Image

കെഎസ്ആര്‍ടിസി വനിതാ കണ്ടക്ടര്‍മാര്‍ക്ക് ആര്‍ത്തവ അവധി; മൂന്ന് മാസത്തിനകം തീരുമാനമെടുക്കാന്‍ ഹൈക്കോടതി നിര്‍ദേശം

Published on 29 July, 2026
കെഎസ്ആര്‍ടിസി വനിതാ കണ്ടക്ടര്‍മാര്‍ക്ക് ആര്‍ത്തവ അവധി; മൂന്ന് മാസത്തിനകം തീരുമാനമെടുക്കാന്‍ ഹൈക്കോടതി നിര്‍ദേശം

കൊച്ചി: രണ്ട് ദിവസം ശമ്പളത്തോടുകൂടി ആര്‍ത്തവ അവധി അനുവദിക്കണമെന്നാവാശ്യപ്പെട്ട് കെ.എസ്.ആര്‍.ടി.സി.യിലെ വനിത കണ്ടക്ടര്‍മാര്‍ നല്‍കിയ നിവേദനത്തില്‍ സര്‍ക്കാര്‍ മൂന്ന് മാസത്തിനുള്ളില്‍ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി. ഹര്‍ജിക്കാരെയും കെ.എസ്.ആര്‍.ടി.സി.യേയും കേട്ട് തീരുമാനമെടുക്കാനാണ് ജസ്റ്റിസ് വിജു എബ്രഹാമിന്റെ ഉത്തരവ്. വനിത കണ്ടക്ടര്‍മാരായ എസ്.എസ്.ആശ, എസ്.ശ്രീന, എം.സജല തുടങ്ങിയവര്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്.

വനിത കണ്ടക്ടര്‍മാര്‍ക്ക് അനുയോജ്യമായ രീതിയിലുള്ള ആര്‍ത്തവ അവധി നയത്തിന് സര്‍ക്കാര്‍ രൂപം നല്‍കേണ്ടതുണ്ടെന്നും കോടതി പറഞ്ഞു. ആര്‍ത്തവ അവധി ജീവനക്കാരുടെ ക്ഷേമം വര്‍ധിപ്പിക്കും. തീവ്രമായ ആര്‍ത്തവ പ്രശ്നങ്ങള്‍ ആരോഗ്യത്തേയും ജോലിയേയുമൊക്കെ ബാധിക്കുന്നതാണ്. ഏറെ നേരം നില്‍ക്കുകയും തുടര്‍ച്ചയായി ചലിക്കുകയുമൊക്കെ വേണ്ടതാണ് കണ്ടക്ടര്‍മാരുടെ ജോലി. വൃത്തിയുള്ള വിശ്രമ സൗകര്യമടക്കം പരിമിതമാണ്.

സ്ത്രീ ജീവനക്കാരില്‍ ആര്‍ത്തവം ചെലുത്തുന്ന ശാരീരികവും മാനസികവുമായ ആഘാതങ്ങളെ അംഗീകരിക്കുന്ന പുരോഗമനപരമായ ക്ഷേമ നടപടിയാണ് ആര്‍ത്തവ അവധി. സ്ത്രീകളുടെ അന്തസ്സ് സംരക്ഷിക്കുന്നതിനും നീതിയുക്തവും മാനുഷികവുമായ തൊഴില്‍ സാഹചര്യങ്ങള്‍ ഉറപ്പാക്കുന്നതിനും പിന്തുണയേകുന്ന ഇന്ത്യന്‍ ഭരണഘടനയിലെ വ്യവസ്ഥകളുമായി ഒത്തുപോകുന്നതാണ് ആര്‍ത്തവ അവധി എന്നും കോടതി പറഞ്ഞു.

3000 ത്തോളം വനിത ജീവനക്കാരാണ് കെ.എസ്.ആര്‍.ടി.സി.യിലുള്ളത്. കര്‍ണ്ണാടകത്തില്‍ മാസത്തില്‍ ഒരു ദിവസം വനിത ജീവനക്കാര്‍ക്ക് ആര്‍ത്തവ അവധി അനുവദിച്ചതും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. കേരളത്തില്‍ 
സര്‍വകലാശാലയിലെ വിദ്യാര്‍ഥിനികള്‍ക്കും ആര്‍ത്തവ അവധി അനുവദിച്ചിട്ടുണ്ടെന്നും വാദിച്ചു. അഡ്വ.എം.അനില്‍കുമാര്‍ ഹര്‍ജിക്കാര്‍ക്കായി ഹാജരായി. 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക