
കോട്ടയം ജില്ലയിൽ മുണ്ടക്കയത്തെ അഗസ്റ്റിനും ചിങ്ങവനത്തെ റോയിയും കൂവൈറ്റിലെ പടക്കളത്തിൽ നിന്ന് ഓടിപ്പോന്നത് കാറിൽ. ഇറാഖ്, ടർക്കി ഇറാൻ, പാക്കിസ്ഥാൻ വഴി നടത്തിയ ആ സാഹസ യാത്രക്ക് വേണ്ടി വന്നത് 10000 കി മീ ഡ്രൈവിങ്, 39 ദിവസം.
ഇറാഖ്-കുവൈറ്റ് യുദധം നടന്നു വർഷം 35 കഴിഞ്ഞിട്ടും ഗൾഫ് മേഖലയിൽ കനലുകൾ പടരുമ്പോൾ അന്നത്തെ ഉൾക്കിടിലങ്ങൾ ആവർത്തിക്കുകയാണ്.
ഇന്ന് സൗദി അറേബ്യ, യുഎഇ, ഖത്തർ, കുവൈറ്റ്, ഒമാൻ, യെമൻ, ഇസ്രയേൽ, ജോർദാൻ, ടർക്കി, ഇറാഖ്, ഇറാൻ എന്നീ 11 പശ്ചിമേഷ്യൻ രാജ്യങ്ങളിൽ ഒരു കോടിയോളം, കൃത്യമായി പറഞ്ഞാൽ 98,14,028, ഇന്ത്യക്കാരുണ്ടെന്നു വിദേശകാര്യവകുപ്പു പറയുന്നു. അവരിൽ പകുതിയോടടുത്ത്, 44.14 ലക്ഷം, കേരളീയരെന്നു നോർക്ക റൂട്ട്സ്.

അഗസ്റ്റിനും റോയിയും ഓടിച്ചു വന്ന മിത്സുബിഷി ഗാലന്റ് സൂപ്പർസലൂൺ
കുവൈറ്റിൽ തന്നെ 2026ൽ 53 ലക്ഷം ജനം ഉള്ളതിൽ ഏറ്റവും കൂടുതൽ പ്രവാസികൾ ഇന്ത്യക്കാരാണ്-20 ശതമാനം അഥവാ 10.6 ലക്ഷം. ബഹുഭൂരിപക്ഷം കേരളീയർ. രണ്ടാം സ്ഥാനം ഈജിപ്ത്കാർ-6.7 ലക്ഷം.
കുവൈറ്റിൽനിന്നു 1990ൽ പലായനം ചെയ്ത 1,70,000 ഇന്ത്യക്കാരെ ജോർദാനിലെ അമ്മാൻ വഴി ക ടത്തിക്കൊണ്ടു പോരാൻ എയർഇന്ത്യയും ഇന്ത്യൻ എയർലൈൻസും ഇന്ത്യൻ എയർഫോഴ്സും 59 ദിവസം നടത്തിയ 488 ഫ്ളൈറ്റുകളുടെ റിക്കാർഡ് ഇനിയും ഭേദിക്കപ്പെട്ടിട്ടില്ല. അന്ന് രക്ഷാപ്രവർത്തനത്തിനു ചുക്കാൻ പിടിച്ചവരിൽ പ്രമുഖൻ മാത്തുണ്ണി മാത്യൂസ് എന്ന ടൊയോട്ടാ സണ്ണിയും ചരിത്രത്തിൽ സ്ഥാനം നേടി.
കുവൈറ്റ് സിറ്റിയിലെ ക്വടാമി സ്റ്റീൽ കമ്പനിയിൽ അക്കൗണ്ട്സ് മാനേജർ ആയിരുന്നു 40 എത്തിയ അഗസ്റ്റിൻ പുറപ്പന്താനം. റോയി കൊട്ടുപ്പള്ളി (38) അവിടെ ഷെറാട്ടൺ ഹോട്ടലിൽ ഷെഫ്. സ്വിറ്റ്സർലണ്ടിൽ പഠിച്ചയാളാണ്. അഗസ്റ്റിന്റെ പുതിയ മിത്സുബിഷി കാറിൽ ഇരുവരും യാത്രക്ക് തയ്യാറായി. പുതിയ വെളുത്ത കാർ. ഗാലന്റ് ശ്രേണിയിൽ സൂപ്പർ സലൂൺ.

ജെയിംസ് വടശേരിയും ത്രേസ്യാക്കുട്ടിയും ബാഗ്ദാദിലേക്കു ഓടിച്ച ഡോഡ് ജ്
അഗസ്റ്റിന്റെ ഭാര്യ ലൂസി മക്കളുടെ പഠനവുമായി തിരുവനന്തപുരത്തു കഴിയുകയാണ്. കാറിൽ റോയിയുടെ ഭാര്യ മറിയവും മെറിൽ എന്ന കൈക്കുഞ്ഞും കൂടെക്കയറി. കുറെ ദിവസത്തേക്കുള്ള ഭക്ഷണപാക്കറ്റുകളുംടീ ബാഗുകളും കാറിൽ കരുതിയിരുന്നു.
ലൂസിയുടെ സഹോദരൻ അൽ മുള്ള കമ്പനി ഓയിൽ ഡിവിഷനിൽ അക്കൗണ്ട്സ് മാനേജർ ജെയിംസ് വടശേരി തങ്ങളുടെ ഡോഡ്ജ് ഡയറ്റോണ കാറിൽ ഭാര്യ ത്രേസ്യക്കുട്ടിയെയും അവരുടെ സഹോദരീ ഭർത്താവിന്റെ പെങ്ങൾ ഗ്രേസമ്മയെയും കൂട്ടി യാത്രക്കൊരുങ്ങി. ജെയിംസ് അന്ന് കുവൈറ്റ് മലയാളി കാത്തലിക് അസോസിയേഷൻ അദ്ധ്യക്ഷൻ കൂടിയാണ്.
ഇറാഖ് കുവൈറ്റിനെ ആക്രമിക്കുന്നത് 1990 ഓഗസ്റ്റ് 2ന്. രാത്രിയുടെ മറവിൽ മണിക്കൂറുകൾ കൊണ്ട് അവരുടെ ടാങ്കുകൾ കുവൈറ്റ് സിറ്റി വരെയെത്തി കൊടി പറത്തി. ഹെലികോപ്റ്ററിൽ നാടുവിട്ട ഭരണാധികാരികൾ 1991 ഫെബ്രുവരി 2നു അമേരിക്കൻ സേന ഇറാഖി സേനയെ പൂർണമായി തുരത്തിയ ശേഷമാണ് മടങ്ങി വന്നത്.

പതിനായിരം കിലോമീറ്ററിന്റെ റൂട്ട് മാപ്
കുവൈറ്റ് ഇറാഖിന്റെ കീഴിലമർന്ന് ഒരുമാസത്തിനു ശേഷം സെപ്റ്റംബർ 28 നു അഗസ്റ്റിനും സംഘവും പലായനം ആരംഭിച്ചു. ഇറാഖിന്റെ പേർഷ്യൻ ഗൾഫിനോടോടത്തു കിടക്കുന്ന ബസ്‌റയിലൂടെ ഇറാനിൽ കടന്നു പാക്കിസ്ഥാൻ വഴി ഇന്ത്യയിൽ എത്തുകയായിരുന്നു ലക്ഷ്യം.
കുവൈറ്റിൽ നിന്ന് 175 കി മീ ഓടിച്ച് ബസ്രയിൽ എത്തിയപ്പോൾ പ്രതീക്ഷ അപ്പാടെ തെറ്റി. 1981മുതൽ 88 വരെ ഇറാഖും ഇറാനും തമ്മിൽ പൊരിഞ്ഞ യുദ്ധം ആയിരുന്നു. അതിനാൽ ശത്രു രാജ്യത്തേക്ക് ആ വഴി ആരെയും കടത്തി വിടില്ലെന്ന് ഇറാഖികൾ ശാഠ്യം പിടിച്ചു. ഇറാഖിന്റെ തലസ്ഥാനമായ ബാഗ്ദാദിലേക്കു സംഘം കാർ തിരിച്ചു. ദൂരം 528 കി മീ. 327 കി മീ കഴിഞ്ഞു അൽകുത് എന്ന ചെറിയ പട്ടണത്തിൽ എത്താൻ തന്നെ രണ്ടു ദിവസം എടുത്തു. അവിടെ ഒരു രാത്രി ഹോട്ടലിൽ തങ്ങി.
ഒക്ടോബർ രണ്ടിന് ബാഗ്ദാദിലെത്തിയ സംഘം എട്ടു ദിവസം ഹോട്ടലിൽ കഴിഞ്ഞു. ഇറാക്കിൽ നിന്ന് ടർക്കിയിലേക്കു കടന്ന് അവിടെ നിന്ന് ഇറാനിൽ പ്രവേശിക്കുകയായിരുന്നു ഉദ്ദേശ്യം. വിസയും സംഘടിപ്പിക്കണമല്ലോ.

അഗസ്റ്റിൻ കാറുമായി തിരുവനന്തപുരത്ത് ലൂസിയോടൊപ്പം
ബാഗ്ദാദിൽ വച്ച് ജെയിംസ് പരിപാടി മാറ്റി. കാർ അവിടെ ഉപേക്ഷിച്ച് വിമാനത്തിൽ ജോർദാനിലെ അമ്മാനിൽ എത്തി അവിടെനിന്നു ബോംബെ വഴി നാട്ടിലേക്കു പോയി. ത്രേസ്യാക്കുട്ടിയും മറിയവും മെറിലും ഗ്രേസമ്മയൂം അവരുടെ കൂടെ യാത്രയായി.
ബാഗ്ദാദിൽ ആദ്യം ചെയ്യേണ്ടിയിരുന്നത് കാറിന്റെ കുവൈറ്റ് നമ്പർ ഇറാഖി നമ്പരായി മാറ്റുകയായിരുന്നു. ഒക്ടോബർ 9നു ടർക്കിയിലേക്കുള്ള വിസ ശരിയായി. 403 കി മീ അകലെ മൊസിൽ (Mosul) വഴി ടർക്കിയിൽ കടക്കാൻ പ്ലാനിട്ടു. ടൈഗ്രിസ് നദീമുഖത്താണ് മൊസിൽ. പക്ഷെ അവിടെ അഭയാർഥി കാറുകളുടെ നെടുങ്കൻ ക്യൂ ആണ് കാണാൻ കഴിഞ്ഞത്.
കൊടും തണുപ്പിൽ അഞ്ഞൂറോളം പേർ ഇഴഞ്ഞിഴഞ്ഞു നീങ്ങുന്നു. അവർക്ക് ഒരുപായം തോന്നി. കാറിലുണ്ടായിരുന്ന ഒരു കമ്പിളി സ്വെറ്റർ അവർ ഒരു പോലീസുകാരനു സമ്മാനിച്ചു. നന്ദി സൂചകമായി സ്വന്തം കുപ്പിയിൽ നിന്ന് അല്പം ചാരായം പങ്കിട്ടു നൽകിയ അയാൾ ഇന്ത്യക്കാർക്ക് വേണ്ടി പൂതിയൊരു ക്യൂ തുറന്നു. അഗസ്റ്റിനും കാറും അതിർത്തി കടന്നതോടെ ക്യൂ അടയ്ക്കുകയും ചെയ്തു.

കുവൈറ്റ് ആക്രമണം ന്യുയോർക്ക് ടൈംസിൽ
ഇത്രയുമായപ്പോഴേക്കും അവരുടെ കീശ കാലിയായി. പെട്രോൾ അടിക്കാനും ഭക്ഷണം കഴിക്കാനും പോലും പണം ഇല്ലാതായി. അവസാനത്തെ ഡോളർ നുള്ളിപ്പെറുക്കിയെടുത്ത് ചെലവ് കുറഞ്ഞ ഒരു ഹോട്ടലിൽ ചേക്കേറി. അഗസ്റ്റിൻ കുവൈറ്റിലെ കമ്പനിയിലേക്ക് വിളിച്ചു അടിയന്തിരമായി കുറെ പണം അയക്കാൻ ഏർപ്പാടാക്കി.
കാശില്ലാതെ വന്നപ്പോൾ ടീ ബാഗ് നൽകി രക്ഷപെട്ട സംഭവങ്ങളും ഉണ്ടായി. ഒരു കടയിൽ നിന്ന് ചൂടുവെള്ളം വാങ്ങി ടീ ബാഗ് ഇട്ടു ചായ ഉണ്ടാക്കുന്നതു കാണാൻ പലയിടങ്ങളിലും ആളുകൾ ഓടിക്കൂടി. ചിലയിടങ്ങളിൽ പെട്ടിക്കണക്കിന് ടീ ബാഗുകൾ നൽകിയാണ് താമസവും ഭക്ഷണവും തരപ്പെടുത്തിയത്.
യുദ്ധമേഖലയിൽ നിന്ന് രക്ഷപെട്ടു വന്നവരെ ഒരുനോക്കു കാണാൻ ടർക്കിയിലെ ഒരു ഗ്രാമത്തിൽ ജനം തടിച്ചുകൂടി. വിവരണം തർജമ ചെയ്യാൻ ഒരധ്യാപകനെ അവർ വിളിച്ചുകൊണ്ടു വന്നു. ടർക്കിയിൽ തന്നെ ഒരിടത്ത് കാറിൽ പെട്രോളിന് പകരം ഡീസൽ അടിച്ചത് പൊല്ലാപ്പായി. വിവരമറിഞ്ഞെത്തിയ ഉടമ, കാർ വർക്‌ഷോപ്പിലേക്ക് ഉന്തിക്കൊണ്ടു പോയി ഡീസൽ ഊറ്റിക്കളഞ്ഞു ഫ്രീ ആയി പെട്രോൾ അടിച്ചു നൽകി.

സദ്ദാം ഹുസൈന്റെ ടാങ്ക് സേന
മൊബൈൽ കണ്ടുപിടിച്ചിട്ടില്ലാത്ത കാലമാണ്. ലാൻഡ് ഫോൺ മാത്രം. അന്നൊരു വെള്ളിയാഴ്ച. പണം മൊസിലിലെ ഒരു ബാങ്കിലേക്ക് അയച്ചുകിട്ടാൻ രണ്ടു ദിവസം എടുത്തു. "ഇന്ന നമ്പർ ഉള്ള പാസ്പോർട്ട് ഉടമയ്ക്ക് നൽകാനായി" എത്തിയ 5000 ഡോളർ തിങ്കളാഴ്ച കൈപ്പറ്റി.
ടർക്കിയിലേക്ക് പ്രവേശനം നേടി. അവിടെ എർസുറമിൽ ഇറാന്റെ കോൺസുലേറ്റ് ഉണ്ട്. ഇന്ത്യയുടെ ഒരു ഫെസിലിറ്റേഷൻ സെന്ററും. ടർക്കിയുടെ കിഴക്കേ അറ്റത്തെ അനറ്റോളിയ പ്രവിശ്യയുടെ തലസ്ഥാനമാണ് എർസുറം.
ആദ്യം ചെയ്‌തത് ഇന്ത്യൻ സെന്ററിൽ സഹായം തേടുകയാണ്. പേരിനു സെന്റർ ഉണ്ടെങ്കിലും അത് ആളൊഴിഞ്ഞു കിടന്നു. ഏറെ പണിപ്പെട്ടു വിലാസം സംഘടിപ്പിച്ചു, ഹോട്ടൽ മുറിയിലെത്തി ആളെ കണ്ടു. ഭാഗ്യത്തിന് കൊല്ലംകാരനാണ്. പക്ഷെ ഇറാൻ വിസക്കു വേണ്ടി അദ്ദേഹത്തിന് ഒന്നും ചെയ്യാൻ യില്ല.എങ്കിലും ആ മുറിയിൽ കുളിച്ച് ഭക്ഷണം കഴിച്ച് കിടന്നുറങ്ങാൻ കഴിഞ്ഞു.

കുവൈറ്റിൽനിന്നു ഓടിപ്പോയവരുടെ കാറുകൾ
ഒക്ടോബർ 15നു വിസ കിട്ടിയതോടെ ഇറാൻ അതിർത്തിയിലേക്ക് കുതിച്ചു. അവിടെ ഒരു കൂളിംഗ് ഗ്ളാസ് കൈമാറിയതല്ലാതെ മറ്റൊന്നും വേണ്ടി വന്നില്ല. ടർക്കി അതിർത്തിയിലെ വാൻ എന്ന പട്ടണം വരെ 410 കിമീ ദൂരമുണ്ട്. അഞ്ചു-ആറു മണിക്കൂർ ഡ്രൈവ്. അവിടെനിന്നു ബോർഡർ ക്രോസിങ് ആയ കാപ്പിക്കോയ് വരെ 108 കിമീ.
ടർക്കിയും ഇറാനും തമ്മിൽ 560 കമീ ദൂരമുള്ള അതിർത്തിയുണ്ട്. അതിൽ ഇറാനിലേക്കി കടക്കാനുള്ള പ്രധാന ക്രോസിങ് ആണ് കാപികോയ്. അവിറെനിന്നു ഇറാൻ തലസ്ഥാനമായ ടെഹ്‌റാൻ വരെ ദൂരം 870 കിമീ. റാസിയാണ് ഇറാനുള്ളിലെ അതിർത്തി പോസ്റ്റ്. അവിടെ നിന്നു ഖോയ്, മാറാൻഡ് , ടാബ്‌റീസ്, ക്വസ്‌വിൻ പട്ടണങ്ങൾ വഴി ടെഹ്റാനിൽ എത്താൻ കുറഞ്ഞത് 10 മണിക്കൂർ ഓടണം.
യാത്രാമധ്യത്തിലുള്ള ടാബ്‌റീസ് ഇറാനിലെ ഏറ്റവും പഴക്കം ചെന്ന പട്ടണം ആണ്. തണുപ്പുള്ള മനോഹര നഗരം. പരവതാനിനെയ്ത്തിന്റെ ലോക തലസ്ഥാനം എന്ന് വിളിക്കുന്നു. മെഡിക്കൽ യൂണിവേഴ്‌സിറ്റി ഉൾപ്പെടെ 14 സർവകലാശാലകളുടെ ആസ്ഥാനം.

170,000 പേരെ രക്ഷിക്കാൻ സഹായിച്ച ടയോട്ട സണ്ണി
ഒക്ടോബര് 18 മുതൽ 22 വരെ അഞ്ചു ദിവസം എടുത്തു ഇറാനിൽ . ടെഹ്റാനിൽ മൂന്ന് ദിവസം താമസിക്കുകയും ചെയ്തു. ചരിത്ര നഗരത്തിലെ പ്രധാന കേന്ദ്രങ്ങൾ ഓട്ടപ്രദക്ഷിണം ചെയ്തു കണ്ടു. ടെഹ്‌റാനിൽനിന്നു പാക്ക് അതിർത്തിയിലെ ടഫ്റ്റാൻ ക്രോസിങ് വരെ 1800 കിമീ ദൂരമുണ്ട്. നിർത്താതെ കാർ ഓടിച്ചാൽ കുറഞ്ഞത് 20 മണിക്കൂർ എടുക്കും. കുവൈറ്റ്-കേരള യാത്രയിലെ ഏറ്റവും ദൈർഘ്യമേറിയ പാത ഇതായിരുന്നു.
പാകിസ്ഥാനിൽ ബേനസിർ ഭൂട്ടോ ഭരണകൂടത്തെ നിഷ്കാസനം ചെയ്തു പ്രസിഡന്റ് ഭരണത്തിലൂടെ സൈന്യം പിടിമുറുക്കിയ കാലം. കുവൈറ്റിൽ നിന്ന് വരുന്നവരെ സൈന്യത്തിന്റെ അകമ്പടിയിൽ ക്വറ്റ നഗരം വഴി ലാഹോറിലും അവിടെനിന്നു വാഗാ ചെക്പോസ്റ്റിലും എത്തിക്കും. പാക് മണ്ണിൽ ആറു ദിവസം കഴിയേണ്ടി വന്നു. ഭക്ഷണവും താമസവുമെല്ലാം സൗജന്യം. ക്വറ്റയിൽ തീവ്രവാദി ഭീഷണിയുള്ളതിനാൽ പുറത്തിറങ്ങരുതെന്നു നിർദ്ദേശം കിട്ടി.
അമൃതസറിലേക്കു കടക്കും മുമ്പ് വാഗാ ചെക്പോസ്റ്റിലായിരുന്നു ഏറ്റവും വലിയ പരീക്ഷണം. ഇന്ത്യക്കാരും ശ്രീലങ്കക്കാരും ബംഗ്ളദേശികളും അടങ്ങിയ യാത്രികരെ കടത്തി വിടാൻ തടസമുണ്ടായില്ലെങ്കിലും ഇന്ത്യക്കാരുടെ വാഹനങ്ങൾ കടത്തിക്കൊണ്ടു കൊണ്ടുപോകാൻ സമ്മതിച്ചില്ല. മിത്സുബിഷിക്കു കസ്റ്റസ് 5,60,000 രൂപ വിലയിട്ടു. അതിനസസരിച്ച് ഡ്യൂട്ടി അടക്കണം.
"ഞങ്ങൾ അമൃതസരസിൽ ക്യാമ്പ്ചെയ്‌ത് പോംവഴി ആലോചിച്ചു. വിപി സിങ് ആണ് അന്ന് പ്രധാനമന്ത്രി. ഒരകന്ന ബന്ധുവായ പി.സി. തോമസ് മൂവാറ്റുപുഴ നിന്ന് കേരള കോൺഗ്രസ് ടിക്കറ്റിൽ പിജെ ജോസഫിനെയും പിപി എസ്തോസിനെയും തോൽപ്പിച്ചു ലോക് സഭയിൽ ശോഭിക്കുന്ന കാലം.

എയർ ഇന്ത്യയുടെ രക്ഷാപ്രവർത്തനം
"ഞങ്ങൾ അദ്ദേഹത്തെ വിളിച്ച് വിവരം ധരിപ്പിക്കുകയും വിശദമായ ഒരു നിവേദനം തയ്യാറാക്കി എത്തിച്ചുകൊടുക്കുകയും ചെയ്‌തു. യുധ്ധമേഖലയിൽ നിന്ന് പ്രാണൻ രക്ഷിക്കാൻ ഓടിപ്പോന്നവർ എന്ന പരിവേഷം ഞങ്ങൾക്കുണ്ടായിരുന്നു. തോമസ് വിവരം വിദേശമന്ത്രാലയത്തിലും പാർലമെന്റിന്റെ വിദേശകാര്യ സമിതിയിലും അവതരിപ്പിച്ചു.
അമൃതസരസ്സിൽ നിന്നെത്തിയ പഞ്ചാബികളുടെ വാഹനങ്ങളും അതിത്തിയിൽ കുടങ്ങിയപ്പോൾ ചണ്ഡിഗറിലെ ദി ട്രിബ്യുൺ എന്ന ഇംഗ്ലീഷ് പത്രത്തിലും പഞ്ചാബി പത്രങ്ങളിലും ചിത്രങ്ങൾ സഹിതം റിപോർട്ട് വന്നു. യുദ്ധത്തിൽ നിന്ന് രക്ഷപ്പെട്ടു വന്നവരെ ഇന്ത്യ പീഡിപ്പിക്കുന്നു എന്ന മട്ടിൽ. റിപ്പോർട്ടുകൾ ഗവർമെന്റിനു നാണക്കേടായി.
ഒടുവിൽ കുവൈറ്റിലെ യുദ്ധ മേഖലയിൽ നിന്ന് വാഹനവുമായി എത്തിയവരെ കസ്റ്റംസ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കികൊണ്ടുള്ള ഉത്തരവു വന്നു. കാറുമായി വന്ന ആദ്യ സംഘം അഗസ്റ്റിൻ-റോയിമാരുടേതായിരുന്നു. പക്ഷെ പിന്നീട് വന്നവർക്കെല്ലാം ആ ഉത്തരവിന്റെ പ്രയോജനം ലഭിച്ചു.

ആക്രമണത്തെ അതിജീവിച്ച കുവൈറ്റ്
കാർ വീണ്ടെടുത്ത് യാത്ര തുടരാൻ വേണ്ടിവന്നത് എട്ടു ദിവസം. അമൃത്സറിലും ഡൽഹിയിലും ബാംഗ്ളൂരിലും താമസിച്ചു. നിലമ്പൂരിനടുത്ത് മണിമൂളിയിൽ ജെയിംസ് ത്രേസ്യാമ്മമാരുടെ കൂടെ ഒരു രാത്രി തങ്ങി. എട്ടാം ദിവസം മുണ്ടക്കയത്തും ചിങ്ങവനത്തും എത്തി. അഗസ്റ്റിൻ ലൂസിയെയും മക്കളെയും ആലിംഗനം ചെയ്തു വീടണഞ്ഞു.
1990 നു ശേഷം 35 വർഷം എന്തെല്ലാം സംഭവിച്ചു? കുവൈറ്റിൽ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ ടയോട്ടാ സണ്ണി 2017 മെയ് 17നു അന്തരിച്ചു. ഇരവിപേരൂരിൽ കബറടക്കി. വയസ് 81. കുഞ്ഞുമോൾ എന്ന ത്രേസ്യാക്കുട്ടി 2025 സെപ്റ്റംബർ 11നു ബാംഗളൂരിൽ അന്തരിച്ചു. പിറ്റേന്നു മണിമൂളി ക്രിസ്തു രാജ പള്ളിയിൽ സംസ്ക്കാരം, പ്രായം 82.
റോയി (74) യും മറിയവും മെറിലും സിഡ് നിയിലേക്കു കുടിയേറി. മുണ്ടക്കയം ഇഞ്ചിയാനി പുറപ്പന്താനത്തു അഗസ്റ്റിൻ (76) ഒരിക്കൽ കൂടി കുവൈറ്റിൽ പോയി അതേ കമ്പനിയിൽ ജോലി ചെയ്തു മടങ്ങി. മുണ്ടക്കയം ടൗണിൽ നിർമിച്ച 17,000 ച.അടിയുടെ മൂന്നു നില ക്കെട്ടിടത്തിൽ റിലയൻസ് ട്രെൻഡ്‌സ് പ്രവർത്തിക്കുന്നു.