
നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രമായ രാമായണത്തിന്റെ കാസ്റ്റിംഗിനെക്കുറിച്ച് വിമര്‍ശനവുമായി നടി ദീപിക ചിഖാലിയ.
രണ്‍ബീര്‍ കപൂറും സായ് പല്ലവിയും രാമനും സീതയുമായിട്ടാണ് ചിത്രത്തിലെത്തുന്നത്. ഇതില്‍ സായ്പല്ലവി സീതയായി മാറാന്‍ യോജിച്ചതാണോയെന്ന ചോദ്യവുമായാണ് അവരെത്തിയത്.
യഥാര്‍ഥ രാമായണത്തിലെ സീതയുടേത് ചുരുണ്ട മുടിയല്ലെന്നും സായ് പല്ലവി ആ വേഷത്തിന് യോജിച്ചതാണോ എന്ന് സിനിമ റിലീസായതിന് ശേഷമേ പറയാന്‍ കഴിയൂ എന്നും അവര്‍ പറഞ്ഞു.
'വെറൈറ്റി ഇന്ത്യ'ക്ക് നല്‍കിയ അഭിമുഖത്തിനിടെയാണ് ദീപിക സായ് പല്ലവി സീതയായി എത്തുന്നതിനെക്കുറിച്ച് പറഞ്ഞത്. സായ് പല്ലവിയുടെ അഭിനയത്തെ പ്രശംസിച്ച ദീപിക, സായ് പല്ലവി സീതയായി എത്തുന്നത് എങ്ങനെയിരിക്കും എന്ന് അറിയാന്‍ കാത്തിരിക്കുകയാണ് എന്നും കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ തുളസീദാസിന്റെ രാമായണത്തിലെ സീതയെക്കുറിച്ച് കൃത്യമായ വര്‍ണനയുണ്ടെന്നും സായ് പല്ലവി അതിന് യോജിച്ചതാണോ എന്നു സംശയമുണ്ടെന്നും അവര്‍ പറഞ്ഞു. സിനിമ ഇറങ്ങുന്നതിന് മുന്‍പ് താന്‍ വിമര്‍ശിക്കുന്നില്ലെന്നും ദീപിക കൂട്ടിച്ചേര്‍ത്തു.
'ഞാന്‍ സായ് പല്ലവിയുടെ സിനിമകള്‍ കണ്ടിട്ടു. മികച്ച അഭിനേത്രിയാണ് അവര്‍. പക്ഷേ, സീതയായി സായ് പല്ലവി എങ്ങനെയുണ്ടാകും എന്ന് എനിക്ക് അറിയില്ല. സിനിമ റിലീസായാല്‍ മാത്രമേ അതു മനസിലാകൂ. തുളസീദാസിന്റെ രാമായണത്തിലെ സീതയ്ക്ക് ബദാം കണ്ണുകളും നല്ല ഉയരവും നീണ്ട മുടിയും നല്ല നിറവും ഉള്ളതാണ്. രാമാനന്ദ സാഗര്‍ ഏതു സീതയെയാണോ അന്വേഷിച്ചത് അതാണ് എന്നില്‍ കണ്ടത്. രാമായണത്തിലേ സീതാദേവിക്ക് ചുരുണ്ട മുടിയിഴകളുമല്ല' ദീപിക പറഞ്ഞു.
രാവണന്‍ ആയി വേഷമിടുന്ന യാഷിന് ആ വേഷം മികച്ചതാക്കാന്‍ കഴിയും. എങ്കിലും ഈ രാമായണം നേരിടുന്ന പ്രശ്‌നം രാമാനന്ദ സാഗറിന്റെ രാമായണവുമായി ഉള്ള താരതമ്യമാണ് എന്നും ദീപിക കൂട്ടിച്ചേര്‍ത്തു.
അന്‍പത് വര്‍ഷത്തിന് ശേഷം രാമായണം സിനിമയായി എത്തിയാല്‍ ജനങ്ങള്‍ രാമാനന്ദ് സാഗറിന്റെ രാമായണത്തെ മറക്കും. എന്നാല്‍ ഇപ്പോള്‍ ആ രാമായണം സീരിയല്‍ ഇപ്പോഴും ഫ്രഷായി നിലകൊള്ളുന്നു എന്നും ദീപിക പറഞ്ഞു. എങ്കിലും ഒരു തവണയെങ്കിലും പ്രേക്ഷകര്‍ 'രാമായണം' കാണുമെന്നും അവര്‍ പറഞ്ഞു.
ഇന്ത്യയിലെ ഏറ്റവും ചെലവേറിയ സിനിമയായാണ് 'രാമായണ' എത്തുന്നത്. നിതേഷ് തിവാരി ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രത്തില്‍ രണ്‍ബീര്‍ കപൂര്‍ ശ്രീരാമനായും യഷ് രാവണനായും അഭിനയിക്കുന്നു.