
"മനുഷ്യനെ തീ തീറ്റിക്കാന്ന് പറഞ്ഞാലതിങ്ങന്യാ ….." മായയെ കണ്ടതും മറ്റേമ്മ ദേഷ്യത്തോടെ ആശ്വാസപ്പെട്ടു.
"ഇത്ര വെഷമിക്കാനെന്താ മറ്റേമ്മേ… ഞാനിപ്പൊ പഴയ കുട്ടിമായ അല്ല.. ഇപ്പഴെനിക്കും വസസ്സായിട്ടോ…: " മായ ചിരിച്ചുകൊണ്ട് മറ്റേമ്മയെ ചേർത്ത് പിടിച്ചു.
"പണ്ടത്തെ അത്തിക്കാവാന്ന ധാരണേലാവും നെൻ്റെ നടപ്പ്. ഇപ്പഴത്തെ കാലം വളരെ മോശാ. നിൻക്ക് പറഞ്ഞാ മനസിലാവില്ല്യ. നടന്ന് വേഗംങ്ങട്ട് തിരിച്ച് വരുന്നല്ലേ കര്ത്യേ ! ഇതിപ്പോ എത്ര നേരായി. ഇത്രനേരം ആളും അനക്കോം ഇല്ലാത്തോട്ത്ത് എന്തെടുക്കായിരുന്നു?"
മറ്റേമ്മയുടെ എണ്ണിപ്പെറുക്കലുകൾക്ക് കാതോർത്ത് നടക്കുമ്പോൾ മായ ഹരിയെ ശ്രദ്ധിച്ചു. അവനിപ്പോഴും ഉഷാറായിട്ടില്ല. ഒരു ഇൻ്റർവ്യൂ പരാജയത്തിന് ഇത്രേം സങ്കടപ്പെടുന്നതെന്തിന്? വന്നപ്പോൾ കണ്ട ആളേയല്ല ഇപ്പോൾ. മായ അവൻ്റെ തോളിൽ മെല്ലെ തട്ടി.
"ഹരീടെ മൂഡിപ്പഴും ശരിയായില്ലല്ലോ. ഇനീം കാലങ്ങനെ കെടക്കല്ലേ മുന്നോട്ട്. വിചാരിച്ചപോലെ എല്ലാം നടന്നാ പിന്നെ എന്താ ഒരു രസോള്ളത്. വിട്ടുകള.“
ഹരി ചിരിച്ചതേയുള്ളൂ. മറുപടിയൊന്നും പറഞ്ഞില്ല. തിരികെ നടന്ന് അവർ വീണ്ടും മായയുടെ വീടിന് മുന്നിലെത്തിയിരുന്നു. സ്ട്രീറ്റ് ലൈറ്റിൻ്റെ വെളിച്ചത്തിൽ വഴിയിൽ വൃക്ഷങ്ങളുടെ നിഴലനക്കങ്ങൾ. ചുറ്റും അത്തിക്കാവിൻ്റെ സ്ഥിരം സുഗന്ധം. മൂന്ന് പേരും മൂന്ന് നിഴലുകളായി മുന്നോട്ട് നടന്നു. അങ്ങോട്ട് പോകുമ്പോൾ അടഞ്ഞുകിടന്ന വീടുകളിലെല്ലാം ആളനക്കങ്ങൾ. ടെലിവിഷനിൽ നിന്നൊഴുകുന്ന സീരിയൽ ശബ്ദരേഖകൾ. ചില വീടുകളിൽ നിന്ന് ചിലരെത്തി നോക്കുന്നുമുണ്ടായിരുന്നു.
വീട്ടിലെത്തിയപ്പോൾ മറ്റേമ്മ പെട്ടന്നകത്തേക്ക് കയറിപ്പോയി. മായയും ഹരിയും ചവിട്ടുപടികളിൽ അഭിമുഖമായിരുന്നു. മായ പണ്ടത്തെ സായാഹ്നങ്ങൾ ഓർത്തെടുക്കാൻ ശ്രമിച്ച് നിശബ്ദയായി.
ഹരിയപ്പോഴും അസ്വസ്ഥനായിരുന്നു. ഇന്നത്തെ പകൽ അവനാഗ്രഹിച്ചതൊന്നും അവന് കൊടുത്തില്ല. മായ അത്തിക്കാവിലെത്തിയതിന് പുറകെ അവൻ ബഷീറിനെ വിളിച്ചിരുന്നു. വിളിച്ചാൽ ഉടനെ ഫോണിൽ കിട്ടാറുള്ളതല്ല. അഞ്ചാറ് ബെല്ലിൽ ബഷീർ ഫോണെടുത്തപ്പോൾ ഹരിക്കാഹ്ലാദമായിരുന്നു.
"മായേച്ചി വന്നിട്ടുണ്ട് …… “ ഉള്ളിലെ സന്തോഷം അപ്പാടെ പ്രകടമാക്കികൊണ്ട് അവൻ പറഞ്ഞു. പ്രതീക്ഷിച്ച പോലൊരു റെസ്പോൺസ് അപ്പുറത്ത് നിന്നുണ്ടാവാത്തതിൻ അവനനാശ്ചര്യപ്പെട്ടു. ഫോണിനപ്പുറത്ത് കുറച്ചുനേരത്തെ മൗനം. പിന്നെ…..
"നാളെ നിനക്ക് ടൗണിലേക്കൊന്ന് വരാൻ പറ്റ്വോ? " ബഷീർ പറഞ്ഞാൽ മറ്റെന്തെല്ലാമുണ്ടെങ്കിലും അവനതെല്ലാം മാറ്റിവയ്ക്കും. ഉടനെ ചെല്ലാമെന്നേറ്റു. ശരിക്കും ഒരു ഇൻ്റർവ്യൂ ഉണ്ടായിരുന്നു അതുകൊണ്ട് കള്ളം പറയുകയാണെന്ന കുറ്റബോധമില്ലാതെ രാവിലെ പുറപ്പെടാൻ പറ്റി. പോകുമ്പോൾ വലിയ പ്രതീക്ഷയുണ്ടായിരുന്നു. ബഷീർ മായയെക്കാണാനായി ഒപ്പം വരുമെന്ന പ്രതീക്ഷ.
മായയും ബഷീറും തമ്മിലുള്ള പ്രണയത്തെ പറ്റി മറ്റുള്ളവർ പറഞ്ഞുകേട്ട അറിവേയുള്ളൂ. ഒരുപക്ഷേ അവരനുഭവിച്ചതിനേക്കാൾ തീവ്രവും കാൽപനികവുമായ സങ്കൽപമായിരുന്നു ആ കേട്ടറിവ് അവരുടെ പ്രണയത്തെപ്പറ്റി കേൾക്കുന്നവർക്ക് നൽകിയത്. പ്രത്യേകിച്ചും ഹരിയുടെ പ്രായക്കാർക്ക്. പ്രണയസങ്കൽപമുള്ളവർക്ക് മായയും ബഷീറും റിയൽ ഹീറോകളായിരുന്നു. അവർ തമ്മിലെന്നെങ്കിലും ഒന്നിക്കണമെന്ന് ഹരി ആത്മാർത്ഥമായും ആഗ്രഹിച്ചിരുന്നു. മായ മറ്റേമ്മയോട് പറഞ്ഞ കഥകളൊന്നും സത്യമാവില്ലെന്ന് ഹരിക്കുറപ്പായിരുന്നു. ഇക്കയെപ്പോലെ തന്നെയാവും മായേച്ചിയും. ഒറ്റയ്ക്കാവും ഇപ്പോഴും ജീവിതം. എന്നെങ്കിലും കണ്ടുമുട്ടുമെന്ന പ്രതീക്ഷയിലാവും…..
പക്ഷേ ബഷീർ അവനെ നിരാശപ്പെടുത്തിക്കളഞ്ഞു. പ്രതീക്ഷിച്ചപോലെയൊന്നും സംഭവിച്ചില്ല. സ്ഥിരം കാണുന്നതിൽ കൂടുതൽ എക്സൈറ്റ്മെൻ്റൊന്നും ബഷീറിൽ കണ്ടതേയില്ല. കാണാതിരുന്ന ഒരാളെ കണ്ടുകിട്ടിയതിൻ്റെ സന്തോഷവും ബഷീറിൽ അവന് കാണാനായില്ല. കണ്ടപ്പോൾ തന്നെ മറ്റേമ്മയ്ക്ക് സുഖമല്ലേ എന്നാണന്വേഷിച്ചത്. പിന്നെ അത്തിക്കാവിലെ മറ്റു ചില കാര്യങ്ങളും. സുമനയുടെ മകളെപറ്റി വരെ ചോദിച്ചു.
ഒടുവിൽ ….
"ഈ കവറിലൊരു പുസ്തകമുണ്ട്. നീയിത് മറ്റാരും കാണാതെ എൻ്റെ മുറിയിൽ ആ മേശപ്പുറത്ത് വയ്ക്കണം." എന്ന് പറഞ്ഞ് ബഷീർ തിരിച്ചുപോകാനൊരുങ്ങിയപ്പോൾ ഹരി പെട്ടെന്നയാളുടെ കയ്യിൽ പിടിച്ചു. മായേച്ചിയെ പറ്റി എന്തെങ്കിലുമൊന്ന് ചോദിക്കാത്തതിൻ്റെ സങ്കടമായിരുന്നു ഹരിയുടെ മുഖത്ത്.
"നീ വിഷമിക്കണ്ട ഹരി. ആ ബുക്ക് നിൻ്റെ മായേച്ചിക്കുള്ളതാണ്. " ബസിൽ കയറിപ്പോകുന്ന ബഷീറിനെ നോക്കി നിൽക്കുമ്പോൾ എന്തൊരു വിചിത്രമായ പ്രണയമാണ് ഇവർക്കിടയിലുള്ളത് എന്നാണ് ഹരി ആലോചിച്ചുകൊണ്ടിരുന്നത്.
ബസിലിരുന്ന് ബഷീറും അതുതന്നെയാണ് ആലോചിച്ചുകൊണ്ടിരുന്നത്. ഹരി പറഞ്ഞതനുസരിച്ച് വർഷങ്ങളായി മായ തൃശൂരാണ് ജോലി ചെയ്യുന്നത്. എന്നിട്ടും ഇതേവരെ പരസ്പരം കണ്ടുമുട്ടിയില്ല എന്നത് അതിശയം തന്നെ. കാണരുത് എന്നാണാഗ്രഹിച്ചതെങ്കിലും യാദൃശ്ചികമായെങ്കിലും….. പ്രകൃതിയുടെ മറ്റൊരു വിസ്മയമായിരിക്കാം അത്. ചിലപ്പോഴൊക്കെ തൊട്ടടുത്തുകൂടെ കടന്നുപോയിട്ടുണ്ടായിരിക്കാം. എന്നിട്ടും കണ്ണിൽ പെടാഞ്ഞതായിരിക്കാം. മനപ്പൂർവ്വം അകലണമെന്നോ അടുക്കണമെന്നോ ചിന്തിക്കാത്ത രണ്ടുപേർ. അകന്നരിക്കുമ്പോഴും ഒരേ മനസ്സായിരിക്കുന്ന രണ്ടുപേർ. അവർ മുഖാഭിമുഖം വരേണ്ടിയിരുന്ന പല അവസരങ്ങളുമൊഴിവാക്കി മുന്നേറുന്ന വിധിയുടെ മനപ്പൂർവ്വമായ ഇടപെടലുകൾ.
“മായേച്ചി മറ്റേമ്മയോട് പറഞ്ഞൊക്കെ നുണയല്ലേ…..?" എറെ നേരത്തെ നിശബ്‌ദമായ ഇരിപ്പിന് ശേഷം ഹരി ചോദിച്ചു.
“മറ്റേമ്മയോട് ഞാനേറെ കാര്യങ്ങള് പറഞ്ഞല്ലോ ഹരി. അതെല്ലാം നുണയാന്നാ ……!" മായ ആലോചനയിൽ നിന്നുണർന്ന് ഹരിയെ നോക്കി.
"എല്ലാതും അല്ല. ഭർത്താവും കുട്ട്യോളും ഉണ്ടെന്ന് പറഞ്ഞത്…… “
മായ ഒന്നും മിണ്ടിയില്ല.
"നിങ്ങളെന്തിനാ ഇങ്ങനെ ഒളിച്ച് നടക്കണെ. പരസ്പരം വിചാരിച്ചാ എത്രോ കാലം മുമ്പേ നിങ്ങക്ക് കാണാരുന്നു. ശാരദവല്ല്യമ്മ മരിച്ചപ്പഴെങ്കിലും. ഒന്നുല്ലെങ്കി ചേച്ചി നമ്മടെ വല്യമ്മേടെ ചോരയല്ലേ. ആ ഗുണെങ്കിലും കാണിക്കണ്ടേ. അവരെത്ര കാലം മുമ്പേ വ്യവസ്ഥിതി പൊളിച്ചെഴുത്യ ആൾക്കാരാ . ഇപ്പഴല്ലേ ഇതൊക്കെ കോമണായത് …. "
യുവത്വത്തിൻ്റെ ചിന്തയാണ്. കനപ്പെട്ടെതെന്ന് ഒരു തലമുറ കരുതിയതിനെയെല്ലാം അവർ നിസ്സാരവത്കരിക്കുന്നു. ഈ കാലം അതാവശ്യപ്പെടുന്നുണ്ടായിരിക്കാം. മായ ഹരി പറയുന്നതെല്ലാം കേട്ടുകൊണ്ടിരുന്നു. അത്താഴം കഴിക്കാൻ മറ്റേമ്മ വിളിച്ചപ്പോഴാണ് അവർ സംസാരം നിർത്തിയത്.
മായ അത്താഴം കഴിഞ്ഞ് പുറത്തിറങ്ങി. നല്ല നിലാവുണ്ടായിരുന്നു. അവൾ ഐനിപ്ലാവിലേക്ക് ഹൃദയം ചേർത്ത് വച്ചു.. മായ എന്ന പേരിനായി മുറിപ്പെടാത്ത ഒരിടവും ഈ തായ്ത്തടിയിലില്ല. ബാഷയുടെ ഹൃദയം പോലെ.
“രണ്ടല്ല നീയും ഞാനുമൊന്നായി കഴിഞ്ഞല്ലോ….
വിണ്ടലം നമുക്കിനി വേറെ വേണോ?
ആരെല്ലാം ചോദിച്ചാലും ആരെല്ലാം മുഷിഞ്ഞാലും
ആരെല്ലാം പരിഭവം ചൊല്ലിയാലും…”
കാറ്റിൻ്റെ മൂളൽ ബാഷയുടെ ശബ്ദമായി ചെവിയിൽ വന്നലക്കുന്നപോലെ മായക്ക് തോന്നി.അതിന് മറുപടിയെന്നപോലെ ബാക്കി വരികൾ ഉള്ളിലോർത്തു ചൊല്ലി സ്വയം മറന്നു നിൽക്കുമ്പോൾ മറ്റേമ്മ വിളിച്ചു.
“ കേറി പോര് കുട്ട്യേ…’’
മറ്റേമ്മ തെക്കെ ചായ്പിൻ്റെ വാതിൽ തുറന്നിട്ടിരുന്നു.
“ചെക്കനിപ്പോ ഇങ്ങട്ട് വരാറേയില്ല. അവനെ പറഞ്ഞിട്ടും കാരില്ല്യ. വല്ല്യമ്മ പറയണ ആ സമത്വൊന്നും ഇപ്പഴീ നാടിനില്ല്യ. സ്വാർത്ഥതാ ള്ളത്. എന്നേം അവനേം ഉൾക്കൊണ്ട ആ പഴേ അത്തിക്കാവ് ഇപ്പഴില്ലാണ്ടായേക്കണു. പുറന്തള്ളാനാ ഇപ്പുത്സാഹം. എനിക്ക് പിന്നെ ഇനി എത്ര നാളാന്നെച്ചട്ടാ…. പക്ഷേ… അവനങ്ങനാണോ. പാവം കുട്ടി. “
മായ മറുപടിയൊന്നും പറയാതെ ചായ്പിലേക്ക് കയറി. ബാഷയുടെ മുറി. ശരിയായാലും തെറ്റായാലും തങ്ങളുടേത് മാത്രമായ നിമിഷങ്ങൾക്ക് സാക്ഷിയായ ചുമരുകൾ. കുറച്ചുനേരം ഇരുട്ടിൽ നിന്ന ശേഷം മായ ലൈറ്റിട്ടു. ചുറ്റും നോക്കി. മേശപ്പുറത്തിരുന്ന പുസ്‌തകം മായ കണ്ടു. "ആത്മരഹസ്യം “
അടിയിൽ ബാഷ എന്ന പേര്. ദൈവമേ…. മായയ്ക്ക് ഒരു പാതിരാത്രിയിൽ റൈനു വന്ന് പറഞ്ഞത് ഓർമ്മവന്നു. " നിൻ്റെ ബാഷയെ ഞാൻ കണ്ടുപിടിച്ചു ". അവൾ കണ്ടത് ഈ പുസ്തകം തന്നെയായിരിക്കില്ലേ. വിറയ്ക്കുന്ന കൈകളോടെ മായ ആ പുസ്‌തകം കയ്യിലെടുത്തു. പുറംച്ചട്ടയിൽ തലോടി. പിന്നെ തുറന്നു.
"തമ്മിലൊന്ന് കണ്ടില്ലെങ്കിലെന്ത്?
ഒന്നും മിണ്ടിയില്ലെങ്കിലെന്ത്?
ഒരേ ഞരമ്പിൻ്റെ രണ്ടറ്റങ്ങളിൽ
വേരായും പൂവായുമുണ്ടല്ലോ നമ്മൾ “
ബാഷയുടെ ചെരിച്ചെഴുതിയ നീളൻ കയ്യക്ഷരത്തിലൂടെ മായ വിരലോടിച്ചു.
ഓരോ പേജിലൂടെയും ഓരോ വരികളിലൂടേയും അവളുടെ കണ്ണുകളോടി നടന്നു. ഓരോ അക്ഷരങ്ങളും അവളോട് സംസാരിച്ചു. അവൾ മുറുകെപിടിച്ച മൂല്യങ്ങളോട് കലഹിച്ചു. പിന്തുടരുന്ന പഴഞ്ചൻ ചിന്താഗതികളെ എതിർത്തു.
തൻ്റെയും ബാഷയുടെയും ഉള്ളിലൊതുങ്ങുന്ന പൊള്ളിക്കുന്ന ആ രഹസ്യത്തെ ഉള്ളിൽതന്നെ കുഴിച്ചുമൂടി. അത്രയും കാലം അകത്തിട്ടുരുക്കി പ്രാണനോട് ചേർത്തുവച്ച പ്രണയത്തെ നെഞ്ചോടുചേർത്ത് മായ ചായ്‌പ്പിൻ്റെ വാതിൽ ചേർത്തടയ്ക്കുമ്പോൾ മുറ്റത്തെ ഐനിപ്ലാവിൽ ചാരിനിന്ന് മറ്റേമ്മ പുഞ്ചിരിയോടെ കണ്ണീർ തുടയ്ക്കുന്നുണ്ടായിരുന്നു.
( ആത്മരഹസ്യം ഇവിടെ അവസാനിക്കുന്നു. അവസാനത്തെ നാലു വരി കവിതയ്ക്ക് കടപ്പാട് ഫെയ്സ്ബുക്കിലുടെ അറിയുന്ന കവി M. ബഷീർ ൻ്റെ " എന്നിലുള്ളത്ര നീ നിന്നിൽ പോലുമില്ല എന്നെ കവിതാസമാഹാരത്തോട് )