Image

ഒരിക്കലും അങ്ങനെ ആയിപ്പോകുമെന്ന് വിചാരിച്ചില്ല, സിബി മലയിലിനോട് മാപ്പ് ചോദിച്ച് പേളി

Published on 29 July, 2026
 ഒരിക്കലും അങ്ങനെ ആയിപ്പോകുമെന്ന് വിചാരിച്ചില്ല, സിബി മലയിലിനോട് മാപ്പ് ചോദിച്ച് പേളി

 

നീറ്റ് പരീക്ഷ ക്രമക്കേടില്‍ ഡല്‍ഹിയില്‍ വിദ്യാര്‍ഥികള്‍ നടത്തിയ പ്രക്ഷോഭത്തില്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ടതിന് പിന്നാലെ തനിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി അവതാരകയും ഇന്‍ഫ്‌ളുവന്‍സറുമായ പേളി മാണി.

സ്വന്തം യൂട്യൂബ് ചാനലിലൂടെയാണ് വിശദീകരണവുമായി പേളി എത്തിയത്. താന്‍ ഉദ്ദേശിച്ചത് തെറ്റായ രീതിയിലാണ് പലരും വ്യാഖ്യാനിച്ചതെന്ന് പേളി പറയുന്നു. വിദ്യാര്‍ഥികളുടെയും പോലീസുകാരുടെയും സുരക്ഷയെക്കുറിച്ചോര്‍ത്ത് താന്‍ പങ്കുവച്ച കുറിപ്പാണ് വിവാദങ്ങള്‍ക്ക് വഴിവെച്ചതെന്ന് പേളി പറയുന്നു.

'പതിവില്ലാത്ത ഒരു വിഡിയോയുമായിട്ടാണ് ഞാന്‍ ഇന്ന് നിങ്ങളുടെ മുന്നില്‍ വന്നിരിക്കുന്നത്. ഇത്തരത്തിലൊരു വീഡിയോ ഞാന്‍ ഇതുവരെ ചെയ്തിട്ടില്ലെന്ന് തോന്നുന്നു. എന്നാല്‍ ഇന്ന് ഇത് ചെയ്യേണ്ടത് വളരെ ആവശ്യമാണ്. കാരണം, നിങ്ങളില്‍ പലരെയും ഞാന്‍ എന്റെ വാക്കുകള്‍ കൊണ്ടും അടുത്തിടെ പങ്കുവച്ച കുറിപ്പിലെ കാര്യങ്ങള്‍ കൊണ്ടും വേദനിപ്പിച്ചു. എന്നെ ഇവിടം വരെ എത്തിച്ചത് നിങ്ങളായതുകൊണ്ട് എനിക്കത് വ്യക്തമാക്കിയേ തീരൂ. നിങ്ങളെ ആരെയും വേദനിപ്പിക്കരുത് എന്നത് എന്റെ ആഗ്രഹമാണ്.

കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് നീറ്റ് പരീക്ഷാ വിഷയവുമായി ബന്ധപ്പെട്ട് നടന്നു കൊണ്ടിരുന്ന സംഭവങ്ങളെക്കുറിച്ച് ഞാന്‍ ഒരു കുറിപ്പ് പങ്കുവച്ചിരുന്നു. അതിനു മുന്‍പ് തന്നെ 'പേളി ഇതിനെക്കുറിച്ച് എന്തെങ്കിലും പറയണം' എന്ന് ആവശ്യപ്പെട്ട് എനിക്ക് ധാരാളം സന്ദേശങ്ങള്‍ വന്നിരുന്നു. തുടര്‍ന്നു വന്ന വാര്‍ത്തകളും റീലുകളും കണ്ട ശേഷം എനിക്ക് മനസിലായ കാര്യങ്ങള്‍ ഞാന്‍ നോട്ട്പാഡില്‍ എഴുതി പങ്കുവയ്ക്കുകയായിരുന്നു.

ഞാന്‍ അന്ന് എഴുതിയ കുറിപ്പിന്റെ മലയാളം ഇതാണ്. 'കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ വളരെ വേദനാജനകമായിരുന്നു. അത് നമ്മളെ എല്ലാവരെയും ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നു. നമ്മുടെ രാജ്യത്തെ യുവതലമുറയുടെ ശക്തിയും ഐക്യവും നിശ്ചയദാര്‍ഢ്യവുമാണ് നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നത്. വിദ്യാര്‍ഥികളും പോലീസ് ഉദ്യോഗസ്ഥരും അടക്കം എല്ലാവരും പരിക്കേല്‍ക്കുന്ന ദൃശ്യങ്ങളാണ് ഞാന്‍ കണ്ടത്.

അത് കണ്ടപ്പോള്‍ ദയവായി ആര്‍ക്കും പരിക്കേല്‍ക്കരുതെന്നും എല്ലാവരും സുരക്ഷിതരായി വീട്ടിലേക്ക് മടങ്ങണമെന്നും എന്റെ മനസില്‍ തോന്നി. സ്വന്തം ജീവന്‍ അപകടത്തിലാക്കാന്‍ തക്കവണ്ണം വലിയൊരു ലക്ഷ്യവുമില്ല.

എന്നാല്‍ എല്ലാവരും സമരം നിര്‍ത്തി വീട്ടില്‍ പോകണം എന്നല്ല ഞാന്‍ ഉദ്ദേശിച്ചത്. അത് പറയാന്‍ ഞാന്‍ ആരുമല്ല. എന്റെ മനസില്‍ തോന്നിയ വിഷമം മാത്രമാണ് ഞാന്‍ പങ്കുവച്ചത്. ഓരോ വിദ്യാര്‍ഥിയും ആരുടെയൊക്കെയോ കുഞ്ഞാണ്, സ്വപ്നമാണ്. നമ്മുടെ കുട്ടികള്‍ അര്‍ഹിക്കുന്നത് സുതാര്യവും നീതിയുക്തവുമായ ഒരു വിദ്യാഭ്യാസ സമ്പ്രദായമാണ്. വിജയിക്കാന്‍ എല്ലാ കുട്ടികള്‍ക്കും തുല്യ അവസരം ലഭിക്കണം. സമാധാനപരമായി കാര്യങ്ങള്‍ പ്രകടിപ്പിക്കാന്‍ അവര്‍ക്ക് സുരക്ഷിതമായ അന്തരീക്ഷം വേണം.

അതോടൊപ്പം തന്നെ, ഇത്രയും വലിയൊരു കാര്യം നടക്കുമ്പോള്‍ വിദ്യാര്‍ഥികളുടെ പ്രധാന ലക്ഷ്യം മറ്റൊന്നുകൊണ്ടും മറയ്ക്കപ്പെടരുത് എന്നും ഞാന്‍ ആഗ്രഹിക്കുന്നു. കുറെ ആളുകള്‍ കൂടുമ്പോള്‍ പ്രധാന വിഷയം വഴിതിരിഞ്ഞു പോകാന്‍ സാധ്യതയുണ്ട്. അതിനാല്‍ ശ്രദ്ധ എപ്പോഴും വിദ്യാര്‍ഥികളിലും അവരുടെ ഭാവിയിലും തന്നെയായിരിക്കണം.

സമാധാനപരമായ പ്രതിഷേധങ്ങളെയാണ് ഞാന്‍ പിന്തുണയ്ക്കുന്നത്; അക്രമം എവിടെ നിന്നായാലും അതിനെ ഞാന്‍ പിന്തുണയ്ക്കുന്നില്ല. വര്‍ഷങ്ങള്‍ക്കു ശേഷം തിരിഞ്ഞു നോക്കുമ്പോള്‍, ധൈര്യത്തോടും കരുണയോടും കൂടി മാറ്റത്തിന് വേണ്ടി പോരാടിയ ഒരു തലമുറയായി നമ്മള്‍ ഓര്‍ക്കപ്പെടണം. അവിടെ വേദനയോ, ഭയമോ, വേര്‍തിരിവുകളോ ഉണ്ടാകരുത്.

എന്റെ അഭിപ്രായം ചോദിച്ചവരോട്: ചിലര്‍ എന്നെ സംസാരിക്കാന്‍ പ്രോത്സാഹിപ്പിച്ചു, മറ്റു ചിലര്‍ എന്തുകൊണ്ട് മിണ്ടാതിരിക്കുന്നു എന്ന് ചോദിച്ചു. രണ്ടു കൂട്ടരെയും ഞാന്‍ മനസിലാക്കുന്നു. കൂടുതല്‍ ആളുകളിലേക്ക് എത്താന്‍ കഴിയുന്നവര്‍ വളരെ ഉത്തരവാദിത്തത്തോടെ വേണം സംസാരിക്കാന്‍. എല്ലാവരും എന്നോട് യോജിക്കണം എന്ന് ഞാന്‍ പ്രതീക്ഷിക്കുന്നില്ല. ഇത് എന്റെ വ്യക്തിപരമായ കാഴ്ചപ്പാട് മാത്രമാണ്. തികഞ്ഞ സത്യസന്ധതയോടെയും ബഹുമാനത്തോടെയുമാണ് ഞാന്‍ ഇത് പങ്കുവയ്ക്കുന്നത്. എല്ലാവരുടെയും സുരക്ഷിതത്വത്തിനും സമാധാനത്തിനും വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.

നാളെ പുതിയ വിവരങ്ങള്‍ പുറത്തുവരികയാണെങ്കില്‍, പുതിയ കാര്യങ്ങള്‍ പഠിക്കാനും എന്റെ അഭിപ്രായങ്ങള്‍ തിരുത്താനും ഞാന്‍ മടിക്കില്ല. അതിനെ ഞാന്‍ ബലഹീനതയായിട്ടല്ല, വളര്‍ച്ചയായും ഉത്തരവാദിത്തമായുമാണ് കാണുന്നത്. അതുകൊണ്ട് എന്റെ അഭിപ്രായമടക്കം ആരുടെയും വാദങ്ങളെ അന്തിമ സത്യമായി കാണരുത്. സ്വന്തമായി ചിന്തിക്കുക, ചോദ്യങ്ങള്‍ ചോദിക്കുക. സ്വയം ചിന്തിക്കുന്ന, അറിവുള്ള ഒരു ജനതയാണ് ശക്തമായ ഒരു രാജ്യത്തെ നിര്‍മിക്കുന്നത്. എല്ലാവര്‍ക്കും സ്‌നേഹവും സമാധാനവും നേരുന്നു.'

ഈ കുറിപ്പ് ഇട്ട ശേഷം ഞാന്‍ സ്വപ്നത്തില്‍ പോലും വിചാരിക്കാത്ത വ്യാഖ്യാനങ്ങളാണ് അതിനു താഴെ വന്നത്. 'വീട്ടില്‍ പോകൂ' എന്ന് ഞാന്‍ പറഞ്ഞത് കുട്ടികളുടെ സുരക്ഷിതത്വം ഓര്‍ത്ത് മാത്രമാണ്. അല്ലാതെ സമരം നിര്‍ത്തിപ്പോകാനല്ല.

എനിക്ക് ധാരാളം ഇന്‍സ്റ്റാഗ്രാം സന്ദേശങ്ങളില്‍ ഒരു പോസ്റ്റ് മാത്രം പലരും എനിക്ക് അയച്ചു തരാന്‍ തുടങ്ങി. 'ഒരാള്‍ പേളിയുടെ കുറിപ്പിനെക്കുറിച്ച് ഇത്രയും വലിയൊരു വിപരീത വ്യാഖ്യാനം നല്‍കിയിട്ടുണ്ട്' എന്ന് പറഞ്ഞാണ് അത് അയച്ചത്. ഞാന്‍ ആ പോസ്റ്റ് കണ്ടപ്പോള്‍ എനിക്ക് വലിയ വിഷമമായി, ഞാന്‍ ഏറെ സങ്കടപ്പെട്ടു. കാരണം, ഞാന്‍ എഴുതാത്ത ഒരു കാര്യം എത്ര മോശമായ രീതിയിലാണ് അതില്‍ വ്യാഖ്യാനിച്ചിരിക്കുന്നത്!

അതില്‍ എന്നെ ഏറ്റവും കൂടുതല്‍ വേദനിപ്പിച്ച ഒരു വരി ഉണ്ടായിരുന്നു. ഞാന്‍ ആരെയും വിഷമിപ്പിക്കാന്‍ വേണ്ടിയല്ല ഈ വീഡിയോ ചെയ്യുന്നത്, എങ്കിലും എന്നെ ഏറ്റവും കൂടുതല്‍ വേദനിപ്പിച്ച കാര്യം എന്താണെന്ന് വെച്ചാല്‍, എന്റെ കുറിപ്പ് 'സ്വാതന്ത്ര്യസമര സേനാനികളുടെ കല്ലറയില്‍ തുപ്പുന്നതിന് തുല്യമാണ്' എന്ന് അവര്‍ എഴുതിവച്ചിരുന്നു. സത്യമായിട്ടും അത് കണ്ടപ്പോള്‍ എനിക്ക് ഭയങ്കരമായി മനസ്സില്‍ തട്ടി. ഞാന്‍ വളരെ സത്യസന്ധമായി, എന്റെ ഉള്ളില്‍ തട്ടി എഴുതിയ ഒരു കാര്യത്തെ ഇത്രയും നെഗറ്റീവായി വ്യാഖ്യാനിച്ചപ്പോള്‍ എനിക്ക് സഹിക്കാന്‍ പറ്റിയില്ല.  ആദ്യം ഞാന്‍ വിചാരിച്ചു, 'സാരമില്ല, പ്രതികരിക്കേണ്ട, വിട്ടുകളയാം' എന്ന്. എന്നാല്‍ ഇതേ കാര്യങ്ങള്‍ എന്റെ പോസ്റ്റിന്റെ കമന്റുകളിലും വരാന്‍ തുടങ്ങി.

'നീ അവരെ നോക്കി തുപ്പുകയാണ്' എന്ന രീതിയിലൊക്കെ മോശം കമന്റുകള്‍ വന്നപ്പോള്‍ എനിക്ക് താങ്ങാനായില്ല. രാത്രി ഒരു 11 മണിയായപ്പോഴേക്കും എനിക്ക് അത് സഹിക്കാന്‍ പറ്റിയില്ല, ഇതിനോട് പ്രതികരിച്ചേ പറ്റൂ എന്ന് തോന്നി. എനിക്ക് ദേഷ്യവും വന്നു. ഞാനും ഒരു സാധാരണ മനുഷ്യനാണല്ലോ, അതുകൊണ്ട് എനിക്കും വിഷമമായി.

അങ്ങനെ ഇതിനൊരു വ്യക്തത വരുത്തണം എന്ന് കരുതി ഞാന്‍ ഇന്‍സ്റ്റാഗ്രാമില്‍ ഒരു സ്റ്റോറി എഴുതിയിട്ടു. ആ സ്റ്റോറിയാണ് പിന്നീട് വിവാദമായത്. എന്നാല്‍ കുറച്ചു നിമിഷങ്ങള്‍ക്ക് ശേഷം (ഒരു 15-20 മിനിറ്റിനുള്ളില്‍) ഞാന്‍ ആ സ്റ്റോറി ഡിലീറ്റ് ചെയ്യുകയും ചെയ്തു. കാരണം, അതില്‍ ഞാന്‍ എഴുതിയ ഒരു കാര്യം വലിയൊരു തെറ്റായിരുന്നു എന്ന് എനിക്ക് മനസിലായി. അതിനോട് എനിക്ക് തന്നെ യോജിക്കാന്‍ കഴിഞ്ഞില്ല. അത് ഡിലീറ്റ് ചെയ്‌തെങ്കിലും അതിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ പ്രചരിക്കുമെന്ന് എനിക്കറിയാമായിരുന്നു. ആ സ്റ്റോറിയില്‍ ഞാന്‍ ആ പോസ്റ്റ് ഇട്ട വ്യക്തിയെ 'പരാജയപ്പെട്ട ചലച്ചിത്രകാരന്‍'  (Failed filmmaker) എന്ന് വിളിച്ചിരുന്നു. അത് വളരെ വലിയൊരു തെറ്റാണ്. നമ്മള്‍ ആരെയും അങ്ങനെ വിളിക്കാന്‍ പാടില്ല. ഒരാളെ 'പരാജയപ്പെട്ടവന്‍' എന്ന് വിളിക്കാന്‍ നമ്മള്‍ ആരുമല്ല.

അങ്ങനെയല്ല എന്റെ മാതാപിതാക്കള്‍ എന്നെ വളര്‍ത്തിയത്. അത് എന്റെ ഭാഗത്തുനിന്നുണ്ടായ വലിയൊരു തെറ്റാണ്. അങ്ങനെ വിളിച്ചതിന് അദ്ദേഹത്തിനോട് ഈ അവസരത്തില്‍ ഞാന്‍ ഹൃദയം തുറന്ന് മാപ്പ് ചോദിക്കുന്നു. ഞാന്‍ അങ്ങനെ പറയാന്‍ പാടില്ലായിരുന്നു. എന്റെ വാക്കുകള്‍ അദ്ദേഹത്തെ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ഞാന്‍ മാപ്പ് ചോദിക്കുന്നു.

പിന്നെ എനിക്ക് വ്യക്തമാക്കേണ്ട മറ്റൊരു കാര്യം, ഞാന്‍ ആ സ്റ്റോറി പങ്കുവച്ച സമയത്ത് അദ്ദേഹം വേറൊരു സ്റ്റോറിയിട്ട് പറയുകയുണ്ടായി, ഞാന്‍ അദ്ദേഹത്തിന്റെ അച്ഛനെയാണ് പറയുന്നത് എന്ന്. അദ്ദേഹത്തിന്റെ അച്ഛന്‍ നമ്മള്‍ എല്ലാവരും ഏറെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന, മലയാള സിനിമയിലെ എക്കാലത്തെയും മികച്ച സംവിധായകരില്‍ ഒരാളായ ശ്രീ സിബി മലയില്‍ സാറാണ്. ഞാന്‍ സിബി മലയില്‍ സാറിന്റെ വളരെ വലിയൊരു ആരാധികയാണ്.

നമ്മള്‍ മലയാളികള്‍ എല്ലാവരും തന്നെ അദ്ദേഹത്തിന്റെ ചിത്രങ്ങളുടെ വലിയ ആരാധകരാണ്. എന്നെ ഏറ്റവും കൂടുതല്‍ വേദനിപ്പിച്ചത് ഈ ഒരു കാര്യമാണ്. കാരണം, ഞാന്‍ സ്വപ്നത്തില്‍ പോലും വിചാരിക്കാത്ത ഒരു രീതിയിലാണ് കാര്യങ്ങള്‍ വളച്ചൊടിക്കപ്പെട്ടത്.

അത് കേട്ടപ്പോള്‍ എനിക്ക് എന്തു ചെയ്യണമെന്ന് അറിയില്ലായിരുന്നു. ന്യൂസ് ചാനലുകള്‍ പോലും അത് വാര്‍ത്തയാക്കി മാറ്റാന്‍ തുടങ്ങി. അത് എനിക്ക് വ്യക്തമാക്കിയേ പറ്റൂ. എന്നെക്കുറിച്ച് തെറ്റായ കാര്യങ്ങള്‍ എഴുതിയ ആ വ്യക്തിക്ക് മറുപടിയായാണ് ഞാന്‍ ആ സ്റ്റോറി ഇട്ടത്. പക്ഷേ അതിലേക്ക് സിബി മലയില്‍ സാറിന്റെ പേര് എങ്ങനെ വന്നുവെന്ന് എനിക്ക് ഇപ്പോഴും മനസിലാകുന്നില്ല! ഇത് ഞാന്‍ എങ്ങനെ തിരുത്തും എന്ന് എനിക്ക് അറിയില്ലായിരുന്നു. ഇനി സോഷ്യല്‍ മീഡിയയില്‍ എന്തെങ്കിലും പോസ്റ്റ് ചെയ്താല്‍ അത് വീണ്ടും പ്രശ്‌നമാകുമോ എന്ന് പേടിച്ച് ഞാന്‍ ഇനി ഒന്നും പോസ്റ്റ് ചെയ്യേണ്ടതില്ല എന്ന് തീരുമാനിച്ചു. അതുകൊണ്ട് ഞാന്‍ കുറച്ചുനാള്‍ മിണ്ടാതിരുന്നു.

പക്ഷേ, ഈ തെറ്റിദ്ധാരണകള്‍ അങ്ങനെ കൂടുക്കൂടി വന്നതുകൊണ്ടാണ് സത്യം നിങ്ങളെ അറിയിക്കാന്‍ വേണ്ടി മാത്രം ഞാന്‍ ഈ വീഡിയോ ചെയ്യുന്നത്. ഞാന്‍ ഒരിക്കലും സിബി മലയില്‍ സാറിനെക്കുറിച്ച് അങ്ങനെ മോശമായി പറയില്ല. കാരണം, മലയാള സിനിമയിലെ ഏറ്റവും മികച്ച സംവിധായകരില്‍ ഒരാളാണ് അദ്ദേഹം എന്ന കാര്യം നമുക്കെല്ലാവര്‍ക്കും അറിയാവുന്നതാണ്. ഞാന്‍ അദ്ദേഹത്തിന്റെ വലിയൊരു ഫാനാണ്. സര്‍, അങ്ങ് ഇത് കാണുന്നുണ്ടെങ്കില്‍, ഐ ലവ് യു സര്‍,  ഞാന്‍ അങ്ങയുടെ വലിയൊരു ആരാധികയാണ്.

അതുപോലെ, ഞാന്‍ ഉപയോഗിച്ച നിറത്തിന്റെ പേരില്‍ ഒരു പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിയുടെ ആളാണെന്ന് ആരോപിച്ചപ്പോള്‍ 'എനിക്ക് കാവി നിറം ഇഷ്ടമാണ്, അത് നമ്മുടെ ദേശീയ പതാകയിലുമുണ്ട്' എന്ന് ഞാന്‍ മറുപടി നല്‍കിയിരുന്നു. എനിക്ക് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലും അടുത്ത സുഹൃത്തുക്കളുണ്ട്. എല്ലാവരും എനിക്ക് വേണ്ടപ്പെട്ടവരാണ്.

ഞാന്‍ ഈ വീഡിയോ ഇടുമ്പോള്‍ നിങ്ങളെല്ലാവരും എന്നെ വിമര്‍ശിക്കുന്നത് നിര്‍ത്തണം എന്ന് ഞാന്‍ ഉദ്ദേശിക്കുന്നില്ല. നിങ്ങള്‍ എന്നെ തീര്‍ച്ചയായും വിമര്‍ശിക്കണം. കാരണം, സോഷ്യല്‍ മീഡിയ എന്ന് പറയുന്നത് ഒരു പൊതു ഇടമാണ്.

ഞാന്‍ ആദ്യമായി അവതാരകയായി കരിയര്‍ തുടങ്ങുന്ന സമയത്ത്, അതായത് 'ടേസ്റ്റ് ഓഫ് കേരള' എന്ന പരിപാടിയുടെ ചിത്രീകരണം ആരംഭിക്കാന്‍ പോകുന്ന ദിവസം, രാവിലെ അഞ്ചുമണിക്ക് റെഡിയായി സൂര്യോദയവും നോക്കി നില്‍ക്കുകയായിരുന്നു. അപ്പോള്‍ ഡാഡി യാത്രയാക്കാന്‍ വേണ്ടി ബാഗൊക്കെയായി വന്ന് എന്റെ അടുത്തു വന്നു പറഞ്ഞു: 'പേളി, നീ ഇനി ഒരു പൊതു സ്വത്താണ്. ഇനി നിന്നെ രക്ഷിക്കാന്‍ എനിക്ക് എപ്പോഴും വരാന്‍ പറ്റില്ല. സ്‌കൂളില്‍ പഠിക്കുമ്പോള്‍ എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ വേണമെങ്കില്‍ എനിക്ക് വന്ന് അധ്യാപകരോട് സംസാരിക്കുകയോ വഴക്കുണ്ടാക്കുകയോ ചെയ്യാമായിരുന്നു. എന്നാല്‍ ഇനി നീ ഒരു പൊതുസ്വത്താണ്. നീ എന്തെങ്കിലും പ്രശ്‌നത്തില്‍ പോയി ചാടിയാല്‍ അത് നീ തന്നെ നേരിടേണ്ടി വരും. അന്ന് ഡാഡി പറഞ്ഞതിന്റഎ അര്‍ത്ഥം എനിക്ക് അത്ര വ്യക്തമായി മനസ്സിലായിരുന്നില്ല.

എന്നാല്‍ ഇന്ന് ഞാന്‍ അത് തിരിച്ചറിയുന്നു. എനിക്ക് വലിയൊരു ഉത്തരവാദിത്തമുണ്ട്. ഞാന്‍ പറയുന്ന ഓരോ വാക്കിനും ഞാന്‍ ചെയ്യുന്ന ഓരോ പ്രവര്‍ത്തിക്കും വലിയ മൂല്യമുണ്ട്, അതിന് വലിയ പ്രത്യാഘാതങ്ങളും ഉണ്ടാകാം.

അതുകൊണ്ട് ഇപ്പോള്‍ ഞാന്‍ അത് മനസ്സിലാക്കുന്നു. ഒരു മികച്ച മനുഷ്യനാകാന്‍ ഞാന്‍ ശ്രമിക്കും. ഒരു മനുഷ്യനായതുകൊണ്ട് തന്നെ എന്റെ ഉള്ളിലും കുറെ കുറവുകളും നെഗറ്റീവുകളും ഉണ്ട്, അവയെല്ലാം ഞാന്‍ തിരുത്തിക്കൊണ്ടിരിക്കുകയാണ്.

ഞാന്‍ എന്താണ് ഉദ്ദേശിക്കുന്നത് എന്ന് നിങ്ങള്‍ മനസ്സിലാക്കുമെന്ന് കരുതുന്നു. നമ്മുടെ രാജ്യത്തിന്റെയും വിദ്യാര്‍ഥികളുടെയും സംസ്ഥാനത്തിന്റെയും നന്മയ്‌ക്കൊപ്പമാണ് ഞാന്‍ നിലകൊള്ളുന്നത്. എല്ലാവരും നന്നായി വരണമെന്നും എല്ലാവര്‍ക്കും നല്ലത് മാത്രം സംഭവിക്കണമെന്നും ആഗ്രഹിക്കുന്ന ഒരാളാണ് നിങ്ങളെപ്പോലെ ഞാനും. എന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും തെറ്റുണ്ടായിട്ടുണ്ടെങ്കില്‍, അല്ലെങ്കില്‍ എന്റെ ആ പോസ്റ്റ് വായിച്ചിട്ട് ആര്‍ക്കെങ്കിലും ഇപ്പോഴും വിഷമമുണ്ടെങ്കില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു. ഞാന്‍ അത് തിരുത്തിക്കൊള്ളാം.

എന്തായാലും എന്നെ കേട്ടതിന് ഒരുപാട് നന്ദി. നിങ്ങളുടെ വിലപ്പെട്ട സമയം എനിക്ക് വേണ്ടി ചെലവഴിച്ചതിന് ഒരുപാട് നന്ദി, എല്ലാവരോടും എനിക്ക് ഒത്തിരി സ്‌നേഹമുണ്ട്. നിങ്ങള്‍ എന്നെ തുടര്‍ന്നും വിമര്‍ശിക്കണം. ഞാന്‍ മാറും, എന്നെത്തന്നെ തിരുത്തും. വളരെ നന്ദി! ഈ വീഡിയോ ലൈക്ക് ചെയ്യാനും ഷെയര്‍ ചെയ്യാനും സബ്‌സ്‌ക്രൈബ് ചെയ്യാനും മറക്കരുത്. കമന്റ് സെക്ഷന്‍ ഞാന്‍ ഓപ്പണ്‍ ആക്കുകയാണ്, നിങ്ങള്‍ക്ക് എന്നെ വിമര്‍ശിക്കാം. എന്നാല്‍ ഞാനും നിങ്ങളെപ്പോലെ ഒരു സാധാരണ മനുഷ്യനാണെന്ന് ഓര്‍ക്കുക. എല്ലാവര്‍ക്കും ഒത്തിരി സ്‌നേഹം! സോഷ്യല്‍ മീഡിയ വളരെ വലിയൊരു ഇടമാണ്, അവിടെ നമ്മള്‍ക്കെല്ലാവര്‍ക്കും പരസ്പരം സ്‌നേഹത്തോടെയും കരുണയോടെയും പെരുമാറാം. എല്ലാവര്‍ക്കും ഒത്തിരി സ്‌നേഹം!'

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക