
അമേരിക്കൻ മലയാളി എഴുത്തുകാരനും നാടക-സിനിമാ പ്രവർത്തകനും മികച്ച സംഘാടകനുമായ മനോഹർ തോമസ് 1982 മുതൽ അമേരിക്കയിൽ ഉണ്ട്. അമേരിക്കൻ ജീവിതത്തിലെ നനുത്ത ഓർമ്മകളും, മറക്കാനാവാത്ത കാഴ്ചകളും, പൊള്ളിക്കുന്ന അനുഭവങ്ങളും, മലയാള നാടിൻ്റെ ഗന്ധവും നിറഞ്ഞതാണ് കിളിമഞ്ജാരോയിൽ മഴ പെയ്യുമ്പോൾ എന്ന ഈ കഥാസമാഹാരം. ജീവിതത്തെ അരുമയോടെയും ഉന്മാദത്തോടെയും ചേർത്തു പിടിക്കുന്നതാണ് ഇതിലെ ഓരോ കഥകളും.
മനോഹർ തോമസ് ഒരു പ്രവാസിയും, കുടിയേറ്റക്കാരനും ആയതിലൂടെ തനിക്ക് ലഭിച്ച ഒന്നിലധികം കഥാഭൂമികയുടെ കഥകൾ പറയുന്നു. അമേരിക്കയിൽ എത്തിയിട്ടുള്ള എഴുത്തുകാർക്കും സാംസ്‌കാരിക പ്രവർത്തകർക്കും മനോഹറിൻ്റെ ആതിഥ്യം സ്വീകരിക്കാതെ പോകാനാവില്ല. എല്ലാവരുമായി നല്ല സൗഹൃദം സൂക്ഷിക്കുന്ന വ്യക്തിയാണദ്ദേഹം. കഥാകാരനെ മലയാളസാഹിത്യത്തിൻ്റെ അമേരിക്കയിലെ ബ്രാൻഡ് അംബാസഡർ എന്നാണ് എം. മുകുന്ദൻ വിശേഷിപ്പിച്ചിരിക്കുന്നത്.
കാലങ്ങളെത്ര കഴിഞ്ഞാലും ജനിച്ചു വളർന്ന, ജന്മനാടിൻ്റെ ജീവിത സ്മമരണകൾ മനസ്സിൽ മങ്ങാതെ മായാതെ നിൽക്കും. ഈ എഴുത്തുകാരനും നാടിനെ അതിരറ്റ് സ്നേഹിക്കുന്നുണ്ടെങ്കിലും അദ്ദേഹത്തിൻ്റെ കഥകളിൽ അങ്ങനെ ഒരു അതിരുകടന്ന ഗൃഹാതൂരത്വം മുഴച്ചു നിൽക്കുന്നില്ല. പല കഥകളും നാടിൻ്റെ പശ്ചാത്തലത്തിൽ പറഞ്ഞു തുടങ്ങി അമേരിക്കലാണ് അവസാനിച്ചിരിക്കുന്നത്.
'രാഗം ഭൈരവി' എന്ന കഥ പാടാനുള്ള ആഗ്രഹവുമായി നാട്ടിൽ ദാരിദ്ര്യത്തിൽ ജീവിച്ച പൗലോസുകുട്ടിയുടെയും, ജന്മസിദ്ധമായി നന്നായി പാടാൻ കഴിവുള്ള വിരേന്ദ്ര പിഷാരടിയുടെയും സൗഹൃദത്തിൻ്റെ കഥയാണ്. സംഗീതത്തിൻ്റെ സൂക്ഷ്മ ഭാവങ്ങളിലൂടെയാണ് കഥ വികസിക്കുന്നത്. പൗലോസുകുട്ടി, ന്യൂയോർക്കിലെ ഒരു വലിയൊരു സംഗീത പരിപാടിയിലൂടെ തൻ്റെ പഴയ സുഹൃത്തിനെ പ്രശസ്ത ഗായകനായ ക്രിസ്റ്റഫർ എബണീസ്റ്ററായി കണ്ടുമുട്ടുമ്പോൾ അവരോളം തന്നെ നമ്മളും ആനന്ദനിർഭരരാകും.

എമ്പത്തിയേഴാം വയസ്സിൽ കാലം ചെയ്യുന്ന അഭിവന്ദ്യ എപ്പിസ്‌കോപ്പ പീറ്റർ ചട്ടോളിയെ കഥാനായകൻ ചിക്കാഗോയിലിരുന്ന് ഓർത്തെടുക്കുന്നതാണ് 'എപ്പിസ്‌കോപ്പ' എന്ന കഥ. നമ്മൾ ചിലരെ പരിചയപ്പെടുമ്പോൾ മനസ്സ് പറയും ഇയാൾ ഒരിക്കലും ഇങ്ങനെ ആകേണ്ട ഒരാളല്ല എന്ന്. സംവിധായകൾ നമുക്കു നൽകിയ വേഷമായിരിക്കില്ല മിക്കപ്പോയും നാം അഭിനയിക്കുന്നത്. എല്ലാവരിലും ഒരു പച്ചയായ മനുഷ്യനുണ്ട്. ഒരു മനസ്സിൻ്റെ നേരറിഞ്ഞാൽ, അവർക്ക് എന്ത് ന്യൂനതകൾ ഉണ്ടെങ്കിലും, നാം അറിയാതെ അവരെ ചേർത്തുനിർത്തും. ആഖ്യാനത്തിൻ്റെ മേന്മ ഈ കഥയിലും അനുഭവിക്കാനാകും.
'ഇന്നലെയുടെ കാലൊച്ചകൾ' കരുത്തുറ്റ ഒരു കഥയാണ്. ന്യൂയോർക്ക് ട്രെയിനിലെ ഒഴിഞ്ഞ കമ്പാർട്ടുമെൻ്റിൽ ഇരിക്കുന്ന മുഷിഞ്ഞ നാറ്റമുള്ള ഒരു മനുഷ്യൻ, കഥാനായകനെ ഓർമ്മകളിലൂടെ നാട്ടിലേക്ക് കൊണ്ടു പോകുന്നു. അവിടെ ഒരു ഉണ്ണിയേട്ടനുണ്ടായിരുന്നു, ജീവിതാവസാനം എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട ഒരു വലിയ മനുഷ്യൻ, ദുർഗന്ധം പരത്തി ഏകാകിയായി ജീവിക്കുന്ന കഥന കഥ.
പുസ്തകത്തിൻ്റെ പേരിലുള്ള കഥ 'കിളിമഞ്ജാരോയിൽ മഴ പെയ്യുമ്പോൾ' എന്ന കഥ ടാൻസാനിയക്കാരി നീലക്കണ്ണുള്ള മാർഗരറ്റ് മില്ലർ എന്ന ഒരു വലിയമ്മയുടെ കഥയാണ്. ചാരവും പാറയും ലാവയും ചേർന്നുണ്ടായതാണ് കിളിമഞ്ചാരോ മലനിരകൾ. ആ അമ്മയുടെ പേരായ മാർഗരറ്റ് എന്നല്ലാതെ മറ്റൊരു പേര് കഥാനായകൻ ജയകാന്തൻ്റെ മകൾക്ക് ഇടാൻ കഴിയുമായിരുന്നില്ല. ആ അമ്മ ജയകാന്തന് ആരാണെന്ന് പറയുന്നതിലും എളുപ്പം ആരല്ലെന്ന് പറയുന്നതാകും. കഥയുടെ തുടക്കത്തിലും ഒടുക്കത്തിലും ആ അമ്മയുടെ ജനന ദിവസവും മാത്രമല്ല മഴ പെയ്യുന്നത്, കഥ വായിക്കുന്നവരുടെ മനസ്സിലും മഴ പെയ്യും, പെയ്തുകൊണ്ടേയിരിക്കും.
