Image

കോമണ്‍വെല്‍ത്ത് ഗെയിംസിന് നിറം മങ്ങുന്നോ? (സനില്‍ പി. തോമസ് )

സനില്‍ പി. തോമസ് ) Published on 29 July, 2026
കോമണ്‍വെല്‍ത്ത് ഗെയിംസിന്  നിറം മങ്ങുന്നോ? (സനില്‍ പി. തോമസ് )

ഗ്ലാസ്ഗോ കോമണ്‍വെല്‍ത്ത് ഗെയിംസ് ഏഴാം ദിവസത്തേക്ക് കടന്നപ്പോള്‍ ഇന്ത്യക്ക് 12 മെഡല്‍. രണ്ടു സ്വര്‍ണ്ണം, ഏഴു വെള്ളി, മൂന്നു വെങ്കലം. ആകെ 30 മെഡല്‍ ആണ് ഇന്ത്യയുടെ പ്രതീക്ഷ. പാരാ സ്പോര്‍ട്സ് (ആറ് ഇനങ്ങള്‍) ഉള്‍പ്പെടെ 16 ഇനങ്ങളില്‍ മാത്രമാണ് ഇക്കുറി മത്സരം. പാരാ അത്ലറ്റിക്സ്, പാരാ സ്വിമ്മിങ്ങ്, ട്രാക്ക് സൈക്ക്ളിങ്, പവര്‍ ലിഫ്റ്റിങ്, ബൗള്‍സ്, 3X3 വീല്‍ ചെയര്‍ ബാസ്‌ക്കറ്റ്ബോള്‍ എന്നിവയാണ് പാരാ സ്പോര്‍ട്സ് ഇനങ്ങള്‍. 450 പാരാ അത്ലിറ്റുകള്‍ 47 മെഡലുകള്‍ക്കായി മത്സരിക്കുന്നു.


മറ്റ് 10 ഇനങ്ങളില്‍ ട്രാക്ക് ആന്‍ഡ് ഷീല്‍ഡ്, നീന്തല്‍ ഇനങ്ങള്‍ സജീവമായിട്ടും പ്രതീക്ഷിച്ച ആവേശം കായിക പ്രേമികളില്‍ കാണുന്നില്ല. ലോകകപ്പ് ഫുട്ബോള്‍ ആവേശത്തില്‍ നിന്ന് അധികമാരും മോചിതരായിട്ടില്ലെന്നു തോന്നുന്നു. വിക്ടോറിയ പിന്‍വാങ്ങിയതോടെ ഗെയിംസ് മുടങ്ങുമെന്ന സ്ഥിതിയായിരുന്നു. ഗ്ലാസ്ഗോ രക്ഷയ്ക്കെത്തിയത് ചെലവു ചുരുക്കിയൊരു ഗെയിംസ് മാതൃകയുമായാണ്. 2022 ല്‍ ബര്‍മ്മിങ്ങാമില്‍ 15 വേദികളില്‍ 19 ഇനങ്ങളില്‍ പ്രധാന മത്സരങ്ങള്‍ നടന്നെങ്കില്‍ ഇക്കുറി നാല് വേദികളിലാണ് 10 ഇനങ്ങള്‍. ഏതാണ്ട് എട്ടു കിലോമീറ്റര്‍ ചുറ്റളവില്‍ ഗെയിംസ് ഒതുങ്ങുന്നു.


ഇംഗ്ലണ്ടില്‍ നിന്നാണ് ഏറ്റവും അധികം താരങ്ങള്‍. 264 പേര്‍. ഓസ്ട്രേലിയ തൊട്ടുപിന്നിലുണ്ട്. 263 അത്ലിറ്റുകള്‍, ആതിഥേയരായ സ്‌കോട്ലന്‍ഡ് സംഘത്തില്‍ 173 പേരുണ്ട്. 126 അംഗ സംഘത്തെയാണ് ഇന്ത്യ തിരഞ്ഞെടുത്തതെങ്കിലും ഉത്തേജകത്തില്‍ കുടുങ്ങി രണ്ടുപേരെ പിന്‍വലിച്ചു. ഉത്തേജകത്തിന്റെ പേരില്‍ ക്വോട്ട കുറച്ചതിനാല്‍ മൂന്നാമതൊരാള്‍ക്കും അവസരം നഷ്ടമായി.


ഷൂട്ടിങ്, റെസ്ലിങ്, ബാഡ്മിന്റന്‍, ടേബിള്‍ ടെന്നിസ് തുടങ്ങിയ ഇനങ്ങള്‍ ഒഴിവാക്കപ്പെട്ടത് ഇന്ത്യക്ക് വലിയ തിരിച്ചടിയായി. ഇന്ത്യന്‍ സംഘത്തില്‍ നീരജ് ചോപ്ര, മീരാബായ് ചാനു, ലൗലീന ബോര്‍ഗോഹെയ്ന്‍ എന്നീ ഒളിംപിക് മെഡല്‍ ജേതാക്കളുണ്ട്. മീരാബായ് ദാരോദ്വഹനത്തില്‍ തുടര്‍ച്ചയായി മൂന്നാം തവണയും സ്വര്‍ണ്ണം നേടി. 2014 ല്‍ മീര വെള്ളി നേടിയിരുന്നു. തുടരെ നാലുമെഡല്‍.


ജോഷ് കെര്‍(സ്‌കോട്ലന്‍ഡ്, ഒരു മൈല്‍ ലോക റെക്കോര്‍ഡ്), കാത്തറീന ജോണ്‍സണ്‍ തോംസണ്‍(ഇംഗ്ലണ്ട്, ഹെപ്റ്റത്‌ലന്‍, ഒളിംപിക് വെള്ളി), ഡാനിയേലെ വില്യംസ്(ജമൈക്ക, 100 മീ. ഹര്‍ഡില്‍സില്‍ 2023 ലോക ചാമ്പ്യന്‍), ഫെയ്ത്ത് ഷെറോടിഷ്(കെനിയ, വനിതകളുടെ 3000 മീറ്റര്‍ സ്റ്റിപ്പിള്‍ ചേസ്, പാരിസ് ഒളിംപിക്സില്‍ വെങ്കലം) എന്നിവരാണ് മത്സര രംഗത്തുള്ള പ്രമുഖര്‍. ജൂലിയന്‍ ആല്‍ഫ്രഡ്, മേരി മോറ എന്നീ അത്ലിറ്റുകളും നീന്തല്‍ താരങ്ങളായ സമ്മന്‍ ഒക്കിന്റോഷും കെയ്ലി മക്കിയോണും പിന്‍വാങ്ങിയത് താരത്തിളക്കം കുറച്ചു.


ഒളിംപിക്സും ഏഷ്യന്‍ ഗെയിംസും കഴിഞ്ഞാല്‍ ഇന്ത്യ ഏറ്റവും പ്രാധാന്യം നല്‍കുന്നത് കോമണ്‍വെല്‍ത്ത് ഗെയിംസിനാണ്. മേളയുടെ തിളക്കം കുറയരുതെന്ന് ആഗ്രഹിക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. 2010 ല്‍ ആതിഥേയരായ ഇന്ത്യ 2030 ല്‍ വീണ്ടും കോമണ്‍വെല്‍ത്ത് ഗെയിംസ് സംഘടിപ്പിക്കുന്നത് മുമ്പുണ്ടായിരുന്ന മത്സര ഇനങ്ങള്‍ മിക്കവാറും ഉള്‍പ്പെടുത്തിയായിരിക്കും. 2036ലെ ഒളിംപിക്സിനു വേദിയാകാന്‍ ശ്രമിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. അതുകൊണ്ടുതന്നെ 2030 ലെ കോമണ്‍വെല്‍ത്ത് ഗെയിംസ് കുറ്റമറ്റ രീതിയില്‍ സംഘടിപ്പിക്കേണ്ടതുണ്ട്.


ഇന്ത്യക്കു മുന്നിലുള്ളത് രണ്ടു വെല്ലുവിളികളാണ്. ഉത്തേജക ഉപയോഗത്തില്‍ ഇന്ത്യ ലോകത്തുതന്നെ മുന്‍നിരയില്‍ ആണ്. 2010 ലെ ഗെയിംസ് നടത്തിപ്പിലെ അഴിമതി ആവര്‍ത്തിക്കപ്പെടരുത്. ഒപ്പം കോമണ്‍വെല്‍ത്ത് ഗെയിംസ് ആവേശം ഇന്ത്യയില്‍ ഉണര്‍ന്നാല്‍ മാത്രമേ അടുത്ത ഗെയിംസിന്റെ വരവേല്‍പ് ശ്രദ്ധേയമാക്കാന്‍ കഴിയൂ. മീരാ ബായ് യെപ്പോലെ നമ്മുടെ മറ്റു സൂപ്പര്‍ താരങ്ങളും തിളങ്ങിയാല്‍ ആവേശം ഉണരും.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക