
കവിനും നയന്‍താരയും പ്രധാന വേഷങ്ങളിലെത്തുന്ന 'ഹായ്' ഓഗസ്റ്റ് 14-ന് തിയറ്ററുകളിലേക്ക് എത്തുകയാണ്. ഇരുവരും തമ്മിലുള്ള പ്രായവ്യത്യാസം വലിയരീതിയില്‍ ചര്‍ച്ചയായിരുന്നു. ഇപ്പോള്‍ പ്രായവ്യത്യാസങ്ങളെക്കുറിച്ചുള്ള പ്രചാരണങ്ങളില്‍ വ്യക്തത വരുത്തി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന് വിഷ്ണു ഇടവന്‍. ഗാനരചയിതാവായ വിഷ്ണു ഇടവന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹായ്.
പ്രണയജോഡികളായ കവിനും നയന്‍താരയും തമ്മിലുള്ള വലിയ പ്രായവ്യത്യാസം പ്രമേയമാക്കുന്നുണ്ടെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയിലും മറ്റും ഊഹാപോഹങ്ങള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ അത്തരം വാര്‍ത്തകള്‍ തെറ്റാണെന്നും, പ്രായ വ്യത്യാസം കേന്ദ്രബിന്ദുവാക്കാന്‍ പ്രത്യേക ഉദ്ദേശ്യമൊന്നുമില്ലെന്നും സംവിധായകന് വ്യക്തമാക്കി:
കാസ്റ്റിംഗിലെ പരമ്പരാഗതരീതികള്‍ പൊളിച്ചെഴുതാനാണ് ആഗ്രഹിച്ചത്. ലളിതവും പ്രേക്ഷകര്‍ക്ക് പെട്ടെന്ന് കണക്റ്റ് ആകുന്നതുമായ കുടുംബ ചിത്രമാണിത്. ഈ കഥയില്‍ ഒരു ചെറിയ റിസ്ക് ഫാക്ടര്‍ കൊണ്ടുവരാന്‍ ആഗ്രഹിച്ചപ്പോഴാണ് ഈ രണ്ടു താരങ്ങളെയും ഒന്നിച്ചെത്തിക്കുക എന്ന ആശയമുദിച്ചത്.
രജനികാന്ത്, മോഹന്‍ലാല്‍, ചിരഞ്ജീവി, ബാലകൃഷ്ണ തുടങ്ങിയ സൂപ്പര്‍താരങ്ങളെല്ലാം പ്രായപരിധികളെ മറികടന്ന് മികച്ച കഥാപാത്രങ്ങള്‍ ചെയ്യുന്നുണ്ട്. ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന് അറിയപ്പെടുന്ന നയന്‍താരയ്ക്കും ആ നിലവാരത്തിലുള്ള സ്വീകാര്യതയുണ്ട്. പുരുഷതാരങ്ങള്‍ക്കു നല്കുന്ന അതേ പരിഗണനയും സ്വാതന്ത്ര്യവും എന്തുകൊണ്ട് സ്ത്രീ താരങ്ങള്‍ക്കും നല്കിക്കൂടാ? ആ ചിന്തയാണ് ഈ കാസ്റ്റിംഗിലേക്ക് നയിച്ചത്- സംവിധായകന് പറഞ്ഞു.
നയന്‍താര-വിഗ്നേഷ് ശിവന്റെ റൗഡി പിക്ചേഴ്സ്, എസ്.എസ്. ലളിത് കുമാറിന്റെ സെവന് സ്ക്രീന്‍ സ്റ്റുഡിയോ, സീ സ്റ്റുഡിയോസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഭാഗ്യരാജ്, രാധിക ശരത്കുമാര്, പ്രഭു, വി.ടി.വി. ഗണേഷ്, സത്യന്, അമൃത ശ്രീനിവാസന് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്നത്.