Image

തുടക്കം (കഥ: അഷ്റഫ് കാളത്തോട്)

Published on 26 July, 2026
തുടക്കം (കഥ: അഷ്റഫ് കാളത്തോട്)

ഡൽഹിയുടെ കറുത്ത ഇരിപ്പിടങ്ങളിൽ നിന്നും ശീതികരിച്ച മാളികകളുടെ ഉള്ളറകളിൽ നിന്നും അട്ടഹാസങ്ങൾ പെരുകുകയായിരുന്നു. അധികാരത്തിന്റെ ഭ്രാന്ത് മൂത്തവരുടെ മത്തടിച്ച അട്ടഹാസങ്ങൾ. അതിൽനിന്നും ചീഞ്ഞ മലമൂത്ര വിസർജ്യങ്ങളുടെ നാറ്റം വമിച്ചു; വർഗീയ ഭ്രാന്തന്മാരുടെ ചൊറികുത്തലും അതിന്റെ പുകയും മണവും പുറത്തേക്ക് ഒഴുകിയിറങ്ങി. ആ കൽപ്പടവുകളിൽ തണുത്തുറഞ്ഞുകിടക്കുന്ന രാത്രിക്ക് ചോരയുടെ ദാഹവും അതിന്റെ ഉപ്പുരസവുമുണ്ടായിരുന്നു. ബ്രിട്ടീഷ് ആർക്കിടെക്റ്റായ സർ എഡ്വേർഡ് ലുട്ട്യൻസ് രൂപകൽപ്പന ചെയ്ത ന്യൂഡൽഹിയുടെ പ്രശസ്തമായ പ്രഭാവവലയത്തെ തൊട്ടറിഞ്ഞ്, ലുട്ട്യൻസിന്റെ വിശാലമായ തോപ്പുകളിലും ഇന്ത്യ ഗേറ്റിന്റെ പടവുകളിലും തണുത്ത കാറ്റ് വീശുമ്പോൾ, ആ പ്രൗഢമായ തലസ്ഥാനം മറ്റൊരു കനലൂതുന്ന കാഴ്ചയ്ക്ക് സാക്ഷ്യം വഹിക്കുകയായിരുന്നു.

വായുവിൽ രാഷ്ട്രീയത്തിന്റെ ഇടിത്തോപ്പിൽ നിന്നും കരച്ചിൽ പടർന്നേറുന്നു. മൈതാനത്ത് നിരനിരയായി നിൽക്കുന്ന കുട്ടികൾ; അവർ ആധുനിക കാലത്തിന്റെ ഇരകളെപ്പോലെയാണ്. അവരുടെ കീറിപ്പറിഞ്ഞ ജാക്കറ്റുകളിലും സങ്കടം പൊടിയുന്ന കണ്ണുകളിലും കത്തുന്ന തീയുടെ കനലുകളുണ്ട്. അവർക്ക് പ്രാണന്റെ വിലയുള്ള ഒരു ചോദ്യമുണ്ട്; എന്നാൽ അധികാരത്തിന്റെ ഉയർന്ന കോട്ടമതിലുകൾക്കുള്ളിൽ എണ്ണയൊഴിച്ച കൂറ്റൻ യന്ത്രങ്ങൾ പോലെ ഉരുളുന്ന ഭരണയന്ത്രത്തിന് അതൊരു വെറും തമാശ മാത്രം—ചെളിയിൽ പരന്ന പാറ്റകളെപ്പോലെ അവർ അവരെ അവഗണിച്ചു.

ചോദ്യപേപ്പർ ചോർച്ച അവരുടെ ഭാവിയുടെ കരിനിഴലായി ആകാശം മുട്ടുമ്പോൾ, ഭരണാധികാരികൾക്ക് അതൊരു വെറും വാക്ക് മാത്രമായിരുന്നു. "വെറും കുട്ടികൾ, പോകാൻ പറ കാശിനു കൊള്ളാത്ത ഇവറ്റകളോട്!" എന്ന് നീതിപീഠത്തിന്റെ അധിപനും സാന്ദർഭികമായി പറഞ്ഞുവെച്ചപ്പോൾ, കുട്ടികളുടെ വികാരങ്ങൾ ക്രൂരമായി പരിഹസിക്കപ്പെടുകയായിരുന്നു. അതിനേക്കാൾ കടുപ്പത്തിൽ നിയമത്തിന്റെ ചമ്മട്ടിയും വീശിയപ്പോൾ പിന്നെ എങ്ങനെ അവിടെ കുരു പൊട്ടാതിരിക്കും?

അപ്പോഴാണ് ഭരണവർഗ്ഗം ആ തെരുവിൽ സമരരംഗത്തുള്ള കുട്ടികളെ നോക്കി അട്ടഹസിച്ചത്: *"അതൊരു ദേശവിരുദ്ധ സമരമാണ്! തീവ്രവാദികളുടെ അണിചേരലാണ്!"*

ചരിത്രത്തിന്റെ ഏടുകൾ മറിച്ചുനോക്കിയാൽ കാണാം, ഇത് പുതിയൊരു കാഴ്ചയല്ല. അയൽവാസികൾ തമ്മിലുള്ള വെറുമൊരു നിസ്സാര തർക്കം പോലെയാണ് എല്ലാം തുടങ്ങിയത്. രണ്ട് പേർ തമ്മിൽ ഒരു തർക്കമുണ്ടാകുമ്പോൾ അത് ആരോഗ്യപരമായി പരിഹരിക്കപ്പെട്ടില്ലെങ്കിൽ എന്ത് സംഭവിക്കും? ആദ്യം ബന്ധുമിത്രാദികൾ, പിന്നെ സുഹൃത്തുക്കൾ, പിന്നീട് നാട്ടുകാർ... അവസാനം ഈ രണ്ടുപേരെയും ഒട്ടും പരിചയമില്ലാത്തവരും, എന്തിന് ഈ തർക്കം നടക്കുന്നു എന്ന് പോലും അറിയാത്തവരും അതിൽ അണിചേരും. ആ ചെറിയ തീപ്പൊരി പിന്നീട് തെരുവിന്റെ കോണുകളിലൂടെ ഒഴുകിയെത്തിയ ഒരു ജനകീയ പ്രവാഹമായി മാറി. ഭാരതത്തിന്റെ മുക്കുമൂലകളിലേക്ക് ആ അമർഷം പടർന്നുപിടിച്ചു. ഉറുമ്പിന്റെ ജാഥകളായി അത് തുടങ്ങി, പിന്നെ പതിയെ വാനരക്കൂട്ടങ്ങളായി, കാടായി, സിംഹത്തിന്റെ ക്രൗര്യമായി അത് വികസിച്ചു.

എന്നാൽ തുടക്കത്തിലെ ആ പ്രശ്നം ആരോഗ്യപരമായി പരിഹരിക്കാനുള്ള സാമാന്യബുദ്ധിയോ രാഷ്ട്രീയ മര്യാദയോ ഭരണകൂടത്തിന് ഇല്ലാതെപോയി. തെറ്റ് ചെയ്തവരെ, അല്ലെങ്കിൽ ഇതിന് ഉത്തരവാദികളായവരെ പദവികളിൽ നിന്ന് മാറ്റിനിർത്തി ആ പ്രശ്നം അവസാനിപ്പിക്കാമായിരുന്നില്ലേ? ഒപ്പം നിന്നവർ പോലും അതുതന്നെ പുലമ്പി. എന്നാൽ അവരുടെ കഴുത്തിൽ തൂങ്ങിക്കിടന്ന തിരിച്ചറിയൽ കാർഡും വോട്ടുചെയ്ത വിരലും മുറിച്ചുമാറ്റി, "വേണ്ട, ഇനി സത്യത്തിനും നീതിക്കും ഒപ്പം നിൽക്കാത്തവർക്കൊപ്പം ഞങ്ങൾ ഇല്ല" എന്ന് അവർ ഉറക്കെ വിളിച്ചുപറഞ്ഞു. തെറ്റിനെ വാരിപ്പുണർന്ന് രാജാവ് കുറ്റവാളിയോടൊപ്പം നിന്ന ഫോട്ടോ സോഷ്യൽ മീഡിയയിൽ ട്വീറ്റ് ചെയ്യുകയായിരുന്നു പിന്നീട് നമ്മൾ കണ്ടത്. അതിനിടയിൽ, *"ഞങ്ങൾ അധികാര വർഗ്ഗമാണ്, ഞങ്ങൾക്കെന്തുമാകാം; ഇവരെക്കൊണ്ട് രാജിവെപ്പിച്ചാൽ അത് നമുക്കൊരു അഭിമാനക്ഷതമാണ്"* എന്ന അഹന്തയും ഈഗോയും അവരുടെ ഉള്ളിൽ വേരുറച്ചിരുന്നു. ഭരണകൂടത്തിന് അഭിമാനമുള്ളതുപോലെതന്നെ, സമരം ചെയ്യുന്ന കുട്ടികൾക്കും അവരുടെതായ അഭിമാനമില്ലേ?

സമരം നീണ്ടുപോയപ്പോൾ സ്വാഭാവികമായും ആളുകൾ കൂടി; ഭരണകൂടം പിശാചായപ്പോൾ നാശനഷ്ടങ്ങളുണ്ടായി. ഉപരിതലത്തിൽ കാണുന്ന ഇത്തരം കാഴ്ചകൾ മാത്രം വെച്ച് അതിനെ 'പൊതുമുതൽ നശിപ്പിക്കുന്ന സമരം' എന്ന് വ്യാഖ്യാനിക്കുന്നത് പ്രശ്നത്തിൽ നിന്നുള്ള ഒളിച്ചോട്ടമാണ്. പുറത്തുനിന്നുള്ള അവസരവാദികളും വഴിയാത്രക്കാരും അന്തിയുറങ്ങാൻ ഇടമില്ലാത്തവരും ആ തീച്ചൂളയിലേക്ക് ഒഴുകിയെത്തി. നൂറുകണക്കിന് മൈലുകൾക്കപ്പുറത്തിരുന്ന് കേട്ടറിവിന്റെ മാത്രം പുറത്ത് വൈകാരികമായി പ്രതികരിക്കുന്ന സാധാരണ മനുഷ്യരെപ്പോലും കുറ്റപ്പെടുത്തുന്നതിൽ എന്തർത്ഥമാണുള്ളത്? ആ വിടവുകൾ ഉണ്ടാക്കിക്കൊടുത്തത് അധികാരത്തിന്റെ ധാർഷ്ട്യം തന്നെയല്ലേ?

ചൊറിഞ്ഞുചൊറിഞ്ഞു പുണ്ണാക്കിയ ശേഷം, ആ വ്രണത്തിൽ ഈച്ച വന്നു എന്ന് പറഞ്ഞ് വിലപിക്കുന്നതിൽ എന്തർത്ഥമാണുള്ളത്? സ്വന്തം കഴിവുകേടും കെടുകാര്യസ്ഥതയും മറച്ചുപിടിക്കാൻ ദേശസ്നേഹത്തിന്റെ മുഖംമൂടി അണിയുന്ന ഭരണാധികാരികളുടെ കാപട്യമാണ് നമ്മൾ ഇവിടെ കാണുന്നത്. പ്രശ്നം എങ്ങനെ പരിഹരിക്കണം എന്നതിലെ രാഷ്ട്രീയ നയതന്ത്രജ്ഞത പൂർണ്ണമായും പരാജയപ്പെടുന്നതിന്റെ ലക്ഷണമാണിത്.

അങ്ങനെ ആ ഇരിപ്പിടങ്ങളുടെ ചൂടറിഞ്ഞ ചില ജ്ഞാനികൾ ഒടുവിൽ ആ മുന്നറിയിപ്പ് ഭരണാധികാരികളുടെ ചെവികളിൽ എത്തിച്ചു. *"ഇത് വെറുമൊരു തെരുവ് സമരമല്ല, തലസ്ഥാനത്തിന്റെ അടിത്തറയിളക്കുന്ന മണ്ണിലെ നീറുന്ന യാഥാർത്ഥ്യമാണ്"* എന്ന് അവർ ചൂണ്ടിക്കാണിച്ചു. എന്നാൽ അധികാരത്തിന്റെ ലഹരിയിൽ ആടിയുലയുന്ന ഭരണകൂടം അത് പൂർണ്ണമായി ഉൾക്കൊള്ളാൻ തയ്യാറായോ? അതോ കാലം കരുതിവെച്ചിരിക്കുന്ന വലിയൊരു കൊടുങ്കാറ്റിന്റെ മുന്നിൽ അവർ കണ്ണടച്ച് ഇരുട്ടാക്കുകയാണോ?

ആ ചർച്ചകളുടെ മുറികളിൽ പിന്നെയും ഭയത്തിന്റെ നിഴലുകൾ വീണു. പുറത്ത്, മരവിപ്പിക്കുന്ന തണുപ്പിലും ആ കുട്ടികളുടെ പ്രതിഷേധം അണയാതെ നിന്നു. ഓരോ ദിവസവും ആ ജനക്കൂട്ടത്തിലേക്ക് പുതിയ മുഖങ്ങൾ ഒഴുകിയെത്തിക്കൊണ്ടിരുന്നു. അധികാരത്തിന്റെ ധാർഷ്ട്യത്തിന് മുന്നിൽ തലകുനിക്കില്ലെന്ന് പ്രഖ്യാപിച്ച ആ യുവഹൃദയങ്ങളുടെ നിശ്ചയദാർഢ്യം കണ്ടില്ലെന്ന് നടിക്കാൻ രാജ്യത്തിന്റെ മനസ്സാക്ഷിക്ക് കഴിയുമായിരുന്നുമില്ല.

ചരിത്രം ഒരിക്കൽക്കൂടി അതിന്റെ ഏടുകൾ മറിക്കുകയാണ്. അധികാരത്തിന്റെ ഗർവും കാപട്യങ്ങളും ഒരുനാൾ ചാരമായി ഒടുങ്ങുമെന്നും, തെരുവിൽ നിന്ന് ഉയർന്ന ആ പച്ചയായ മനുഷ്യരുടെ ശബ്ദം സിംഹാസനങ്ങളെ വിറപ്പിക്കുമെന്നും ഉള്ള കാലത്തിന്റെ പ്രവചനം അവിടെ യാഥാർത്ഥ്യമാവുകയായിരുന്നു.

പ്രധാനി ഒടുവിൽ രാജിവെക്കണമെന്ന് പ്രജകൾ ഒന്നടങ്കം ആവശ്യപ്പെട്ടപ്പോൾ, കാലിനടിയിലെ മന്ത്രിക്കൂടാരം തകർന്നുവീഴുമെന്നായപ്പോൾ, നിൽക്കക്കള്ളിയില്ലാതെ പ്രധാനി ഒപ്പുവെച്ച് പടിയുമിറങ്ങി.

അവിടംകൊണ്ട് തീർന്നില്ല ചരിത്രത്തിന്റെ കറുത്ത ഏടുകൾ. ആ അധികാരക്കസേര ഒഴിഞ്ഞുകിടന്ന ആ നിമിഷം, തലസ്ഥാനത്തിന്റെ വായുവിൽ പെട്ടെന്ന് ഒരു വലിയ മാറ്റമുണ്ടായി. വർഷങ്ങളായി ശീതികരിച്ച മുറികളിൽ അടച്ചിടപ്പെട്ട ജനാധിപത്യത്തിന്റെ ശ്വാസം ആ തെരുവുകളിലേക്ക് വീണ്ടും സ്വതന്ത്രമായി ഒഴുകിയെത്തി. സമരം ചെയ്ത ആ കുട്ടികളുടെ ചുണ്ടുകളിൽ ചെറുപുഞ്ചിരി വിരിഞ്ഞു; എങ്കിലും അവരുടെ കണ്ണുകളിൽ തെളിഞ്ഞുനിന്നത് കഴിഞ്ഞകാലങ്ങളുടെ തീച്ചൂടിൽ പൊള്ളിയടർന്ന വേദനകളുടെ വ്രണപ്പാടുകളായിരുന്നു.

വിജയം കൈവരിച്ച ആ സമരമുഖത്തേക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ജനങ്ങൾ ഒഴുകിയെത്തി. അപ്പോഴേക്കും മാധ്യമങ്ങളുടെ ക്യാമറക്കണ്ണുകൾ ആ ചരിത്രമുഹൂർത്തം ലോകത്തിന് മുന്നിൽ തുറന്നുകാട്ടിക്കഴിഞ്ഞിരുന്നു. *"ഇതാണ് ജനശക്തി!"* എന്ന് തലക്കെട്ടുകൾ വന്നു. അധികാരത്തിന്റെ അഹങ്കാരത്തിന് മുന്നിൽ തലകുനിക്കാത്ത ഒരു തലമുറയുടെ ഇച്ഛാശക്തിക്ക് മുന്നിൽ ഏത് രാജാക്കന്മാർക്കാണ് പിടിച്ചുനിൽക്കാനാകുക?

എങ്കിലും, ആ വലിയ മാറ്റത്തിന്റെ നിഴലിൽ നിന്ന് പുതിയൊരു ചോദ്യം അവിടെ അവശേഷിക്കുന്നുണ്ടായിരുന്നു—ഒരാൾ പടിയിറങ്ങിപ്പോയതുകൊണ്ട് മാത്രം വ്യവസ്ഥിതി മാറുമോ? അതോ അടുത്ത സിംഹാസനത്തിനായി മറ്റൊരു അധികാരഭ്രാന്തൻ കൂടി കരുക്കൾ നീക്കിക്കഴിഞ്ഞിട്ടുണ്ടോ? ആ തെരുവിന്റെ കൽപ്പടവുകളിൽ ബാക്കിയായ ചോരപ്പാടുകളും കത്തിയമർന്ന സമരത്തിന്റെ ചാരവും ഇനിയും മാഞ്ഞുപോയിരുന്നില്ല. വരുംകാലത്തിന്റെ ഏടുകൾ അതിനുള്ള ഉത്തരവുമായി കാത്തിരിക്കുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക