
ആര്‍എസ്എസ് നേതാവ് ടി.ജി. മോഹന്‍ദാസ് നടത്തിയ വിവാദ പരാമര്‍ശത്തില്‍ രൂക്ഷവിമര്‍ശനവുമായി സുരേഷ് ഗോപിയുടെ മകന്‍ മാധവ് സുരേഷ്.
ഡല്‍ഹി ജന്തര്‍ മന്തറില്‍ നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയ്ക്കെതിരെ പ്രക്ഷോഭം നടത്തിയ വിദ്യാര്‍ഥികള്‍ക്കെതിരെയായിരുന്നു മോഹന്‍ദാസിന്റെ പരാമര്‍ശം.
ഈ ആര്‍എസ്എസ് ബുദ്ധിജീവിയേക്കാള്‍ മെച്ചപ്പെട്ട സംസ്‌കാരം, മൃഗങ്ങള്‍ കാണിക്കുമെന്നും ഇത്തരമൊരു വൈകൃത മനോഭാവത്തിനുടമയായ ഇയാളെ ജയിലടക്കാമെന്നും മാധവ് സുരേഷ് കുറിച്ചു.
''ഇത്തരമൊരു വികൃതമായ മനോഭാവത്തിനു ഇയാളെ അഴിയെണ്ണിക്കണം. ഈ ആര്‍എസ്എസ് ബുദ്ധിജീവിയേക്കാള്‍ എത്രയോ ഉന്നതമായ സംസ്‌കാരവും വിവേകവുമാണ് മൃഗങ്ങള്‍ പോലും പുലര്‍ത്തുന്നത്.''ടിജി മോഹന്‍ദാസിന്റെ വിവാദ പരാമര്‍ശം പങ്കുവച്ചുകൊണ്ട് മാധവ് സുരേഷ് കുറിച്ചു.
സി.ജെ.പിയുടെ നേതൃത്വത്തില്‍ ജന്തര്‍ മന്തറില്‍ സംഘടിപ്പിച്ച സമരത്തില്‍ പങ്കെടുത്ത ജെന്‍ സി പ്രക്ഷോഭകരെ അധിക്ഷേപിച്ചുകൊണ്ട് ഒരു യൂട്യൂബ് ചാനലിലൂടെയായിരുന്നു ടിജി മോഹന്‍ദാസിന്റെ പ്രതികരണം.
''എനിക്ക് ഈ സാഹചര്യം കൈയില്‍ കിട്ടിയാല്‍ ഞാന്‍ എന്ത് ചെയ്യുമെന്ന് പറയാം. ജന്തര്‍ മന്തര്‍ പരിസരത്ത് നാല് സ്‌ക്വയര്‍ കിലോമീറ്റര്‍ പരിധിയില്‍ കര്‍ഫ്യൂ പ്രഖ്യാപിക്കും. ആളുകളോട് പിരിഞ്ഞുപോകാന്‍ മൂന്ന് തവണ ആവശ്യപ്പെടും. പിന്നെ വെടിവയ്ക്കും. ആളുകള്‍ ചിതറിയോടും, കുറേപ്പേര് മരിക്കും, കുറേപ്പേര് മരിക്കില്ല. കുറേപ്പേര്‍ക്ക് അംഗഭംഗം സംഭവിക്കും. ഏകദേശം ഒരു നാല് മണിക്കൂര്‍ കൊണ്ട് രംഗം ശാന്തമാകും. ശവങ്ങള്‍ പെറുക്കി ആശുപത്രിയിലെത്തിക്കും.'' ഇതായിരുന്നു ടി.ജി. മോഹന്‍ദാസിന്റെ വിവാദ പ്രസ്താവന.