Image

'കൂവള്ളൂര്‍ക്കുളമുണ്ടേ, മങ്ങന്താനത്തറയുണ്ടേ, പറതൂക്കിയേല്‍ പറയുണ്ടേ...' (കൂവള്ളൂര്‍ മാഹാത്മ്യം: ഭാഗം - 6)

Published on 26 July, 2026
'കൂവള്ളൂര്‍ക്കുളമുണ്ടേ, മങ്ങന്താനത്തറയുണ്ടേ, പറതൂക്കിയേല്‍ പറയുണ്ടേ...' (കൂവള്ളൂര്‍ മാഹാത്മ്യം: ഭാഗം - 6)

മുക്കാല്‍ നൂറ്റാണ്ടു മുന്‍പത്തെ മീനച്ചില്‍ താലൂക്ക്: ഇന്നത്തെ പാലായും ചേര്‍പ്പുങ്കലും കിടങ്ങൂരും കടപ്ലാമറ്റവും മരങ്ങാട്ടുപള്ളിയും കുറിച്ചിത്താനവുമൊക്കെ ഉള്‍ക്കൊള്ളുന്ന വിശാലമായ ഭൂപ്രദേശം. മീനച്ചിലാറിന്റെ കരകളില്‍ സ്ഥിതിചെയ്യുന്ന കുന്നും മലയും താഴ്‌വരകളും നിറഞ്ഞ നാട്. ഈരാറ്റുപേട്ടയ്ക്കു കിഴക്ക് തൊള്ളായിരം മീറ്റര്‍ ഉയരമുള്ള വാഗമണിലെ കുരിശുമലയില്‍നിന്നും മേലുകാവ് മലയില്‍നിന്നും ചെറിയ അരുവികളായി ഉല്‍ഭവിച്ച് പാലാ, കിടങ്ങൂര്‍, ഏറ്റുമാനൂര്‍, കോട്ടയം പ്രദേശങ്ങളിലൂടെ എണ്‍പതോളം കിലോമീറ്റര്‍ ഒഴുകി വേമ്പനാട്ടു കായലില്‍ ചെന്നുചേരുന്ന പുഴ. ഒരു നൂറ്റാണ്ടു മുന്‍പ് നിബിഡവനങ്ങളായിരുന്നു ഇതിന്റെ തീരങ്ങളിലെല്ലാം. ഇടയ്ക്ക് ചെറിയ ഗ്രാമങ്ങള്‍, ഗ്രാമങ്ങളോടു ചേര്‍ന്ന് വയലുകള്‍.

ഗ്രാമങ്ങളില്‍നിന്ന് ഗ്രാമങ്ങളിലേക്കുള്ള യാത്രയില്‍ ഇടയ്ക്ക് ചില കാവുകളും ഉണ്ടായിരുന്നു. വനദുര്‍ഗാക്ഷേത്രങ്ങളാണ് മിക്കവയും. പിന്നെ ശാസ്താവിന്റെ ക്ഷേത്രങ്ങള്‍. ഇന്നത്തെ നഗരമധ്യത്തിലെ പാലാ ബിഷപ്‌സ് ഹൗസിനു പിന്നിലായി അവയിലൊന്ന് ഇപ്പൊഴും ശേഷിക്കുന്നുണ്ട്. യക്ഷികളും ഗന്ധര്‍വന്മാരും കിന്നരന്മാരും സന്ധിക്കുന്ന ഇടങ്ങളാണത്രേ വനദുര്‍ഗാക്ഷേത്രങ്ങള്‍. ആകാശചാരികളായ ഇവര്‍ ചിലപ്പോള്‍ പാട്ടുകള്‍ പാടും. തങ്ങള്‍ സഞ്ചരിക്കുന്ന ആകാശത്തിനു കീഴെ കാണുന്ന പ്രധാനപ്പെട്ട സ്ഥലങ്ങളെക്കുറിച്ചാവും ചിലപ്പോള്‍ ഈ പാട്ടുകള്‍. അങ്ങനെ യക്ഷികള്‍ പാടിയിരുന്ന പാട്ടുകളില്‍ ഒന്നായിരുന്നത്രേ, മുകളില്‍ കൊടുത്ത ഈരടി. കാരണം, കടപ്ലാമറ്റം മേഖലയിലെ സുപ്രധാനമായൊരു സ്ഥാനമാണ് കൂവള്ളൂര്‍ക്കുളം, കൂവള്ളൂര്‍ക്കുന്നിന്റെ ഉച്ചിയിലെ ഒരിക്കലും വറ്റാത്ത കുളം! ആ കുളത്തില്‍ നിന്നും ഒരു ചെറിയ കൈത്തോടുവഴി കിഴക്കോട്ടൊഴുകി തോടായി രൂപാന്തരപ്പെട്ട് മീനച്ചിലാറ്റില്‍ ലയിച്ചിരുന്നു. പക്ഷേ ജനം പെരുത്തതോടെ തോടുകളെല്ലാം നികത്തി പറമ്പുകളാക്കി മാറ്റി. ഭൂമി തന്നെ രൂപാന്തരപ്പെട്ടുപോയി എന്നുള്ളതാണ് വാസ്തവം.

''കൂവള്ളൂര്‍ കുളത്തിന്റെ വടക്കുപടിഞ്ഞാറ് മൂലയില്‍ ഒരു വലിയ യക്ഷിപ്പാല നിന്നിരുന്നു. അക്കാലത്ത് രാത്രികാലങ്ങളില്‍ ആ വഴി ആരും പോകാറില്ല. എന്റെ പേരപ്പന്റെ വീതത്തിലായിരുന്നു ആ പാല. നിധികാക്കുന്ന ഭൂതങ്ങള്‍ അതില്‍ ഉണ്ടായിരുന്നു എന്ന് പഴമക്കാര്‍ പറയാറുണ്ടായിരുന്നു. എന്റെ പേരപ്പന്‍ ആ പാല വെട്ടി. താമസിയാതെ ഒരു കാറപകടത്തില്‍ പേരപ്പനും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന രണ്ടുപേരും മരണപ്പെട്ടു. പാല വെട്ടി താമസിയാതെ ഒരു വെള്ളിടി വെട്ടി. ചുറ്റും നിന്നിരുന്ന തെങ്ങുകളെല്ലാം കരിഞ്ഞുപോയി. ആ ഇടിയിലാണ് തൊട്ട അയല്‍വാസിയായ അടയ്ക്കനാട്ട് ടോമിയുടെ പിതാവ് മരിക്കുന്നത്,'' ഗുരു കൂവള്ളൂര്‍ പഴയ ഓര്‍മകളുടെ ചുരുളഴിച്ചു.

കുളത്തിനു തെല്ലുമുകളിലൂടെ ഒരു നാട്ടുപാതയുണ്ട്. അവിടെനിന്നും അല്‍പ്പംകൂടി മുകളിലോട്ട് കയറിയാല്‍, കുന്നിന്റെ മേല്‍പ്പരപ്പിലായി പ്രൗഢിയാര്‍ന്ന ആ ഭവനം- ഗുരു കൂവള്ളൂരിന്റെ പിതൃഭവനം! വീട്ടില്‍നിന്ന് പാതയിലേക്കിറങ്ങാന്‍ ഇന്നൊരു വഴിയുണ്ട്. കടപ്ലാമറ്റം - പാളയം റോഡ് കൂവള്ളൂര്‍ കുന്നിലൂടെയാണ് പോകുന്നത്. ഇദ്ദേഹത്തിന്റെ പിതാവ് സ്വമേധയാ സര്‍ക്കാരിനു വിട്ടുകൊടുത്ത സ്വന്തം ഭൂമിയിലൂടെ കുന്നിന്‍ചെരിവ് വെട്ടിയുണ്ടാക്കിയ പാത. ഇതിനായി മണ്ണെടുക്കുമ്പോള്‍ ചില വന്‍ഭരണികള്‍ കണ്ടുകിട്ടിയത്രേ. കല്ലുകൊണ്ടുണ്ടാക്കിയ ഈ ഭരണികള്‍ നെല്ല് കേടാകാതെ സൂക്ഷിക്കാന്‍ ഉള്ളവയായിരുന്നു എന്നുകരുതണം. പൊട്ടിയ ഭരണികളില്‍ ഉമി കാണുകയുണ്ടായി. അക്കാലത്ത് രാജാവ് കര്‍ഷകരില്‍നിന്ന് കപ്പമായും ലെവിയായും വിളവുകള്‍ എടുത്തിരുന്നു. ഇതില്‍നിന്ന് രക്ഷപ്പെടാന്‍ ചിലര്‍ നെല്ല് ഇപ്രകാരം കല്‍ഭരണിയിലാക്കി കുഴിച്ചിടുമായിരുന്നു. മണ്ണെടുത്തപ്പോള്‍ ഭരണികള്‍ നശിപ്പിക്കാതെ മാന്തിയെടുക്കാനുള്ള ചരിത്രബോധം പണിക്കാര്‍ക്കോ വഴി പണിത കോണ്‍ട്രാക്ടര്‍മാര്‍ക്കോ ഇല്ലാതെപോയി. അല്ലായിരുന്നുവെങ്കില്‍! അവ ചരിത്രത്തിന്റെ ഭാഗമായേനേ.

കുന്നിന്റെ ഇറക്കത്തില്‍ പടിഞ്ഞാറേച്ചരിവില്‍ അല്‍പ്പം താഴെയായിട്ടാണ് ഗുരു കൂവള്ളൂരിന്റെ പിതൃഭവനം- സാക്ഷാല്‍ കൂവള്ളൂര്‍ തറവാട്. ഇന്നും പഴയ പ്രൗഢി വിടാതെ നിലകൊള്ളുന്ന ഈ വലിയ ഭവനവും വിശാലമായ പുരയിടവും തറവാടു കൈവശംവച്ചിരുന്ന പേരപ്പന്‍ മറ്റൊരാള്‍ക്ക് വിറ്റ് കോതമംഗലത്തേക്ക് മാറി. ''ഭിത്തികള്‍ മാത്രമല്ല, തറയും തടികൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്,'' ജനിച്ച് 75 സംവല്‍സരങ്ങള്‍ക്കുശേഷം നാട്ടിലേക്കുള്ള ഒരു സന്ദര്‍ശനവേളയില്‍ തറവാട്ടിലെത്തിയപ്പോള്‍ ഗുരു അനുസ്മരിച്ചു. ''തറയ്ക്ക് അടിയിലേക്ക് കുട്ടികള്‍ക്ക് നുഴഞ്ഞുകയറാന്‍ ഒരുനിലവറ ഉണ്ടായിരുന്നു. '' അറയും നിലവറയുമൊക്കെയുള്ള തറവാട് അടച്ചിട്ടിരിക്കുകയാണ്. മുന്‍വശത്തെ നീണ്ടവരാന്തയിലൂടെ നടന്നുകൊണ്ട് അദ്ദേഹം പഴയ ഓര്‍മകള്‍ അയവിറക്കി.

''തറവാട്ടില്‍ പലപ്പൊഴും വിശേഷാവസരത്തില്‍ സദ്യയുണ്ടായിരുന്നു.'' അദ്ദേഹം അനുസ്മരിക്കുന്നു. ''സദ്യയുടെ വിശേഷം കേട്ടറിഞ്ഞ് ചുറ്റുപാടുമുള്ള ദലിത് വിഭാഗക്കാര്‍ പലരും ദൂരെ 'തീണ്ടാപ്പാടകലെ' വന്ന് ഇരിക്കും. അലക്ക് കുലത്തൊഴിലായിട്ടുള്ള വേലന്‍ സമുദായക്കാരാണ് കൂടുതലും എത്തിച്ചേരുക. വലിയ ഭവനങ്ങളിലെ സദ്യ കഴിഞ്ഞാല്‍ അക്കാലത്ത് എച്ചില്‍ ഇലകളുടെ അവകാശം അവര്‍ക്കാണ് എന്നായിരുന്നു വെപ്പ്. അവര്‍ അത് എടുത്തുകൊണ്ടുപോയി ഉച്ചിഷ്ടം വടിച്ചെടുത്തു തിന്നും. അത്രയ്ക്കുണ്ടായിരുന്നു അക്കാലത്തെ ജാതി ഉച്ചനീചത്വത്തിന്റെയും ദാരിദ്ര്യത്തിന്റെയും ശക്തി!

പില്‍ക്കാലത്ത്, മിഷണറിമാരുടെ പ്രവര്‍ത്തനങ്ങള്‍ ഇവരുടെ ജീവിതങ്ങളില്‍ വലിയ വ്യത്യാസം ഉണ്ടാക്കി. പലരും ക്രിസ്തുമതം സ്വീകരിച്ചു. പക്ഷേ, ഇന്നും പഴയതുപോലെ കോളനികളിലാണ് (ഉന്നതി എന്ന് പുതിയ പേര്) മിക്കവരും താമസം. സമൂഹത്തിലെ ഏറ്റവും താഴ്ന്ന ജോലികള്‍ ചെയ്തുകൊണ്ട് പലരും കഴിയുന്നു. എന്നാല്‍, പുതുതലമുറയില്‍ വിദ്യാഭ്യാസം സിദ്ധിച്ചവര്‍ പുതിയ തൊഴിലുകള്‍ തേടി പുരോഗതിയിലേക്ക് കടക്കുന്നുണ്ട്.''ബാല്യത്തില്‍ നേരിട്ടുകണ്ട ദലിതരുടെ ദുരിതങ്ങളാണ് എന്നിലെ സാമൂഹ്യപ്രവര്‍ത്തകനെയും പോരാളിയെയും ഉണര്‍ത്തിയത്. എന്റെ മനസ്സിന് അന്നും ഇന്നും ഉച്ചനീചത്വങ്ങളെ അംഗീകരിക്കാന്‍ കഴിയില്ല. മനുഷ്യന്റെ തുല്യതയില്‍ ഞാന്‍ വിശ്വസിക്കുന്നു. അതിനായി പോരാടാന്‍ ഞാന്‍ ഇന്നും സന്നദ്ധനാണ്,'' ഗുരു കൂവള്ളൂര്‍ തന്റെ നിലപാട് വ്യക്തമാക്കി.

''എന്റെ വീതത്തില്‍ ഉണ്ടായിരുന്ന സ്ഥലമാണ് പിതാവ് കോളനിക്കു കൊടുത്തത്. 'കൂവള്ളൂര്‍ക്കുന്ന് കോളനി'എന്ന പേരില്‍ കെ.എം. മാണി തറക്കല്ലിട്ടു എങ്കിലും പില്‍ക്കാലത്ത് കടപ്ലാമറ്റത്തെ രാഷ്ട്രീയക്കാരുടെ ഇടപെടല്‍മൂലം പ്രസ്തുതകോളനി ഇന്നും അറിയപ്പെടാതെ കിടക്കുന്നു. അതുപോലെ ചരിത്രപ്രസിദ്ധമായ കൂവള്ളൂര്‍കുന്നും കുളവും, പ്രദേശങ്ങളും!'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പിതൃഭവനത്തില്‍നിന്നും തറവാട്ടിലേക്കുള്ള നടത്തത്തില്‍ ഇദ്ദേഹം കൂടുതലും കയറി കുശലം പറഞ്ഞത് ഇത്തരക്കാരുടെ ഭവനങ്ങളിലാണ്. ''വാവച്ചാ!'' എന്ന് സ്‌നേഹത്തോടെ വിളിച്ച് അവരിലെ സമപ്രായക്കാര്‍ ആഹ്ലാദത്തോടെ ഇറങ്ങിവരുന്നതുകണ്ടപ്പോള്‍ ഈ നിലപാട് വാസ്തവമായിരുന്നു എന്ന് വ്യക്തമാകും. സ്വന്തം പിതാവിനെപ്പോലും ധിക്കരിച്ച് തങ്ങളോടൊപ്പം, തങ്ങളുടെ അവകാശങ്ങള്‍ക്കായി നിലകൊണ്ട പഴയ ഈ ''യുവ വിപ്ലവകാരി''യെ അവര്‍ക്കെങ്ങനെ മറക്കാനാകും!

കൂവള്ളൂര്‍ തറവാട്ടില്‍ നിന്നും അധികമകലെയല്ലാതെ ആണ്ടൂര്‍ എന്ന പ്രദേശത്ത് ഏതാനും നമ്പൂതിരി ഇല്ലങ്ങളും ഉണ്ടായിരുന്നു അന്ന്. അവരില്‍ ചിലര്‍ ഇന്നും അവിടെ താമസിക്കുന്നു. കിഴക്ക് ആണ്ടൂര്‍ ക്ഷേത്രത്തില്‍നിന്നും ''ഹോയ് ഹോയ്!'' എന്ന് ഘോഷ മുഴുക്കിക്കൊണ്ടായിരിക്കും അന്നത്തെക്കാലത്ത് നമ്പൂതിരിമാര്‍ കൂവള്ളൂര്‍ തറവാട്ടിലെ കാരണവരെ കാണാന്‍ വന്നിരുന്നത്. കൂവള്ളൂര്‍ പ്രദേശം മുഴുവന്‍ നമ്പൂതിരിമാരുടെ സ്ഥലങ്ങള്‍ ആയിരുന്നു. ആ വിളി കേള്‍ക്കുമ്പോള്‍ ദലിത് വിഭാഗക്കാര്‍ കണ്ണില്‍പ്പെടാതെ മാറി നില്‍ക്കണം. മാറി നിന്നില്ലെങ്കില്‍ കാര്യസ്ഥന്റെ കൈയിലെ വടികൊണ്ട് അടി ഉറപ്പായിരുന്നു. നിയമങ്ങളൊക്കെ ഉന്നതജാതിക്കാര്‍ക്ക് അനുകൂലമായ അക്കാലത്ത് ഇതൊന്നും ഒരു കുറ്റമായി പരിഗണിച്ചിരുന്നില്ല. ''ഈ നമ്പൂതിരി ഇല്ലങ്ങളിലൊന്നിന്റെ അധീനതയിലായിരുന്നു കൂവള്ളൂര്‍ക്കുളം. നാടിന്റെ ജലസ്രോതസ്സായ അതില്‍ നിറയെ എന്റെ ബാല്യകാലത്ത് ആമ്പല്‍പ്പൂക്കള്‍ വിരിഞ്ഞുനിന്നിരുന്നതു കാണാന്‍ എത്ര മനോഹരമായിരുന്നു.'' ഗുരുവിന്റെ ഓര്‍മകളില്‍ ഇന്നും ആമ്പലുകള്‍ പൂക്കാറുണ്ട്!

കൂവള്ളൂര്‍ എന്ന പേരുവരാന്‍ കാരണം തറവാടിനു മുമ്പില്‍ ഒരു വലിയ കൂവളം ഉണ്ടായിരുന്നു എന്നതാണത്രേ. പൂര്‍വ്വികര്‍ കൂവളം നട്ടിട്ട് 'ഊര്‍' എന്നു പറഞ്ഞു. അങ്ങിനെയാണ് കൂവള്ളൂര്‍ ആയത്. കൂവളം നില്‍ക്കുന്നദേശം... പക്ഷേ, എന്റെ പേരപ്പന്‍ കൂവളം വെട്ടിയതോടെ അദ്ദേഹം തറവാടു വിറ്റ് പോകേണ്ടിവന്നു. കൂവള്ളൂര്‍ മനയിലെ നമ്പൂതിരി സ്ഥലം വിറ്റ് എറണാകുളം ജില്ലയില്‍ പോത്താനിക്കാടിനടുത്തുള്ള ഒരു സ്ഥലത്തേക്കു പോയി. ആ പ്രദേശം ഇന്ന് കൂവള്ളൂര്‍ എന്നാണറിയപ്പെടുന്നത്. കൂവള്ളൂര്‍ ഇന്ന് അറിയപ്പെടുന്ന പ്രദേശമാണ്. പക്ഷേ ചരിത്രം ആരും രേഖപ്പെടുത്തിയിട്ടില്ല.

തറവാട്ട് സ്വത്ത് ഭാഗം വെച്ചപ്പോള്‍ ഇന്നു കാണുന്ന റോഡിന് ഇരുവശത്തുമുള്ള പറമ്പുകളായിരുന്നു ഗുരുവിന്റെ പിതാവിനു കിട്ടിയ വീതം. ''അപ്പനായിരുന്നു ഈ റോഡിന് സ്ഥലം വിട്ടുകൊടുത്തത്. പക്ഷേ, പഞ്ചായത്ത് അധികൃതര്‍ ഈ വസ്തുത അംഗീകരിക്കുകയോ അദ്ദേഹത്തിന്റെ ഓര്‍മയ്ക്കായി യാതൊന്നും ചെയ്യുകയോ ചെയ്തിട്ടില്ല, ഒരിടത്തും രേഖപ്പെടുത്തിവച്ചിട്ടില്ല. കൂവള്ളൂര്‍ പ്രദേശത്തെത്തന്നെ അവഗണിച്ചിരിക്കുകയാണ്,'' അദ്ദേഹം രോഷത്തോടെ പറയുന്നു. പഴയ ഇലക്കാട് പഞ്ചായത്തോ ഇപ്പോഴത്തെ കടപ്ലാമറ്റം പഞ്ചായത്തോ തന്റെ പിതാവിന്റെ സംഭാവനകളെ അംഗീകരിക്കാത്തതില്‍ ദുഃഖിതനും രോഷാകുലനുമാണ് ഗുരു തോമസ് കൂവള്ളൂര്‍. തറവാടിന്റെ ഭാഗംവെപ്പിലും അദ്ദേഹത്തിനു നീതി കിട്ടിയില്ല എന്ന് പഴമക്കാര്‍ പറയുന്നതും ചേര്‍ത്തു വായിക്കുമ്പോള്‍, അര്‍ഹതപ്പെട്ടത് പലതും കിട്ടാതെപോയ മനുഷ്യനായിരുന്നു കെ.റ്റി ജോസഫ് കൂവള്ളൂര്‍ എന്ന് മനസ്സിലാക്കാം.

''പഴയ ഇലക്കാട് പഞ്ചായത്താണ് പിന്നീട് കടപ്ലാമറ്റം പഞ്ചായത്തായത്. വഴിയുടെ വടക്കുവശം ഇലക്കാട്ടുപഞ്ചായത്തും തെക്കുവശം കിടങ്ങൂര്‍ പഞ്ചായത്തും ആയിരുന്നു. കൂവള്ളൂര്‍ കുന്നുവഴി ആയിരുന്നു രണ്ടു പഞ്ചായത്തുകളുടെയും അതിര്. ഞങ്ങളുടെ വീടിരിക്കുന്നഭാഗം ഇലക്കാടും, കുളം ഇരിക്കുന്നത് കിടങ്ങൂര്‍ പഞ്ചായത്തിലും ആയിരുന്നു. കിടങ്ങൂര്‍ - ഇലക്കാടു പഞ്ചായത്തുകളുടെ ഭാഗമാണ് ഇന്നത്തെ കടപ്ലാമറ്റം പഞ്ചായത്ത്,'' ഗുരു വ്യക്തമാക്കി.

തന്റെയൊരു ഭാരതസന്ദര്‍ശനവേളയില്‍ ബാല്യകാല സുഹൃത്തുക്കളെ കാണാനിറങ്ങിയ ഒരു ദിവസം ഗുരു കൂവള്ളൂര്‍ കടപ്ലാമറ്റം പഞ്ചായത്ത് ഓഫീസിലും കയറി. പ്രസിഡന്റ്, സെക്രട്ടറി തുടങ്ങിയവരെ കണ്ടെങ്കിലും അവര്‍ നാടിന്റെ മഹാനായ ഈ പുത്രനെ തിരിച്ചറിഞ്ഞില്ല എന്നു മാത്രമല്ല, പഞ്ചായത്തിനുവേണ്ടി ഒട്ടനവധി സേവനങ്ങള്‍ ചെയ്ത പിതാവിനെപ്പറ്റി കേട്ടിട്ടുപോലുമില്ല എന്നു പറഞ്ഞ് കൈമലര്‍ത്തുകയാണു ചെയ്തത്! കൂവള്ളൂര്‍ കുന്നിലേക്കുള്ള റോഡിനോ അവിടെ തങ്ങള്‍ വിട്ടുകൊടുത്ത സ്ഥലത്തെ ദലിതരുടെ പാര്‍പ്പിട സമുച്ചയത്തിനോ പിതാവിന്റെ പേരു കൊടുക്കാമോ എന്നു ചോദിച്ചപ്പോഴും കൈമലര്‍ത്തല്‍ തന്നെയായിരുന്നു ഭരണാധികാരികളുടെ പ്രതികരണം.

കൂവള്ളൂര്‍കുന്നും, കുന്നിന്റെ മുകളിലുള്ള ഒരിക്കലും വറ്റാത്ത കുളവും, ആ കുളത്തില്‍നിന്നും ആവിര്‍ഭവിക്കുന്ന കൊച്ചരുവിയും, തൊട്ടടുത്തുള്ള തൊണ്ടിലൂടെ കിഴക്കോട്ടൊഴുകി കോവിക്കല്‍കുന്നും ഇട്ടിയപ്പാറ പുരയിടവും താണ്ടി ഒരു തോടായി മാറി അവസാനം മീനച്ചിലാറ്റില്‍ ലയിക്കുന്നു എന്നുകേട്ടപ്പോള്‍ ഒരു ചരിത്രാന്വേഷിയായ എനിക്ക് കൂവള്ളൂരും അതിന്റെ സമീപപ്രദേശങ്ങളും വളരെ ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളാണെന്നുള്ള ഉള്‍ക്കാഴചയുണ്ടായി.

കൂവള്ളൂര്‍ പുരയിടത്തിന്റെ സമീപപ്രദേശങ്ങളാണ് ആണ്ടൂര്‍, കോഴിക്കൊമ്പ്, ഇല്ലിക്കല്‍, പാലയ്ക്കാട്ടുമല, കുടക്കച്ചിറ, നെല്ലിത്താനത്തുമല, മരങ്ങാട്ടുപിള്ളി, മണ്ണയ്ക്കനാട്, കുറിച്ചിത്താനം, ഉഴവൂര്‍, കോഴാ, കുറവിലങ്ങാട് തുടങ്ങിയ പ്രദേശങ്ങള്‍. കൂവള്ളൂര്‍ കുന്ന് കിഴക്കുപടിഞ്ഞാറായികിടക്കുന്നു. കിഴക്കോട്ടുള്ള വഴിയെപോയാല്‍ പാളയം, ചേര്‍പ്പുങ്കല്‍, മുത്തോലി, പാലാ തുടങ്ങിയ പ്രദേശങ്ങളും, പടിഞ്ഞാറ് കടപ്ലാമറ്റം ടൗണും വയലാ, കാണക്കാരി, ഏറ്റുമാന്നൂര്‍ എന്നീ പ്രദേശങ്ങളുമായി ബന്ധിക്കുന്ന റോഡുകളുണ്ട്. കടപ്ലാമറ്റത്തുനിന്നും തെക്കോട്ടുപോയാല്‍ കിടങ്ങൂര്‍ എന്ന ചരിത്രപ്രധാന്യമുള്ള സ്ഥലവും കിടക്കുന്നു.

സീറോ മലബാര്‍ കത്തോലിക്കരുടെ കോട്ടയായ പാലാരൂപതയ്ക്ക് ആദിമകാലത്ത് ഏറ്റവും കൂടുതല്‍ വൈദികരെയും കന്യാസ്ത്രീകളെയും സംഭാവന ചെയ്ത ഒരു ക്രിസ്തീയ ദേവാലയമാണ് കടപ്ലാമറ്റം സെന്റ് മേരീസ് ചര്‍ച്ച്. ഈ അടുത്ത കാലത്ത് ആ ദേവാലയം ഫൊറോനാ ചര്‍ച്ച് പദവിയിലേക്കുയര്‍ത്തിയിട്ടുണ്ട്. ആയിരത്തോളം വര്‍ഷം പഴക്കമുള്ള കടപ്ലാമറ്റത്തെ പ്രമുഖകുടുംബമായിരുന്ന തുരുത്തിയില്‍ കുടുംബമാണ് കൂവള്ളൂര്‍ കുടുംബത്തിന്റെ മൂലകുടുംബം. കൂവള്ളൂര്‍ കുടുംബക്കാരെ തുരുത്തി കൂവള്ളൂര്‍ എന്ന് വിളിച്ചിരുന്നു. ഇന്നത്തെ തലമുറയ്ക്ക് തുരുത്തിയില്‍ കുടുംബത്തിന്റെ വ്യാപ്തി എത്രമാത്രം ഉണ്ടെന്ന് അറിയാമെന്നുതോന്നുന്നില്ല. തുരുത്തിയില്‍ മൂലകുടുംബത്തില്‍പ്പെട്ടവയാണ് കൂവള്ളൂര്‍, കളപ്പുരയ്ക്കല്‍, കാരിക്കാട്ടില്‍, കൈപ്പള്ളിമല, പറമ്പേട്ടുമല, വടാനമല, പുളിക്കീല്‍, ഓടലാനിയേല്‍, പള്ളിപ്പുറത്തുകുന്നേല്‍, ചെമ്മാമ്പള്ളില്‍ എന്നീ കുടുംബങ്ങള്‍. ഇവയില്‍ പള്ളിപ്പുറത്തുകുന്നേലും ചെമ്മാമ്പള്ളില്‍ കുടുംബവും മാഞ്ഞൂര്‍ പഞ്ചായത്തില്‍പ്പെട്ട കുറുപ്പന്തറ മണ്ണാറപ്പാറ ഇടവകയിലേക്കുമാറി താമസിച്ചു.

മേല്‍പറയപ്പെട്ട വീടുകളിലെ കാരണവന്മാര്‍ മീനച്ചില്‍ താലൂക്കില്‍പ്പെട്ട പ്രബലകുടുംബങ്ങളില്‍ നിന്നുമാണ് വിവാഹം കഴിച്ചിരുന്നത്. തോമസ് കൂവള്ളൂരിന്റെ വല്ല്യപ്പന്‍ കല്യാണം കഴിച്ചത് മരുതുകുന്നേല്‍ കുടുംബത്തില്‍ നിന്നുമാണ്. പാലാ സെന്‍ട്രല്‍ ബാങ്കിന്റെ മാനേജിംഗ് ഡയറക്ടര്‍ ആയിരുന്ന ജേക്കബ് ചെറിയാന്‍ മങ്ങന്താനത്ത് മരുതുകുന്നേല്‍ കുടുംബാംഗമായിരുന്നു. ഈ അധ്യായത്തിന്റെ തുടക്കത്തില്‍ പറഞ്ഞിരുന്ന 'മങ്ങന്താനത്തറയുണ്ടേ' എന്ന് ഒരു കാലത്ത് യക്ഷികള്‍ പാടിയിരുന്ന പാട്ട് ഈ വീടിനെ ഉദ്ദേശിച്ചാണ്. കേരളത്തിലും വിദേശത്തും അറിയപ്പെടുന്ന പല വ്യക്തികളും ഈ കുടുംബങ്ങളുമായി ബന്ധപ്പെട്ടവരായിരുന്നു. മുന്‍ എംപിയും മേഘാലയ ഗവര്‍ണറുമായിരുന്ന എം.എം ജേക്കബ്, പ്രമുഖ പത്രപ്രവര്‍ത്തകനായ ജോര്‍ജ്ജ് കള്ളിവയലില്‍ തുടങ്ങിയവര്‍ ഇവരില്‍ ചിലരാണ്.

തുടക്കത്തില്‍ പറഞ്ഞിരുന്ന 'പറതൂക്കിയേല്‍ പറയുണ്ടേ' എന്നു പറഞ്ഞ വീടുമായും കൂവള്ളൂര്‍ വലിയ കാരണവര്‍ക്കു ബന്ധമുണ്ടായിരുന്നു. ഇവയ്‌ക്കെല്ലാം പുറമെ ലോകമെമ്പാടും അറിയപ്പെടുന്ന സഞ്ചാരിയും സഫാരി ടിവിയുടെ സ്ഥാപകനുമായ സന്തോഷ് ജോര്‍ജ്ജ് കുളങ്ങരയുടെ കുടുംബവുമായുള്ള കൂവള്ളൂര്‍ കുടുംബക്കാരുടെ ബന്ധം എത്രമാത്രം വിപുലമായിരുന്നു എന്ന് ഊഹിക്കാമല്ലോ. ഇന്നും ഈ പറയപ്പെടുന്ന വീട്ടുകാരെല്ലാവരുമായും സുദൃഢമായ ബന്ധം കാത്തുസൂക്ഷിക്കുന്ന വ്യക്തിയാണ് ഗുരുകൂവള്ളൂര്‍ എന്നുള്ളത് പിന്നീടെനിക്കു വ്യക്തിമായി മനസ്സിലാക്കാന്‍ സാധിച്ചു. മേല്‍പറഞ്ഞ കുടുംബങ്ങളല്ലാതെ നൂറുനൂറുപ്രഗത്ഭകുടുംബാംഗങ്ങളുമായും ബന്ധമുള്ള ഒരാളാണ് കഥാപുരുഷന്‍ എന്ന് നേരില്‍ക്കാണുവാന്‍ കഴിഞ്ഞു. പണ്ട് കൂവള്ളൂര്‍ തുറവാട്ടിലെ വല്ല്യപ്പന്‍ ഉണ്ടായിരുന്നപ്പോള്‍ ആണ്ടുതോറും കുടുംബാംഗങ്ങളുടെ കുടുംബയോഗങ്ങളും മരിച്ചവരുടെ ഓര്‍മ്മപുതുക്കാന്‍ ചാത്തവും നടത്തിയിരുന്ന കാര്യം ഗുരുകൂവള്ളൂര്‍ പ്രത്യേകം ഓര്‍മ്മപ്പെടുത്തുകയുണ്ടായി. പലപ്പോഴും 400ലേറെ കുടുംബാംഗങ്ങള്‍ അത്തരത്തിലുള്ള കുടുംബകൂട്ടായ്മയില്‍ പങ്കെടുക്കാറുണ്ടായിരുന്നുവത്രേ. അന്നത്തെകാലത്ത് റവ.ഫാ. ജോസഫ് കൂവള്ളൂര്‍ സീനിയര്‍ ആയിരുന്നു മിക്കപ്പോഴും കുടുംബയോഗങ്ങള്‍ക്ക് നേതൃത്വം വഹിച്ചിരുന്നത്. 1950 കളില്‍ പാലാ ലാളം പള്ളി വികാരിയായി സേവനം അനുഷ്ഠിച്ച പ്രഗത്ഭനായ ഒരു വൈദികനായിരുന്നു റവ.ഫാ. ജോസഫ് കൂവള്ളൂര്‍ സീനിയര്‍. കടപ്ലാമറ്റം ഹോസ്പിറ്റല്‍ വാര്‍ഡിന്റെ പണിക്കും നിര്‍ദ്ധനരായ കുടുംബത്തിന് വീടുവച്ചും കൊടുത്ത അദ്ദേഹത്തെ കടപ്ലാമറ്റംക്കാര്‍വരെ മറന്നുവെന്നു കാണാം.

പണ്ട് ഓരോ ക്രിസ്തീയ വീടുകളിലും എട്ടുംപത്തും മക്കള്‍ വച്ചുണ്ടായിരുന്നസ്ഥാനത്ത് ഇന്ന് ഓരോ വീട്ടിലും ഒന്നും രണ്ടും മക്കള്‍ എന്ന സ്ഥിതി വന്നു എന്നുതന്നെയല്ല സ്വന്തക്കാരില്‍ നിന്നും വിട്ടുമാറി ഒറ്റപ്പെട്ടു ജീവിക്കുന്ന ഒരു പ്രവണതയാണിന്നുള്ളത് എന്നത് ഒരു പരമാര്‍ത്ഥമാണ്. ഇന്ന് കുടുംബങ്ങള്‍ ന്യൂക്ലിയര്‍ ഫാമിലിയായി മാറിക്കഴിഞ്ഞു. സ്വന്തം സഹോദരങ്ങളെയോ മാതാപിതാക്കളെപ്പോലും മറന്ന് ജീവിക്കുന്ന കാലഘട്ടം. ഗുരുകൂവള്ളൂര്‍ ഇതില്‍നിന്നും വ്യത്യസ്തനാണ് എന്നും ഒരു സമൂഹവുമായി ബന്ധപ്പെട്ടുള്ള ജീവിതമായിരുന്നു അദ്ദേഹത്തിന്റേത് എന്നും വരും അധ്യായങ്ങളില്‍ നിന്നും നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും.
തുടരും...

Read More: https://www.emalayalee.com/writer/114

Join WhatsApp News
Alby 2026-07-26 09:39:55
Very important part
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക