രണ്ടാം ഇന്നിംഗ്‌സിനു തുടക്കമായി. അതേ വര്‍ഷം ഓഗസ്റ്റ് 10ന് ഭുവനേശ്വരില്‍ വേള്‍ഡ് അത്‌ലറ്റിക്‌സ് കോണ്ടിനെന്റല്‍ ടൂറില്‍ 8.13 മീറ്റര്‍. പക്ഷേ സെപ്റ്റംബറില്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ 7.78 മീറ്റര്‍ മാത്രം. ജീവിതത്തിലെ മികച്ച ദൂരമായ 8.41 മീറ്റര്‍ ഏറെ അകലെ. എന്നാൽ അടുത്തിടെ ഭുവനേശ്വരില്‍ നടന്ന അന്തര്‍ സംസ്ഥാന മീറ്റില്‍ 8.38 മീറ്റര്‍ ചാടി ശ്രീശങ്കര്‍ വലിയ പ്രതീക്ഷ ഉയര്‍ത്തി.

ഗ്ലാസ്‌ഗോയില്‍ തന്റെ രണ്ടാമത്തെ ചാട്ടത്തില്‍ 8.09 മീറ്റര്‍ താണ്ടിയാണ് ശ്രീശങ്കര്‍ വെള്ളി നേടിയത്. സ്വര്‍ണ്ണം ജമൈക്കയുടെ ഗെയിലിന് (8.15 മീറ്റര്‍) ബര്‍മ്മിങാമില്‍ 8.08 മീറ്റര്‍ ചാടിയാണ് ശ്രീശങ്കര്‍ വെള്ളി നേടിയത്. പിതാവ്, മുന്‍ ട്രിപ്പിള്‍ ജംപ് താരം മുരളിയാണ് ശ്രീശങ്കറിന്റെ പരിശീലകന്‍. മാതാവ് കെ.എസ്. ബിജിമോള്‍ മുന്‍ ജൂനിയര്‍ ഇന്ത്യന്‍ താരമാണ്. ഇരുപത്തേഴുകാരനായ ശ്രീശങ്കറിന് ഏഷ്യന്‍ ഗെയിംസില്‍ സുവര്‍ണ്ണനേട്ടം സാധ്യമാകുമോയെന്നതാണ് അടുത്ത ചോദ്യം. ആ കുതിപ്പ് 2028 ലെ ലൊസാഞ്ചലസ് ഒളിംപിക്‌സ് വരെ നീളണം.

Mhd Basil

ഗ്ലാസ്‌ഗോയില്‍ ട്രാക്കിലും മലയാളിത്തിളക്കം കണ്ടു. പരാ അത്‌ലറ്റിക്‌സില്‍ ടി 47 വിഭാഗം 100 മീറ്റര്‍ ഓട്ടത്തില്‍ മുഹമ്മദ് ബാസില്‍ വെള്ളി നേടി(10.83 സെ.). ഈ ഇനത്തില്‍ സ്വര്‍ണ്ണം ഇന്ത്യയുടെ ദിലിപ് മഹതു ഗാവിദിനാണ്(10.71 സെ.) ഇതോടെ ഈ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് ഇതുവരെ മൂന്നു  സ്വര്‍ണ്ണമായി. മലപ്പുറം വെളിയങ്കോട്ട് സ്വദേശിയാണ് ബാസില്‍. കളത്തിങ്ങല്‍ സിറാജുദീന്റെയും സീനത്തിന്റെയും പുത്രന്‍. തിരുവനന്തപുരം മാര്‍ ഇവാനിയോസിലെ അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി. കെ.വി.അനസ് ട്രാക്കിലിറക്കിയ ബാസില്‍ ഇപ്പോള്‍ ആര്‍. ശ്രീനിവാസന്റെ ശിഷ്യനാണ്. കഴിഞ്ഞ വര്‍ഷം ജൂണില്‍ പാരിസില്‍ ലോക പാരാ അത്‌ലറ്റിക്‌സ് ഗ്രാന്‍പ്രീയില്‍ സ്വര്‍ണ്ണം നേടിയിരുന്നു.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക