
വിവരസാങ്കേതികവിദ്യയുടെ അപ്രമാദിത്യവും അതിപ്രസരവും ഗാഡ്ജറ്റുകളുടെ അമിതോപയോഗവും വളർന്നുവരുന്ന കുഞ്ഞുങ്ങളെ ഏതു രീതിയിലാണ് സ്വാധീനിക്കുന്നത് എന്നത് അങ്ങേയറ്റം ഉത്കണ്ഠ ഉളവാക്കുന്ന ഒരു സംഗതിയാണ്.
വിവരസാങ്കേതികവിദ്യയുടെ അനിയന്ത്രിതമായ കടന്നുകയറ്റം ഭൂമിയിൽ മനുഷ്യരുടെ നിലനിൽപ്പിനെ പോലും അപകടത്തിൽ ആഴ്ത്തിയിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്. ഇന്ന് ലോകം എങ്ങനെ മുന്നോട്ടു പോകണം എന്ന് നിശ്ചയിക്കുന്ന ഏറ്റവും നിർണായകമായ ചാലക ശക്തികൾ വിവര സാങ്കേതികവിദ്യയുടെ ഉടമസ്ഥാവകാശം കൈയാളുന്ന കോർപ്പറേറ്റ് ശക്തികൾ തന്നെയാണ്.
ഈ ലോകത്തുള്ള ഓരോ മനുഷ്യനും എന്തു ഭക്ഷണം കഴിക്കണം, എന്തു വസ്ത്രം ധരിക്കണം, എന്തു വായിക്കണം, എങ്ങനെ സന്തോഷിക്കണം, എന്ത് ചിന്തിക്കണം എന്നു തുടങ്ങി എങ്ങിനെ പ്രണയിക്കണം,ആരെ പ്രണയിക്കണം എന്നുപോലും നിശ്ചയിക്കുന്നത് ഇത്തരം കോർപ്പറേറ്റ് ശക്തികളാണ്. ഒരാൾ രാവിലെ എഴുന്നേൽക്കുന്നത് മുതൽ രാത്രി ഉറങ്ങുന്നത് വരെയുള്ള എല്ലാ കാര്യങ്ങളും നിങ്ങൾക്ക് വേണ്ടി അവർ നിശ്ചയിക്കും. അവർ നിർമ്മിച്ചെടുത്തിട്ടുള്ള മായാ ലോകത്തിലെ തടവുകാർ മാത്രമാണ് ഇന്ന് ഓരോ മനുഷ്യനും. അവരുടെ ആശയ്ക്ക് അനുസരിച്ച് ചരിക്കുന്ന, അവർക്കുവേണ്ടി അധ്വാനിക്കുന്ന, അവർ ചൂണ്ടിക്കാണിച്ചു തരുന്ന സിനിമകൾ കാണുന്ന, അവരുടെ ഗാനങ്ങൾക്കനുസരിച്ച് ചുവടുവെക്കുന്ന കോമാളി ജന്മങ്ങൾ...
ഗർഭത്തിൽ കിടക്കുന്ന കുഞ്ഞിന്റെ ഹൃദയമിടിപ്പിന്റെ താളവും രക്തസമ്മർദ്ദത്തിലെ വ്യതിയാനങ്ങളും എന്തിന് ബുദ്ധിയുടെയും വ്യക്തിത്വത്തിന്റെയും രൂപീകരണം പോലുംഇവർ നിയന്ത്രിക്കാൻ തുടങ്ങിയിരിക്കുന്നു.. നിങ്ങളുടെ സന്മാർഗസംഹിതകളും, നിങ്ങൾ അനുസരിക്കാൻ ബാദ്ധ്യസ്ഥമായ നിയമങ്ങളും എന്തിന്,നിങ്ങളുടെ ധാർമികത പോലും ഇവർ കൃത്രിമമായി ഇവരുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ പാകത്തിന് നിങ്ങൾക്കായി നിർമ്മിച്ചു തരുന്നതാണ്...
വിവരസാങ്കേതികവിദ്യയുടെ അപ്രമാദിത്യവും അതിപ്രസരവും ഗാഡ്ജറ്റുകളുടെ അമിതോപകയോഗവും വളർന്നുവരുന്ന കുഞ്ഞുങ്ങളെ ഏതു രീതിയിലാണ് സ്വാധീനിക്കുന്നത് എന്നത് അങ്ങേയറ്റം ഉത്കണ്ഠ ഉളവാക്കുന്ന ഒരു സംഗതിയാണ്. വളർച്ചയുടെ ചില മേഖലകളിൽ ഇവ ഗുണപരമായ ഇടപെടലുകൾ നടത്തുന്നുണ്ടെങ്കിൽക്കൂടി മറ്റു പല മേഖലകളിലും വളരെ വിപരീതമായ പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കുന്നത്. അതുകൊണ്ടുതന്നെ അച്ഛനമ്മമാർ ഇക്കാര്യത്തിൽ കനത്ത ജാഗ്രത പുലർത്തേണ്ടതുണ്ട്. ഗാഡ്ജെറ്റുകളുടെ അമിത ഉപയോഗം പല ചെറിയ കുട്ടികളെയും വെർച്വൽ ഓട്ടിസം എന്ന അവസ്ഥയിൽ കൊണ്ടെത്തിക്കുന്നുണ്ട്. മുതിർന്ന കുട്ടികളുടെ ഇടയിൽ ആവട്ടെ സൈബർ bullying പോലെയുള്ള സൈബർ കുറ്റകൃത്യങ്ങളുടെ എണ്ണവും ഗണ്യമായി വർദ്ധിച്ചു വരുന്നുണ്ട്. ഇത് രണ്ടും മാതാപിതാക്കൾ വളരെ ഗൗരവമായി കാണേണ്ടതുണ്ട്.
ഇന്നത്തെ ലോകത്തിൽ ഒരു വയസ്സിനു മുമ്പ് തന്നെ ചിലപ്പോൾ കുട്ടികൾ മൊബൈൽ ഫോണിന്റെയും മറ്റും അടിമകളായി മാറുന്നത് കാണാറുണ്ട്. പലപ്പോഴും മൊബൈൽ അടിമകളായ രക്ഷിതാക്കൾ തന്നെയാണ് കുട്ടികളെ ഈ അഡിക്ഷനിൽ കൊണ്ടുചെന്നെത്തിക്കുന്നത്. അച്ഛനമ്മമാരുടെ അറിവില്ലായ്മയാണ് ചിലപ്പോഴൊക്കെ ഇതിലേക്ക് നയിക്കുന്നത്. ചിലരൊക്കെ ഫ്ലാറ്റുകളിലും വില്ലകളിലും മറ്റും ജീവിക്കുന്നവർ ആയിരിക്കും പലപ്പോഴും. പ്രകൃതിയുമായി നേരിട്ട് ബന്ധമില്ലാതെ, ചുമരുകൾ മാത്രം കാണാൻ വിധിക്കപ്പെട്ട നിർഭാഗ്യശാലികളായ കുട്ടികളായിരിക്കും ചിലർ. കുട്ടികളെ നോക്കുന്ന ആൾക്കും ( അമ്മയോ അമ്മൂമ്മയോ മറ്റാരെങ്കിലുമോ ) വേറെ വിനോദോപാധികൾ ഒന്നും ഉണ്ടായിക്കൊള്ളണമെന്നില്ല. സമയം കൊല്ലാനും കുട്ടിയെ ഒതുക്കി ഇരുത്താനും ഭക്ഷണം കൊടുക്കാനും ഒക്കെയുള്ള ഒരു ഉപാധിയായി മൊബൈൽ ഫോൺ ഉപയോഗിച്ച് തുടങ്ങും. മൊബൈലിൽ കാർട്ടൂൺ വച്ചുകൊടുത്താൽ മാത്രമേ കുട്ടി ഭക്ഷണം കഴിക്കൂ എന്ന് അഭിമാനപൂർവ്വം പറയുന്ന എത്രയോ അച്ഛനമ്മമാരെ കണ്ടിട്ടുണ്ട്.
ഒരിക്കൽ ഓ പിയിൽ വന്നു കയറിയ നാലു വയസ്സുകാരി ഒഴുക്കോട് കൂടിയ ഇംഗ്ലീഷിൽ സംസാരിച്ചു തുടങ്ങി. ഏതോ യൂറോപ്യൻ രാജ്യത്തിൽ നിന്നും വന്ന കുട്ടിയാണോ എന്ന് ഞാൻ അൽഭുതം കൂറിയപ്പോൾ മലയാളികളായ അച്ഛനമ്മമാർ,എല്ലാം അവൾ ഇന്റർനെറ്റിൽ നോക്കി പഠിച്ചതാണ് എന്ന് അന്തസ്സോടെ പറഞ്ഞു. കുട്ടിയാവട്ടെ ഏതോ കാർട്ടൂൺ കഥയിൽ നിന്നും ഇറങ്ങി വന്ന കഥാപാത്രത്തിനെ പോലെ പെരുമാറാനും തുടങ്ങി. മകൾക്ക് നല്ല ബുദ്ധിയാണെന്നും എന്തു കേട്ടാലും അപ്പോൾ തന്നെ ഗ്രഹിക്കും എന്നും അവർ അഭിമാനപൂർവ്വം പറഞ്ഞു.. അച്ഛനമ്മമാർക്ക് രണ്ടുപേർക്കും ഇംഗ്ലീഷിൽ വേണ്ടത്ര പരിജ്ഞാനം ഉണ്ടായിരുന്നില്ല. മുതിർന്ന കുട്ടി കാർട്ടൂൺ കാണുന്നത് കണ്ട് ചെറിയ കുട്ടിയും പഠിച്ചതാണത്രേ.. മൂന്നു വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് മൊബൈൽ ഫോൺ കൊടുക്കാൻ പാടില്ല എന്നും മുതിർന്ന കുട്ടികളുടെ സ്ക്രീൻ ടൈം നിയന്ത്രിക്കേണ്ടതിന്റെയും അവർ എന്താണ് കാണുന്നത് എന്നുള്ളത് അറിഞ്ഞിരിക്കേണ്ടതിന്റെയും ആവശ്യകതയെക്കുറിച്ചും ഒരു നീണ്ട ക്ലാസ്സ് എടുത്തു കൊടുത്ത ശേഷമാണ് ഞാൻ അവരെ വീട്ടിലേക്ക് വിട്ടത്..
വിഷ്വൽ മീഡിയയുടെ അമിതമായ ഉപയോഗം ചെറിയ കുട്ടികളിൽ virtual ഓട്ടിസം എന്ന അവസ്ഥ ഉണ്ടാക്കാൻ ഇടയാക്കും. എന്താണ് വെർച്വൽ ഓട്ടിസം? അതിന്റെ ലക്ഷണങ്ങൾ എന്തൊക്കെയാണ്?
അമിതമായ വിഷ്വൽ മീഡിയയുടെ ഉപയോഗം കാരണം കുട്ടികളിൽ ഉണ്ടാവുന്ന സാമൂഹ്യമായ ഉൾവലിയൽ, ഭാഷയുടെ ഉപയോഗം,ആശയവിനിമയം എന്നിവയിൽ ഉണ്ടാകുന്ന തകരാറുകൾ, പെരുമാറ്റ വൈകല്യങ്ങൾ എന്നീ ലക്ഷണങ്ങൾ ഉൾപ്പെടുന്ന അവസ്ഥയെയാണ് വെർച്വൽ ഓട്ടിസം എന്ന് വിളിക്കുന്നത്.
അമിതമായ സ്ക്രീൻ ടൈം കുട്ടികളിൽ കുട്ടികളെ എങ്ങനെ ബാധിക്കുന്നു എന്ന് നമുക്ക് നോക്കാം.
1. സാമൂഹികമായ കഴിവുകളുടെ വളർച്ച കുറയുന്നു.
മനുഷ്യർ തമ്മിൽ മുഖത്തോട് മുഖം നോക്കിയുള്ള ഇടപെടലുകളിലൂടെ ആണ് സമൂഹത്തിൽ എങ്ങനെ ഇടപെടണം എന്ന് കുട്ടി പഠിക്കുന്നത്.നമ്മുടെ പ്രവർത്തികൾ മറ്റൊരാളിൽ ഉണ്ടാക്കുന്ന സൂക്ഷ്മ പ്രതികരണങ്ങൾ വരെ കുട്ടികൾ ശ്രദ്ധിച്ചു പഠിക്കുകയും സ്വയം ഏവ അതനുസരിച്ച് അവരുടെ പ്രവർത്തികളെ ചിട്ട പ്പെടുത്തുകയും ചെയ്യും. അങ്ങനെയാണ് സമൂഹത്തിന് യോജിച്ച ഒരു വ്യക്തിയായി ഒരു മനുഷ്യൻ രൂപപ്പെടുന്നത്. ടെക്നോളജിയുടെ കടന്നുകയറ്റം ഈ കഴിവിനെ പരിമിതപ്പെടുത്തുന്നു.
2.ഭാഷയിലും ആശയവിനിമയത്തിലും ഉണ്ടാകുന്ന കുറവുകൾ.
മൊബൈലിൽ മുഴുകിയിരിക്കുന്ന കുട്ടി പലപ്പോഴും വാക്കുകൾ കേൾക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നുണ്ടെങ്കിൽ പോലും മറ്റൊരാളിനോട് സംസാരിച്ചു മാത്രം ലഭിക്കേണ്ട ഭാഷാ പരിശീലനം ലഭിക്കാതെ പോകുന്നു. ചിലപ്പോഴൊക്കെ ഈ കുട്ടികളുടെ ഭാഷാ ഉപയോഗം ചില കാർട്ടൂൺ കഥാപാത്രങ്ങളെ അനുകരിക്കുന്ന വിധത്തിൽ ഉള്ളതായി മാറാറുണ്ട്. സീരിയൽ നായികയെ പോലെ മാത്രം സംസാരിച്ചിരുന്ന ഒരു കുട്ടിയെയും ഒരിക്കൽ കണ്ടുമുട്ടിയിട്ടുണ്ട്.
ചില കുട്ടികളിൽ പദസമ്പത്ത് വളരെ പരിമിതമായി മാറാറുമുണ്ട്.
3. കായികക്ഷമതയിലുള്ള കുറവ്..
സ്ക്രീൻ ടൈം കൂടുന്നതിനനുസരിച്ച് കുട്ടികൾ വീടിനു പുറത്തു പോകുന്നതും കായിക പരിശീലനങ്ങളിലും മറ്റും ഏർപ്പെടുന്നതും കുറയുന്നു. കളിയുടെ സമയം കുറയുന്നത് അവരുടെ ആരോഗ്യത്തെയും കായികക്ഷമതയെയും നെഗറ്റീവ് ആയി ബാധിക്കുന്നു. പലരും അനാരോഗ്യത്തിലും അമിത ഭാരത്തിലും ചെന്നെത്തുന്നു.
4 ഉറക്ക പ്രശ്നങ്ങൾ
രാത്രി വൈകിയിരുന്നു ഇന്റർനെറ്റ് ടിവി മുതലായവ ഉപയോഗിക്കുന്നതും വീഡിയോ ഗെയിമുകളിൽ ഏർപ്പെടുന്നതും തലച്ചോറിലെ ഉറക്കചക്രം അഥവാ sleep cycle തകരാറിലാക്കുന്നു. തലച്ചോറിലെ മേലാറ്റൂണിന് എന്ന ഹോർമോണിന്റെ ഉത്പാദനത്തിനെയും ഗ്രന്ഥി യുടെ പ്രവർത്തനത്തിനെയും ഇത് ദോഷകരമായി ബാധിക്കുന്നു. ഉറക്കം ഉണ്ടാക്കുന്ന stress മൊത്തം ശരീരത്തിന്റെ ആരോഗ്യത്തിന് തകർക്കുന്നു.
5 .ശ്രദ്ധ കുറവുകൾ
വിഷ്വൽ മീഡിയയിലൂടെ നമ്മുടെ മുന്നിലെത്തുന്ന ദൃശ്യങ്ങൾ അമിതമായ വേഗത്തിലാണ് കടന്നുവരുന്നത്. യഥാർത്ഥ ലോകത്തിലെ വേഗവും സൈബർ ലോകത്തിലെ വേഗവും തുലനപ്പെടുത്താവുന്നതല്ല. സൈബർ ലോകത്തിലെ അമിതവേഗം കണ്ടു ശീലിച്ച കുട്ടികളുടെ തലച്ചോറിലെ വയറിങ് തന്നെ മാറിപ്പോകുന്നു. അവർക്ക് ഒരു കാര്യത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതെ വരുന്നു. ക്ഷമ ആവശ്യമുള്ള കാര്യങ്ങൾ ചെയ്തു തീർക്കാനോ പഠിച്ചെടുക്കാനോ അവർക്ക് പ്രയാസം അനുഭവപ്പെടുന്നു.
6 .വൈകാരിക പ്രശ്നങ്ങൾ, പെരുമാറ്റ വൈകല്യങ്ങൾ.
സൈബർ ലോകത്ത് അധിക സമയം ചെലവഴിക്കുന്ന കുട്ടികളിൽ ആക്രമണോത്സുകത, അതി വൈകാരികത, അമിതമായ വാശി, ദേഷ്യം, തുടങ്ങിയ പെരുമാറ്റ വൈകല്യങ്ങൾ കൂടുതലായി കണ്ടുവരുന്നു. യഥാർത്ഥ ലോകവും സൈബർ ലോകവും തമ്മിലുള്ള ഏറ്റുമുട്ടൽ വൈകാരിക പ്രശ്നങ്ങളിലേക്ക് നയിക്കുന്നു. കുട്ടികളിൽ സഹാനുഭൂതി രൂപപ്പെടുന്നത് ഏകദേശം മൂന്നു വയസ്സ് പ്രായമുള്ളപ്പോഴാണ്. സൈബർ ലോകത്ത് അധികസമയം അഭിരമിക്കുന്നതു കുട്ടികളിൽ സഹാനുഭൂതി രൂപപ്പെടുന്നത് തടസ്സപ്പെടാൻ ഇടയാക്കും. ജീവിതത്തിൽ അർത്ഥപൂർണ്ണമായ ബന്ധങ്ങൾ രൂപപ്പെടുത്തുന്നതിനുള്ള കഴിവ് കുറയാൻ ഇടവരുത്തും. സമൂഹത്തിലെ മറ്റു മനുഷ്യരുമായി വൈകാരികമായി connect ചെയ്യാൻ ബുദ്ധിമുട്ട് അനുഭവപ്പെടാനും സാധ്യതയുണ്ട്.
എങ്ങനെ തടയാം?
അച്ഛനമ്മമാരും അധ്യാപകരും നിയമം നിർമ്മാണം നടത്താൻ ചുമതലയുള്ള ആളുകളും( policy makers) ഒരുമിച്ച് വേണം ഇതിന് പരിഹാരം കാണാൻ. ഇത് ഒരാളിനെയോ രണ്ട് ആളിനെയോ ബാധിക്കുന്ന പ്രശ്നമല്ല. മുഴുവൻ സമൂഹത്തിനെയും കാർന്നു തിന്നുന്ന ഒരു വിപത്താണ്. വരാൻ പോകുന്ന ഒരു തലമുറയുടെ വ്യക്തിത്വങ്ങളെയും ജീവിതരീതികളെയും കുടുംബവ്യവസ്ഥയും എല്ലാം ആഴത്തിൽ സ്വാധീനിക്കാൻ സാധ്യത ഉള്ളതായ വളരെയേറെ ഗൗരവമേറിയ ഒരു വിഷയമാണ്. അതിനാൽ തന്നെ നമുക്ക് എന്തൊക്കെ ചെയ്യാൻ കഴിയും എന്നുള്ളത് ഏറെ നിർണായകമാണ്.
1. സ്ക്രീൻടൈമിനു പരിധി വയ്ക്കുക.
മൂന്നു വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ഇന്റർനെറ്റ്,കമ്പ്യൂട്ടർ,മൊബൈൽ തുടങ്ങിയവ കൊടുക്കാതിരിക്കുക. മൂന്നു വയസ്സിന് മുകളിലുള്ള കുട്ടികൾക്ക് ഒരു മണിക്കൂർ എന്ന് പരിധി വയ്ക്കുക.
2. ഉള്ളടക്കം നിയന്ത്രിക്കുക പ്രായത്തിനനുസരിച്ചുള്ള പരിപാടികളുടെ ഉള്ളടക്കം നിയന്ത്രിക്കുക. കുട്ടികൾ കാണുന്നത് അവർക്ക് ഗുണപരമായ പരിപാടികൾ ആണെന്ന് അച്ഛൻ അമ്മമാർ ഉറപ്പുവരുത്തുക.
3. കായിക പരിശീലനം പ്രോത്സാഹിപ്പിക്കുക .വീടിനു പുറത്തുള്ള കളികളും കായിക പരിശീലനങ്ങളും പ്രോത്സാഹിപ്പിക്കുക. പെൺകുട്ടികൾക്കും തുല്യമായ കളിക്കാനുള്ള അവകാശം നൽകുക.ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ച് കളികളിൽ ഏർപ്പെടുന്നത് പ്രോത്സാഹിപ്പിക്കുക.
4. വിവിധ അഭിരുചികള്‍ പ്രോത്സാഹിപ്പിക്കുക.വായന,ചിത്രരചന,സംഗീതം, നൃത്തം തുടങ്ങിയവ പ്രോത്സാഹിപ്പിക്കുക.
5. പ്രകൃതിയിലേക്ക് മടങ്ങുക .ജൈവ പ്രകൃതിയുമായി അടുത്ത് ഇടപഴുകാനുള്ള അവസരങ്ങൾ ഉണ്ടാക്കുക. പ്രകൃതി പഠന ക്യാമ്പുകളിലും മറ്റും പങ്കെടുക്കാനുള്ള അവസരങ്ങൾ ഉണ്ടാക്കുക.
6.ഡിജിറ്റൽ മീഡിയയുടെ ഉപയോഗം പൂർണമായി തള്ളിക്കളയരുത്
പലപ്പോഴും പുതിയ പഠനങ്ങളും നൂതനാശയങ്ങളും കണ്ടെത്താനും പുതിയ കാര്യങ്ങൾ ഗ്രഹിക്കാനും മറ്റും ഇന്റർനെറ്റ് കുട്ടികളെ സഹായിക്കും. അതുകൊണ്ടുതന്നെ ഡിജിറ്റൽ മീഡിയയുടെ ഉപയോഗം പൂർണമായി തള്ളിക്കളയുകയല്ല മറിച്ച് നല്ല രീതിയിലുള്ള ഉപയോഗം പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്. സൈബർ ലോകവും ജൈവലോകവും ഒരു സമതുലിതാവസ്ഥയിൽ കൊണ്ടു പോകണം.
7. ചിന്ത വളര്‍ത്തണം .
വിമർശനാത്മകമായ ചിന്ത പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള പരിപാടികൾ കാണുന്നത് നല്ലതാണ്.
8. കുട്ടികളെ ബോധവല്‍ക്കരിക്കണം
ഇന്റർനെറ്റ് സേഫ്റ്റി,ടെക്നോളജിയുടെ ചതിക്കുഴികൾ എന്നിവയെ കുറിച്ച് കുട്ടികളെ ബോധമുള്ളവരാക്കുക.
9. വെർച്ചൽ ഓട്ടിസത്തിന്റെ ലക്ഷണങ്ങൾ ശ്രദ്ധിക്കുക
കുട്ടികളിൽ വെർച്ചൽ ഓട്ടിസത്തിന്റെ ലക്ഷണങ്ങൾ കണ്ടാൽ ഉടനടി വിദഗ്ധ ഉപദേശം തേടുക.
( തുടരും )
# ഡോ. ആശ പ്രഭാകരൻ