
കഥയും ജീവിതവും നമ്മുടെ കണ്മുന്‍പില്‍ തന്നെയുണ്ട് എന്ന ഓര്‍മ്മപെടുത്തലാണ് ആടുജീവിതവും മഞ്ഞുമ്മല്‍ ബോയ്സും .
.1995 ലാണത് .ആദ്യമായി കൂറ്റന്‍ മണല്‍പ്പാടങ്ങള്‍ ഞാന്‍ കാണുകയായിരുന്നു .എയര്‍ കണ്ടിഷന്‍ ചെയ്ത ടോയോട്ടോ കാറില്‍ കുവൈറ്റില്‍ , അന്ന് ആഡംബരമായിരുന്ന ഒരു മൊബൈല്‍ ഫോണുമായാണ് യാത്ര .ഇറാക്കുമായുള്ള ആദ്യ യുദ്ധം അവസാനിച്ച നേരമാണത് . കുവൈറ്റിന്റെയും ഇറാക്കിന്റെയും അതിര്‍ത്തിയില്‍ ടെലഗ്രാഫ് ലേഖകന്‍ സൌമിക് ഭട്ടാചാര്യയും കുവൈറ്റ് സര്‍ക്കാരിന്‍റെ ഓഫീസര്‍ മുഹമ്മദും ഞാനും നടത്തിയ ആ യാത്ര ഇന്നും മനസ്സിലുണ്ട് .
മണല്‍ക്കാട്ടില്‍ കറുത്ത നീണ്ട നൂലുപോലെ ടാറിട്ട റോഡ്. വെള്ളം തീര്‍ന്നു പോകുമെന്ന് കരുതി അവസാനത്തെ പോസ്റ്റില്‍ നിന്ന് ഞങ്ങളെ അനുഗമിച്ച ഗൈഡ് മുഹമ്മദ് കുപ്പിവെള്ളം വാങ്ങി വന്നു .അങ്ങനെ വന്നാല്‍ …ആ മൂളലില്‍ എല്ലാം അടങ്ങിയിരുന്നു .കുവൈറ്റ് സിറ്റിയില്‍ നിന്നും അല്‍ ഖോബര്‍ തുറമുഖം വരെയായിരുന്നു യാത്ര .ആദ്യത്തെ കുവൈറ്റ് യുദ്ധത്തില്‍ പരാജിതനായ സദ്ദാം ഹുസെന്‍ ഭരിക്കുന്ന ഇറാക്കിന്റെ ഭാഗമാണ് അല്‍ ഖോബര്‍ തുറമുഖം .അത് കഴിഞ്ഞാല്‍ ബസ്രയും ബാഗ്ദാദും .ഗള്‍ഫ് യുദ്ധകാലത്ത് സി എന്‍ എന്‍ ലോകത്തിനു കാഴ്ച വെച്ച മരണത്തിന്‍റെയും രക്തത്തിന്റെയും കറപുരണ്ട വഴികള്‍ .ഇരുവശത്തും ജീവജാലങ്ങളുടെ സാന്നിധ്യമില്ല ഇടക്ക് കറുത്ത വെള്ളം കെട്ടി നില്‍ക്കുന്ന കിണറുകള്‍ . ഉപയോഗശൂന്യമായ എണ്ണക്കിണറുകള്‍ ആയിരുന്നു അത് .കടല്‍ പോലെ പറന്നു കിടക്കുന്ന മരുഭൂമിയുടെ വലുപ്പം എത്രയെന്നു ഞാന്‍ അനുഭവിച്ചു .ഇറാക്ക് അതിര്‍ത്തിയില്‍ വെച്ചു കണ്ട ഐക്യ രാഷ്ട്ര നിരീക്ഷണ കേന്ദ്രത്തിലെ സൈനിക ഓഫീസര്‍ മാത്രമായിരുന്നു അവിടെ ഞങ്ങള്‍ കണ്ടു മുട്ടിയ ഏക മനുഷ്യ സാന്നിധ്യം . .അദ്ദേഹം എങ്ങനെയും തിരികെ യു എസിലേക്ക് പോകാനുള്ള ശ്രമത്തിലുമായിരുന്നു .