Image

9mm ബെരേറ്റ -വിനോദ് കൃഷ്ണ : ഗൗരവദൗത്യവും അപായസൂചനയും (പുസ്തക ലോകം:മനോജ് വെങ്ങോല)

Published on 29 July, 2026
9mm ബെരേറ്റ -വിനോദ് കൃഷ്ണ : ഗൗരവദൗത്യവും അപായസൂചനയും (പുസ്തക ലോകം:മനോജ് വെങ്ങോല)

സംസ്കാരത്തെ മതാത്മക ദേശീയതയുടെ ബന്ധനവ്യവസ്ഥയിൽ നിന്നും വിടുതൽ ചെയ്യുന്ന ചരിത്ര സ്മൃതികളുടെ മോചനദ്രവ്യമാണ് 9mm ബെരേറ്റ.

വർത്തമാനകാലത്തെ ആഴത്തിൽ അറിയാനുള്ള ഉപാധിയും ഊർജ്ജസ്രോതസുമാണ് ചരിത്രം. ആയുധങ്ങൾ പോലെ പ്രവർത്തിക്കുന്ന ചില ആശയങ്ങൾ, അവയുടെ ക്രൗര്യവും ചാക്രികസ്വഭാവവും  കൈവിടാതെ    ആവർത്തിച്ചുകൊണ്ടിരിക്കുന്നു എന്ന പാഠവും ചരിത്രം  പഠിതാവിന് മുന്നിൽ തുറന്നിടുന്നു. നിഷേധിക്കാനാവാത്ത ഈ സാമാന്യബോധത്തെ ഉറപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന നോവലാണ് വിനോദ് കൃഷ്ണയുടെ 9mm ബെരേറ്റ.

ഇന്ത്യൻ ദേശീയപ്രസ്ഥാനത്തിന്റെ തിളക്കമാർന്ന  പ്രതീകവും ഒരു നാടിന്റെ ആത്മാവുമായ ഗാന്ധി എന്ന ആശയത്തെ  ഇല്ലാതാക്കിയ ആയുധത്തിന്റെ പേരാണത്.  
ഗാന്ധിയെ വധിക്കണം എന്ന ആശയം രൂപപ്പെട്ട നിമിഷം ഗാന്ധി വധിക്കപ്പെട്ടു. പകരം 9mm ബെരേറ്റ എന്ന പുതിയ പ്രതീകവും ആശയവും വന്നു. അതാകട്ടെ വിദ്വേഷത്തിന്റെയും ഹിംസയുടേയും രാഷ്ട്രീയത്തെ പ്രതിനിധാനം ചെയ്തു. ഈ പ്രാതിനിധ്യവും അതുമായി ബന്ധപ്പെട്ട പര്യാലോചനകളും  സമകാലീന ഇന്ത്യനവസ്ഥയുടെ പശ്ചാത്തലത്തിൽ വിശകലനം ചെയ്യാനുള്ള ശ്രമമാണ് 9mm ബെരേറ്റ എന്ന നോവൽ.  വെറുപ്പിന്റെ രാഷ്ട്രീയത്തിൽ മുഗ്‌ദ്ധരായവരും അതിൽ നിന്നു മുക്തി ആഗ്രഹിക്കുന്നവരും തമ്മിലുള്ള അനിവാര്യമായൊരു സംവാദത്തെ ഈ നോവൽ സ്വാഗതം ചെയ്യുന്നു. ഒപ്പം, ദേശീയത, സംസ്കാരം, മത൦, രാജ്യസ്നേഹം  എന്നിവയുമായി ബന്ധപ്പെട്ട് പൊതുബോധത്തിൽ നിരന്തരം നടക്കുന്ന മലിനീകരണത്തിനെതിരെയുള്ള പ്രതിരോധമായും രാഷ്ട്രീയ പ്രവർത്തനമായും നോവലും നോവൽവായനയും  മാറുന്നു.

കാലിഫോർണിയയിലെ  ഗൂഗിൾ ഓഫീസിൽ നിന്നും രാജിവച്ച് ഇന്ത്യയിൽ എത്തുന്ന ശിവറാം ഗോധ്രയും വിമൽ വൻസാരയും നടത്തുന്ന അന്വേഷണവും  ഗ്വാളിയോറിൽ നിന്നും ഡൽഹിയിലേയ്ക്ക് നാരായൺ ആപ്തെയും നാഥുറാം വിനായക് ഗോഡ്സെയും നടത്തുന്ന യാത്രയും കാലദൂരങ്ങളെ റദ്ദ് ചെയ്തു കൊണ്ട്, ഗാന്ധി വധത്തിന് ഉപയോഗിച്ച ഇറ്റാലിയൻ നിർമ്മിത പിസ്റ്റളിൽ,  9mm ബെരേറ്റ എന്ന ബിന്ദുവിൽ സന്ധിക്കുകയാണ്. ഈ ആയുധത്തിന് വേണ്ടിയുള്ള ഇവരുടെ അന്വേഷണങ്ങളും യാത്രകളും സംഭവിക്കുന്ന കാലധ്രുവങ്ങൾക്കിടയിൽ പതിറ്റാണ്ടുകളുടെ വിടവുള്ളപ്പോഴും ഇവർ നിർവഹിക്കുന്ന  ദൗത്യത്തിന്റെ  നിന്ദ്യവും ക്രൂരവുമായ തുടർച്ചയിലാണ് നോവലിന്റെ നിൽപ്പ്. ചരിത്ര ദർശനം നരക ദംശനമായി മാറുന്ന അനുഭവ൦. അതൊരു ദിശാസൂചിയാണ്.  നവീകരണം ആഗ്രഹിക്കുന്ന വായനക്കാരന് വച്ചുനീട്ടുന്ന വിവേകമാണത്. യാഥാർഥ്യത്തെക്കുറിച്ചുള്ള മുന്നറിയിപ്പും  ഈ രാഷ്ട്രീയാവസ്ഥ കൈകാര്യം ചെയ്യേണ്ട പക്വതയും 9mm ബെരേറ്റയിൽ പ്രതിഫലിക്കുന്നു.

നോവലിൽ ഒരിടത്ത് ഇങ്ങനെ വായിക്കാം:
'പ്രതിഷേധത്തിന്റെ ചെറിയ നാമ്പ് പോലും മുളയിലേ നുള്ളിക്കളയണം. ഇല്ലെങ്കിൽ അത് പടർന്നു പന്തലിച്ച് കാടുപിടിയ്ക്കും. വിദ്യാർത്ഥി പ്രക്ഷോഭം ആവുമ്പോൾ പ്രത്യേകിച്ചും. 
തിളയ്ക്കുന്ന യുവത്വം നാടിനാപത്താണ് എന്ന ചിന്ത ദുരധികാരനിർമ്മിതിയാണ്. സാംസ്കാരികമായ അധമത്വത്തിൽ നിന്നാണ് ഇത്തരം ഭാവനയുടെ വളർച്ച.  സെക്കുലർ-ലിബറൽ ദേശീയതയെ അപകടത്തിലാക്കുന്ന അക്രമോൽസുകത നിയമരൂപം പ്രാപിക്കുമ്പോൾ ഈ വിധമുള്ള ആക്രോശങ്ങളും ആലോചനകളും പ്രഖ്യാപനങ്ങളും പ്രസ്താവനകളുമായി മാറുമെന്ന്   9mm ബെരേറ്റ ഓർമ്മിപ്പിക്കുന്നു.

ഇത് പുതുകാലത്ത് സംഭവിക്കുന്ന ചിന്തയാണ്.
എന്നാൽ, നോവലിലൂടെ സമാന്തരമായി, പിന്നിലേയ്ക്ക് സഞ്ചരിച്ചാൽ മറ്റൊരിടത്ത് ഇങ്ങനെ വായിക്കാം:
ഡൽഹിയിൽ ബിർളാ ഹൌസിനുമുന്നിൽ അഭയാർഥികളുടെ കലാപം.
അവർ ആക്രോശിക്കുന്നു:
'ഗാന്ധി മരിക്കുന്നെങ്കിൽ മരിച്ചോട്ടെ.. ഞങ്ങൾക്ക് വീടുകൾ കിട്ടിയേ തീരൂ..'
നെഹ്‌റു ബിർളാ ഹൌസിൽ നിന്നും പുറത്തുകടക്കാൻ ഒരുങ്ങുമ്പോഴാണ് മുദ്രാവാക്യം ശ്രദ്ധയിൽപ്പെട്ടത്. അദ്ദേഹത്തിന് ദേഷ്യം വന്നു. കാറിൽ നിന്നിറങ്ങിയ നെഹ്‌റു പ്രക്ഷോഭകാരികൾക്കിടയിലേയ്ക്ക് പാഞ്ഞടുത്തു.

'ആരാണ് ഗാന്ധി മരിക്കണമെന്ന് ഒച്ചവയ്ക്കുന്നത്? ധൈര്യമുണ്ടെങ്കിൽ നാവനക്ക്...'
ആൾക്കൂട്ടം നെഹ്രുവിന്റെ ശൗര്യത്തിനു മുന്നിൽ നിശ്ശബ്ദരായിപ്പോയി.
നെഹ്‌റു പറഞ്ഞു:
'എന്നെ കൊന്നിട്ടേ ഇനി നിങ്ങൾക്ക് മുദ്രാവാക്യം ആവർത്തിക്കാൻ പറ്റൂ..'
ആരും അനങ്ങിയില്ല.

നെഹ്രുവിന്റെ ശൗര്യ൦ ഹിംസയ്ക്ക് എതിരെ ഉയർന്ന ആർജ്ജവമുള്ള ശബ്ദമായിരുന്നു. അത് ആൾക്കൂട്ടത്തെ നിയന്ത്രിക്കുന്ന അധികാരമായിരുന്നു. അതിന്റെ ശോഭയും പ്രസരണത്വരയും രാജ്യത്തിന്റെ മൂലധനമായിരുന്നു. അത് നഷ്ടമായതോടെ സ്വരാജ്യത്ത് അഭയാർത്ഥികളെപ്പോലെ കഴിയേണ്ടുന്ന അവസ്ഥ സാധാരണ ജനതയ്ക്ക് ഉണ്ടായി എന്ന ഉത്കണ്ഠ 9mm ബെരേറ്റ ഉന്നയിക്കുന്നു.
ഹിന്ദുമതസംസ്കാരത്തിൽ വേരൂന്നി നിൽക്കുന്നതാണ് ഇന്ത്യൻ ദേശീയത എന്ന വാദത്തെ 9mm ബെരേറ്റ പരിഗണിക്കുന്നില്ല. അനേകമതങ്ങളുടേയും അവ ഉള്ളടങ്ങിയിരിക്കുന്ന സംസ്കാരങ്ങളുടേയും വൈവിധ്യത്തിലും  വൈരുദ്ധ്യത്തിലുമാണ് ഭാരതീയ മതനിരപേക്ഷതയുടെ അടിത്തറയെന്ന വിശാസത്തെയാണ് ഈ  നോവൽ അഭിവാദ്യം ചെയ്യുന്നത്. ഇതൊരു പാഠവും ചാലകശക്തിയുമായി ഓരോ വരികൾക്കിടയിലും വായിച്ചെടുക്കാം. മതാധിഷ്ഠിതമായ ലോകവീക്ഷണം നഷ്ടപ്പെടുത്തുന്ന വെളിച്ചങ്ങളെക്കുറിച്ചുള്ള ആശങ്കകളും നോവൽ പങ്കുവയ്ക്കുന്നു.
ജനങ്ങൾ പിൻപറ്റുന്ന പ്രസ്ഥാനങ്ങളുടെ വ്യതിചലനവും അപഭ്രംശവും രാജ്യത്തെ മുച്ചൂടും നശിപ്പിക്കുന്നു എന്നതിന്റെ സാക്ഷ്യം കൂടിയാണീ നോവൽ. വിഭാഗീയതയുടെ പ്രത്യയ ശാസ്ത്രവും സിദ്ധാന്തങ്ങളും വിതരണം ചെയ്യപ്പെടുന്നതിന്റെ വ്യാപ്‌തി വായനക്കാരനെ ഭയപ്പെടുത്തുന്നു. ഭയാനകവും ദാരുണവുമായ സാമൂഹ്യാന്തരീക്ഷത്തിൽ മനുഷ്യാവസ്ഥയുടെ ഭിന്നരൂപങ്ങൾ വെളിപ്പെടുന്ന ആഖ്യാനകല എന്നും  വിശേഷിപ്പിക്കാം.

സ്വയം ഏറ്റെടുത്ത ദൗത്യത്തിന്റെ സംഘർഷം പേറുന്നവരാണ് നോവലിലെ ഓരോ കഥാപത്രങ്ങളും. എപ്പോൾ വേണമെങ്കിലും അവർക്കതിൽ നിന്നും പിന്മാറാം. പക്ഷേ അവരതിന് തുനിയുന്നില്ല. സ്വയം അപകടപ്പെടുത്തിക്കൊണ്ട്, തങ്ങളോട് ചേർന്ന് നിൽക്കുന്നവരെയെല്ലാം അതിന്റെ ഭാഗമാക്കിക്കൊണ്ട് മുന്നോട്ട് പോകുന്നു. ശിവറാം ഗോധ്ര, വിമൽ വൻസാര, നാരായൺ ആപ്‌തെ,  മനോരമ സാൽവി, വിനായക് ഗോഡ്‌സെ,  താത്യാ റാവു, രാം ചമർ, ആബിയ മഖ്ധൂമി, വിഷ്ണു കാർക്കറെ, പ്രകൃതി, മേധാ, ബഡ്ഗേ, മദൻലാൽ, സ്വാമി ശിവാനന്ദ  എന്നിങ്ങനെ നോവലിൽ പ്രത്യക്ഷപ്പെടുന്നവരെല്ലാം തങ്ങളുടെ വിശ്വാസത്താൽ  വിശുദ്ധീകരിക്കാൻ കഴിയുമെന്ന് പ്രത്യാശ ഉള്ളവരാണ്. അതിനാൽ അവർ കൂസാതെ മുന്നോട്ട് പോകുന്നു. ഒന്നിനെച്ചൊല്ലിയുള്ള കുറ്റബോധവും അവരെ ഭരിക്കുന്നില്ല,  നിർവചിക്കുന്നില്ല.

മരിച്ച അമ്മയും മദൻലാലും തമ്മിലുള്ള ഈ സംസാരം നോക്കൂ:
അമ്മ: 'ഞാൻ ഒരു കാര്യം പറഞ്ഞാൽ മോൻ കേൾക്കുമോ? ഇനി നീ അക്രമത്തിന്റെ പാത കൈവെടിയണം.'
മദൻലാൽ: 'അമ്മ ക്ഷമിക്കണം. എനിക്കതിനാവില്ല. ഞാൻ ജനിച്ച് ഇരുപത്തിയൊന്നാം ദിവസമാണ് അമ്മ മരിച്ചത്. അമ്മയുടെ മുലപ്പാല് പോലും ഞാൻ ശരിക്കും കുടിച്ചിട്ടില്ല. ആ സ്നേഹത്തിന്റെ മുഖം പോലും എനിക്കോർമ്മയില്ല. അതുകൊണ്ട് ഞാൻ ഈ കാര്യം അനുസരിക്കുകയില്ല. അല്ലെങ്കിലും മരിച്ചവർ പറയുന്നത് ഞാനെന്തിന് കേൾക്കണം..?'
ഈ വിധമാണ്  പ്രതിനായകർ അവരുടെ നീതിയുക്തിയെ  അടയാളപ്പെടുത്തുന്നത്. 

ആശയവിനിമയം സാദ്ധ്യമാകുന്നിടത്തോളം അക്രമം അനാവശ്യം എന്ന വിശ്വാസം കലഹരണപ്പെടുന്നിടത്താണ് നോവൽ ആരംഭിക്കുന്നതും അവസാനിക്കുന്നതും. രാഷ്ട്രീയ അസ്ഥിരത, അന്യതാബോധം, അന്യവൽക്കരിക്കപ്പെടുന്ന സംസ്കാരം, മതചിന്ത എന്നിവ കൂടിക്കലർന്ന്  വൈകാരികപക്വത നഷ്ടമായ മനുഷ്യർ പെരുമാറുന്ന ഒരിടമായി രാജ്യം മാറിപ്പോകുന്നതിന്റെ നേർസാക്ഷ്യമാണ് നോവൽ.
ബ്രാഹ്മണിക പ്രത്യയശാസ്ത്ര പാരമ്പര്യത്തിലേയ്ക്ക് ഇന്ത്യൻ ദേശീയത അതിന്റെ മൂലധനം അന്വേഷിക്കുന്ന പദ്ധതികളെ ആശങ്കയോടെ വിലയിരുത്തുകയും ചെയ്യുന്നു. ഗോത്രമനുഷ്യർ, ആദിവാസികൾ, ന്യൂനപക്ഷങ്ങൾ,  കീഴാളർ എന്നിവരെച്ചൊല്ലിയുള്ള ആധികളുടെ പുസ്തകവുമാണിത്. പ്രഖ്യാപിത ദേശീയതയിൽ ഇവർക്കെല്ലാം വെറും അപരസ്വത്വമല്ലാതെ പൗരത്വമില്ല എന്ന ഖേദവും പ്രകടമാണ്.

ഒരു ഭാഗത്ത് സ്വാമി ശിവാനന്ദ പറയുന്നു:
'ആദിവാസികൾ വളരെ നല്ലവരാണ്. പാവങ്ങൾ.  എല്ലാ ഗ്രാമങ്ങളിലും ഹിന്ദുക്കൾ ഉണ്ടായിരുന്നു. പിന്നെ ഗുജറാത്ത് ആയതിനാൽ എനിയ്ക്ക് ധൈര്യവും ഉണ്ടായി. അവിടെ ക്ഷേത്രം സ്ഥാപിച്ച് കുറെയധികം പേരെ ഹിന്ദുക്കളാക്കാൻ സാധിച്ചു. ഞാൻ അവരുടെ വീടുകളിൽ താമസിച്ചു. അവരുടെ ഭക്ഷണം കഴിച്ചു. അവരുടെ ഭാഷ സംസാരിച്ചു. മുഴുവൻ സമയവും അവരുടെ ഇടയിൽത്തന്നെ...'
ഭാഷയിലൂടെ, ഭക്ഷണത്തിലൂടെ, അടുത്തിടപഴകലിലൂടെ അവരിലേയ്ക്ക് സംക്രമിപ്പിക്കുന്ന മത ദേശ രാഷ്ട്ര സങ്കൽപ്പങ്ങളുടെ ഒരേകദേശ ലളിത രൂപമാണിത്. അകംപൊള്ളയായ നിലപാടുകളുടെ നേർസാക്ഷ്യമായി ഇത് നോവലിൽ അടയാളപ്പെട്ടിരിക്കുന്നു. ഭരണകൂടത്തിന്റെ നിത്യജാഗ്രതയിൽ അകപ്പെട്ടു പോകുന്ന മനുഷ്യരുടെ നിസ്സഹായ നിലവിളി പോലെയാണ് ഈ ഭാഗം. രാം ചമർ എന്ന കഥാപത്രമാകട്ടെ ഈ നൃശംസതയുടെ രക്തസാക്ഷിയും. ചുരുക്കത്തിൽ,  സുരക്ഷിതവും സന്തോഷദായകവുമായ ഒരു ജീവിതം തിരയുന്നവരെ കൃത്യമായി ഈ ഇരുൾ തുരങ്കത്തിൽ അകപ്പെടുത്തുന്ന മതദേശീയതയുടെ കാലമാണ് 9mm ബെരേറ്റയുടെ ആഖ്യാനലോകം.

ഗാന്ധിയെ വധിക്കണം എന്നത് ഒരു തീരുമാനമായിരുന്നു.  ആബിയ മഖ്ധൂമിയെ വധിക്കണം എന്നത് മറ്റൊരു കാലത്തെ തീരുമാനം. ഈ രണ്ടു കാലങ്ങളെ ഒരേ ആയുധം കൊണ്ട് നോവലിസ്റ്റ് അതിവിദഗ്‌ധമായി ഘടിപ്പിച്ചിരിക്കുന്നു.  ഗാന്ധിയുടെ ചോര വീണ മണ്ണ് രുചിക്കാൻ നിർബന്ധിതയായി, രാജ്യ ദ്രോഹിയായി ആബിയ 9mm ബെരേറ്റയ്ക്ക് മുന്നിൽ നിൽക്കുമ്പോൾ വായനക്കാരുടെ കാലബോധം തകിടം മറിയുന്നു. തകർന്നു തരിപ്പണമായ സ്വരാജ്യത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ അശരണരായി, ഗാന്ധിയെ വധിച്ച അതേ തോക്കിന് മുന്നിൽ പോയിന്റ് ബ്ലാങ്കിൽ നിൽക്കുംപോലെ ചകിതരാകുന്നു.

നോവലിൽ നിന്നൊരു ചോദ്യവും ഉത്തരവും ഉച്ചത്തിൽ കേൾക്കുന്നു:
'ഈ തോക്കിന് എന്ത് വിലകൊടുത്തു?'
'ഗാന്ധിയുടെ ജീവന്റെ വില.'
അഞ്ഞൂറോളം പുറങ്ങളുള്ള നോവൽ വായിച്ചു മടക്കുമ്പോൾ ആബിയയുടെ തീരുമാനം ക്ഷോഭസമുദ്രമായി അലറുന്നതും കേൾക്കാം:
'ഇനി യാതൊന്നിനോടും സന്ധി ചെയ്യേണ്ടതില്ല.'
സംസ്കാരത്തെ മതാത്മക ദേശീയതയുടെ ബന്ധനവ്യവസ്ഥയിൽ നിന്നും വിടുതൽ ചെയ്യുന്ന ചരിത്ര സ്മൃതികളുടെ മോചനദ്രവ്യമാണ് 9mm ബെരേറ്റ. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക