
അമേരിക്കൻ മലയാളി എഴുത്തുകാരനും ശാസ്ത്രജ്ഞനുമായ മാടശ്ശേരി നീലകണ്ഠൻ എന്ന ഡോ. എം. എൻ. നമ്പൂതിരി 1968 മുതൽ അമേരിക്കയിൽ ഉണ്ട്. ഇപ്പോൾ കാലിഫോർണിയയിലെ സാൻ റമോണിൽ താമസിക്കുന്നു. ആറു പതിറ്റാണ്ടോളം അമേരിക്കയിൽ ജീവിച്ചിട്ടും മലയാളത്തെയും മലയാളസാഹിത്യത്തേയും വളരെ വാൽസല്യത്തോട് നെഞ്ചോട് ചേർത്ത് പിടിക്കുന്നു.
പ്രപഞ്ചാനുഭവങ്ങളെ കാവ്യാമൃതമാക്കി മാറ്റുന്ന കവിതകളുടെ സമാഹാരമാണിത്. കവിയിലെ ശാസ്ത്രജ്ഞനും ശാസ്ത്രജ്ഞനിലെ കവിയും കണ്ടുമുട്ടുമ്പോഴുള്ള അനർഘ നിമിഷങ്ങളിൽ നിന്നാണ് ഈ കവിതകൾ ഓരോന്നും പിറവികൊണ്ടിരിക്കുന്നത്. ഈ സമാഹാരത്തിലും പ്രപഞ്ചോൽപ്പത്തിതന്നെയാണ് കവിക്ക് പ്രിയപ്പെട്ട വിഷയം. പ്രപഞ്ചം പൂർവ്വനിർണ്ണീതമാണോ അതോ യദൃച്ഛാനിർമ്മിതിയാണോ എന്നത് ചിരന്തനമായ തർക്കമാണ്.
പ്രപഞ്ചത്തിൻ്റെ ഘടനയിലും, അതിലെ വസ്തുക്കളുടെ സ്വഭാവത്തെ നിയന്ത്രിക്കുന്ന മൗലിക ബലങ്ങളിലും അല്പമായ വ്യത്യാസം മതി, ജീവൻ്റെ ഉത്ഭവം പോലും അസാദ്ധ്യമായിത്തീരാൻ എന്ന് ശാസ്ത്രം പറയുന്നു. മനുഷ്യൻ്റെ ഉദയത്തിനു വേണ്ടിത്തന്നെ സംവിധാനം ചെയ്യപ്പെട്ടതാണ് ഈ ജഗത്തെന്ന് ഊറ്റം കൊള്ളാൻ ഇത് നമ്മെ പ്രേരിപ്പിച്ചേക്കാം. ഇതേപ്പറ്റി കവിയായ ശാസ്ത്രജ്ഞൻ്റെ ആന്തരസംവാദമാണ് 'പ്രപഞ്ച ലോട്ടറി' എന്ന കവിത. കവിയുടെയും ശാസ്ത്രജ്ഞൻ്റെയും ഭാഗങ്ങൾ മാറി മാറി പറഞ്ഞിരിക്കുകയാണ് ഏറെ വായിക്കപ്പെട്ട ഈ കവിതയിൽ.
'കൊല്ലേണ്ടതെങ്ങനെ?' എന്ന കവിത രണ്ടാം ലോകമഹായുദ്ധത്തിൽ കൊല്ലപ്പെട്ട യുവകവിയായ കീത്ത് ഡഗ്ളസിൻ്റെ 'ഹൗ ടു കിൽ' എന്ന കവിതയുടെ വിവർത്തനമാണ്. യുദ്ധകാല കവിതകൾക്കിടയിൽ 'ഹൗ ടു കിൽ' ഏറെ ശ്രദ്ധ നേടിയിരുന്നു. ഓരോ ദിവസം കഴിയും തോറും കൊല്ലുക എന്നത് കൂടുതൽ എളുപ്പമായി വരികയാണല്ലോ. 1944 ൽ മരിക്കുമ്പോൾ ഈ ബ്രിട്ടീഷ് കവിക്ക് ഇരുപത്തിനാല് വയസ്സേ ഉണ്ടായിരുന്നുള്ളു.

'ടേം മദ്ധ്യത്തിലെ മുടക്കം' എന്ന കവിത നോബേൽ സമ്മാനജേതാവായ ഐറിഷ് കവി ഷേമസ് ഹീനിയുടെ 'മിഡ്ടേം' എന്ന കവിതയുടെ വിവർത്തനമാണ്. കവിയുടെ കൊച്ചനുജനായ ക്രിസ്റ്റഫറിനെപ്പറ്റിയുള്ള ഹൃദയ സ്പർശിയായ ഒരു രചനയാണിത്.
പ്രസിദ്ധ അമേരിക്കൻ കവയിത്രി മായാ ആൻജലു തൻ്റെ രചനകളിലൂടെ അസമത്വത്തിനും വർണ്ണ വിവേചനത്തിനും എതിരായി ധീരമായി ശബ്ദമുയർത്തി. അവരുടെ 'ദി കേജ്ഡ് ബേഡ്' എന്ന കവിതയുടെ വിവരത്തനമാണ് 'കൂട്ടിലടച്ച കിളി'. അടിമത്തത്തിൽ കഴിയുന്ന വ്യക്തികളുടെ പ്രതീകമായി കൂട്ടിലടച്ച കിളി എന്ന ആശയം അൻജലു ഉപയോഗിച്ചിരിക്കുന്നു.
'ഞാനില്ലെങ്കിലും' എന്ന കവിതയിൽ, ഞാനില്ലെങ്കിലും ഈ ഭൂമിയിൽ പൂക്കളും, തിങ്കളും, കുളിർത്തെന്നലും, മാരിവില്ലും, കുഞ്ഞുങ്ങളുടെ പുഞ്ചിരിയും, സാഗരത്തിൻ്റെ സംഗീതവും, ആകാശത്തിൻ്റെ മൗനവും, ഗോളാന്തരങ്ങളിൽ പൂത്തുവിരിയുന്ന ജീവവിസ്മയവും, എല്ലാം എല്ലാം ഉണ്ടാകും. ഞാനില്ലെങ്കിൽ ഞാൻ മാത്രം ഇല്ലാതാകും എൻ്റെ പൊങ്ങച്ചവും എൻ്റെ അപശബ്ദവും മാത്രം ഇല്ലാതാകുമെന്ന് പറഞ്ഞ് തൻ്റെ ജീവിത ദർശനം പങ്കു വെക്കുന്നു.
'പാവം മാനവൻ' പ്രപഞ്ച നിഗൂഡതയെ അല്പമായെങ്കിലും അനാവരണം ചെയ്യാൻ കഴിഞ്ഞ മാനവൻ്റെ സമാശ്വാസമാണ്. പ്രപഞ്ചവിജ്ഞാനം വളരുന്തോറും, ഭൂമിക്കും നമ്മുടെ സൂര്യനും, ഭൂമിയിലെ ജീവികളിൽ സമുന്നതെന്നഭിമാനിക്കുന്ന മനുഷ്യനും പ്രപഞ്ച സംവിധാനത്തിലുള്ള സ്ഥാനം അടിക്കടി കുറഞ്ഞു വരുന്നതായി നിരീക്ഷിക്കുന്നു.
'കഴുകൻ' എന്ന കവിതയ്ക്കു പിന്നിൽ 1994 ൽ സുഡാനിലുണ്ടായ കൊടിയ ക്ഷാമകാലത്ത് സൗത്താഫ്രിക്കക്കാരനായ കെവിൻ കാർട്ടർ എടുത്ത പ്രശസ്തമായ ചിത്രമാണ്. ആയുസ്സെത്താറായ ഒരു കൊച്ചുകുഞ്ഞിൻ്റെ പിന്നിൽ ഒരു കഴുകൻ, അവൻ്റെ ചലനം നിലയ്ക്കാനായി കാത്തിരിക്കുന്ന ചിത്രം. ആ കുട്ടിയുടെ ചലനം നിലച്ചിട്ടുവേണം അവനെ കൊത്തി വലിക്കുവാൻ, ഈ ചിത്രത്തിന് പുലിറ്റ്സർ സമ്മാനം ലഭിച്ചെങ്കിലും. ഈ ചിത്രം എടുത്തയുടനെ അവിടം വിട്ടു പോയ ഫോട്ടോഗ്രാഫർ മൂന്നുമാസത്തിനുശേഷം തൻ്റെ 33 ആം വയസ്സിൽ ആത്മഹത്യ ചെയ്യുകയായിരുന്നു.
കവിത, പാവം മാനവൻ്റെ തീർത്ഥം പോലെ വിശുദ്ധി കലർന്നതാണെന്ന ഓർമ്മപ്പെടുത്തൽ പോലും ഈ കവിതകളുടെ അകം പൊരുളിനെ ദീപ്തചൈതന്യത്തോടെ കാട്ടിത്തരുന്നു.
തൻ്റെ ബന്ധു എന്നതിലുപരി ഫ്രണ്ടും, ഫിലോസഫറും ഗൈഡും ഒക്കെ ആയിരുന്ന മലയാളത്തിൻ്റെ പ്രിയ കവി ശ്രീ. വിഷ്ണു നാരായണൻ നമ്പൂതിരിയുമായുള്ള ആത്മബന്ധത്തെക്കുറിച്ചുള്ള എം. എന്നിൻ്റെ വിശദമായ കുറിപ്പ് ആമുഖത്തിൽ ചേർത്തിട്ടുണ്ട്. തൻ്റെ കവിതകളെല്ലാം മലയാളത്തിൻ്റെ പ്രിയ കവിക്ക് അയച്ചു കൊടുത്ത് അഭിപ്രായങ്ങളും വിലയിരുത്തലുകളും നേടിയത് തൻ്റെ കാവ്യയാത്രയിൽ ഒരു പ്രചോദനമായിരുന്നെന്ന് ആമുഖം സാക്ഷ്യപ്പെടുത്തുന്നു.
ശ്രീ. ആത്മാരാമനാണ് 29 കവിതകളുടെ ഈ സമാഹാരത്തിന് അവതാരിക ഏഴുതിയിരിക്കുന്നത്. തൻ്റെ ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിച്ചതിനു ശേഷം എഴുതിയ കവിതകളാണ് ഈ സമാഹാരത്തിലുള്ളത്. സാഹിത്യ പ്രവർത്തക സഹകരണ സംഘം പ്രസിദ്ധീകരിച്ച ഈ പുസ്തകം വിതരണം ചെയ്യുന്നത് നാഷണൽ ബുക്ക് സ്റ്റാൾ ആണ്. 68 പേജുകളൂള്ള ഈ പുസ്തകത്തിൻ്റെ വില 70 രൂപ.

മാടശ്ശേരി നീലകണ്ഠൻ
1935 ൽ കോതമംഗലം മാടശ്ശേരി മനയിൽ ജനിച്ചു. എറണാകുളം മഹാരാജാസ് കോളേജിൽ നിന്ന് രസതന്ത്രത്തിൽ ബി. എസ്സി (ഓണേഴ്സ്) പാസ്സായി. ന്യൂയോർക്കിലെ സ്റ്റോണിബ്രൂക്ക് യൂണിവേഴ്സിറ്റിയിൽ നിന്നും ന്യൂക്ളിയർ കെമിസ്ട്രിയിൽ പി. എച്ച്. ഡി. എടുത്തു. ഭാഭാ അറ്റോമിക് റിസർച്ച് സെൻ്റെർ, സ്റ്റോണിബ്രൂക്ക് യൂണിവേഴ്സിറ്റി, ടെക്സാസ് എ. & എം. യൂണിവേഴ്സിറ്റി, ലാറൻസ് ലിവർമോർ നാഷണൽ ലാബറട്ടറി എന്നിവിടങ്ങളിൽ റിസർച്ച് ചെയ്തിട്ടുണ്ട്.
നക്ഷത്രധൂളി, പ്രപഞ്ചലോട്ടറി എന്നീ കവിതാ സമാഹാരങ്ങൾ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. Evicition and Other Poems: Vyloppilli Poems, Nalini: Kumaran Asan തുടങ്ങി പത്തിലധികം പുസ്തകങ്ങൾ മലയാളത്തിൽ നിന്ന് ഇംഗ്ളീഷിലേക്ക് തർജ്ജമ ചെയ്തിട്ടുണ്ട്. പത്തിലധികം പുസ്തകങ്ങൾ ഇംഗ്ളീഷിൽ നിന്ന് മലയാളത്തിലേക്കും തർജ്ജമ ചെയ്തിട്ടുണ്ട്.
കോതമംഗലത്ത് കറുകടം മാടശ്ശേരി മനയിൽ നീലകണ്ഠൻ നമ്പൂതിരിയുടെയും കൂത്താട്ടുകുളം ഇടവാക്കൽ മനയിൽ ഉണിക്കാളി അന്തർജ്ജനത്തിൻ്റെയും മകനാണ് എം. എൻ. എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന മാടശ്ശേരി നീലകണ്ഠൻ നമ്പൂതിരി. ഭാര്യ :- ഗൗരി അന്തർജ്ജനം (ബയോളജിസ്റ്റ്, ഹോമിയോപ്പതി ഡോക്ടർ) മകൻ :- മോഹൻ (ഡാറ്റാ സയൻ്റിസ്റ്റ്), email :- mnnamboodiri@gmail.com