
പകല്‍സമയത്ത് ആകാശത്ത് അനന്തനീലിമ. രാത്രിയില്‍ എത്രയോ നക്ഷത്രങ്ങളുടെ തിളക്കം. കോടാനുകോടി വര്‍ഷങ്ങളായി ആ വിളക്കുകള്‍ അണയാതെ കത്തുന്നു. മാനത്ത് നോക്കുന്ന മനുഷ്യന്‍ ഒരിക്കലെങ്കിലുംചോദിച്ചിട്ടുണ്ടാവും ഈ അത്ഭുതകരമായ അംബരം ആരുണ്ടാക്കിയെന്ന്. ഉത്തരം കിട്ടിയില്ലെങ്കിലും, ആ ചോദ്യം തന്നെയാണ് ദൈവവിശ്വാസത്തിന്‍റെ തുടക്കം. പ്രപഞ്ചത്തില്‍ ഒരു അദൃശ്യസാനിദ്ധ്യമുണ്ടെന്ന് മനുഷ്യന്‍റെ ബുദ്ധി പറയുന്നു. അതിനെ കാണാനും തൊടാനും പറ്റില്ല. അത് എല്ലായിടത്തും എപ്പോഴുമുണ്ട്. എല്ലാറ്റിനെയും നിയന്ത്രിക്കുന്നു. പക്ഷേ, ധ്വനിയില്ല. നക്ഷത്രങ്ങളെ നോക്കുമ്പോള്‍, അവയുടെ വെളിച്ചം ഭൂമിയിലെത്താന്‍ വേണ്ട സഞ്ചാരദൂരം ചിന്തനീയമാണ്. ആ വെളിച്ചം മനുഷ്യനുവേണ്ടി നിര്‍മ്മിച്ച താണ്. സ്വന്തം ആത്മാവിനെയും ജീവനെയും കാണാന്‍ കഴിയാത്ത മനുഷ്യര്‍ അങ്ങനെയൊന്നും ഇല്ലെന്ന് പറയുന്നു. ആത്മാവ് മനുഷ്യന്‍റെ ആന്തരീക ഭാഗമാണ്. ഇത്, സത്യം മനസ്സിലാക്കാനും മനസ്സാക്ഷിയിലൂടെ പ്രവര്‍ത്തിക്കാനും സഹായിക്കുന്നു. ഒരു ജീവിയെ ജീവിച്ചിരിക്കാന്‍ സഹായിക്കുന്ന ജീവശക്തിയാണ് ജീവന്‍. ദൈവം നല്‍കുന്ന ജീവന്‍റെ ശക്തിയാണ് ജീവശ്വാസം. അത് ഇല്ലെങ്കില്‍ ശരീരം മരിക്കും.
ദൈവം ജീവജാലങ്ങളെ ഒന്നൊന്നായി സൃഷ്ടിക്കുന്നില്ല. സ്വയം സൃഷ്ടിക്കാന്‍ കഴിയുന്ന പ്രപഞ്ചത്തെയാണ് അവന്‍ സൃഷ്ടിച്ചത്. എല്ലാ മനുഷ്യരും പ്രകൃതിനിയമങ്ങളുടെ കീഴില്‍, ഒരേ മണ്ണില്‍ നിന്ന്, ഉണ്ടായവരാണെന്നു പഠിച്ചു. ഒരേ ബിന്ദുവില്‍ നിന്നാണ് നമ്മള്‍ എല്ലാവരും വന്നത്. ഈ പ്രപഞ്ചസാഹോദര്യം നിര്‍ബന്ധിക്കുന്നത്, മതങ്ങളും രാജ്യങ്ങളും നിര്‍മ്മിച്ച അതിര്‍വരമ്പുകള്‍ ഇല്ലാതാക്കണമെന്നാണ്. പ്രകൃതിനിയമങ്ങളെ പഠിച്ചു യുക്തിപരമായി ചിന്തിക്കുമ്പോള്‍, ആധിപത്യത്തിനും നേട്ടങ്ങള്‍ക്കും വേണ്ടിയുള്ള യുദ്ധങ്ങളെക്കാള്‍ നല്ലത്, പരസ്പരം സഹകരിച്ചും സ്നേഹിച്ചും സന്തോഷത്തോടെ ജീവിക്കുന്നതാണെന്ന് നിശ്ചയിക്കാം.
ആദിമകാലത്ത്, മനുഷ്യന്‍ യുദ്ധത്തിന് ഉപയോഗിച്ച ആയുധങ്ങള്‍ കല്ലും വടിയും ആയിരുന്നല്ലോ. പിന്നീട്, കുന്തം, അമ്പ്, വില്ല്, കത്തി, കോടാലി എന്നിവ അതിജീവനത്തിനും ആയുധത്തിനും ഉപയോഗിച്ചു. ഒന്നും രണ്ടും ലോകയുദ്ധങ്ങളില്‍; റൈഫിള്‍, മെഷീന്‍ഗണ്‍, പീരങ്കി, ടാങ്ക്, യുദ്ധവിമാനം, വിഷവാതകം, അന്തര്‍വ്വാഹിനി എന്നിവ പ്രത്യക്ഷപ്പെട്ടു. അതിനുശേഷം. സെമി ആട്ടോ റൈഫിള്‍, ഗ്രനേഡുകള്‍, ബോംബര്‍ വിമാനം, യുദ്ധക്കപ്പല്‍, റോക്കറ്റുകള്‍, അണുബോംബ് എന്നീ യുദ്ധോപകരണങ്ങള്‍ മനുഷ്യന്‍ നിര്‍മ്മിച്ചു. ഇപ്പോള്‍, നവീകരിക്കപ്പെട്ട വിമാനങ്ങളും, മിസൈലുകളും, ലേസര്‍ ആയുധങ്ങളും, ആണവ മിസൈലുകളും, സൈബര്‍ ആയുധങ്ങളും, സാറ്റലൈറ്റ്, നിര്‍മ്മിത ബുദ്ധി എന്നിവയും യുദ്ധത്തിന് ഉപയോഗിക്കുന്നു. 2026 -ലെ കണക്കനുസരിച്ച്, ഒന്‍പത് രാജ്യങ്ങള്‍ക്ക് ആണവായുധങ്ങള്‍ ഉണ്ട്. എന്നാല്‍, സര്‍വ്വനാശം വരുത്തുന്ന ഈ ആണവായുധങ്ങള്‍ ഒരിക്കലും ഉപയോഗിക്കുകയില്ല എന്ന് ചില മതഗ്രന്ഥങ്ങളില്‍ പ്രവചനസൂചനകള്‍ നല്‍കിയിട്ടുണ്ട്. ഒറ്റ നോട്ടത്തില്‍, ഇതൊരു കെട്ടുകഥയെന്ന് തോന്നാം. എന്നാല്‍, യാഥാര്‍ത്ഥൃങ്ങളെ നിരത്തി നിരീക്ഷിക്കുമ്പോള്‍, ചില ഭൂതകാല പ്രവചനങ്ങളുടെ ആഴമുള്ള അര്‍ത്ഥങ്ങളും ഉദ്ദേശൃങ്ങളും വ്യക്തമാകും.
ഭൂമുഖത്ത് യുദ്ധങ്ങള്‍ അവസാനിപ്പിക്കുന്നതും സമാധാനം പടര്‍ത്തുന്നതും മനുഷ്യന്‍റെ പരിശ്രമത്താലല്ല. പിന്നയോ, ദൈവത്തിന്‍റെ പദ്ധതികളിലൂടെ അവ സംഭവിക്കുന്നു. ഈ നടപ്പുവര്‍ഷത്തിലും ചെറു യുദ്ധങ്ങളും സംഘര്‍ഷങ്ങളും ഉണ്ടായി. അതിനാല്‍, യുദ്ധമില്ലാത്ത ഭൂമി ഭാവിയില്‍ ഉണ്ടാകുമെന്നാണ് കരുതേണ്ടത്. യഹൂദ, ക്രൈസ്തവ, ഇസ്ലാം, ഹിന്ദു മതഗ്രന്ഥങ്ങള്‍ പ്രപഞ്ചത്തിന്‍റെ അന്ത്യത്തെക്കുറിച്ച്, ഒരേതരത്തിലല്ലെങ്കിലും, പരാമര്‍ശിച്ചിട്ടുണ്ട്. ബുദ്ധമതത്തിന്‍റെ, അന്ത്യനാള്‍ എന്ന ആശയം ശക്തമല്ല. എങ്കിലും, ഗൗതമ ബുദ്ധന്‍റെ ധാര്‍മ്മികലോകം അവസാനിക്കുമെന്നും, അപ്പോള്‍ “മൈത്രേയ ബുദ്ധന്‍” ഭൂമിയില്‍ അവതരിച്ച് വീണ്ടും ജനങ്ങളെ മോക്ഷത്തിലേക്ക് നയിക്കുമെന്നും സുചനയുണ്ട്.
ലോകത്ത് നിലവിലുള്ള പ്രശ്നങ്ങള്‍ ക്രമേണ ഇല്ലാതാകുമെന്നും, നന്മയും സമാധാനവും സ്ഥാപിക്കപ്പെടുമെന്നും വിശ്വസിക്കുന്നവര്‍ വര്‍ദ്ധിക്കുന്നു. മനുഷ്യനെ ദൈവം നിയന്ത്രിച്ചാല്‍, സമാധാനം സ്ഥാപിതമാകുമെന്ന ആശയത്തോട് മതവിശ്വാസികള്‍ ഭാഗികമായിട്ടെങ്കിലും യോജിക്കും. യുദ്ധത്തെ ഇഷ്ടപ്പെടുന്ന മനുഷൃമനസ്സുകളെ, സമാധാനസ്നേഹികളാക്കി മാറ്റുമെന്ന മധുരമായ പ്രത്യാശയാണ് അവര്‍ക്കുള്ളത്.
ശാസ്ത്രം മനുഷ്യന്‍റെ കണ്ടുപിടുത്തമാണ്. പക്ഷേ, പ്രപഞ്ചത്തിന്‍റെ നിയമങ്ങള്‍ മനുഷ്യനിര്‍മ്മിതമല്ല. ആറ്റത്തിന്‍റെ ഘടന, ഗുരുത്വാകര്‍ഷണം, പ്രകാശത്തിന്‍റെ വേഗത ഇതെല്ലാം മനുഷ്യന്‍ വരുന്നതിന് മുന്നേ ഉണ്ടായിരുന്നു. അതിന്‍റെ നിയമങ്ങള്‍ കണ്ടെത്തി രേഖപ്പെടുത്തുകയാണ് സയന്‍സ് ചെയ്യുന്നത്. ന്യൂട്ടന്‍, ഐന്‍സ്റ്റീന്‍ എന്നീ ശാസ്ത്രജ്ഞന്മാര്‍ ചെയ്തത്, പ്രകൃതി മറച്ചുവച്ച പുസ്തകം കണ്ടെത്തി വായിക്കുക മാത്രമായിരുന്നു. പ്രപഞ്ചത്തിന് ക്രമവും നിയമവും ഉണ്ടെന്നും, അവ സൃഷ്ടിച്ചത് പരാശക്തിയാണെന്നും, ലോകത്തിലെ പല മത-ദാര്‍ശനികരും, ചിന്തകരും പറഞ്ഞിട്ടുണ്ട്. പ്രസ്തുത പ്രപഞ്ചക്രമങ്ങളും നിയമങ്ങളും മനസ്സിലാക്കാനുള്ള ആകാംക്ഷയും മനുഷ്യന് കൊടുത്തത് ദൈവമത്രെ.
ശാസ്ത്രം, വെളിപ്പെടുത്തിയതും കണ്ടുപിടിച്ചതും കൂടിയാണെന്ന ചിന്തയും പൊന്തിവന്നിട്ടുണ്ട്. പ്രകൃതിയുടെ നിയമങ്ങള്‍ ദൈവം എഴുതിവച്ച ഒരു പുസ്തകം ആണെങ്കില്‍, ആ പുസ്തകം വായിക്കാനുള്ള മനുഷ്യന്‍റെ പരിശ്രമമാണ് സയന്‍സ്. ദൈവത്തിന്‍റെ ആ നിയമം പഠിച്ച്; ടൃൂബ് ലൈറ്റ്, റോക്കറ്റ് എന്നിവ ഉണ്ടാക്കിയത് മനുഷ്യന്‍റെ ബുദ്ധിയും കഠിനാദ്ധ്വാനവും ഉപയോഗിച്ചായിരുന്നു. അതുകൊണ്ട്, ദൈവത്തിനും ശാസ്ത്രത്തിനും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ടെന്നും മനസ്സിലാക്കാം. എന്നാല്‍, അത് കാണാന്‍ കഴിയാത്ത വൈദ്യുതി പോലെയാണ്. ഒഴുകുന്നത് കാണില്ല. പക്ഷേ, ബള്‍ബ് കത്തുമ്പോള്‍ അതിന് സഹായിച്ചത് വൈദ്യുതിയാണെന്നു വ്യക്തമാകും. ശാസ്ത്രം, പ്രപഞ്ചത്തിന്‍റെ നിയമം “എങ്ങനെ” എന്നും “എന്തുകൊണ്ട്” എന്നും പഠിപ്പിക്കുന്നു. പ്രപഞ്ചത്തിന്‍റെ നിയമങ്ങള്‍ കൃത്യതയുള്ളതാണ്. പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കള്‍ക്കും പരസ്പരം ആകര്‍ഷിക്കുന്ന പ്രകൃതിശക്തിയുണ്ട്. അതാണ് ഗുരുത്വാകര്‍ഷണം. ഭാരമുള്ള വസ്തുക്കള്‍ തമ്മിലുള്ള ആകര്‍ഷണബലത്തെയാണ് ഗുരുത്വാകര്‍ഷണം എന്നു പറയുന്നത്. ജീവന്‍ നിലനിര്‍ത്തുന്നതും, ഗ്രഹങ്ങളുടെ ചലനത്തിനും ജീവിതകര്‍മ്മങ്ങള്‍ക്കും, ഗുരുത്വാകര്‍ഷണം സഹായിക്കുന്നു.
പറഞ്ഞു വന്നത്, ശാസ്ത്രം സ്വതന്ത്രമായ ശക്തിയല്ലെന്നും, അദൃശ്യമായ പരാശക്തിയോട് ബന്ധമുള്ളതാണെന്നും ശാസ്ത്രം തന്നെ തെളിയിക്കുന്നു എന്നാണ്. അതേ, പ്രപഞ്ചം മുഴുവന്‍ പ്രവര്‍ത്തിക്കുന്നത് അതിന്‍റെ നിശ്ശബ്ദമായ നിയമങ്ങളുടെ അടിസ്ഥാനത്തിലാണ്. ആറ്റം (ഒരു മൂലകത്തി ന്‍റെ രാസപരമായ ഗുണങ്ങള്‍ നിലനിര്‍ത്തുന്ന ഏറ്റവും ചെറിയ കണിക) പിളരുമ്പോള്‍ മുഴക്കമില്ല. ഗ്രഹങ്ങള്‍ കറങ്ങുമ്പോള്‍ ശബ്ദമില്ല. വിത്തുകള്‍ മുളക്കുമ്പോഴും ഒച്ചയില്ല. പ്രപഞ്ചത്തിന്‍റെ ഈ നിശ്ശബ്ദ നിയമം അതിന്‍റെ പ്രവര്‍ത്തി നിശ്ശബ്ദമായി നിര്‍വ്വഹിക്കുന്നു. പ്രപഞ്ച നിയമം നിര്‍മ്മിച്ചത് ആരാണ് എന്ന ചോദ്യത്തിന് ശാസ്ത്രം ഉത്തരം പറയുന്നില്ല.
നൂറ് വരി കവിതയുടെ സാരാംശം രണ്ട് വരിയില്‍ എഴുതാം. അതുപോ ലെയാണ് സമവാക്യം. പ്രപഞ്ചത്തിന്‍റെ കോടാനുകോടി സംഗതികളുടെ സാരം ഏതാനും അക്ഷരങ്ങളില്‍ ഒതുക്കുന്നു. അതുകൊണ്ട്, പ്രപഞ്ചത്തിന്‍റെ നിശ്ശബ്ദ നിയമം ദൈവത്തിന്‍റേതാണെന്ന് വിശ്വസിക്കപ്പെടുന്നു. എന്നാല്‍, ആ നിയമം എഴുതിയത് മനുഷ്യന്‍റെ അന്വേഷണബുദ്ധിയാണ്. ശാസ്ത്രത്തിന്‍റെ കാഴ്ചപ്പാടില്‍ “പരിണാമം” ഗുരുത്വാകര്‍ഷണം പോലെയുള്ള ഒരു നിയമം ആകുന്നു. ശാസ്ത്രജ്ഞനായ ന്യൂട്ടന്‍ ഇത് ഉണ്ടാക്കിയതല്ല. കണ്ടുപിടിച്ചതാ ണ്. പല ശാസ്ത്രജ്ഞന്മാരും പരിണാമത്തെ ദൈവത്തിന്‍റെ സൃഷ്ടിരീതിയാ യിട്ട് കണ്ടു. പരിണാമസിദ്ധാന്ധം മനുഷ്യന്‍ കണ്ടുപിടിച്ചതാണ്. പക്ഷേ, ആ സിദ്ധാന്തം ആരോ എഴുതിവെച്ചതാണ്. ആരാണ് ആ എഴുത്തുകാരന്‍ എന്ന് ശാസ്ത്രം പറയുന്നില്ല. പിന്നയോ, അത് ദൈവമാണെന്ന് വിശ്വാസം ഉറപ്പിച്ചു പറയുന്നു. നിയമം ഉള്ളടത്ത് നിയമം എഴുതിയവനും ഉണ്ടല്ലോ.
പ്രപഞ്ച നിയമം ദൈവത്തിന്‍റെ ഇച്ഛയാണെന്ന് പല തത്വചിന്തകരും മതങ്ങളും പറയുന്നുണ്ട്. ഇത് തെളിയിക്കാനോ നിരാകരിക്കാനോ സാദ്ധ്യ മല്ല. ദൈവവും ശാസ്ത്രവും മനുഷ്യന്‍റെ എതിരാളികള്‍ അല്ല. ഒന്ന് പ്രപഞ്ചത്തിന്‍റെ നിശബ്ദനിയമങ്ങള്‍ എഴുതുന്നു. മറ്റേത് ആ നിയമങ്ങള്‍ക്കു പിന്നിലെ കാരണം കണ്ടെത്തി വായിക്കുന്നു. ആധുനിക മനുഷ്യന്‍ ശാസ്ത്രത്തില്‍ നന്നേ വിശ്വസിക്കുന്നു. എന്നാല്‍, ജീവിതത്തിന്‍റെ അര്‍ത്ഥവും ഉദ്ദേശ്യവും കണ്ടെത്താന്‍ അധികം പേരും ദൈവത്തില്‍ ആശ്രയിക്കുന്നു.
ഒന്നാം ലോകമാഹായുദ്ധത്തില്‍ 1. 6 കോടിയും, രണ്ടാം ലോകമഹായുദ്ധ ത്തില്‍ എട്ടര കോടിയും ജനങ്ങള്‍ കൊല്ലപ്പെട്ടുവെന്ന് ഗതകാല ചരിതം പറഞ്ഞിട്ടുണ്ട്. ഇപ്രകാരം നാശം വിതച്ച രണ്ട് യുദ്ധങ്ങള്‍ക്കും കാരണം ദുഷ്ടശക്തികളായ ഭരണാധികാരികളായിരുന്നു. രണ്ടാം ലോകമഹായുദ്ധത്തി ല്‍ ആണവായുധം ഉപയോഗിച്ചതോടെ, അതിലും ശക്തികൂടിയ ആയുധം നിര്‍മ്മിക്കുന്നതിനുള്ള മത്സരവും ആരംഭിച്ചു. എങ്കിലും, ഈ രണ്ട് യു ദ്ധങ്ങള്‍ക്ക് ശേഷം, മനുഷ്യന്‍റെ മരണനിരക്ക് കുത്തനേ കുറഞ്ഞിട്ടുണ്ട്.
ഇന്ന് ലോകയുദ്ധങ്ങള്‍ക്കെതിരേ നില്‍ക്കുന്ന പ്രതിരോധശക്തികളില്‍ ഒന്ന് സാമ്പത്തിക നിലപാടാണ്. രാജ്യങ്ങള്‍ തമ്മിലുള്ള വിവിധ വ്യാപാരങ്ങള്‍ വര്‍ദ്ധിക്കുന്തോറും കെട്ടുപിണഞ്ഞ സാമ്പത്തിക ബന്ധങ്ങള്‍, യുദ്ധം നടത്തിയാല്‍ വലിയ കഷ്ട നഷ്ടങ്ങള്‍ ഉണ്ടാവുമെന്ന ഭയത്താല്‍, യുദ്ധങ്ങളെ ഒഴിവാക്കാന്‍ രാജ്യങ്ങളെ നിര്‍ബന്ധിക്കുന്നുണ്ട്. മറ്റൊന്ന്, മനുഷ്യമനസ്സിന്‍റെ കാലോചിതമായ മാറ്റമാണ്. പണ്ട്, അടിമത്തം നിലനിന്നിരുന്നു. സ്തീകള്‍ക്ക് വേണ്ടത്ര സ്വാതന്ത്ര്യവും വോട്ടവകാശവും ഇല്ലായിരുന്നു. നരബലിയും സതിയും മാനിക്കപ്പെട്ട ആചാരങ്ങളായിരുന്നു. മനുഷ്യന്‍റെ പരിജ്ഞാനവും പരിഷ്കാരവും ജീവിതത്തെ കൂടുതല്‍ നവീകരിച്ചതോടെ, കൂടുതല്‍ സമാധാനവും സുഖവും സുരക്ഷിതത്വവും ഇഷ്ടപ്പെടുന്നവര്‍ വര്‍ദ്ധിച്ചു. എവിടെയും എത്തുന്ന സാങ്കേതികവിദ്യയുടെ സഹായകമായ സാനിദ്ധ്യമാണ് വേറൊന്ന്. ഇന്‍റെര്‍നെറ്റ്, മൊബൈല്‍ ഫോണ്‍, സോഷ്യല്‍ മീഡിയ എന്നിവ, എപ്പോഴും ലോകസംഭവങ്ങളെ പങ്കുവയ്ക്കുന്നു. അതിനാല്‍, ജീവിതയാഥാര്‍ത്ഥൃങ്ങള്‍ സകല ജനതകളിലും എത്തുന്നു. ഇത് ലോകവ്യാപകമായി സമാധാനം സ്ഥാപിക്കുന്നതിനും, ലോകയുദ്ധങ്ങളെ ഒഴിവാക്കുന്നതിനും ജനങ്ങള്‍ക്ക് പ്രചോദനം നല്‍കുന്നു.
ഇപ്പോള്‍, നിരവധി പ്രസ്ഥാനങ്ങളും സംഘടനകളും യുദ്ധത്തിനെതിരെയും, സമാധനത്തിനുവേണ്ടിയും പ്രവര്‍ത്തിക്കുന്നുണ്ട്. ഐക്യരാഷ്ട്രസഭ, യുറോപ്യന്‍ യൂണിയന്‍, തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളുടെ കൂട്ടായ്മ എന്നിവ വഴി, സംഘര്‍ഷങ്ങള്‍ ചര്‍ച്ചകളിലൂടെ തീര്‍ക്കുന്നു. ഏതൊരു പ്രശ്നത്തിന്‍റെയും പരിഹാരം യുദ്ധമല്ലെന്ന് ജനങ്ങള്‍ തിരിച്ചറിയുന്നുമുണ്ട്. ആണവായുധങ്ങളുടെ ഉപയോഗം കുറയ്ക്കാനും രാസയുദ്ധങ്ങള്‍ നിരോധിക്കാനും ആഗോളനിയമങ്ങളുണ്ട്. കൂടാതെ, മനുഷ്യത്വരഹിതമായ യുദ്ധക്കുറ്റം ചെയ്യുന്ന രാഷ്ട്രനേതാക്കളെ ശിക്ഷിക്കാന്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി പ്രവര്‍ത്തിക്കുന്നുണ്ട്. ഇത് രാജ്യങ്ങളെ എപ്പോഴും നിയന്തിക്കുന്നു. ഇപ്പോള്‍, ലോകമെമ്പാടുമുള്ള സ്കൂളുകളിലും കോളേജുകളിലും സമാധാനത്തിന്‍റെ ആവശ്യം എന്തെന്ന് പഠിപ്പിക്കുന്നുണ്ട്. ഇത് പരസ്പര വിദ്വേഷം ഒഴിവാക്കാനും, മനുഷ്യരുടെ അവകാശങ്ങളെ മാനിക്കാനും, സാമാധാനസ്നേഹികളാകാനും അദ്ധ്യേതാക്കളെ സഹായിക്കുന്നു. ഇതും ഭാവിനന്മക്ക് ഉപകരിക്കും. കംമ്പൃുട്ടര്‍ശൃംഖല, നിര്‍മ്മിത ബുദ്ധി, സാറ്റലൈറ്റ് എന്നിവയിലൂടെ രാജ്യങ്ങള്‍ അന്യോന്യം നിരീക്ഷിക്കുന്നുണ്ട്. ലോകത്തിലെ സുപ്രധാന രാജ്യങ്ങളുടെ തലവന്മാര്‍ക്ക് തമ്മില്‍ അടിയന്തിര ഘട്ടങ്ങളില്‍ നേരിട്ട് സംസാരിക്കാന്‍, സുരക്ഷിതത്വവും വേഗതയുമുള്ള ആശയവിനിമയസംവിധാനം ഉണ്ട്.
മതങ്ങളും ലോകയുദ്ധങ്ങല്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നു. ഭൂലോകത്തിലെ എല്ലാ മനുഷ്യരും ഒരേ ദൈവത്തിന്‍റെ മക്കളാണെന്നും, ജന്മനാ തുല്യരാണെ ന്നും ഓര്‍മ്മിപ്പിക്കുന്നുണ്ട്. മതപരമായ പ്രസ്ഥാനങ്ങളുടെ നൂതന പ്രവര്‍ത്തനങ്ങളും, പ്രാര്‍ത്ഥനക്കൂട്ടങ്ങളും ലോകയുദ്ധങ്ങല്‍ക്കെതിരെ പടരുന്നു. സ്തീകള്‍ നേത്രുത്വം നല്‍കുന്ന സമാധാന സംഘടനകളും യുദ്ധങ്ങള്‍ക്കെതിരെ ശാന്തി പകരാന്‍ ശക്തിയോടെ പ്രവര്‍ത്തിക്കുന്നു.
ലോകയുദ്ധങ്ങളെ തടയാന്‍ സാഹിത്യത്തിനും സാധിക്കും. യുദ്ധത്തിന്‍റെ ക്രൂരത നേരിട്ടനുഭവിച്ചവരുടെ കദനപൂരിതമായ കഥകള്‍, നെഞ്ചില്‍ വെടിയുണ്ട കൊണ്ടവന്‍റെ മരണവേദന, സമാധാനലോകത്തിന്‍റെ ശത്രു യുദ്ധദാഹിയായ മനുഷ്യനാണെന്ന യാഥാര്‍ത്ഥൃം എന്നിവ, സാമാന്യ ജനത്തില്‍ സാഹാനുഭൂതി പകര്‍ത്തും. യുദ്ധങ്ങളില്‍, അപ്രതീക്ഷിതമായ നാശനഷ്ടങ്ങളും, അകാലമരണങ്ങളും ഉണ്ടാകുമെന്നും, യുദ്ധത്തിന്‍റെ ഭീകരതയും സമാധാനത്തിന്‍റെ മൂല്യവും വ്യത്യസ്തമെന്നും വ്യക്തമാക്കുന്നു. പുസ്തകങ്ങള്‍ ജനങ്ങളെ ചിന്തിപ്പിക്കുകയും സമാധാനസ്നേഹികളാകാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു. കഴിഞ്ഞകാലയുദ്ധങ്ങളില്‍ ഉണ്ടായ ദയനീയ ദുരന്തങ്ങളെ വിവരിക്കുന്നതിലൂടെ, അത്തരം കഷ്ടതകളും കുറ്റങ്ങളും ആവര്‍ത്തിക്കാതിരിക്കാന്‍ സാഹിത്യം പ്രേരിപ്പിക്കുന്നു. ദേശസ്നേഹത്തിന്‍റെ പേരില്‍ യുദ്ധങ്ങളെ മഹത്വവല്‍ക്കരിക്കുന്നതിനു പകരം, യുദ്ധഭൂമിയിലെ ചോരച്ചൊരിച്ചിലുകളും, സാധാരണക്കാരന്‍റെ കഷ്ടതയും കണ്ണീരും എത്രത്തൊളം ദാരുണമാണെന്ന് സാഹിത്യരചനകള്‍ വിശദീകരിക്കുന്നു.
യുദ്ധദുരന്തം വീടുകളിലും വിതയ്‌ക്കുന്നുണ്ട്. യുദ്ധത്താല്‍ അന്ധരും, അവയവങ്ങള്‍ നഷ്ടപ്പെട്ടവരും, പരുക്കേറ്റവരും, പരസഹായം കൂടാതെ ജീവിക്കാന്‍ സാദ്ധ്യമല്ലാത്തവരുമായ പട്ടാളക്കാരെയും വേര്‍തിരിച്ചു കാണിച്ച്, ജനഹൃദയങ്ങളില്‍ ആര്‍ദ്രത നിറയ്ക്കുവാന്‍ കഴിയും. എന്തിനുവേണ്ടിയാണ് യുദ്ധം ഉണ്ടാക്കുന്നതെന്ന ചോദ്യം എഴുത്തുകാര്‍ ഉയര്‍ത്തുന്നു. യുദ്ധത്തില്‍ ഏര്‍പ്പെടുന്ന എല്ലാ കക്ഷികള്‍ക്കും നാശങ്ങള്‍ ഉണ്ടാകുമെന്നു വിവരിക്കുന്നു. പക്ഷേ, യുദ്ധം ഉണ്ടാക്കുന്നവര്‍ക്ക് പെട്ടെന്ന് മാനസാന്തരം ഉണ്ടാവുകയില്ല. എന്നാലും, സാഹിത്യം മനുഷ്യന്‍റെ മനസ്സ് മാറ്റും. ലക്ഷക്കണക്കിന് മനസ്സുകള്‍ മാറുമ്പോള്‍ യുദ്ധം വേണ്ടെന്ന് ജനങ്ങള്‍ തീരുമാനിക്കും. വിശ്വസാഹിത്യകാരന്‍ ലിയോ ടോള്‍സ്റ്റോയി പറഞ്ഞത് പോലെ: “യുദ്ധം ചെയ്യാന്‍ തയ്യാറുള്ളവര്‍ ഇല്ലെങ്കില്‍ യുദ്ധമുണ്ടാവില്ല.” സാഹിത്യം യുദ്ധം ചെയ്യാന്‍ തയ്യാറാവുന്നവരുടെ എണ്ണം കുറയ്ക്കുന്നു. അതുകൊണ്ട്, യുദ്ധങ്ങല്‍ക്കെതിരെ സാഹിത്യം പ്രതിരോധശക്തിയാകുന്നു.
പ്രവചനങ്ങള്‍ പൂര്‍ണ്ണമായി ഫലിച്ചു എന്ന് പറയാന്‍ തെളിവില്ല. കാരണം, ചെറിയ യുദ്ധങ്ങള്‍ ഇപ്പോഴും ഉണ്ട്. എന്നാലും, മുന്‍ കാലങ്ങളെ അപേക്ഷിച്ച് മഹായുദ്ധം ഇല്ല. യുദ്ധത്തിനെതിരെ, നയതന്ത്രബന്ധത്തിനും, സാമ്പത്തികസഹകരണത്തിനുമുള്ള വലിയ പ്രാധാന്യം വര്‍ദ്ധിച്ചിട്ടുമുണ്ട്. മാരകായുധങ്ങള്‍ക്കും യുദ്ധങ്ങള്‍ക്കും മുടക്കുന്ന വമ്പിച്ച തുക, സമ്പത്തിനും സമാധാനത്തിനും, സുഖത്തിനും, സുരക്ഷക്കും വേണ്ടി ഉപയോഗിക്കണമെന്ന യുക്തമായ ജനതീരുമാനം, “അവര്‍ തങ്ങളുടെ വാളുകളെ കൊഴുക്കളാക്കും” എന്ന വേദപുസ്തക പ്രവചനത്തെ അനുസ്മരിപ്പിക്കുന്നു. മൂന്നാമത്തെ ലോകമഹായുദ്ധത്തിന്‍റെ അഭാവം അര്‍ത്ഥമാക്കുന്നത്, പ്രസ്തുത ഭൂതകാല പ്രവചനത്തിന്‍റെ ഭാഗികമായ പൂര്‍ത്തീകരണമാണെന്ന് കരുതുന്നവരുമുണ്ട്. പ്രവചനം സംബന്ധിച്ച തെളിവുകള്‍ എന്നത്, പ്രവചനത്തെ എങ്ങനെ വ്യാഖ്യാനിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും.
ഭൂലോകം ആണവയുദ്ധത്തോടെ അവസാനിക്കും എന്ന് പലരും കരുതുന്നു. എന്നാല്‍, ദൈവം മനുഷ്യന്‍റെ നിലനില്‍പ് ഒരു കര്‍മ്മത്തിലൂടെ ഉറപ്പാക്കി. ഇത് മനുഷ്യബുദ്ധിക്ക് പൂര്‍ണ്ണമായി ഗ്രഹിക്കാന്‍ കഴിയാത്ത ഒരു മര്‍മ്മമാണ്. മനുഷ്യജീവന്‍റെ ഉത്ഭവത്തെ വിശ്വാസികള്‍ ദൈവത്തിന്‍റെ കരവേലയായി കാണുന്നു. മനുഷ്യന്‍ ഉണ്ടാകുന്നത് ബീജത്തിലൂടെയും അണ്ഡത്തിലൂടെയുമാണെന്ന് ശാസ്ത്രം. എന്നാല്‍, ഈ പ്രക്രിയക്ക് പിന്നിലെ “എന്തിന്” എന്ന ചോദ്യത്തിന് ഉത്തരം വിശ്വാസം മാത്രമാണ്. ഒരു തുള്ളി പുരുഷബീജത്തില്‍ ഒരു സമ്പൂര്‍ണ്ണ മനുഷ്യന്‍റെ രൂപരേഖ ഒളിഞ്ഞിരിക്കുന്നു. ജനനം, കണ്ണ് കാത്, ഹൃദയം, ബുദ്ധി വികാരം, ശ്വസനം, ഉറക്കം, എഴുതാനും പറയാനും മനസ്സിലാക്കാനുമുള്ള കഴിവ്, മരണം- എല്ലാംതന്നെ. ഇത് കേവലം രസതന്ത്രമാണോ? ദൈവം പുരുഷബീജത്തിലൂടെ തലമുറകളെ സൃഷ്ടിക്കുന്നു എന്ന സത്യം വിശ്വാസത്തിന്‍റെ കണ്ണിലൂടെ നോക്കുമ്പോള്‍ മാത്രമാണ് തെളിയുന്നത്.
ഒരു ബീജത്തുള്ളിയില്‍ ഒരു സമ്പൂര്‍ണ്ണ മനുഷ്യന്‍റെ ഭാവി ദൈവം മറച്ചുവച്ചുവെങ്കില്‍, ആ മനുഷ്യന്‍റെ വംശത്തെ മുഴുവന്‍ തുടച്ചുനീക്കാന്‍ ദൈവം അനുവദിക്കുമോ? സൃഷ്ടിയുടെ തുടക്കത്തില്‍ത്തന്നെ തലമുറകളെ നിലനിര്‍ത്താന്‍ ദൈവം ഒരുക്കിയ വഴി ഇന്നും മുടങ്ങാതെ തുടരുന്നു. ഇതാണ്, ലോകം നിലനില്‍ക്കും എന്നതിന്‍റെ ജീവശാസ്ത്രപരമായ ഉറപ്പ്.
__________________________