അദ്ദേഹത്തെയും കൂട്ടി ഞങ്ങള്‍ അതിര്‍ത്തിക്കു അടുത്തു ചെന്നു .അവിടെ ഇറാക്കി സൈനികോദ്യോഗസ്ഥര്‍ റോന്തു ചുറ്റുന്നുണ്ട് .അവരുടെ കയ്യില്‍ പെടുകയോ അവര്‍ ഇങ്ങോട്ട് വന്നു പിടികൂടുകയോ ചെയ്‌താല്‍ സ്ഥിതി മോശമാകും എന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി .മനുഷ്യന്‍ സൃഷ്ട്ടിക്കുന്ന അതിരുകളില്‍ ജീവിതം ഹോമിക്കപ്പെടുന്ന അവസ്ഥ അനുഭവിച്ചു അറിയണം .ഞങ്ങള്‍ കടന്നു വന്ന ആ മണല്ക്കാടിലാണ് ആയിരക്കണക്കിന് ഇറാക്കി സൈന്യം കൊല്ലപ്പെട്ടത് യുദ്ധത്തില്‍ കീഴടങ്ങിയ ശേഷവും പിന്‍വാങ്ങിയ ആ സൈന്യത്തെ യു എസ് സൈന്യം വെറുതെ വിട്ടില്ല എന്ന് അറിയാവുന്ന ചിലര്‍ പിന്നിട് പറഞ്ഞു .അതെ മരണത്തിന്‍റെ താഴ്വരത്തിലൂടെയായിരുന്നു ഞങ്ങളുടെ യാത്ര .

പില്‍ക്കാലത്ത് പല സിനിമകളിലും മരുഭൂമി ഒരു പ്രധാന വിഷയമായി കണ്ടിട്ടണ്ട് എങ്കിലും ഈ അനുഭവം മറക്കാനാകാത്തതായിരുന്നു .അവിടെ പെട്ടു പോയെങ്കില്‍ എന്ന ഭീതി ഇന്നും മനസ്സിനെ മഥിക്കുന്നു. ലാസ്റ്റ് എമ്പ റര്‍ എന്ന സിനിമക്ക് ഓസ്കാര്‍ നേടിയ ബെര്ട്ടുലുച്ചി സംവിധാനം ചെയ്ത ഷെല്‍ട്ടറിംഗ് സ്കൈ ആണ് മരുഭൂമിയുടെ ആ വലുപ്പം ശക്തമായി കാണിച്ചു തന്നത് .ജുവല്‍ ഓഫ് ദി നൈല്‍ മറ്റൊരു നല്ല ആവിഷ്ക്കാരമായിരുന്നു രാജസ്ഥാന്‍ .മരുഭൂമി മദ്രാസിലെ ഒരു സ്റ്റുഡിയോവില്‍ ചിത്രീകരിക്കുന്ന കാഴ്ചയും ഞാന്‍ കണ്ടിട്ടുണ്ട് കമലഹാസനും അംജദ് അലിഖാനും ഡിമ്പിളും ലിസിയും അഭിനയിച്ച വിക്രം എന്ന സിനിമയില്‍ ആയിരുന്നു അത് .ഇറാക്ക് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ശ്യാമപ്രസാദും മരുഭൂമി ചിത്രീകരിച്ചുവെങ്കിലും അതിന്റെ സാമൂഹിക ആഘാതമാണ് അദ്ദേഹം പ്രമേയമാക്കിയത് .മരുഭൂമി ഒരു പ്രമേയമായി മാറാന്‍ ,ഒരു അനുഭവം ആയി അവതരിപ്പിക്കാന്‍ ആടുജീവിതത്തിലൂടെ ബ്ലെസിക്കാണ് കഴിഞ്ഞത് .സിനിമ എങ്ങനെ എടുക്കണം എന്ന ചിന്തകളില്‍ മലയാളത്തില്‍ ഉണ്ടായ മാറ്റങ്ങളുടെ ഭാഗം കൂടിയാകണം ഇത് .
അതിജീവനം പ്രമേയമായിട്ടുള്ള കഥകളും സിനിമകളും എല്ലാക്കാലത്തും ഉണ്ടായിട്ടുണ്ട് .ഹോമറിന്റെ ഒഡിസ്സിയസ് നീണ്ട വര്‍ഷങ്ങള്‍ കടലില്‍ ഒറ്റപ്പെട്ടു യാത്രചെയ്ത യവന നായകനെ പറ്റിയുള്ളതാണ് .താന്‍ നയിച്ച യുദ്ധവും ലോകവും പോലും മറന്നു കടലിന്റെ അപാരതയില്‍ വര്‍ഷങ്ങള്‍ ചെലവിടുന്ന നായകന്‍ അവസാന നിമിഷവും പോരാട്ടത്തില്‍ ഏര്‍പ്പെടുന്ന കഥയാണത് .ഗ്രീക്ക് സാഹസികതയും പ്രകൃത്യാരാധനയും തുണക്കുന്ന ധീര യോദ്ധാവിന്റെ കഥയാണത് .കടലില്‍ ഒരു ദ്വീപില്‍ അകപ്പെട്ടു പോയ സാധു മനുഷ്യന്‍റെ കഥയാണ് റോബിന്‍സണ്‍ ക്രുസോയുടെ ട്രെഷര്‍ ഐലന്‍ഡ്.കാസ്റ്റ് എവേ ഒറ്റപ്പെട്ട മനുഷ്യന്‍റെ അതിജീവനം മനോഹരമായി ചിത്രികരിക്കുന്നുണ്ട് .232 ദിവസം കടലില്‍ കടുവയുമായി ഒരു ചെറിയ വഞ്ചിയില്‍ ചെലവഴിച്ച കുട്ടിയുടെ യഥാര്‍ത്ഥ ജീവിത കഥ പറയുന്ന ലൈഫ് ഓഫ് പൈ നോവല്‍ എന്ന നിലയിലും സിനിമ എന്ന നിലയിലും അതിജീവനത്തിന്‍റെ ഇതിഹാസമായിരുന്നു .
ആടുജീവിതം ഒരര്‍ഥത്തില്‍ അതിജീവനത്തിന്‍റെ കഥയാണ് .ഏറ്റുമുട്ടലിന് പകരം പീഡനങ്ങള്‍ക്ക് വഴങ്ങുന്ന ഒരു ആധുനിക അടിമയുടെ കഥയാണ് ആട് ജീവിതം .നജീബിന്റെ ജീവിത കഥ നോവലാക്കിയ ബെന്യാമിന്റെ ആടുജീവിതത്തെ ഉപജീവിച്ചു തയ്യാറാക്കിയ ഈ സിനിമ ആധുനിക കാലത്ത് മരുഭുമിയില്‍ അറബിയുടെ അടിമയായി കഴിയേണ്ടി വരുന്ന നജീബിന്റെ ആട് ജീവിതം ചിത്രീകരിക്കുന്നു .എല്ലാ അര്‍ത്ഥത്തിലും ആടിനെ പോലെ മാറിപ്പോയ ഒരു ആധുനിക മലയാളിയുടെ കഥ ബ്ലെസി ഇവിടെ പ്രിത്വിരാജിലൂടെ ചിത്രീകരിക്കുന്നു .മരുഭൂമിയില്‍ ആടുകള്‍ക്ക് നടുവില്‍ തന്‍റെ കഫീറിന്റെ തോക്കിന്‍ മുന്നില്‍ ഭയന്ന് ജീവിച്ച ആധുനിക കാലത്തെ അടിമയുടെ കഥ കൊടിയ ക്രൂരതകള്‍ കണ്ട് വളര്‍ന്ന യു എസിലെ കാണികളെ അത്ര അതിശയിപ്പിക്കാന്‍ ഇടയില്ല .പക്ഷെ ലൊക്കേഷനും (മരുഭൂമി )സംഗീതവും ( ഏ ആര്‍ റഹ്മാന്‍)സൌണ്ട് റിക്കോഡിങ്ങും ( റസൂല്‍ പൂക്കുട്ടി ) ഇതിനു വലിയ മിഴിവ് നല്‍കുന്നു .ചെറിയ സീനുകളില്‍ മാത്രമേ ഉള്ളുവെങ്കിലും അമല പോളും ചിത്രത്തിന് വശ്യത നല്‍കുന്നു അതെ ,പ്രിത്വിയുടെ തോളില്‍ ആണ് ഈ സിനിമ ചലിക്കുന്നത് .രണ്ടാം പാതിയില്‍ മരുഭൂമിയും അതില്‍ അകപ്പെട്ട മനുഷ്യരുമാണ് .റഹ്മാന്റെ സംഗേതം അതിന്ദ്രീയ സ്പര്‍ശം കൈവരിക്കുന്ന സീന്നുകളാണിവ.ഇത്തിരി ദൈര്‍ഘ്യം കൂടിപോയെങ്കിലും സംഗീതം ആ ഏകാതാനതയെ ചെറുക്കുന്നു .സമയം കാലം സൗഹൃദം ,പോരാട്ടം വിധേയത്വം ,എന്നിങ്ങനെ മനുഷ്യന്‍റെ ചെറിയഭാവങ്ങളെ പോലും വെളിയ്ടില്‍ കൊണ്ടു വരുന്ന സിനിമയാണിത് .ശ്രമിച്ചാല്‍ നല്ല സിനിമ നമുക്കും സാദ്ധ്യമാകും എന്നതിന്‍റെ തെളിവാണിത് .
അസാധാരണമായ മറ്റൊരു ചിത്രം അതിജീവനത്തിന്റെയും സൌഹൃദത്തിന്റെയും കഥപറയുന്ന മഞ്ഞുമ്മല്‍ ബോയ്സ് ആണ്.ചിദംബരം സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ അതിഭാവുകത്വത്തിനും അമിതാഭിനായത്തിനും പാങ്ങ് കൂടുതല്‍ ഉണ്ടായിട്ടും രണ്ടാം പകുതിയില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച സംവിധായകനെ അഭിനന്ദിക്കണം .യഥാതഥ ചിത്രീകരണത്തില്‍ ഭ്രമിച്ചു പോയ പുത്തന്‍ തലമുറ സംവിധായകന്‍ ആദ്യ പകുതിയെ വിരസമാക്കിയെങ്കിലും അതിലും അടുത്ത രംഗത്തിന്‍റെ തിരയാട്ടം കാണാം .വളരെ സാധാരണക്കാരായ സുഹൃത്തുക്കള്‍ ഒരു പ്രതിസന്ധി ഘട്ടത്തില്‍ എങ്ങനെ രൂപം മാറുന്നു എന്ന് സിനിമ വ്യക്തമാക്കുന്നു .അവസാന നിമിഷം വരെ ആകാംക്ഷ നിലനിറുത്തികൊണ്ടു ഒരു സംഭവ കഥ പുനസൃഷ്ടിച്ചു എന്നത് അസാധാരണമായ മികവിന്‍റെ ഉദാഹരണമാണ് .
ആദ്യപകുതിയിലെ ചില സീനുകളുടെ പേരില്‍ എഴുത്തുകാരനും തിരക്കഥാകൃത്തും പ്രധാനമായി തമിഴില്‍ എഴുതുന്ന മലയാളിയുമായ ജയമോഹന്‍ മലയാളി സമൂഹത്തെ പൊറുക്കികള്‍ എന്ന് അടച്ചു ആക്ഷേപിക്കുന്നതിനും നാം സാക്ഷ്യം വഹിച്ചു .മദ്യത്തിന്റെ തിന്മയും സിനിമയുടെ വശ്യതയും തമ്മില്‍ താരതമ്യം ചെയ്യുന്നതില്‍ എന്താണ് വലിയ പ്രസക്തി ?മാത്രമല്ല തമിഴിലെ ഒരു സിനിമയുടെ ഗുണയുടെ ആഘോഷം കൂടിയാകുന്നു ഈ സിനിമ എന്ന് ജയമോഹന്‍ മറന്നു പോയി .എങ്കിലും നിയോ റിയലിസം ഒരു കെണിയാണെന്ന് നമ്മുടെ സംവിധായകര്‍ ശ്രദ്ധിക്കും എന്ന് കരുതട്ടെ .
കഥയും ജീവിതവും നമ്മുടെ കണ്മുന്‍പില്‍ തന്നെയുണ്ട് എന്ന ഓര്‍മ്മപെടുത്തലാണ് ഈ സിനിമകളും കഥകളും .ഇതില്‍ നിന്ന് ഒരു മടക്കം വരരുത് എന്ന മുന്നറിയിപ്പ് കൂടിയാണ് ഇവക്കു ലഭിച്ച അംഗീകാരവും വരുമാനവും യഥാര്‍ത്ഥ പാന്‍ ഇന്ത്യന്‍ ചിത്രങ്ങള്‍ സനാതനമായ വികാരങ്ങളില്‍ അധിസ്ഥിതമാണ് എന്ന് ഇവ ഒരിക്കല്‍കൂടി വെളിപ്പെടുത്തുന്നു .