Image

ഒഡിസി: സാഹിത്യവും യഥാതഥ ദൃശ്യാനുഭവവും (ചിത്രദര്‍ശനം/:പി എസ് ജോസഫ്‌)

Published on 26 July, 2026
ഒഡിസി:  സാഹിത്യവും  യഥാതഥ ദൃശ്യാനുഭവവും  (ചിത്രദര്‍ശനം/:പി എസ് ജോസഫ്‌)

ഇതിഹാസ കവി ഹോമറിനുള്ള ആധുനിക യുഗത്തിന്റെ ആദരവാണ് ക്രിസ്റ്റഫര്‍ നോളന്‍ സംവിധാനം ചെയ്ത ഒഡിസി.ഹോമറിന്റെ  ആദ്യ ഇതിഹാസം ഇലിയഡ് കൊല്ലിലും  കൊള്ളയിലും യുദ്ധത്തിലും അഭിരമിക്കുന്ന ,അധമവും മൃഗീയവുമായ ചോദനകളെ ഉണര്‍ത്തിയ ട്രോയ് യുദ്ധത്തിന്‍റെ ഭയവും വേദനയും ജനിപ്പിക്കുന്ന ഒരു ഇതിഹാസമാണെങ്കില്‍ ഒഡിസിയില്‍ അത് വ്യക്തിപരമായ ഒരു യാത്രയാണ് .ദൈവതുല്യരായ യോദ്ധാക്കളും സ്നേഹവും അഹങ്കാരവും അധികാരവും തമ്മിലുള്ള പോരാട്ടവും കിരാതമായ യുദ്ധവും വിവരിക്കുന്ന ഇലിയഡ്‌ രണ്ടര സഹസ്രാബ്ദങ്ങള്‍ക്ക് മുന്‍പ് നടന്ന ഒരു യഥാര്‍ത്ഥ കഥയുടെ ഇതിഹാസ ആവിഷ്ക്കാരമാണ് .കൊലക്കളത്തില്‍  നിന്ന് രക്ഷപെട്ട സൈനികര്‍  ,മെനിലാസ് രാജാവും ഹെലനും അഗമെമ്നനും പറഞ്ഞു പ്രചരിപ്പിച്ച  യുദ്ധ ഭൂമിയിലെ കാഴ്ചകളാണ് ഹോമറിന്റെ ഈ ഇതിഹാസം .ഗ്രീക്ക് ദൈവങ്ങളും നഗരരാഷ്ട്രങ്ങളിലെ ഭരണാധികാരികളും നടത്തിയ ഒരു പ്രതികാര യുദ്ധത്തിന്‍റെയും പ്രണയ ദേവതയുടെ അനുഗ്രഹത്തോടെ തട്ടിക്കൊണ്ടു പോയി എന്ന് പറയപ്പെടുന്ന ഒരു പെണ്‍കുട്ടിക്ക് വേണ്ടി നടത്തിയ  പത്തു വര്‍ഷങ്ങള്‍ നീണ്ട  യുദ്ധത്തിലെ  ധീരോദാത്ത മുഹൂര്‍ത്തങ്ങളെ കവച്ചു വയ്ക്കുന്ന വൈകാരികനിമിഷങ്ങളെ കുറിച്ചും അന്ധ കവി പാടുന്നു .നാടകീയ നിമിഷങ്ങളാണ് ആ  ഇതിഹാസ ഭൂമിയില്‍ എങ്ങും .എന്നേ വിസ്മൃതമാകേണ്ടിയിരുന്ന ട്രോയ് യുടെ കഥയാണ്‌ കാഴ്ചയുടെ ഇതിഹാസമായി നമുക്ക് മുന്നില്‍ പിറന്നു വീണത്‌.എന്നാല്‍ ഒഡിസി ബാഹ്യമായ  തലത്തില്‍ കുതിരകളും കാലാളും നിറഞ്ഞു നില്‍ക്കുന്ന യുദ്ധ ഭൂമിയല്ല.ഇവിടെ യുദ്ധം ആന്തരികമാണ് .മനുഷ്യ മനസ്സിലെ സങ്കീര്‍ണ്ണമായ സംഘര്‍ഷങ്ങളില്‍ കൂടിയാണ് ഹോമര്‍ സഞ്ചരിക്കുന്നത് . യാത്രക്ക് ഒട്ടും അനുകൂലമല്ലാത്ത മഹാസമുദ്രത്തിന്റെ വിശാലമായ പശ്ചാത്തലത്തില്‍, ശാപഗ്രസ്തനായി ,നീണ്ട യുദ്ധത്തിനു ശേഷം കൂടണയാന്‍ വെമ്പുന്ന സാഹസികനായ ഒരു രാജാവിന്‍റെ ആന്തരിക സംഘര്‍ഷങ്ങള്‍  ആണ് ആ അന്ധകവിയുടെ കണ്ണില്‍ കാഴ്ചകളായി മാറുന്നത് .ഇന്റര്‍ സ്റ്റെല്ലാര്‍ പോലെയുള്ള സിനിമകളിലൂടെ സിനിമക്ക് പുതിയ വ്യാകരണം സൃഷ്ടിച്ച ക്രിസ്റ്റഫര്‍ നോളനു സാഹിത്യമല്ല സിനിമ എന്ന് നന്നായി അറിയാം .പക്ഷെ അദ്ദേഹം ഇവിടെ ഇതിഹാസത്തെ ഏതാണ്ട് കര്‍ശനമായി പിന്‍പറ്റുന്നു .അന്ധമായ് ഒരു പിന്തുടരല്‍ അല്ല അത് .ഒഡിസിയില്‍ ആധുനിക കാലത്തിന്റെ ആകാംക്ഷകളും ഉള്‍ച്ചേര്‍ക്കുന്നു .സൈനികര്‍ കൂടെയുണ്ടെങ്കിലും എകാന്തമായ യാത്ര നയിക്കുന്ന ഒഡിസ്സിയസ് വല്ലാത്ത കുറ്റ ബോധവും തലയിലേറ്റുന്നു.ട്രോജന്‍ യുദ്ധത്തിന്‍റെ വിജയ ശില്പിയായി അല്ല നാം  ഇവിടെ ഒഡിസ്സിയസിനെ കാണുന്നത് .അനന്തമായ കടലിലൂടെ ഒരു ഏകാന്ത യുദ്ധം നടത്തുന്ന ആധുനിക സഞ്ചാരിയായാണ്.ഐ മാക്സിന്റെ കരുത്തില്‍  യുദ്ധവും യാത്രയും ഒരു മികച്ച കാഴ്ചയായി അവതരിപ്പിക്കുന്ന നോളനു സിനിമയും ഇതിഹാസവുമായി   സംയോജിപ്പിക്കുന്ന ഒരു പാലമാണ് സാങ്കേതികത..ദൃശ്യചാരുത  സംഭവങ്ങള്‍ക്ക് മേല്‍ നേടുന്ന  അധീശത്വമാണ് ഈ സിനിമയുടെ സവിശേഷത .

