
ഇന്നു വെള്ളയപ്പച്ചനെ കണ്ടതേയില്ല.
“വെള്ളയപ്പച്ചൻ” എന്നു കേൾക്കുമ്പോൾ ആർക്കും പെട്ടെന്ന് മനസ്സിലാകണമെന്നില്ല. സത്യത്തിൽ അങ്ങനെ ഒരു പേരുണ്ടെന്ന് അയാൾക്കുതന്നെ അറിയില്ല. ഞങ്ങളാണ് ആ പേര് അയാൾക്കു നൽകിയതും, പിന്നീട് അത് ഞങ്ങളുടെ മനസ്സിൽ ഉറപ്പിച്ചതും.
ഈ മലമുകളിലെ ഓക് പാർക്ക് അവന്യുവിലെ പുതിയ വീട്ടിൽ താമസം തുടങ്ങിയത് കഷ്ടിച്ച് ആറുമാസം മുൻപാണ്. നഗരത്തിന്റെ ശബ്ദങ്ങളിൽ നിന്ന് അകലെയുള്ള, പച്ചപ്പിനിടയിൽ കുന്നുകൾ കയറിയിറങ്ങുന്ന ശാന്തമായ സ്ട്രീറ്റ്. ആദ്യദിവസം മുതൽ തന്നെ ഞങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റിയത് തൊട്ടയൽപ്പക്കത്തെ ആ വലിയ വീടായിരുന്നു. ആളനക്കമൊന്നുമില്ല. ഗേറ്റുകൾ അടഞ്ഞുകിടക്കും. എന്നാൽ രാത്രികളിൽ എല്ലായ്പ്പോഴും വീടിനുള്ളിൽ ലൈറ്റ് ഉണ്ടാകും, അകത്ത് ആരോ ഉണർന്നിരിക്കുകയാണെന്ന ഉറപ്പ് പോലെ.
ദിവ്യയാണ് അയാളെ ആദ്യം “അപ്പച്ചൻ” എന്നു വിളിച്ചത്.
ഒരു ആഴ്ച കഴിഞ്ഞപ്പോൾ ഞാൻ അവളോട് ചോദിച്ചു.
“ആരായിരിക്കും ആ വലിയ മാൻഷനിൽ ഒറ്റയ്ക്ക് താമസിക്കുന്നത്? പുറത്തൊന്നും ആളനക്കമില്ലെങ്കിലും രാത്രി ലൈറ്റ് ഉണ്ടല്ലോ.”
“അതൊരപ്പച്ചനാ,” അവൾ നിസ്സാരമായി പറഞ്ഞു.
“അപ്പച്ചനോ? യു മീൻ മലയാളി?”
“നോ… വെള്ളക്കാരനാ. ഇന്നലെ വൈകിട്ട് ബാക്ക് യാർഡിൽ നിൽക്കുന്നതു കണ്ടു.”
“ഓ… വെള്ളയാണോ?”
“അതെ… വെള്ളയപ്പച്ചൻ.”
അങ്ങനെയാണ് ആ പേര് എന്റെ മനസ്സിൽ കുടിയേറിയത്.
അയാളുടെ വീടിന്റെ പിന്നിൽ, വേലികെട്ടിയ അതിരുകൾക്കുള്ളിൽ, അവക്കാഡോ, ഓറഞ്ച്, നാരകം, മുന്തിരിവള്ളി, നോർത്ത് അമേരിക്കയിൽ വളരുന്ന മിക്കവാറും എല്ലാ ഫലവൃക്ഷങ്ങളും ഉണ്ടായിരുന്നു. ഒരു സാധാരണ തോട്ടമല്ല അത്. കൃത്യമായ പരിചരണവും സ്നേഹവും നിറഞ്ഞ, ഒരു മനുഷ്യന്റെ ജീവിതത്തിന്റെ തന്നെ ഭാഗം പോലെയായിരുന്നു അത്. അപ്പോഴാണ് എന്റെ ആകാംക്ഷ ഇരട്ടിയായത്.
ആരും കൂടെയില്ലെങ്കിൽ, ആർക്കുവേണ്ടിയാണ് ഇയാൾ ഇത്രയും സ്നേഹത്തോടെ ഈ മരങ്ങളെ മക്കളെപ്പോലെ വളർത്തുന്നത്?
ആദ്യ ആഴ്ച്ചയിൽ തന്നെ വെള്ളയപ്പച്ചൻ ഒറ്റക്കാണെന്ന് ഞങ്ങൾ ഉറപ്പിച്ചു. എന്നിട്ടും, ഇത്രയും വലിയ കൊട്ടാരസമാനമായ വീട്ടിൽ, വാർദ്ധക്യത്തിലേക്ക് കടക്കുമ്പോൾ, ഒരാൾ ഒറ്റയാനായി ജീവിക്കുന്നുവെന്നത് എനിക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞില്ല. ഒറ്റപ്പെടലിന്റെ നിശ്ശബ്ദത ആ വീടിന്റെ ചുറ്റുപാടും മൂടൽമഞ്ഞു പൊലെ പൊതിഞ്ഞുനിന്നിരുന്നു. ദിവ്യ പറഞ്ഞതുകൊണ്ട്, ഒരു വൈകുന്നേരം ഞങ്ങളുടെ ഡെക്കിൽ ഇരുന്ന് അയാളുടെ പഴത്തോട്ടത്തിലേക്കു ഞാൻ ഏറെ നേരം നോക്കി. അന്നാണ് വെള്ളയപ്പച്ചനെ ശരിക്കും കാണുന്നത്.

നിക്കറും ടി-ഷർട്ടുമിട്ട്, ചെറുപ്പക്കാരന്റെ ചുറുചുറുക്കോടെ, കൈയിൽ ചെറിയ കൈതൂമ്പയുമായി അയാൾ മരങ്ങളുടെ ചുവട്ടിൽ മണ്ണിളക്കുകയായിരുന്നു. ഒന്നു തിരിഞ്ഞാൽ എന്നെ കാണാമായിരുന്നുവെങ്കിലും അയാൾ നോക്കിയില്ല. ചെയ്യുന്ന പണിയിൽ മുഴുകിയിരിക്കുകയായിരുന്നു. അരമതിലിനരികിൽ ഒരു ചാക്ക് വളം, പാതി പൊട്ടിച്ചു വച്ചിരിക്കുന്നു.
പ്രായം ചെന്നിട്ടുണ്ടെങ്കിലും കാണാൻ സുന്ദരൻ. അനാരോഗ്യത്തിന്റെ ഒരു അടയാളവും ഇല്ല. ദിവ്യ പറഞ്ഞത് ശരിയാണെന്ന് എനിക്കും തോന്നി, അയാൾ ഈ മരങ്ങളെ സ്വന്തം മക്കളെപ്പോലെ തന്നെയാണ് പരിചരിക്കുന്നത്. എന്നാലും ആ വീടിനും പരിസരത്തിനും ചുറ്റും എന്തോ ഒരു നിഗൂഢത തളംകെട്ടിനിന്നു.
താമസം തുടങ്ങി രണ്ടുമാസം കഴിഞ്ഞ്, ഒരു ഇവനിംഗ് വാക്കിനിറങ്ങുമ്പോൾ, ഞങ്ങളുടെ സ്ട്രീറ്റിലെ അയൽക്കാരിയായ ജെന്നിഫറിനെ കണ്ടു. അതിനു മുൻപ് പരിചയപ്പെട്ടത് മോസ്‌കോ സ്വദേശിനി മറിയയെയും. രണ്ടുപേർക്കും പട്ടിക്കുട്ടികളുണ്ട്; പട്ടികളോടൊപ്പം നടക്കുന്നവരായതിനാൽ അവർ സ്ഥിരം നടപ്പുകാരികളാണ്.
മറിയക്ക് പ്രായം നാല്പതിലേറെ ഉണ്ടെങ്കിലും, ഒരു റഷ്യൻ മോഡലാണെന്നേ കണ്ടാൽ തോന്നൂ. പിന്നെയുള്ളത് ദാക്ഷായണിയാണ്, ഈ ഓക്‌പാർക്ക് സ്ട്രീറ്റിലെ ഏക മലയാളി. ഒറ്റപ്പാലംകാരിയാണെങ്കിലും ഭർത്താവ് ഡൽഹിക്കാരൻ. ഇടയ്ക്കിടെ ദിവ്യയോടു മലയാളം സംസാരിക്കാനുള്ള ഇഷ്ടം കൊണ്ടാണ് വീട്ടിൽ വരാറുള്ളത്.
നമ്മുടെ വീട്ടിന്റെ മുൻ ഉടമസ്ഥന്റെ ഇരുപത്തിമൂന്നു വയസ്സുള്ള മകൾ ക്യാൻസർ മൂലം മരിച്ച വിവരം പറഞ്ഞതും ദാക്ഷായണിയാണ്. അതാണ് അവർ വീടു വിൽക്കാൻ തീരുമാനിച്ചതെന്നും അവൾ പറഞ്ഞു. അവൾ കുറേ നാട്ടുവിശേഷങ്ങൾ പറഞ്ഞെങ്കിലും, സംസാരത്തിൽ ജെന്നിഫറിന്റെ അടുത്തെങ്ങും എത്തുകയില്ല. അതുകൊണ്ടായിരിക്കണം ദിവ്യ ജെന്നിഫറിനെ “ആകാശവാണി” എന്നു വിളിച്ചുതുടങ്ങിയത്.
പേരിന് യോജിച്ച സ്വഭാവം. അയൽക്കാരുടെ ചരിത്രവും ഭൂമിശാസ്ത്രവും അവൾക്ക് മനഃപാഠമാണ്. മറിയയും ഭർത്താവും വേറെ വേറെ റൂമുകളിലാണ് കിടക്കുന്നതെന്ന വിവരം പോലും ജെന്നിഫറാണ് എന്റെ ചെവിയിൽ മന്ത്രിച്ചത്. പിന്നെ സ്വരം കുറച്ച് മറ്റൊരു പരദൂഷണവുകൂടി പറഞ്ഞു.
“ആളൊറ്റക്കാ… പക്ഷേ ഗേൾഫ്രണ്ട് ഉണ്ട്.”
വെള്ളയപ്പച്ചനെക്കുറിച്ചായിരുന്നു അവൾ പറഞ്ഞത്.
ഡ്രൈവെയിൽ ഒരു കാർ കിടക്കുന്നത് ഞാനും കണ്ടിട്ടുണ്ട്. ഒരിക്കൽ, പട്ടിക്കുട്ടിയുമായി ഒരു സ്ത്രീ അകത്തേക്ക് കയറുന്നതും.
“എല്ലാ ആഴ്ചയും വരും. വന്നാൽ രണ്ടു ദിവസം താമസിച്ചിട്ടേ പോകൂ. ചെറുപ്പക്കാരിയാ…”
പിന്നെ സ്വരം കൂടുതൽ താഴ്ത്തി:
“ആദ്യ ഭാര്യ നേരത്തെ മരിച്ചു. ഒരു മോളുണ്ട്… ഒഹായോയിൽ. മോനുണ്ടായിരുന്നു, ഒലിവർ.”
അവളുടെ മുഖം പെട്ടെന്ന് മാറി.
“ആത്മഹത്യ. വളരെ നേരത്തെ പോയി.”
ആ വാർത്ത എന്നെ നിശ്ശബ്ദനാക്കി. അന്നുമുതൽ വെള്ളയപ്പച്ചനെ നേരിട്ട് കണ്ടു പരിചയപ്പെടണം എന്നാഗ്രഹം മനസ്സിൽ ഉറച്ചു. ഏകമകനെ നഷ്ടപ്പെട്ട ഒരു അച്ഛന്റെ വേദന വർഷങ്ങൾ കഴിഞ്ഞാലും ഒരിക്കലും മായില്ലല്ലോ.
ഒരുദിവസം ദിവ്യ അയാളെ ഓറഞ്ച് മരത്തിനരികിൽ കണ്ടു “ഹായ്” പറഞ്ഞു. അയാൾ ചിരിച്ചുകൊണ്ട് സ്വയം പരിചയപ്പെടുത്തി.
“റോബർട്ട്.”
അന്ന് ഞാൻ ഓഫീസിൽനിന്നു വന്നപ്പോൾ കിച്ചൺ ടേബിളിൽ നിറയെ പച്ച ആപ്പിളിന്റെ കൂമ്പാരം.
“വെള്ളയപ്പച്ചന്റെ പറമ്പിലേതാ,” ദിവ്യ പറഞ്ഞു. അവൾ ഒരു മുഴുത്ത പച്ച ആപ്പിൾ കടിച്ചു തിന്നുകൊണ്ടിരിക്കുന്നു.
“അപ്പച്ചൻ പറഞ്ഞു എത്ര വേണമെങ്കിലും പറിച്ചോളാൻ.”
“അതുകൊള്ളാം… ഇത്ര പെട്ടെന്ന് അയാളെയും മയക്കിയോ?” ഞാൻ ചിരിച്ചു.
“ഒരു പാവം അപ്പച്ചനാ,” അവൾ പറഞ്ഞു.
ആ സന്തോഷത്തിനിടയിൽ, മകൻ ഒലിവറിന്റെ കാര്യം പറയേണ്ട എന്ന് ഞാൻ തീരുമാനിച്ചു.
ഒരു ദിവസം, ഗേൾഫ്രണ്ടിന്റെ കാർ ഡ്രൈവെയിൽ ഇല്ലാതിരുന്നപ്പോൾ, ഞാൻ ഒരു കുപ്പി റെഡ് വൈനുമായി അയാളുടെ വീട്ടിൽ ചെന്നു. വാതിൽ തുറന്നത് ചിരിയോടെയായിരുന്നു.
“ഹായ് അരുൺ, ഹൗ ആർ യൂ?”
“ഐ ആം ഫൈൻ, താങ്ക് യു.”
അയാൾ എന്നെ അകത്തേക്ക് ക്ഷണിച്ചു. കുറേനേരം സംസാരിച്ചു. പിന്നെ വീട് മുഴുവൻ കൊണ്ടുനടന്നു കാണിച്ചു. ഒരു മ്യൂസിയം പോലെയായിരുന്നു ആ വീട്, പെയിന്റിങ്ങുകൾ, ശില്പങ്ങൾ, ഓർമ്മകൾ ഉണർത്തുന്ന ഫ്രെയിം ചെയ്ത കളർ, ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോകൾ.
പിന്നീട് ബാക്ക് യാർഡിലെ ഡെക്കിലേക്ക്കൂട്ടിക്കൊണ്ടു പോയി. അവിടെ നിന്നു സാൻ ഫ്രാൻസിസ്‌കോ ഉൾക്കടൽ തീരങ്ങളിലെ ഏറ്റവും ഉയരംകൂടിയ പർവ്വതമായ മൗണ്ട് ഡയാബ്ലോയും താഴ്‌വാരവും വ്യക്തമായി കാണാം. ഞാൻ താഴ്‌വാരത്തിൽനിന്ന് മുകളിലേക്കു വളഞ്ഞു വളഞ്ഞു കയറുന്ന വഴികളിലൂടെ വേഗത്തിൽ ഓടുന്ന വാഹനങ്ങളെ നോക്കിയിരുന്നു.
കുറച്ച് നിമിഷങ്ങൾക്കുശേഷം അപ്പച്ചൻ അകത്തുപോയി ഒരു വൈൻ കുപ്പിയും രണ്ടു വൈൻ ഗ്ലാസ്സുമായി വന്നു. വൈൻ ഒഴിക്കുമ്പോൾ അദ്ദേഹത്തിന്റെ കൈ ചെറുതായി വിറച്ചു. ഗ്ലാസ് വെച്ചപ്പോൾ കണ്ണുകൾ നിശ്ചലമായി.
“ഈ ഫലമരങ്ങളൊക്കെ… എന്റെ ഒലിവർ മോനുവേണ്ടിയാണ്.”
അപ്പച്ചൻ എന്തോ ഓർത്തിട്ടെന്നപോലെ പറഞ്ഞു.
“അവന് പതിനെട്ടു വയസ്സേ ആയിരുന്നുള്ളൂ. മരങ്ങൾ നമ്മളെ ചതിക്കില്ലെന്നാണ് അവൻ പറയാറുണ്ടായിരുന്നത്. വെട്ടിക്കളഞ്ഞാലും അവ വീണ്ടും വളരും.”
അദ്ദേഹം മുന്തിരിവള്ളികളുടെ ശിഖരങ്ങളിൽ സ്നേഹപൂർവ്വം കൈകൊണ്ടു തലോടി.
“ഇത് അവൻ നട്ട മുന്തിരിച്ചെടികളാണ്. മാധുര്യമുള്ള കൊച്ചു മുന്തിരിക്കുലകൾ… കാണാൻ നല്ല ഭംഗിയാണ്. പക്ഷേ അധികനാൾ നിൽക്കില്ല. അണ്ണാൻ കുഞ്ഞുങ്ങൾ വന്നു തിന്നു തീർക്കും. മോന് അണ്ണാൻ കുഞ്ഞുങ്ങളോട് ഒരുപാടിഷ്ടമായിരുന്നു. കുട്ടിയായിരിക്കുമ്പോൾ അവന് ഏറ്റവും കൗതുകമുള്ള കാഴ്ച അതായിരുന്നു.”
പിന്നെ അയാൾ പറഞ്ഞു:
“ദാ… ആ പച്ച ആപ്പിൾ മരം കണ്ടോ?”
ഞാൻ അങ്ങോട്ടു നോക്കി.
“ധാരാളം ആപ്പിൾ ഉണ്ടല്ലോ.”
“എലിസബത്ത് വെച്ച ആപ്പിൾ മരമാണ്. അവൾക്കു പച്ച ആപ്പിള്‍ മാത്രമേ ഇഷ്ടമായിരുന്നുള്ളൂ. കാൻസർ ശരീരം കാർന്നു തിന്നുമ്പോഴും പച്ച ആപ്പിൾ ധാരാളം കഴിക്കുമായിരുന്നു.”
അപ്പോഴാണ് എനിക്ക് മനസ്സിലായത്, ഈ മരങ്ങൾ വെറും മരങ്ങളല്ല. ഓർമ്മമരങ്ങളാണ്.
ഞാൻ പോകാനൊരുങ്ങുമ്പോൾ അപ്പച്ചൻ എന്റെ കൈ പിടിച്ചു.
“നിങ്ങളുടെ ഭാര്യ… ദിവ്യ… ആദ്യം കണ്ടപ്പോഴേ ഹായ് പറഞ്ഞു. അപ്പോൾ എന്റെ മകൾ ആനിയെയാണ് ഞാൻ ഓർത്തത്. എലിസബത്ത് മരിക്കുമ്പോൾ അവൾക്ക് ഒൻപതു വയസ്സായിരുന്നു. മോർച്ചറിയിൽ വെച്ച് അവൾ വാവിട്ടു കരഞ്ഞത് ഇന്നും എന്റെ മനസ്സിൽനിന്നും മായാതെ നിൽക്കുന്നു.”
അപ്പച്ചന്റെ കണ്ണു നിറയുന്നത് ഞാൻ കണ്ടില്ലന്നു നടിച്ചു, ദൂരെ മലമടക്കുകളിലേക്കു നോക്കി നിന്നു.
വീട്ടിലേക്കു മടങ്ങുമ്പോൾ ഞാൻ തിരിഞ്ഞുനോക്കി. വെള്ളയപ്പച്ചൻ തോട്ടത്തിലേ മുന്തിരിവള്ളികളുടെ ചുവട്ടിൽ നിൽക്കുകയായിരുന്നു. ഇപ്പോൾ ആ വീട് എനിക്ക് ഒരു കൊട്ടാരമല്ല. ഒരു മ്യൂസിയവും അല്ല. ജീവിച്ചിരിക്കുമ്പോൾ തന്നെ മരണം പഠിപ്പിക്കുന്ന ഓർമ്മകളുടെ ഒരു തോട്ടമാണ്. അവിടെ ഓരോ മരവും ഒരു മനുഷ്യജീവിതം പോലെ വളരുന്നു, ഒടിഞ്ഞാലും വീണ്ടും തളിർക്കുന്ന പ്രതീക്ഷയോടെ.
വെള്ളയപ്പച്ചൻ ഒരിക്കലും ആ വീട്ടിൽ ഒറ്റക്കാവില്ല ഒലിവറും, എലിസബത്തും…അവിടെത്തന്നെയുണ്ടാകും
അന്നുമുതൽ വെള്ളയപ്പച്ചനെ ഞാൻ പതിവായി കാണാൻ തുടങ്ങി. പലപ്പോഴും ഒറ്റയ്ക്ക് തോട്ടത്തിലൂടെ നടക്കുന്നു.
ഒരു വൈകുന്നേരം, മൗണ്ട് ഡയാബ്ലോ പർവ്വതങ്ങൾക്കു പിന്നിൽ പോക്കുവയിൽ ചിതറിവീണപ്പോൾ , ഞാൻ ഡെക്കിൽ നിന്നു ആ തോട്ടത്തിലേക്ക് നോക്കി. കാറ്റില്ല. ഇലകൾ അനങ്ങുന്നില്ല. എന്നിട്ടും മുന്തിരിവള്ളികൾ ചെറുതായി കുലുങ്ങുന്നത് ഞാൻ ശ്രദ്ധിച്ചു. ഒരു നിമിഷം…എന്റ കണ്ണുകൾ ഒന്നു ചിമ്മി .
അപ്പോഴാണ് ആപ്പിൾമരത്തിന്റെ ചുവട്ടിൽ അടക്കിപ്പിടിച്ച് ആരൊക്കെയോ സംസാരിക്കുന്നു. ഒന്നും വ്യക്തമല്ല. വെള്ളയപ്പച്ചൻ അവിടെ നിന്നിരുന്നു ഒറ്റക്കല്ല.
മുന്തിരിവള്ളികളുടെ ഇടയിൽ മറ്റൊരു ചെറുനിഴൽ. പ്രകാശം ചിലപ്പോൾ മനുഷ്യരൂപമെടുത്ത് വീണ്ടും ഇലകളായികൊഴിഞ്ഞുവീഴുന്നു. അപ്പച്ചൻ പതുക്കെ പറഞ്ഞു:
“ഇന്ന് കറുത്ത വാവാണ്.”
അയാൾ ആരോടാണ് സംസാരിക്കുന്നതെന്ന് ഞാൻ ചോദിച്ചില്ല. അന്നുരാത്രി, ആദ്യമായി ആ വലിയ വീട്ടിലെ ലൈറ്റുകൾ എല്ലാം ഒരേസമയം അണഞ്ഞു.
അടുത്ത ദിവസം രാവിലെ, എന്റെ ഡെക്കിന്റെ പടിയിൽ മൂന്ന് പച്ച ആപ്പിളുകൾ. ഒന്നിൽ പാതി കടിച്ച പാടുണ്ട്. ഒന്ന് പകുതിയായി മുറിച്ചത്. മറ്റൊന്ന് പൂർണ്ണം.
അന്നുമുതൽ ആ തോട്ടത്തിലെ മരങ്ങൾ രാത്രിയിൽ മാത്രം പൂക്കും. പുലർച്ചെക്ക് പൂക്കൾ കാണില്ല. പക്ഷേ കുറേ ആപ്പിളും മുന്തിരിക്കുലകളും നിലത്തു വീണുകിടക്കുന്നുണ്ടാവും. ഇപ്പോൾ എനിക്ക് അറിയാം:
ചിലർ മരിക്കുമ്പോൾ പോകുന്നില്ല. ഓർമ്മകളിൽ ചേക്കേറുകയാണ്. മരങ്ങൾക്കിടയിൽ, ഒലിവറിന്റെയും എലിസബത്തിന്റെയും ദീഘനിശ്വാസങ്ങൾ ഇലകളെ ഇളക്കി കടന്നുപോകുന്നു.
അതെ…
വെള്ളയപ്പച്ചൻ അവിടെ ഒറ്റയ്ക്കല്ല.
ഓർമ്മകൾക്കു ജീവനുള്ളിടത്തോളം,
ആരും ഒരിക്കലും ഒറ്റയ്ക്കാവില്ല.