Image

വയലാർ പുരസ്കാര ജേതാവ് കെ.വി. മോഹൻകുമാർ ഐ.എ.എസ് ഫൊക്കാന കൺവെൻഷനിൽ

ശ്രീകുമാർ ഉണ്ണിത്താൻ Published on 27 July, 2026
വയലാർ പുരസ്കാര ജേതാവ് കെ.വി. മോഹൻകുമാർ ഐ.എ.എസ് ഫൊക്കാന  കൺവെൻഷനിൽ

ന്യൂയോർക്ക് : മലയാള സാഹിത്യലോകത്തെ ശ്രദ്ധേയനായ നോവലിസ്റ്റും വയലാർ പുരസ്കാര ജേതാവും നോർക്ക റൂട്സ് ഡയറക്ടറുമായിരുന്ന  കെ.വി. മോഹൻകുമാർ, ഐ എ എസ് (retired) ഫൊക്കാന 2026 ദേശീയ കൺവെൻഷനിൽ പങ്കെടുക്കും. സാഹിത്യം, ഭരണനിർവഹണം, മാധ്യമപ്രവർത്തനം എന്നീ മേഖലകളിൽ ഒരുപോലെ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹത്തിന്റെ സാന്നിധ്യം പ്രവാസി മലയാളികളുടെ ഈ മഹാസംഗമത്തിന് കൂടുതൽ ബൗദ്ധിക തിളക്കവും സാഹിത്യഗൗരവവും പകരുമെന്ന് സംഘാടകർ അറിയിച്ചു.

പത്ത് നോവലുകളും പതിമൂന്നിലധികം കഥാസമാഹാരങ്ങളും ഉൾപ്പെടെ 37-ഓളം കൃതികളുടെ രചയിതാവായ കെ.വി. മോഹൻകുമാർ, ഉഷ്ണരാശി എന്ന നോവലിലൂടെ 2018-ലെ വയലാർ പുരസ്കാരവും കേരള സാഹിത്യ അക്കാദമി പുരസ്കാരവും ഉൾപ്പെടെ നിരവധി ബഹുമതികൾ നേടിയിട്ടുണ്ട്. മാധ്യമപ്രവർത്തകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം പിന്നീട് കേരള സിവിൽ സർവീസിലും ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസിലും ശ്രദ്ധേയമായ സേവനം അനുഷ്ഠിക്കുകയും പാലക്കാട്, കോഴിക്കോട് ജില്ലകളുടെ കളക്ടറായും സംസ്ഥാന ഭക്ഷ്യ കമ്മീഷന്റെ ആദ്യ ചെയർമാനായും പ്രവർത്തിക്കുകയും ചെയ്തു.

സാഹിത്യത്തെയും സംസ്കാരത്തെയും ഒരുപോലെ ആഘോഷിക്കുന്ന ഫൊക്കാന 2026 ദേശീയ കൺവെൻഷനിൽ കെ.വി. മോഹൻകുമാറിന്റെ പങ്കാളിത്തം എഴുത്തുകാരും വായനക്കാരും കലാസ്വാദകരും ഒരുപോലെ ആകാംക്ഷയോടെ കാത്തിരിക്കുന്ന നിമിഷമാണെന്ന് പ്രസിഡന്റ് സജിമോൻ ആന്റണി  പറഞ്ഞു.

പത്മവിഭൂഷൺ അടൂർ ഗോപാലകൃഷ്ണൻ, പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി, ടി.ഡി.രാമകൃഷ്ണൻ, ജോസ് പനച്ചിപ്പുറം, പ്രമീളാദേവി ഉൾപ്പെടെ കലാ-സാഹിത്യ-സാംസ്കാരിക രംഗങ്ങളിലെ വിശിഷ്ട വ്യക്തിത്വങ്ങൾ അണിനിരക്കുന്ന ഫൊക്കാന 2026 ദേശീയ കൺവെൻഷൻ പ്രവാസി മലയാളികളുടെ ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ സാംസ്കാരിക മഹാമേളകളിലൊന്നായി മാറുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഫൊക്കാനയുടെ ഔദ്യോഗിക പരിപാടിപ്പട്ടിക പ്രകാരം ഓഗസ്റ്റ് 6 മുതൽ 9 വരെ നടക്കുന്ന കൺവെൻഷനിൽ വൈവിധ്യമാർന്ന കലാ, സാഹിത്യ, സാംസ്കാരിക പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക