
ഭൂമിമലയാളത്തിന് കനിഞ്ഞുകിട്ടിയൊരു സംഗീത പുണ്യജന്മം; കെ.എസ്.ചിത്ര.
കാലങ്ങളായി മലയാളം നെഞ്ചേറ്റിനടക്കുന്ന മധുരനാദവിസ്മയം.
മലയാളികളുടെ സ്വകാര്യഅഹങ്കാരം. ആയിരമായിരം പാട്ടുകളുടെ ദൂതുംപേറി
നമ്മുടെ കാതോരമെന്നുമെത്തുന്ന രാജഹംസം. വർണ്ണിക്കാനോ അക്ഷരങ്ങളിൽനിരത്താനോ
നമുക്കാവില്ല, കെ.എസ്.ചിത്രയെന്ന ചരിത്രത്തെ.
ഏതെങ്കിലുമൊരുപാട്ടുകൊണ്ട് ചിത്രയെന്ന വാനമ്പാടിയെ അടയാളപ്പെടുത്താനുമാവില്ല.
അത്രമേലുയരെയാണ് ചിത്രയുടെസ്ഥാനം.
ആയിരക്കണക്കിനുണ്ട്, നമ്മുടെ ഹൃദയത്തിൽ തേനിൽച്ചാലിച്ചു പുരട്ടിത്തന്നിരിക്കുന്ന
ഗാനമധുരങ്ങളുടെ മായാത്ത ലിസ്റ്റ്.
ഒരേസമയം കാതിലേക്കും, നമ്മുടെ ഹൃദയത്തിലേക്കും തേന്മഴയായി
പെയ്തിറങ്ങുന്ന മധുരസ്വരം. പ്രസന്നമായ മുഖഭാവവും തികഞ്ഞ ലാളിത്യവും,
വിനയവും, നിറഞ്ഞ പുഞ്ചിരിയുമൊക്കെ നാലുപതിറ്റാണ്ടുകളിലേറെയായി
ഓരോ സംഗീതപ്രേമികളുടെയും മനസ്സിൽ മായാത്തമുദ്രയായി പതിഞ്ഞുപോയിരിക്കുന്നു.
മലയാളികളുടെ വാനമ്പാടി, തമിഴരുടെ ചിന്നക്കുയിൽ, കര്‍ണ്ണാടകയുടെ കന്നഡകോകില,
ആന്ധ്രയുടെ സംഗീതസരസ്വതി അങ്ങനെ
എത്രയെത്രവിശേഷണങ്ങളാണ് ചിത്രയ്ക്ക് പാട്ടുകൾ നേടിക്കൊടുത്തത്.
പ്രിയതരമായ പാട്ടുകൾക്കുള്ള സമ്മാനങ്ങൾ കുന്നോളം നിറഞ്ഞുകവിയുമ്പോഴും
തെല്ലുമൊരഹങ്കാരമില്ലാതെ സൗമ്യമായ ചിരിയിലൊതുക്കുന്നു തെളിമയുള്ള ആ മനസ്സ്.
ഏതുകാര്യത്തിനും രണ്ടഭിപ്രായങ്ങളുണ്ടാകും. പക്ഷേ, ചിത്രയുടെ പാട്ടുകൾക്ക്മുന്നിൽ
ഏവരുമൊന്നാണ്. അതുകൊണ്ടു തന്നെയാണ് ചിത്രയോടുള്ള മലയാളിയുടെ
ഇഷ്ടത്തിന്റെ സൂചിക ഇത്രയോളം ഉന്നതിയിലെത്തിയിട്ടും പിന്നെയുംപിന്നെയും
ഉയർന്നു വരുന്നതും. അതേ... കാലങ്ങളോളമിനിയും മലയാളത്തിന്റെ
വർണ്ണക്കുയിൽ പാടിക്കൊണ്ടിരിക്കും. ആ നാദ മധുരിമയിലലിയാൻ ജനകോടികളുമുണ്ടാകുമിവിടെ.
ഒരുപാട് സ്നേഹത്തോടെ കെ.എസ്.ചിത്രയ്ക്ക് പിറന്നാൾ ആശംസകൾ നേരുന്നു.