Image

ചില സൗഹൃദ ചിന്തകൾ ( വിചാര സീമകൾ : പി.സീമ )

Published on 26 July, 2026
ചില സൗഹൃദ ചിന്തകൾ ( വിചാര സീമകൾ : പി.സീമ )

പ്രണയവും രതിയുമില്ലാതെ നില നിർത്തിക്കൊണ്ട് പോകുന്ന സ്ത്രീ പുരുഷ സൗഹൃദങ്ങൾ വളരെ അപൂർവ്വമാണോ? കുറച്ചു നാൾ കഴിയുമ്പോൾ ചിലർ  പ്രണയത്തിലേക്കു വഴുതി പോയെന്നു വരാം. പ്രണയം ഏറി വരുമ്പോൾ അത് തനിച്ചു കാണണം എന്ന മോഹത്തിലേക്കും ചിലപ്പോൾ  രതിയിലേക്കും എത്തിപ്പെടാം. പക്ഷെ അതിനു ശേഷം സംഭവിക്കാവുന്ന ചിലതുണ്ട്.

എന്തിനെയും അഭിമുഖീകരിക്കാൻ ധൈര്യമുള്ളവർ മാത്രമേ ഇതിൽ ചെന്നു പെടാവൂ. കാരണം മനുഷ്യർ പല സ്വഭാവങ്ങൾ ഉള്ളവരാണ്. ചിലർക്കിതു വെറും ഒരു നേരം പോക്കായിരിക്കും. മറ്റു ചിലർ പരസ്പരം തൊട്ടറിഞ്ഞു കഴിഞ്ഞാൽ "എനിക്കിനി നിന്നെ വേണ്ട നമുക്ക് പിരിയാം " എന്ന് സത്യസന്ധമായി പറഞ്ഞു പിൻവാങ്ങി പുതിയ ഒന്ന് തേടി പോയെന്നു വരാം.  ചിലർ വളരെ ആത്മാർഥത ഉള്ളവർ ആകാം. അവർ ഒരിക്കലും വിട്ടു പോകില്ല. ഏറെ നാൾ അവർക്കു നിശ്ശബ്ദരാകാനും കഴിയില്ല. ഇനി മറ്റൊരു ആകർഷണ വലയത്തിൽ   അകപ്പെട്ട് പോയി എങ്കിലും ഒരാൾ മറ്റേ ആളെ ഒരു സന്ദേശത്തിലൂടെ എങ്കിലും തേടി വരും.   ഇപ്പോഴും നീ എന്റെ മനസ്സിൽ ഉണ്ട്‌  എന്ന   പരസ്പര ചിന്തയിൽ സന്തോഷകരമായി   ആ സൗഹൃദം തുടരും..ഇത്തരം പുരുഷന്മാരും സ്ത്രീകളും ഉണ്ടാകാം. ഭാര്യയോ ഭർത്താവോ മരിച്ചു പോയവർ  ഡിവോഴ്സ് കിട്ടാതെ കുരുങ്ങി കിടക്കുന്നവർ ഒക്കെ ഇതിൽ പെടാം. അത് ഏതുമാകട്ടെ സന്തുഷ്ടമായ കുടുംബജീവിതം ഉള്ളവരിൽ ചിലർ പോലും   മനസ്സൊന്നു മുറിപ്പെട്ടാൽ തന്നെ കേൾക്കാൻ  വേറെ ഒരാൾ ഉണ്ടായാൽ അവിടേക്ക് ചാഞ്ഞു പോകുന്നത് കണ്ടിട്ടുണ്ട്. ഒന്ന് വിളിക്കാനോ അന്വേഷിക്കാനോ അവളുടേയോ /അവന്റെയോ ശരീരമൊ ധനമോ കൂടി വേണം എന്ന് ചിന്തിക്കുന്നവർ ഏറെ നാൾ ആ സൗഹൃദം തുടരാൻ സാധ്യതയില്ല. കാരണം അവരുടെ മനസ്സിൽ രതി കൂടി കലർന്ന ചിന്തകൾ മാത്രമേ കാണു. അത് ലഭിക്കാതെ വരുമ്പോൾ ആ സ്നേഹബന്ധത്തിന്റെ ഊഷ്മളത കുറഞ്ഞു വരും. എന്നോ ഒരിക്കൽ എല്ലാം അറിഞ്ഞിരുന്നവർ പിന്നെ ഒന്നും അറിയാത്ത അപരിചിതരാകും

ഒരാളെയും പുറമെ കാണുന്ന മാന്യതയിൽ വിശ്വസിച്ചു പിന്നാലെ പോകാതിരിക്കാൻ ശ്രമിക്കുന്നത് നല്ലത്. ഒരാൾ അത്ര മേൽ വിശ്വസിക്കാൻ കൊള്ളാവുന്ന ആൾ എന്ന് തിരിച്ചറിഞ്ഞാൽ മാത്രം അയാളുമായി സൗഹൃദം തുടരുക.  എന്നെങ്കിലും അയാൾ പുറം തിരിഞ്ഞു നടന്നാൽ അതോടെ ജീവിതം അസ്തമിച്ചു എന്ന് ചിന്തിക്കാതിരിക്കുക. അത്ര മേൽ നോവിച്ചാണ് ഒരാൾ വിട്ടു പോയതെങ്കിൽ കാലം തന്നെ അയാൾക്ക്‌ / അവൾക്കു അർഹമായ ശിക്ഷ നൽകിയിരിക്കും എന്ന് മാത്രം ചിന്തിച്ചാൽ മതി. ഒപ്പം അത് സ്വയം തന്നെ തിരിച്ചറിയാനുള്ള  ഒരു അവസരമായി ഉപയോഗിക്കുക. കാരണം യാചിച്ചു വാങ്ങാനുള്ള ഒന്നല്ലല്ലോ സ്നേഹം. അത് ഹൃദയത്തിൽ നിന്നുറവെടുക്കുന്ന ഒന്നാണല്ലോ.

ഒരുമിച്ച് ഒരു ജീവിതം സ്വപ്നം കണ്ട് പ്രണയിക്കാൻ തുടങ്ങുന്ന ഇളം പ്രായത്തിലുള്ളവർക്ക് പ്രതിസന്ധികളെ അഭിമുഖീ കരിയ്ക്കാൻ വളരെ പ്രയാസം ഉണ്ടാകാം. അതിനാൽ അങ്ങനെയു ള്ളവർ പരസ്പരം തൊട്ടറിയാനുള്ള ക്ഷണിക മോഹത്തെ തല്ക്കാലം മാറ്റി വെയ്ക്കുക. ലിവിങ് ടുഗെതർ എന്നൊക്കെ പറഞ്ഞു അതൊരു  തരം നേരം പോക്കായി കരുതേണ്ട കാര്യമല്ല അവരെ സംബന്ധിച്ചിടത്തോളം.  അത് കൊണ്ട് അവർ ജീവിതത്തെ ഗൗരവമായി തന്നെ സമീപിക്കുന്നതാണ് നല്ലത്. .പിന്നെ ഇപ്പോൾ കൊലപാതകത്തിൽ പോലും ചെന്നവസാനിക്കുന്ന പ്രണയങ്ങൾ ആണല്ലോ ചിലരിൽ കാണുന്നത്.  

സ്കൂളിൽ പോയ പെൺകുട്ടി ആൺ സുഹൃത്തുക്കളോടോപ്പം കാട്ടിൽ ടെന്റ് കെട്ടി താമസിക്കാൻ പോലും പോകുന്ന കാലം.  

ഒന്ന് മാത്രം ഓർത്താൽ മതി. ഒരാൾക്ക്‌ മുന്നിൽ  അയാളുടെ സ്വകാര്യതയിൽ എത്തിപ്പെട്ടാൽ മാത്രമേ അയാൾക്ക്‌ ഒരു സ്ത്രീയെ കീഴടക്കാനോ പിന്നെ വേണ്ടെന്നു വെയ്ക്കാനോ ഒക്കെ സാധിക്കു. അത് കൊണ്ട്  സ്ത്രീ സ്വന്തം വഴി സ്വയം ആലോചിച്ചു മാത്രം തിരഞ്ഞെടുക്കുക.  പിന്നീട് അതിൽ ദുഖിക്കാൻ ഇടയാകാതെ നോക്കുക.(ഈയിടെ ഗുരുവായൂരിൽ നടന്ന സംഭവം തന്നെ ഉദാഹരണം )

നല്ല സുഹൃത്തുക്കൾ മാത്രമായി  കൂടെയുള്ള ആളിന്റെ പരിമിതികൾ  ഉൾക്കൊണ്ടും തുടർന്നു പോകുന്നവർ   പ്രത്യേകം പ്രശംസ അർഹിക്കുന്നവരുമാണ്. അങ്ങനെ ഒരു സൗഹൃദം നിങ്ങൾക്കുണ്ടെങ്കിൽ ഭൂമിയിൽ ഏറ്റവും ഭാഗ്യം ചെയ്ത ഒരാൾ തന്നെ ആണ് നിങ്ങൾ. അതിൽ സംശയമേ വേണ്ട.

Join WhatsApp News
Secular Kerala 2026-07-26 19:01:36
പുലയരുടെ പിള്ളേർക്ക് സ്കൂളിൽ കയറാൻ സർക്കാർ അനുമതി ലഭിച്ചിട്ടും സവർണ്ണർ തടഞ്ഞു... ഒരിക്കൽ ഈഴവ കുട്ടിക്കൾ ആദ്യമായി സ്കൂളിൽ കയറിയപ്പോൾ നയന്മാരുടെ കുട്ടികൾ സ്കൂളിൽ നിന്ന് ഇറങ്ങി ഓടുക ഉണ്ടായി... എന്നാൽ കുറച്ച് വർഷങ്ങൾക്ക് ശേഷം പുലയ കുട്ടികൾ സ്കൂളിൽ കയറിയപ്പോൾ നയന്മാരുടെ കുട്ടികളും ഈഴവ കുട്ടികളും ഒരുമിച്ച് സ്കൂളിൽ നിന്ന് ഇറങ്ങി ഓടി. [andrew]
Sudhir Panikkaveetil 2026-07-28 11:26:29
എല്ലാവരെയും ഒരേ പോലെ കണ്ടു മനോഹരമായ സൗഹൃദങ്ങൾ നഷ്ടപ്പെടുത്തുന്നവർ ഉണ്ട് അവർ ചിലപ്പോൾ കുരുക്കുകളിൽ ചാടി നാണം കെടുന്നതും നമ്മൾ കാണുന്നു. പ്രണയം എന്നും നല്ലത് തന്നെ. ഒരു സിനിമ ഡയലോഗ് ഉണ്ട്. ആരെയെങ്കിലും പ്രണയിച്ച്‌ നോക്കു (രതിയിൽ ഏർപ്പെടു എന്നല്ല) അപ്പോൾ അറിയാം ജീവിതം എത്ര സുന്ദരമാണെന്നു. ലേഖനം ഏതോ പത്രവാർത്തയെ ആധാരമാക്കി എഴുതിയതാണ് അതിൽ സ്വാഭാവികമായും സത്യസന്ധത ഉണ്ടാകില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക