
മലയപ്പുലയന്റെ വാഴയിൽ പിന്നെയും
മഴ പെയ്തു ചെറു വാഴക്കണ്ണ് വന്നു.
ഇലവീശി തലയാട്ടി വെയിലത്തെ തുമ്പികൾ -
ക്കൊരു തണൽ താരാട്ട് പാട്ടു പോലെ !
മലയന്റെ കുട്ടികൾക്കാ വാഴത്തൈത്തണൽ
പഴയപോൽ മോഹങ്ങൾ നൽകിയില്ല.
കുല വന്നാൽ തമ്പ്രാന്റെ പടിയിലേക്കച്ഛന്റെ
ചുമലിലെ മറ്റൊരു ഭാരമല്ലേ ?
“ വെറുതേ കൊതിക്കണ്ട “ കരിവള്ളോൻ നീലിയോ -
ടറിയിച്ചു “ നമ്മൾക്ക് യോഗമില്ല “
“ ഒരു വാഴ വേറെ നടാമെന്ന തപ്പന്റെ
വെറു വാക്ക്; സ്വന്തമായ് മണ്ണ് വേണം. “
ആരും തിരിഞ്ഞു നോക്കാതിരുന്നെങ്കിലു-
മാ വാഴ തൈക്കൊരു വാശി പോലെ
പുലരിയും പൂമണക്കാറ്റും തഴുകുന്ന
ചെറുവാഴ വേഗം വളർന്നു മുറ്റി.
കുല വരാറായി യെന്നാകിലും കുട്ടികൾ
ഒരു മോഹ ഭംഗത്തിൽ വീണു പോയി.
ഒരു വാഴ വയ്ക്കുവാൻ മണ്ണ് വേണം ചത്താൽ
ഒരു കുഴി വെട്ടാനും മണ്ണ് വേണം
X. X. X. X.
പകലിന്റെ പടിവാതിൽ പടിയിലേക്കറിയാതെ
ഇരവുകൾ പുണരാനായ് വന്നിടുമ്പോൾ
പരിണാമ ചക്രങ്ങൾ തിരിയുന്നു പ്രകൃതിയിൽ
ഋതുമതിപ്പൂക്കളും പൂനിലാവും !
ഒരു വാർത്ത നാടിനെ ഞെട്ടിച്ചു തമ്പ്രാന്റെ
ഹൃദയവും സ്തംഭിച്ചു നിന്ന് പോയി.
ചെറുമികൾ കള നുള്ളും ചെമ്പാവ് പാടത്ത്
തല ചുറ്റി പാട വരമ്പിൽ വീണു.
ഒരു മകനുള്ളത് നഗരത്തിൽ കോളേജ്
പഠനമുപേക്ഷിച്ചു നാട്ടിൽ വന്നു.
ജനകീയ മുന്നേറ്റ സമര മുഖങ്ങളിൽ
മനുഷ്യത്വ മാളുന്നൊരഗ്നിയായി !
കുടിൽ കെട്ടി പണിയരായ് കഴിയുന്നോർ ക്കവരുടെ
കുടിലിന്റെ ചെറുവട്ടം ഭൂമി നൽകി.
കുടിലിലെ കുട്ടികൾക്കലയാതെ സ്‌കൂളിലെ
പഠനത്തിനുള്ള ചെലവ് നൽകി.
കരിവള്ളോൻ സ്‌കൂളിലെ താരമായ് നീലിയും
ഒരുപാട് സ്വപ്‌നങ്ങൾ നെയ്തെടുത്തു.
ഒരു പാതിരാത്രിയിൽ ഇടി വെട്ടു പോലെയാ
വിളി വന്നു: “ ഇന്ത്യ സ്വതന്ത്രമായീ “
X. X. X. X.
കാലം കടന്നു : മലയൻ മരിച്ചു പോയ്
കരിവള്ളോൻ പത്തിൽ പഠിപ്പ് നിർത്തി.
നീലിയെ കെട്ടിച്ചയച്ചവൾക്കിന്നിപ്പോൾ
നാലായി കുട്ടികൾ സ്വസ്ഥം ഗൃഹം !
കരിവള്ളോ നുള്ളതൊരാൺ കുട്ടി ‘ മാലേയൻ ’
സ്‌കൂളിലെ ഒന്നാമൻ കോളേജിലും.
റാങ്കോടെ ചെക്കൻ പഠിച്ചു സിവിൽ സർവീസ്
പാസായി നാട്ടിൽ കലക്ടറായി.
സത്യങ്ങൾ വാരിപ്പുണർന്നതാൽ രാഷ്ട്രീയം
നഷ്ടങ്ങൾ മാത്രം തിരിച്ചു നൽകി !
പൊട്ടിപ്പൊളിഞ്ഞ പടിക്കലെ വീടിന്റെ
ചുറ്റു വട്ടത്തിൽ മനുഷ്യ സ്‌നേഹി .
കൂടെ നടന്ന് കുതി കാല് വെട്ടിയോർ
കൂവിക്കുളിച്ച് ഭരിച്ചിടുമ്പോൾ
വൃദ്ധരാം രണ്ട് തപസ്യരെ പോലെയാ
പട്ടിണിക്കോലങ്ങൾ ജീവിക്കുന്നു.
X. X. X. X.
പെട്ടന്നൊരു ദിനമാ വീടിൻ മുറ്റത്തോ
രുഗ്രൻ കറുത്ത കാർ വന്നു നിന്നു.
പോലീസകമ്പടിക്കാരെ വകഞ്ഞൊരാൾ
പാവമാ വൃദ്ധന്റെ കാല് തൊട്ടു.
“ ഞാനാണീ ജില്ലയ്ക്കധികാരി അങ്ങേയ്ക്കീ
സ്വാതന്ത്ര്യപെൻഷൻ സമർപ്പിക്കാനായ്
വന്നു ഞാൻ ; ആ പാദ പത്മങ്ങളിൽ നാടിൻ
പുണ്യതീർത്ഥം ഇത് സ്വീകരിക്കൂ ! “
“ സ്വീകരിക്കുന്നു ഞാൻ എന്റെ തൊടിയിലെ
വാഴപ്പഴത്തിന്റെ സ്വാദു പോലെ !
കാല പ്രവാഹത്തിൽ മൂടിക്കിടക്കുമാ
ചൂടേറുമോർമ്മയിൽ ഒന്നെടുക്കൂ ! “
വെള്ളോട്ടു താലത്തിൽ വൃദ്ധമാതാവിന്റെ
കദളിപ്പഴക്കുല സൽക്കാര മാധുര്യം,
മാലേയ മൂർദ്ധാവിൽ ചുംബിച്ചൊരായുസ്സിൻ
മായാ പ്രപഞ്ച മഹത്വ വിളംബരം !
* ചങ്ങമ്പുഴയെ ഗുരുവായി അംഗീകരിച്ച് ആ പാദ പത്മങ്ങളിൽ ഈ കവിത ദക്ഷിണയായി സമർപ്പിക്കുന്നു. ജയൻവർഗീസ്.