മലയാളത്തില്‍ അരവിന്ദന്റെ കാഞ്ചന സീത സീതയെ പ്രകൃതിയായി ചിത്രീകരിച്ചു കൊണ്ടു വിപ്ലവകരമായ ഒരു സമീപനം കൈക്കൊള്ളുകയുണ്ടായി..സി എന്‍ ശ്രീകണ്ഠന്‍ നായരുടെ നാടകം കണ്ടവര്‍ക്കും സീതയെ  മൂര്‍ത്തമായ ഒരു രൂപവും അനുഭവവുമായി മനസ്സില്‍ സൂക്ഷിച്ചിരുന്ന പ്രേക്ഷകര്‍ക്കും അത് ഉള്‍ക്കൊള്ളാന്‍  ബുദ്ധിമുട്ടായിരുന്നു.എന്നാല്‍ നോളന്‍ ഹോമറിനെ യഥാതഥമായി പിന്‍പറ്റുന്നു .കാഴ്ച ഒരു അനുഭവം ആക്കണം എന്ന ലക്ഷ്യത്തോടെയാകണം  അദ്ദേഹം ഐ  മാക്സ് സംവിധാനം തെരഞ്ഞെടുത്തത് ഇവിടെ ക്ലോസ് അപ്പ്‌ പോലും ലോങ്ങ്‌ ഷോട്ട് പോലെയാണ് .മിഡില്‍ ഷോട്ടില്‍ ക്ലോസ് അപ്പ്‌ ആണ് .അതിരുകള്‍ ഇല്ലാത്ത പാരാവാരത്തില്‍ ഒട്ടേറെ സൈനികര്‍ തുഴയുന്ന വലിയ പായ് കപ്പലില്‍ യാത്ര ചെയ്യുന്ന മനുഷ്യന്‍ യഥാര്‍ത്ഥ ജീവിതത്തില്‍നിന്നു  കടന്നു വന്നതാണെന്ന് നമ്മെ അനുഭവിപ്പിക്കുന്നു  നോളന്‍.അത് സാങ്കേതികതയുടെ കൂടി വിജയം .

പക്ഷേ ഹോമറിന്റെ ലോകം തന്നെയാണ് ,അതേ യാത്രാപഥങ്ങള്‍ ആണ് നോളന്‍ ചിത്രീകരിക്കുന്നത് .ഒഡിസ്സിയസ് സൈക്ലോപ്സിന്റെയും സിര്‍സെയുടെയും സില്ലയുടെയും സൈറന്റെയും ചാരിബ്ടെസിന്റെയും ഫാന്റസി  ലോകത്തിലൂടെ തന്നെ ചലിക്കുന്നു .കാലിപ്സോയുടെ മുടിച്ചുരുളില്‍  മയക്കു മരുന്നിന്റെ ലഹരിയില്‍ എല്ലാം  മറന്നവനായി കഴിയുന്ന അയാളുടെ തിരികെ വരുന്ന  ഓര്‍മ്മകള്‍ ആയാണ് സിനിമയിലെ ചിത്രീകരണം വികസിക്കുന്നത് .സമാന്തരമായി ഇഥാകയില്‍ അദ്ദേഹത്തിന്‍റെ ഭാര്യയെ വരിക്കാന്‍ അതിഥികള്‍ ആയി സ്വയം ക്ഷണിക്കപ്പെട്ടിരിക്കുന്ന  ദുഷ്പ്രഭുക്കള്‍ നടത്തുന്ന ശ്രമവും ഒഡിസ്സിയസ്സിനെ കണ്ടെത്താന്‍ മകന്‍ ടെലമാക്കാസ് നടത്തുന്ന  യാത്രയും.ഇതിഹാസത്തിന്‍റെ നേര്‍ ചിത്രമാണ്‌ ഇത് .ഒരു കുറ്റസമ്മതമായാണ്  തന്‍റെ വീര പ്രവൃത്തിയെ ,ട്രോയിയെ ഒരു ചതിയന്‍  മരക്കുതിരയിലൂടെ കീഴടക്കിയ  സംഭവത്തെ അദ്ദേഹം ഓര്‍ക്കുന്നതും അവതരിപ്പിക്കുന്നതും ..അഥിന ദേവിക്കുള്ള സമ്മാനമായി സമര്‍പ്പിക്കുന്ന ആ കൂറ്റന്‍ തടി കൊണ്ടു  ഉണ്ടാക്കിയ  കുതിര അതിമാനോഹരമായി സിനിമയില്‍ അവതരിപ്പിക്കപ്പെടുന്നു ..പക്ഷെ സൈക്ലോപ്സിലും ച്ര്ബ്ദീസിലും എത്തുമ്പോള്‍ അത് അത്ര മനോഹരമല്ല .ഇവിടെ ഭാവന പിന്നോക്കംപോകുന്നു . .പക്ഷെ ഒരു കാവല്‍  മാലാഖയെ പോലെ , മനസാക്ഷിപോലെ അഥിന ദേവി ഇടക്കിടെ പ്രത്യക്ഷപെടുന്നത് ചിത്രീകരിച്ചത് മനോഹരമായ ഒരു  അനുഭവമായി ഒരര്‍ത്ഥത്തില്‍ ഈ യുദ്ധത്തില്‍ അവരും  പങ്കാളി ആണല്ലോ .സിര്‍സെ  ആണെങ്കിലും ഹെലെന്‍ ആണെങ്കിലും ഇതില്‍ വശ്യമായ  മാന്ത്രിക രൂപം ഉള്ളവര്‍ അല്ല .മെനിലാസ് രാജാവ് തന്നെ ആയിരം കപ്പലുകളില്‍ അഞ്ഞൂറ് പോലും ഹെലെനു വേണ്ടി ഇന്ന് യുദ്ധത്തിനു പോകാന്‍ ഉണ്ടാവില്ലെന്നു കറുത്ത ഹാസ്യത്തില്‍ പറയുന്നു . .കാലം കാവ്യത്തെ മറ്റൊരു തലത്തില്‍ വ്യഖ്യാനിക്കുന്നു. .ഹെലെനെ കറുത്ത് വര്‍ഗക്കാരി ആയി അവതരിപ്പിച്ചതില്‍  ഒരു കാവ്യ അല്ലെങ്കില്‍ രാഷ്ട്രീയ നീതി കാണാമെങ്കിലും  എങ്കിലും ഒരു സ്വപ്നമാണ് ഇവിടെ തകര്‍ത്തു കളയുന്നത് . ആ വേഷം അവതരിപ്പിച്ച സെന്ദ സുന്ദരി അല്ല  എന്നല്ല ഇതിനര്‍ത്ഥം ..

നരകത്തില്‍ നിന്ന് രക്തബലി സ്വീകരിച്ചു ചോര നുണഞ്ഞു ജീവന്‍ കൈവരിക്കുന്ന പ്രേതാല്‍മാക്കളെ  നോളന്‍ തികഞ്ഞ ഭാവനയോടെയാണ് ചിത്രീകരിച്ചിരിക്കുന്നത് .അവരില്‍ നിന്ന് അവര്‍ ഓടി രക്ഷപെടുന്ന  ദൃശ്യവും മനോഹരം . അതെ പോലെ പെനലോപ്പയുടെ (അന്ന ഹാത്തവെ) കാത്തിരിപ്പും കൊട്ടാരത്തിലെ അവസാന പോരാട്ടങ്ങളും .

ഒരു സാഹിത്യ  കൃതി സിനിമയാക്കുക  എന്നത് ഇന്ന് ഒരു സംവിധായകന് വലിയ പരിമിതിയാണ്. പക്ഷെ കൃതിയോട് സൂക്ഷ്മമായി  സത്യസന്ധത പുലര്‍ത്തുന്ന ചിത്രീകരണം ആണ് അദ്ദേഹം നടത്തിയത് .അദ്ദേഹത്തെ ആ കൃതി അത്രമേല്‍ വശീകരിച്ചിരിക്കണം. ചിത്രത്തിന്റെ ഫോട്ടോഗ്രഫി പോലെ ദുഷ്കരം ആയിരിക്കണം സംഗീതവും .പ്രത്യേകിച്ചും ആരേയും വശീകരിക്കുന്ന സൈറനുകളില്‍ നിന്നുള്ള ഗാനവീചികള്‍ .പ്രാചീന വാദ്യോപകരണങ്ങള്‍ക്ക്  ആധുനികമായ ഒരു മേക് ഓവര്‍ നല്‍കി  നല്‍കിയാണ്‌ ഇത് സാധിച്ചത് എന്ന് ചിലര്‍ പറയുന്നു .എന്തായാലും ഓരോ നിമിഷവും ദൃശ്യങ്ങള്‍ക്ക് സംഗീതം മിഴിവ് നല്‍കി

ഒരു ചിത്രം എന്ന നിലയില്‍ ഒരു മഹാക്ലാസിക് ആയിരിക്കില്ല ഒഡിസ്സി .എങ്കിലും മാറ്റ് ഡാമന്റെ അഭിനയം അസാധാരണമായി . ഒരു പക്ഷെ മറ്റൊരാള്‍ ഇനി നമുക്ക് മുന്നില്‍ ഒഡിസ്സിയസ്  വേഷത്തില്‍ വന്നാല്‍ അംഗീകരിക്കാന്‍ കഴിയാനാവാത്ത  വിധത്തില്‍ ശക്തമായ  പ്രകടനമാണ് അദ്ദേഹ കാഴ്ച വെച്ചത്   .ഒഡിസ്സിക്ക് മൂല കൃതിയുടെ രൂപവും നിറവും സ്വഭാവവും ചോരാതെ ഒരു ആധുനിക ദൃശ്യ വിരുന്നു സൃഷ്ടിച്ചതിനു നാം നോളനോടു കടപ്പെട്ടിരിക്കുന്നു .

Read More: https://www.emalayalee.com/writer/197

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക