
ന്യൂയോർക്ക്: ഇന്ത്യയിലെ വിദ്യാർഥി പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യുഎസ്എ (IOCUSA) ന്യൂയോർക്കിലെ ടൈംസ് സ്‌ക്വയറിൽ സമാധാനപരമായ പ്രതിഷേധം സംഘടിപ്പിച്ചു. ജനാധിപത്യം, നീതി, ഭരണഘടന ഉറപ്പുനൽകുന്ന പൗരാവകാശങ്ങൾ എന്നിവയോടുള്ള പ്രതിബദ്ധത വീണ്ടും ഉറപ്പിച്ചുകൊണ്ടായിരുന്നു പ്രതിഷേധം.
വിദ്യാർഥികൾ അവരുടെ അടിയന്തര ആവശ്യങ്ങളിൽ ശ്രദ്ധേയമായ പുരോഗതി കൈവരിച്ചതിൽ സന്തോഷം രേഖപ്പെടുത്തിയ സംഘടന, ഇന്ത്യയിൽ ജനാധിപത്യ മൂല്യങ്ങൾ ദുർബലമാകുന്നതിലുള്ള ആശങ്കയും പ്രകടിപ്പിച്ചു. ഡൽഹിയിലെ ജന്തർ മന്തറിൽ സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരെ ബലപ്രയോഗം നടത്തിയെന്ന റിപ്പോർട്ടുകൾ പൗരസ്വാതന്ത്ര്യത്തിന്റെയും സമാധാനപരമായ പ്രതിഷേധത്തിനുള്ള അവകാശത്തിന്റെയും സംരക്ഷണത്തെക്കുറിച്ച് ഗൗരവമായ ചോദ്യങ്ങൾ ഉയർത്തുന്നതായി സംഘടന ചൂണ്ടിക്കാട്ടി.
ഇ-മലയാളിയോട് സംസാരിച്ച ഐഒസിയുസിഎ വൈസ് ചെയർമാൻ ജോർജ് എബ്രഹാം, വിദ്യാർഥികളുടെ ദൃഢനിശ്ചയത്തെ അഭിനന്ദിക്കുകയും അവരുടെ പ്രക്ഷോഭത്തെ സമകാലിക ഇന്ത്യൻ രാഷ്ട്രീയത്തിലെ ഒരു വഴിത്തിരിവായി വിശേഷിപ്പിക്കുകയും ചെയ്തു.
"ന്യൂയോർക്കിലെ ടൈംസ് സ്‌ക്വയറിൽ നിന്ന് ഡൽഹിയിലെ വിദ്യാർഥികളെ അഭിനന്ദിക്കുകയാണ്. നീതിക്കും നിഷ്പക്ഷതയ്ക്കും ജനാധിപത്യ മൂല്യങ്ങൾക്കും വേണ്ടി അവർ ഉറച്ചുനിന്നു. ഉടനടി രാഷ്ട്രീയമായി എന്ത് സംഭവിച്ചാലും, യുവജനങ്ങളുടെയും സാധാരണ പൗരന്മാരുടെയും ശബ്ദം എന്നെന്നേക്കുമായി അവഗണിക്കാൻ കഴിയില്ലെന്ന സത്യം അവർ രാജ്യത്തെ ഓർമ്മിപ്പിച്ചു," അദ്ദേഹം പറഞ്ഞു.
വർഷങ്ങളായി രാഷ്ട്രീയ ആഖ്യാനങ്ങൾ അതീവ സൂക്ഷ്മമായി രൂപപ്പെടുത്തിയതും അഭിപ്രായവ്യത്യാസങ്ങളെ അടിച്ചമർത്താൻ ശ്രമിച്ചതുമാണെന്ന് പലരും കരുതിയിരുന്നുവെങ്കിലും, നീതിക്കുവേണ്ടി ജനങ്ങൾ ഒന്നിച്ചുനിൽക്കുമ്പോൾ എത്ര ശക്തമായ പ്രതിച്ഛായയാണെങ്കിലും പൊതുജന വിചാരണയിൽ നിന്ന് ഒഴിഞ്ഞുമാറാനാവില്ലെന്ന് വിദ്യാർഥികൾ തെളിയിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ഈ പ്രക്ഷോഭം ഒരു രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിനുവേണ്ടിയായിരുന്നില്ലെന്നും, കഠിനാധ്വാനത്തിനും കഴിവിനും സത്യസന്ധതയ്ക്കും ഇപ്പോഴും വിലയുണ്ടെന്ന വിശ്വാസം ഓരോ ഇന്ത്യൻ വിദ്യാർഥിക്കും ഉണ്ടാകണമെന്ന ആവശ്യമായിരുന്നുവെന്നും ജോർജ് എബ്രഹാം പറഞ്ഞു. മക്കളുടെ വിദ്യാഭ്യാസത്തിനായി എല്ലാം ത്യജിച്ച മാതാപിതാക്കളുടെ സ്വപ്നങ്ങൾ സംരക്ഷിക്കാനുള്ള പോരാട്ടം കൂടിയായിരുന്നു ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"ഈ സംഭവങ്ങൾ ഇന്ത്യൻ രാഷ്ട്രീയത്തിൽ പുതിയൊരു അധ്യായത്തിന് തുടക്കമാകാൻ സാധ്യതയുണ്ട്. അധികാരത്തിന്റെ ഉറവിടം ജനങ്ങളാണെന്നും, ചോദ്യം ചെയ്യുന്നവരെയും വിമർശിക്കുന്നവരെയും നീതി ആവശ്യപ്പെടുന്നവരെയും കേൾക്കുമ്പോഴാണ് ഭരണകൂടത്തിന്റെ വിശ്വാസ്യത ശക്തിപ്പെടുന്നതെന്നും ഇത് ഓർമ്മിപ്പിക്കുന്നു," അദ്ദേഹം പറഞ്ഞു.
ജനാധിപത്യം സർക്കാരുകൾകൊണ്ട് മാത്രം നിലനിൽക്കുന്നതല്ല, മനസ്സാക്ഷി അടിയറവയ്ക്കാൻ വിസമ്മതിക്കുന്ന പൗരന്മാരിലൂടെയാണ് അത് ജീവൻ നിലനിർത്തുന്നതെന്ന് വിദ്യാർഥികൾ തെളിയിച്ചുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അധികാരത്തെ ആനക്കൊമ്പ് ഗോപുരങ്ങളിൽ നിന്ന് സാധാരണ ജനങ്ങളുടെ ദൈനംദിന ജീവിത പോരാട്ടങ്ങളിലേക്കും സ്വപ്നങ്ങളിലേക്കും തിരിച്ചുകൊണ്ടുവരാൻ ഈ പ്രക്ഷോഭത്തിന് കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.
"യുവജനങ്ങളുടെ സ്വപ്നങ്ങളെ ഒരു സർക്കാരിനും അനന്തകാലം അടിച്ചമർത്താനാവില്ല. നീതിയും സുതാര്യതയും ഉത്തരവാദിത്തവും ഭരണകൂടം നൽകുന്ന ആനുകൂല്യങ്ങളല്ല, മറിച്ച് ജനങ്ങളുടെ അവകാശങ്ങളാണെന്ന് പുതിയ തലമുറ ഉറച്ചുപറയുമ്പോഴാണ് ജനാധിപത്യം പുതുജീവൻ നേടുന്നത്," അദ്ദേഹം കൂട്ടിച്ചേർത്തു.
"അധികാരത്തിലുള്ളവർ എല്ലാവരും ഈ സന്ദേശം മനസ്സിലാക്കണം. ഭയം ഒരു നിമിഷത്തേക്ക് ശബ്ദങ്ങളെ നിശ്ശബ്ദമാക്കിയേക്കാം. എന്നാൽ സ്വന്തം ഭാവി സ്വയം രൂപപ്പെടുത്താൻ തീരുമാനിച്ച ഒരു തലമുറയെ ഒരിക്കലും നിശ്ശബ്ദമാക്കാൻ കഴിയില്ല. ജനാധിപത്യം ജയിക്കട്ടെ. സ്വാതന്ത്ര്യം ജയിക്കട്ടെ. ഇന്ത്യയുടെ യുവത്വത്തിന്റെ അജയ്യമായ ആത്മാവ് ജയിക്കട്ടെ," എന്ന് പറഞ്ഞാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്.
പ്രതിഷേധത്തിൽ ഐഒസിയുസിഎ നേതാക്കളായ മോഹിന്ദർ സിംഗ് ഗിൽസിയൻ, ജോൺ ജോസഫ്, ഡേവ് രൺധാവ, സോഫിയ ശർമ്മ, ഇമ്രാൻ പാഷ, മിൻഹാജ് ഖാൻ, പാർഥ ബാനർജി എന്നിവർ പങ്കെടുത്തു. കേരള ചാപ്റ്ററിനെ പ്രതിനിധീകരിച്ച് ചെയർമാൻ പോൾ കരുകപ്പള്ളി, ജനറൽ സെക്രട്ടറി ജോസഫ് ഇടിക്കുള, മുൻ പ്രസിഡന്റ് ലീല മാരേട്ട്, ഷൈമി ജേക്കബ് എന്നിവരും പ്രതിഷേധത്തിൽ പങ്കാളികളായി.