'ഒരു സ്വർണ്ണപിന്നിൻ്റെ ഭാഗധേയം' എന്ന കഥയിൽ പറയുന്നത് നോക്കുക. 'തടിയും മരവും കണക്കുകളുമായിരുന്നു അച്ഛന് എന്നും പ്രിയം. ഒത്ത വണ്ണവും നീളവും ഉള്ള ഒരു തടി കണ്ടാൽ അച്ഛൻ മണിക്കൂറുകളോളം ആ നിന്ന നിപ്പ് നിൽക്കും. അങ്ങനെയാണ് 'തടിപ്പാച്ചു' എന്ന ഓമനപ്പേരു് വീണത്.' കഥാപാത്ര ചിത്രീകരണം ചുരുങ്ങിയ വാക്കുകളിലാണെങ്കിലും പാത്രവ്യക്തിത്വം ആവിഷ്‌കരിക്കുവാൻ കഥാകാരന് കൃത്യമായി സാധിച്ചിരിക്കുന്നു. "എന്തിനാ ചേട്ടാ ആ പാവം കൊച്ചിനെ ഇങ്ങനെ ഹോമിക്കുന്നത്? അതൊരു വെറും പിന്നല്ലേ?" എന്ന ചോദ്യത്തിന് മകനെ സത്യസന്ധനായി വളർത്തുന്ന അച്ഛൻ്റെ മറുപടി ശ്രദ്ദേയമാണ് "തനിക്കതൊരു വെറും പിന്നാകും, എനിക്കെൻ്റെ മകൻ്റെ സ്വഭാവവും".
നല്ല മനസ്സ് ആകസ്മികമായി വെളിപ്പെടുന്ന കുർദ് കുടുംബത്തിൻ്റെ കഥ പറയുന്ന 'പുക ചുറ്റിയ കണ്ണുകൾ' എന്ന കഥ വായനക്കാരുടെ മനസ്സിൽ എന്നും നിറഞ്ഞു നിൽക്കും. നന്മ ചിത്രീകരിക്കുവാൻ കിട്ടുന്ന അവസരം വിട്ടു കളയാത്ത കഥാകാരനും നന്മമനസ്സിൻ്റെ ഉടമയായിരിക്കുമെന്ന് ഉറപ്പിക്കാം.

ചിരിയുടെ രസതന്ത്രം' എന്ന കഥയിൽ, 'വാതിലിൽ ചാരി ഒരു നേർത്ത ചിരിയുമായി അവൾ നിന്നു, കരിമ്പിൻ കാട്ടിലേക്ക് ആനയെ ക്ഷണിക്കും പോലെ' എന്ന് പറഞ്ഞിരിക്കുന്നു. പശ്ചാത്തല വർണ്ണനയോ, കഥാപാത്ര അവതരണമോ നടത്തുന്നതിൻ്റെ ഇടയിലായാലും എവിടെയെങ്കിലും ചിരി പകരാനുള്ള ഒരു അവസരം ഉണ്ടെങ്കിൽ കഥാകാരൻ അത് നഷ്ടപ്പെടുത്താറില്ല. കഥകളിൽ നല്ല നർമ്മ സ്പർശമുള്ള ആഖ്യാനം നമുക്ക് കാണാനാവും.
മലയാളത്തിൽ എഴുതപ്പെട്ടതാണെങ്കിലും ഈ കഥകൾ മലയാളികളുടെ മാത്രം കഥകളല്ല. അതുകൊണ്ടുതന്നെ വിചിത്ര സ്വഭാവികളെന്ന് സാധാരണ വായനക്കാർക്ക് തോന്നുന്ന പല കഥാപാത്രങ്ങളേയും നമുക്കിവിടെ കണ്ടുമുട്ടാനാകും. 'പിയെറ്റ' യിലെ എഡ്ഡിയെയും 'പുക ചുറ്റിയ കണ്ണുകൾ' എന്ന കഥയിലെ ദലീമയെയും പോലുള്ളവർ വാനക്കാരിൽ അത്ഭുതം സൃഷ്ടിക്കുകയും പുതിയ തിരിച്ചറിവ് നൽകുകയും ചെയ്യും.
സാഹിത്യരചന, അഭിനയം, മോഡലിംഗ്, സാംസ്‌കാരിക പ്രവർത്തനം തുടങ്ങി അനേകം മേഖലകളിൽ ജന്മസിദ്ധമായ വാസനയും കർമ്മസിദ്ധമായ സാധനയും ഉള്ള ഒരാൾ എഴുത്തിൻ്റെ മേഖലയിലേക്ക് വരാൻ വൈകിയത് വായനാലോകത്തിൻ്റെ നഷ്ടമാണ്. ധാരാളം കഥകൾ പറയുകയും അപൂർവ്വമായി എഴുതുകയും ചെയ്യുന്ന ഒരു രസികൻ്റെ ആദ്യത്തെ കഥാസമാഹാരമാണിത്. ഇതൊരു തുടക്കമാണ് ഇതേപോലെ മികച്ച കഥകളുമായി കഥാകാരൻ വേഗം വീണ്ടും വരാതിരിക്കില്ല.
അർഷാദ് ബത്തേരിയുടെ പ്രസാധകക്കുറിപ്പും, എം. മുകുന്ദൻ, സക്കറിയ എന്നിവരുടെ ആശംസകളും, എം. എൻ. കാരശ്ശേരിയുടെ അവതാരികയും പുസ്തകത്തിൽ ചേർത്തിട്ടുണ്ട്. മനോഹറിൻ്റെ തൂലികയിൽ നിന്ന് വായനാലോകത്തിന് കൂടുതൽ പ്രതീക്ഷിക്കാനാവും. 16 കഥകളുടെ ഈ സമാഹാരം ബാഷോ ബുക്ക്സാണ് പുസ്തകം പബ്ളിഷ് ചെയ്തിരിക്കുന്നത്. 114 പേജുകളൂള്ള ഈ പുസ്തകത്തിൻ്റെ വില 170 രൂപ.

മനോഹർ തോമസ്
പി. കെ. തോമസിൻ്റെയും ലൂസിയുടെയും മകനായി വയനാട്ടിലെ കൽപ്പറ്റയിൽ ജനനം. ഇപ്പോൾ ന്യൂയോർക്കിൽ താമസിക്കുന്നു. 1990 ൽ ന്യൂയോർക്കിൽ സർഗ്ഗവേദി എന്ന ഭാഷാ സാഹിത്യ സംഘടനയ്‌ക്ക് രൂപം നൽകി, ഇന്നും അതിൻ്റെ അമരക്കാരനായി പ്രവർത്തനം തുടരുന്നു. ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ (ലാന) പ്രസിഡൻ്റായിരുന്നു.
നിരവധി നാടകങ്ങൾ രചിച്ചിട്ടുണ്ട്. കാലാന്തരം എന്ന നാടകം എഴുതി സംവിധാനം ചെയ്ത് അതിൽ അൻപതു വയസ്സുകാരനും എൺപതു വയസ്സുകാരനുമായി അഭിനയിച്ചു. പ്രൊഫഷണൽ നാടകങ്ങളിൽ ഉൾപ്പെടെ 173 നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 13 സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ആദ്യചിത്രമായ 'പടക്കുതിര' യിൽ സീമയുടെ നായകനായിരുന്നു. 18 ടെലിഫിലിമുകളിൽ പലപല വേഷങ്ങൾ ചെയ്തു. നിരവധി പരസ്യചിത്രങ്ങളിൽ മോഡലായിരുന്നു.
ഭാര്യ :- ജെമിനി തോമസ്, മകൻ :- നീൽ തോമസ് , email :- manoharthomas5@gmail.com