Image

ആത്മരഹസ്യം ( നോവൽ - 25 : മിനി ആന്റണി )

Published on 25 July, 2026
ആത്മരഹസ്യം  ( നോവൽ - 25 : മിനി ആന്റണി )

റൈനു അതിരാവിലെത്തന്നെ റെഡിയായി മെയിൻ റോഡിലേക്ക് സാവകാശം നടന്നു.  ഏഴുമണിക്ക് അവിടെ നിൽക്കാമെന്നാണ് പൈനാപ്പിൾ ഗന്ധക്കാരനോട് പറഞ്ഞിട്ടുള്ളത്. അഞ്ച് മിനിറ്റിൻ്റെ ദൂരമേയുള്ളൂ.  ഇനിയും ധാരാളം സമയമുണ്ട്.  ജോഗിംങ്ങ് വേഷത്തിലല്ലാതെ റൈനുവിനെ കണ്ട് സ്ഥിരം നടപ്പുകാരായ സുഹൃത്തുക്കൾ കൈകൈാണ്ട്  എന്തേ? എന്നാംഗ്യം കാട്ടി.

ഇന്നത്തെ ജോഗിംങ് വേണ്ടെന്ന് വച്ച് ആ നേരംകൂടി ഹൈമവതി ടീച്ചർക്കൊപ്പമിരിക്കുകയാണ് ചെയ്തത്.    അവരുടെ നിശബ്ദമായ പ്രവൃത്തികൾക്കൊപ്പമുള്ള  തൻ്റെ കുറച്ച് നേരത്തെ സാന്നിധ്യം. അതവരെ സന്തോഷിപ്പിക്കുന്നുണ്ടെന്ന് റൈനുവിനറിയാമായിരുന്നു.

മെയിൻറോഡിലേക്കെത്തിയപ്പോൾ അയാളവിടെ ജീപ്പുമായി കാത്തുനിൽപ്പുണ്ട്.  പൈനാപ്പിൾ ഗന്ധക്കാരൻ.  ഏഴാവാൻ  അഞ്ച് മിനിറ്റും കൂടിയുണ്ടായിരുന്നു.  
"നേരത്തേ എത്തിയല്ലോ."  എന്ന കുശലാന്വേഷണത്തോടെ റൈനു ജീപ്പിനകത്ത് കയറിയിരുന്നു.

"ഗെയ്റ്റട കിട്ടണ്ടാന്ന് കര്തി ഞാൻ നേരത്തേ എറങ്ങി. ഗെയ്റ്റട കിട്ടിയില്ല. പിന്നെ കാലത്തെന്നെ ആയോണ്ട് റോഡ് കാലി. ഒരു തട്ടും തടവും ഇല്ലാണ്ടിങ്ങ്ട് പോന്നു.  അതോണ്ട് കൊർച്ച് നേരത്തേ എത്തി..  ഇവടെ വണ്ടി നിർത്തിപ്പോ നല്ല മണം.  അതോണ്ട് രാവിലന്നെ  എന്തേലും കഴിക്കാന്ന് കരുതി  ദാ… ആ പലഹാരക്കടേ ചെന്നു. നോക്കുമ്പോ  ധാരാളം ഐറ്റംസ് ഒക്കെണ്ട്. കറി ഒന്നും ഇല്ല. അവർക്ക് പലഹാരങ്ങളടെ മാത്രം ഹോൾസെയിൽ കച്ചോടാത്രെ.  പിന്നെ നോക്കുമ്പോ നല്ല ഗോതമ്പ് പുട്ട് .  നെറയെ തേങ്ങ ഒക്കെ ഇട്ടത്. ചുടുചുടാന്ന്.  രണ്ട് കഷ്ണങ്ങ്ട് വാങ്ങി.   അത് കഴിക്കാൻ കറി ഒന്നും വേണ്ട. കൊച്ച് വല്ലതും കഴിച്ചോ. ഇല്ലെങ്കി പുട്ട് രണ്ട് കഷ്ണം കൂടി വാങ്ങാം.…."

പുട്ടിനെ പറ്റിയുള്ള വിശദീകരണം തുടരുന്നതിനിടയിൽ റൈനു ഇടയ്ക്ക് കേറി പറഞ്ഞു.

"ഓ…. വേണ്ട. ചേട്ടൻ വണ്ടിയെടുക്ക്.  ബ്രേയ്‌ഫാസ്റ്റിനെനിക്ക് കൃത്യം മെനു ഉണ്ട്.  ഇന്നിപ്പോ വീട്ടിലേക്കല്ലേ. അതോണ്ടൊന്നും കഴിച്ചില്ല.  ഈ നേരായോണ്ട് ചിയാരം വഴി കേറി ഹൈവേക്കോടെ വച്ച് പിടിച്ചാ ഒമ്പതാവുമ്പഴക്കും വീട്ടിലെത്താം. അവടെ ചെന്നാ എന്തെങ്കിലും വെറൈറ്റി  കഴിക്കാലോ."

" അപ്പൊ ഇന്ന് ഡയറ്റിന്  സുല്ല്….."

അയാൾ  തലകുലുക്കി ഉറക്കെ ചിരിച്ചു.  അയാളുടെ ഊശാൻതാടി  കാറ്റത്ത് അങ്ങോട്ടും ഇങ്ങോട്ടും പിന്നെ പകുത്ത് ഇരുസൈഡിലേക്കുമായി പറന്നുകൊണ്ടിരുന്നു.  റൈനു വണ്ടിയിലാകമാനം ഒന്ന് നോക്കി.  ബാഷയുടെ ആ പുസ്തകം അയാളെടുത്തിട്ടില്ലേ?  എടുക്കാൻ പ്രത്യേകം പറഞ്ഞേൽപ്പിച്ചതാണ്. അന്നൊരു നോട്ടം മാത്രമാണ് കണ്ടത്. ഒന്ന് തുറന്ന് നോക്കാൻ പറ്റിയില്ലായിരുന്നു. പുസ്തകത്തിൻ്റെ  പേര് പോലും കണ്ണിൽ പെട്ടില്ല. അതെങ്ങനെ! ബാഷ എന്ന പേര് കണ്ടപ്പോൾ മറ്റെല്ലാം മറന്നുപോയിരുന്നല്ലോ. ജീപ്പ് ചിയാരം സ്‌റ്റോപ്പിൽ നിന്ന് ഹൈവേയിലേക്ക് കയറി വലത്തോട്ടോടാൻ തുടങ്ങി.

"ചേട്ടൻ്റെ കൃഷി എവടെയായിട്ട് വരും? കല്ലൂര് റൂട്ടില് കടന്നാ  ഏതെങ്കിലും സ്‌റ്റോപ്പിൽ നിർത്ത്യാ മതി. അവടന്നെപ്പഴും  കള്ളായി - മരോട്ടിച്ചാല്  ബസുണ്ടാവും. ഞാനതി കേറി പോയ്ക്കോളാം. "

"ഞാനാലേങ്ങാട് വരേണ്ട്.  പിന്നവടന്ന്  അരമണിക്കൂറത്തെ യാത്രണ്ടാവും കൊച്ചിൻ്റെ വീട്ടിലേക്ക്.  കൊച്ച് പറഞ്ഞപോലെ ഒമ്പത് മണിക്കവടെ എത്തണേല്  ബസ് പിടിച്ചാ നടക്കില്ല്യ. എന്താ കാര്യം ?  കാലത്തെന്നെ അവടന്ന് ഇങ്ങട്ട് ബസോള്ണ്ടാവും. എന്നാ അങ്ങോട്ടോ?  ചെലപ്പോ ഒരു മണിക്കൂറ് നിക്കണ്ട വരും. അതോണ്ട് ഞാനങ്ങട് കൊണ്ടാക്കാം. ആലേങ്ങാട് വരെ താനില്ലെങ്കിലും എനിക്ക് പോണല്ലോ. പിന്നെ അവടന്നങ്ങോട്ടൊള്ള യാത്ര സൗജന്യൊന്നും അല്ല .  കൊച്ചന്ന് പാതിരാത്രിക്ക് എന്നെ കൊണ്ടാക്കാൻ മെനക്കെട്ടതല്ലേ.  ആ കടങ്ങട് തീർക്കാന്ന് കരുത്യാ മതി. ഞങ്ങള് കൃഷിക്കാർക്ക് കടം ചതുർത്ഥ്യാ . "

റൈനു ചിരിച്ചു.  പിന്നെ പെട്ടെന്ന് ചോദിച്ചു.

"ചേട്ടാ…. ആ പുസ്തകം …..?”

അയാൾ തലചൊറിഞ്ഞുകൊണ്ട് പറഞ്ഞു.

"ഒ… ഓ…. ഞാനത് പറയാൻ വിട്ടു. അത് കൊണ്ടരാൻ പറ്റീല്ല്യ.  കൊണ്ടരണം എന്നന്യാ വിചാരിച്ചത്.  അപ്പഴല്ലേ ആ വേന്ദ്രൻ ഇന്നലെ വിളിച്ചത്.  പുസ്തകം വേണന്ന് പറഞ്ഞ്. അയാൾടെ പുസ്തകം . പറ്റില്യാന്ന് പറയാൻ പറ്റ്വോ… !"

"ആര് !  ബാഷയോ ?"

"അയാളെന്നെ.  ബഷീറ്.  അയാൾക്ക് ഈ രോഗിശുശ്രൂഷിണ്ടെന്ന് ഞാൻ   പറഞ്ഞിട്ടില്ലേ.  ഞങ്ങള് പരിചയായത് അങ്ങനാന്ന്. ഇന്നലെ മെഡിക്കൽ കോളജീന്ന് വിളിച്ചേക്കണു. ഒര് ഒമ്പത് മണ്യായപ്പോ .  "രഘ്വേട്ടാ…. ആ പുസ്തം കയ്യിലിണ്ടാ. എനിക്കത് അത്യാവശ്യണ്ട്. ഇന്നന്നെ വേണം. രാമേട്ടൻ്റവടെ പോയി എടുത്തോണ്ട് വരാൻ സമയല്ല്യാത്തോണ്ടോ … "എന്നൊക്കെ പറഞ്ഞു.  അയാൾക്ക്  രോഗീടടുത്തൂന്ന് അധിക സമയം മാറിനിക്കാൻ പറ്റില്ലാത്രേ.  അത്യാവശ്യായിട്ട്  പുസ്തകം വേണം താനും. അങ്ങനൊരാവശ്യം പറഞ്ഞപ്പോ ഞാനത്  അയാൾക്ക് കൊണ്ടുകൊടുത്തു."

"ഉവ്വ .  പുളു . പുസ്‌തകം കൊണ്ടരാൻ പറ്റീല്ലെങ്കി അത് പറഞ്ഞാ പോരെ. അതിനിത്ര വല്ല്യ കഥ പറയണോ ."

"എൻ്റമ്മാണേ സത്യം.  ബഷീറിന് എന്തോ വല്ല്യ കാര്യം കാണും. അല്ലെങ്കിങ്ങനെ ധൃതീല് വാങ്ങില്ല്യ.  അയാൾടെ കയ്യില് ഒരു കോപ്പിണ്ടല്ലോ. അത് പിന്നീട് എനിക്കെന്നെ തരാന്ന് പറഞ്ഞണ്ട് .  പുസ്തകം  ഒരു കോപ്പി അടിച്ചാ മതീന്നാ പറഞ്ഞത്. അയാൾക്ക് ഒരൊറ്റ കോപ്പി മതീത്രെ. വേറെ ആരും അത് വായിക്കണം എന്ന ആഗ്രഹോം ഇല്ല.  ഞാൻ കൂട്ടാക്കാണ്ടടിപ്പിച്ചതാ രണ്ടാമത്തെ കോപ്പി. സൂക്ഷിച്ച് വയ്ക്കാൻ . എന്നെങ്കിലും അയാളെ ലോകം അറിയണം എന്ന് എനിക്കാഗ്രഹം ഉണ്ട്. "

" അത്രക്കൊക്കെ  ഉണ്ടോ ആ പുസ്‌തകത്തില്."

"എനിക്കങ്ങനെ തോന്നണു. ഒരോ കവിതയിലും അയാളാണ് നിറഞ്ഞ് നിക്കണത് . അയാളിലൂടെ  നമ്മളോരോരുത്തരും."

ആ പുസ്തകം ഒന്ന് മറച്ചുനോക്കാൻ കഴിയാത്തതിൽ റൈനുവിന് നഷ്ടബോധം തോന്നി. മായയുടെ ബാഷയാണയാളെങ്കിൽ ….!  ജീവിച്ചുതീർത്ത ജീവിതം കൊടുത്ത ബോധവും ബോധ്യവും അതിലുണ്ടായിരിക്കണം.  മായ ഒന്നും വിട്ടു പറഞ്ഞിട്ടില്ല. ഒരിക്കലും. കൂടുതലായി താനൊന്നും ചോദിച്ചിട്ടുമില്ല. എങ്കിലും മായയുള്ള കാലത്തും മായക്കുശേഷവും ബാഷ ഒരുപാടനുഭവങ്ങളിലൂടെ കടന്നുപോയിട്ടുണ്ടാകണം.  ഇനി കൂടുതലായെന്തെങ്കിലും ഇയാൾക്ക് ബാഷയെക്കുറിച്ച് പറയാനുണ്ടാകുമോ ? പതുക്കെ ചോദിച്ച് നോക്കാം.

"ആലേങ്ങാട് എവിട്യാ  കൃഷി.  കൊറേയുണ്ടോ? ആ സ്‌കൂളിൻ്റെ അടുത്തെങ്ങാനും ആണോ ?"  റൈനു വിഷയം മാറ്റി ചോദിച്ചു.

"സ്‌കൂളിൻ്റെ പൊറകിലായിട്ട് വരും. ഒരഞ്ച് മിനിറ്റ് ജീപ്പിലാണെങ്കി . കൊറേ ഉണ്ടോന്ന് ചോദിച്ചാല്  അവടെ ഒരു നാലഞ്ചേക്കറ്. പിന്നേയ് ഞാനൊരു കാര്യം ചോദിക്കട്ടെ. എന്താ ഈ ബാഷേനെ പറ്റി അറിയാനൊരുത്സാഹം"

"ഏയ്….. പ്രത്യേകിച്ചൊന്നും ഇല്ലാന്നേ.  ഒരു ക്യൂരിയോസിറ്റി.  ബാഷ എന്ന പേര്.  പിന്നെ ചേട്ടൻ പറഞ്ഞ ചില കാര്യങ്ങള്.  എല്ലാം കൂട്ടി വായിച്ചപ്പോ ഒരു താൽപര്യം."

“അവനോടെല്ലാർക്കും ഒരു താൽപര്യം തോന്നും.  ആ ബുക്ക് കണ്ടപ്പോ കൊച്ചിനും തോന്നിയത് അതായിരിക്കും. ഇപ്പ രാമേട്ടൻ്റൊപ്പാണ് താമസം.  ഈ രാമേട്ടനും ഒരു രസികനാ .  ശരിക്കും ഞങ്ങള് ഒന്നിച്ചൊള്ളതൊരു വൈബാ. ബഷീറിൻ്റെ കവിത പോലന്നെ രസാണ് അവൻ്റെ കവിത ചൊല്ലലും.  ആളൊരു ചങ്ങമ്പുഴ ഫാനാ.  എന്ത് ഭാഗ്യായിട്ടാ ചൊല്ലണേന്നറിയോ.  എത്ര വേണേലും കേട്ടിരിക്കാൻ തോന്നും.എനിക്കീ കവിതകളോട് അത്രക്കങ്ങട്ട് ഭ്രമണ്ടാർന്നില്ല.  ഇവൻ്റെ കൂടെ കൂട്യേ പിന്നാ അതുണ്ടായത്.  ഞങ്ങളൊന്നിക്കാൻ മറ്റൊരു കാരണം കൂടീണ്ട്.  ഒരേ വേവ് ലെങ്ങ്ത്തിലുള്ളോരാണ് പെട്ടെന്ന് ആകർഷിക്കപ്പെടാന്ന് കേട്ടിട്ടില്ലേ.ഞങ്ങളെല്ലാം അനാഘ്രാത പുഷ്പങ്ങളാണ്.  ബാച്ചിലേഴ്‌സ്…… കൊച്ചാ കൂട്ടത്തിപെട്ടതാണോ . പെട്ടെന്ന് കൂടെ കൂടിയോണ്ട് ചോദിച്ചതാ. “

തമാശ സ്വയമാസ്വദിച്ചെന്നപോലെ അയാൾ തലയറഞ്ഞുചിരിച്ചു..  റൈനുവയാളെ സൂക്ഷ്മമായി കേട്ടുകൊണ്ടിരിക്കുകയായിരുന്നു. ബഷീർ അവിവാഹിതനാണെറിഞ്ഞപ്പോൾ അവൾക്ക് സന്തോഷം തോന്നി.

" ചേട്ടാ …… ഞാനാ  അനാഘ്രാതത്തിൽ പെടുന്ന ആളല്ല. ഒരു ഘ്രാതകുസുമമാണ്. പിന്നെ…. പിന്നെന്തൊക്കെ സാമ്യങ്ങളുണ്ട് നിങ്ങൾക്കിടയിൽ ?”

"അവിടെ ആ ഒറുകുഴീടടുത്ത്  സ്ഥലം നോക്കാൻ ചെന്നപ്പഴുണ്ട് ഈ വിദ്വാൻ അവിടെ ! നോക്കാൻ ചെന്ന സ്ഥലം നെറച്ച് പാറ. പിന്നെ കാടും. വെട്ടിത്തെളിച്ച് മെനക്കെടണം. അതോണ്ട് വേണ്ടാന്ന് വച്ചതാ.  ഈ വിദ്വാൻ്റൊപ്പം അവൻ്റെ ആശാനായ രാമേട്ടനെ കാണാൻ പോയി, വർത്താനോം ചെസ്സ്കളിം പാട്ടും പദോം ഒക്കെ ആയപ്പോ,  പിന്നെ ആ  സ്ഥലം വാങ്ങാണ്ടിരിക്കാൻ പറ്റീല്ല്യ.  എടക്കൊക്കെ അങ്ങട്ട് വരാനൊരു കാരണം വേണോലോ. അങ്ങനെ അന്നവടെ കൂടീട്ട് പിറ്റേന്നാ തിരിച്ച് പോന്നത്. പിന്നെ ഞങ്ങളെപ്പോലെ ചോയ്ക്കാനും പറയാനും ആളില്ലാത്തോർക്ക് ആകാശത്തിന് കീഴെ എവടേം കൂടാം. ശരിക്കും പറഞ്ഞാ അതൊരു സൗകര്യാലേ…… “

അയാൾ അതും പറഞ്ഞ് നിശബ്‌ദനായി. ജീപ്പപ്പോൾ ഹൈവേയിൽ നിന്ന്  ഒല്ലൂർ പോലീസ് സ്റ്റേഷന് മുന്നിൽകൂടി കട്ട് ചെയ്ത് നാലുവരിപ്പാത മുറിച്ച് കടന്ന് തൃക്കൂർ റോഡിലൂടെ പോയ്കൊണ്ടിരിക്കുകയായിരുന്നു. റൈനു അയാൾ നിശബ്‌ദനായത് ശ്രദ്ധിക്കാതെ മറ്റെന്തോ ആലോചിച്ചുകൊണ്ടിരുന്നു. അതിനിടയിലും ‘ഞങ്ങളെപ്പോലെ ചോദിക്കാനും പറയാനും ആളില്ലാത്തവർ ‘എന്ന വാചകം അവൾ പിടിച്ചെടുത്തിരുന്നു. ആ ബാഷ തന്നെയാണ്  ഈ ബാഷ എന്നുറപ്പിക്കണമെന്ന നിർബന്ധം ഉള്ളിലുള്ളതിനാൽ ആ വാചകം ഈ ബാഷ ഒരു യത്തീമാണ് എന്ന തീരുമാനത്തിലെത്താൻ റൈനുവിനെ പ്രേരിപ്പിച്ചു.

ജീപ്പ് മതിക്കുന്നമ്പലത്തിലേക്കുള്ള റോഡും കഴിഞ്ഞ് പകര അമ്പലത്തിൻ്റെ മുന്നിലൂടെ പോകുന്നതിനിടയിലാണ് കുറേ നേരമായി തങ്ങളിരുവരും മൗനത്തിലാണെ കാര്യം അവൾ ശ്രദ്ധിക്കുന്നത്.

"എന്തു പറ്റി….?" റൈനു അയാളോട് ചോദിച്ചു. അയാളും മറ്റേതോ ലോകത്തിലായിരുന്നെന്ന് തോന്നുന്നു.  അയാൾ "ഏ ……,,, “  എന്ന മൂളലോടെ ഞെട്ടിത്തിരിഞ്ഞ് "ഒന്നുമില്ല" എന്ന് ചുമൽ കുലുക്കി.

വാതോരാതെ സംസാരിക്കുന്ന രണ്ടുപേർക്കിടയിലും ചിലപ്പോൾ ഇതുപോലെയുള്ള ശൂന്യസ്ഥലികൾ പ്രത്യക്ഷപ്പെടാമെന്ന  സാഹിത്യം പറഞ്ഞ് അയാൾ പുഞ്ചിരിച്ചു.  

"കൊച്ച്  വരുന്നോ എൻ്റെ തോട്ടത്തിലേക്ക്. അപ്പന് കൊടുക്കാൻ അഞ്ചാറ് കൈതച്ചക്ക കൊണ്ടോവാം. രാമേട്ടൻ്റേം ബഷീറിൻ്റേം തട്ടകം കാണേം ചെയ്യാം.  സമയം ഒമ്പത്  എന്നൊള്ളത് ഒരു പത്താവും. അതിപ്പോ അത്ര പ്രശ്‌നല്ലെങ്കി നമ്മക്ക് പോവാം"

"ബഷീർ അവടെ ഇല്ലാന്നല്ലേ പറഞ്ഞത്. ഉണ്ടെങ്കി ഞാൻ വന്നേനെ.പിന്നെ രാമേട്ടൻ അവടെണ്ടാവും എന്ന് ഒറപ്പൊന്നും ഇല്ലല്ലോ. ആള് വല്ലോടത്തും കറങ്ങാൻ പോയിണ്ടെങ്കിലോ?  പിന്നെ പൈനാപ്പിള്. അതവടെ അപ്പൻ ഇഷ്‌ടംപോലെ നട്ട് പിടിപ്പിച്ചണ്ട്."

"ബഷീറില്ല്യ.  പക്ഷേ രാമേട്ടൻ എവടേം പോവില്യ.  രാമേട്ടൻ്റെ കാല് വയ്യാത്തതാ. കാര്യം ഒറ്റക്കാലോണ്ട്  എവടെ വേണേ പോയേർന്നതാത്രേ . പക്ഷേ ഇപ്പോ വയസ്സായില്ലേ. ആ വീടും പറമ്പും വിട്ട് പൊറത്തോട്ടൊന്നും ആള് പോവാറേയില്ല."

"വേറൊരു ദിവസാവാം ചേട്ടാ. അപ്പൻ്റെ കാലും കമ്പി ഇട്ട് ഇരിക്കാ.  കൊറയായി ഞാനൊന്ന് ചെന്നട്ട്. "

പിന്നെയും പലതും സംസാരിച്ചെങ്കിലും അയാളിൽ നിന്ന് ബഷീറിനെ പറ്റി കൂടുതലൊന്നും റൈനുവിന്  കിട്ടിയില്ല.  രൂപത്തിന് ഒട്ടും അനുയോജ്യമല്ലാത്ത സ്വഭാവമുള്ള ഒരു മനുഷ്യൻ.  അയാൾ പറഞ്ഞത് ശരിയാണെങ്കിൽ അതേ വേവ് ലെങ്ങ്തിലുള്ള മറ്റൊരു മനുഷ്യനാണ് ബഷീർ.  ഇയാളെപ്പോലെയോ അല്ലെങ്കിൽ ഇയാൾക്കപ്പുറമോ പ്രത്യേകതയുള്ള മറ്റൊരു മനുഷ്യൻ.  

കണക്കുകൂട്ടിയതിനേക്കാൾ വേഗത്തിൽ റൈനു വീട്ടിലെത്തി.  വീടിനരികിൽ ജീപ്പ് നിർത്തിയിറങ്ങുമ്പോൾ റൈനു അയാളെ വീട്ടിലേക്ക് ക്ഷണിച്ചു. ക്ഷണം സ്‌നേഹപൂർവ്വം നിരസിച്ച് അവിടെയടുത്ത് മറ്റാരേയോ കാണണമെന്ന കാരണം പറഞ്ഞ് അയാൾ തിരിച്ചുപോയി.

റൈനു കയറിച്ചെല്ലുമ്പോൾ ജോസൂട്ടി ഇറയത്തെ കസേരയിൽ എപ്പോഴത്തേയുമെന്ന പോലെ ഇരിപ്പുണ്ടായിരുന്നു.  മകളെ കണ്ട ആഹ്‌ളാദത്തിൽ അയാൾ അകത്തേക്ക് നോക്കി ഭാര്യയെ വിളിച്ചു. ലിസി അകത്തുനിന്നോടി വന്നു.

കയ്യിലിരുന്ന ചെറിയ ബാഗ് ലിസിയെ ഏൽപിച്ച്  റൈനു ഇറയത്ത് വെറും നിലത്ത് താഴേക്ക് കാലിട്ടിരുന്നു. ലിസി ഒരു ഗ്ലാസ് കട്ടൻകാപ്പിയുമായി വേഗം തിരിച്ചെത്തി. കാലിന്  ചുറ്റും പറക്കുന്ന ചെറുതേനീച്ചകളെ നോക്കി റൈനു കാപ്പി കുടിക്കാൻ തുടങ്ങി.  നല്ല പോലെ മധുരമിട്ട ചുക്കും ഏലക്കായും പൊടിച്ചിട്ട ചുടുകാപ്പി .  ഇറയത്തെ തറയ്ക്കുള്ളിൽ ഒരു ചെറുതേൻ ഫാക്ടറിയുണ്ട്.  ഫാക്ടറിയുടെ വാതിൽ റൈനുവിൻ്റെ ചുരിദാർ കൊണ്ട് മൂടിയതിൻ്റെ  പ്രതിക്ഷേധത്തിലാണ് തേനീച്ചകൾ.  റൈനു കാലിറയേത്തേക്ക് കയറ്റി വച്ച് തൂണും ചാരിയിരുന്നു. പ്രതിക്ഷേധക്കാർ കൂടിനകത്തേക്ക് മടങ്ങി. എതിർവശത്തെ പടിയിൽ ലിസിയും വന്നിരുന്നു.

"കഞ്ഞിയും ചമ്മന്തിയും എടുത്ത് വച്ചിട്ടുണ്ട്. മോള് വന്നിട്ട് കുടിക്കാനായി അപ്പനും കാത്തിരിപ്പിലാ .“ ലിസി പറഞ്ഞു.

കാല് ചവിട്ടിയൊടിച്ച  പിള്ളാര് വന്ന് മാപ്പപേക്ഷിച്ചതിനെപറ്റിയും കേസ് കോംപ്രമൈസാക്കിയതിനെപറ്റിയും പിന്നെ ജോസൂട്ടിയുടെ ആശുപത്രിവിശേഷങ്ങളും  ഒക്കെ പറഞ്ഞ് മൂന്നാളും ഒന്നിച്ചിരുന്ന് കഞ്ഞി കുടിച്ചു.  ഉച്ചയ്ക്കലേക്ക് എന്തുണ്ടാക്കണമെന്ന ചോദ്യവുമായി കഞ്ഞിപാത്രങ്ങളടുക്കിയെടുക്കുന്ന ലിസി.  അവരുടെ ഓരോ പെരുമാറ്റവും  പണ്ടേക്കുപണ്ടേ  ഈ വീട്ടിലുണ്ടായിരുന്ന ഒരാളെപ്പോലെയാണ്. റൈനുവിനിഷ്ടമുള്ള  നാടൻ വിഭവങ്ങളുടെ മെനുവുമായി ലിസി അടുക്കളയിലേക്ക് പോയി.  അപ്പനും മകളും അപ്പുറത്തും ഇപ്പുറത്തുമിരുന്ന്  ആലോചനയിലാണ്ടു. അവർ മാത്രമാകുമ്പോൾ അവർക്കു മാത്രമായെന്തെങ്കിലും പറയാനുണ്ടാകുന്നത് വളരെ അപൂർവ്വമാണ്.  റൈനു ഇറയെത്തെ ചുവന്ന ഫെറോസിമൻ്റിൻ്റെ മിനുക്കത്തിലേക്കും തണുപ്പിലേക്കും കൊടുംകൈ കുത്തികിടന്നു.  പുറത്തെ പച്ചപ്പിലേക്കും ശബ്ദങ്ങളിലേക്കും മനസ്സുകൊടുത്ത് കിടക്കുമ്പോഴാണ് ലിസി വന്ന് പറയുന്നത്.

" മോൾടെ കളിക്കൂട്ടുകാരൻ വന്നണ്ടാർന്നല്ലോ…. അപ്പൻ പറഞ്ഞില്ലേ ?"

റൈനു പെട്ടെന്നെണീറ്റിരുന്നു.

"കളിക്കൂട്ടുകാരനോ ….! അതാരാ ?"

ജോസൂട്ടി തലയും നെഞ്ചുമുഴിഞ്ഞുകൊണ്ട്  വലിയ ഗൗരവം കൊടുക്കാത്ത മട്ടിൽ പറഞ്ഞു.

"ഞാനതങ്ങ്ട്  മറന്നോയി .   നമ്മടെ ചെക്കനില്ലേടീ…. അവൻ വന്നേക്ക്ണു .   അല്ലെങ്കിലും എനിക്കറിയാർന്നു. അവൻ വരൂന്ന്. "

" അപ്പനാരടെ കാര്യാ പറയണെ.“

"എടീ… നീ കുഞ്ഞായിരുന്നപ്പോ ഇവടെ താമസിച്ചേർന്ന ഉമ്മേം മോനും ഇല്ലേ. അവൻ  അന്വേഷിച്ച് വന്ന കാര്യാ."

അത്ഭുതവും ആകാംക്ഷയും നിറഞ്ഞ മുഖത്തോടെ റൈനു ജോസൂട്ടിയെയും ലിസിയെയും മാറിമാറി നോക്കി.

"ഏ …. ഇത്ര കാലം കഴിഞ്ഞിട്ടും! എന്നിട്ട് …..എന്നിട്ടെന്താന്ന് വിസ്‌തരിച്ച് പറയ് അപ്പാ."

"നിങ്ങള് കഥ പറയ്.  ഞാൻ പോണ് “ അപ്പനെയും മകളെയും ഒറ്റയ്ക്ക് വിട്ട്  ലിസി വീണ്ടും അടുക്കളയിലേക്ക് പോയി. റൈനു എണീറ്റ് കസേര വലിച്ചിട്ട് അപ്പനഭിമുഖമായി ഇരുന്നു.

ജോസൂട്ടി കാര്യങ്ങൾ വിശദമായി പറഞ്ഞു. ബഷീർ എന്ന പേര് ഇടവിടാതെ തന്നെ പിന്തുടരുന്നു.  ഇത് വെറും യാദൃശ്ചികതയല്ലെന്ന് റൈനുവിന് തോന്നി. ഒരിടത്ത് ഭിന്നിപ്പിക്കുകയും മറ്റൊരിടത്ത് കൂട്ടിയോജിപ്പിക്കുകയും ചെയ്യുന്ന കാലത്തിൻ്റെ മാന്ത്രികതയെ പറ്റി മായ ചിലപ്പോൾ കാവ്യാത്മകമായി സംസരിക്കാറുള്ളത് റൈനുവിനോർമ്മ വന്നു.

"വീണ്ടും വരാന്ന് പറഞ്ഞാ പോയത്. "  ജോസൂട്ടി പറഞ്ഞ് നിർത്തി.

"അപ്പനാ ഫോൺനമ്പർ  വാങ്ങേണ്ടതായിരുന്നു.  ആരാ എന്താന്ന് അന്വേഷിക്കാൻ ഇപ്പോ ഒരു വഴീം ഇല്ല്യ. ചെലപ്പോ  തട്ടിപ്പുകാരാരെങ്കിലും ആണെങ്കിലോ? വീടിരുന്ന സ്ഥലം കാണാൻ പോയില്ല.  അപ്പൻ അവിടന്ന് എടുത്ത് വെച്ച പെട്ടി കാണാൻ കൂട്ടാക്കില്ല്യ. എന്തോ ഒരു കൊഴപ്പം തോന്നണില്ല്യേ?"

ഉള്ളിലെ പെടപ്പ് മറച്ചുവെച്ച് റൈനു സംശയാലുവായി.

"ഒരു കൊഴപ്പോം തോന്നണില്ല്യ.  എനിക്ക് മനസ്സിലായി. അതവനാന്ന്.  അത്രേം മതി. പിന്നെ  രാമൻ്റെ ഫോൺനമ്പറ് ഇണ്ടല്ലോ.  അവനെ വിളിച്ചാ അറിയാലോ."

"ഏത് രാമൻ ….?“

"നെനെക്കോർമ്മേണ്ടാവും. പണ്ട് വായനശാലേടെ ഓണാഘോഷത്തിന്  നാടകംണ്ടാവാറില്ലേ.  സ്‌റ്റേജിൻ്റെ സൈഡില് അനൗൺസ്‌മെൻ്റിന് അവനാ ഇരിക്കാറ്. കാലോണ്ട് വയ്യാത്ത … ഞാൻ സ്‌റ്റേജില് കേറണ സമയത്ത് നിന്നെ അവൻ്റെടുത്തല്ലേ ഇരുത്താറ്.  നിനക്ക് വല്ല്യ കാര്യാർന്നല്ലോ രാമനെ."

ഇപ്പോഴാണ്  റൈനു ശരിക്കും ഞെട്ടിയത്. എത്ര കൃത്യമായാണ്  ഒരു ജിഗ്‌സോ പസിൽ കളിയിലെന്നപോലെ  ഒട്ടും പ്രതീക്ഷിക്കാത്ത നേരത്ത് ഒരു ഭാഗം  മറ്റൊരു ഭാഗവുമായി ചേർന്നുവന്നിരിക്കുന്നത്.  പൈനാപ്പിൾ ഗന്ധക്കാരനെ കണ്ടുമുട്ടിയത്. അയാൾ പറഞ്ഞ കഥകൾ. അയാളോടൊപ്പമുള്ള യാത്ര. യാത്രയിൽ പറഞ്ഞ പുതിയ കഥകൾക്കിടയിലെ രാമേട്ടൻ….. എല്ലാം വിചിത്രമായിരിക്കുന്നു. അല്ലെങ്കിൽ മനോഹരമായിരിക്കുന്നു. 
" പിടികിട്ട്യോ നിനക്ക് …. "

"ഉവ്വപ്പാ.  ഞാനിന്നേ ഇവിടേക്ക് വന്ന ആ ജീപ്പ്കാരൻ്റെ കാര്യം പറഞ്ഞില്ലേ. അയാളും ഇതേ രാമേട്ടൻ്റെ കാര്യം പറഞ്ഞാർന്നു. ഞാനതോർക്കാരുന്നു. "

"രാമനങ്ങനാ.  എല്ലാരായും പെട്ടെന്നെണങ്ങും. അവൻ്റെ ചെലേ ശീലങ്ങളുമായി എണങ്ങണോരാണെങ്കി  പിന്നെ അവനുമായി അങ്ങടൊട്ടും.  ബഷീറ് അവന് പറ്റ്യ ആളായിട്ടാ എനിക്ക് തോന്നീത് .  ആവും. അല്ലെങ്കി അഞ്ചാറ് കൊല്ലായിട്ട്  രാമൻ്റെ ആശ്രമവാസം ആയിട്ട് യോജിച്ച് പോവില്ലാർന്നു.  ഞാൻ മുംതാസിനെ പറ്റി ഒന്നും ചോദിച്ചില്ല. മുംതാസിനെന്തോ പറ്റിണ്ടാവണം. അല്ലെങ്കി അവൻ ഇങ്ങട് വരാൻ ഇത്ര വൈകണ്ടതല്ല.  അത് മാത്രല്ല  ഇവടന്ന് പോണേന് മുന്നൊള്ള ചെലേ ഓർമ്മകൾ മാത്രാ അവനൊള്ളത്.  മുംതാസ് എൻ്റെ പേരെങ്കിലും അവന് പറഞ്ഞ് കൊടുക്കണ്ടതല്ലാർന്നോ.  എന്തായാലും അവനും ഉമ്മാനെ പറ്റി ഒരക്ഷരം മിണ്ടിയില്ല. "

റൈനു  അപ്പനരികിൽ നിന്നെണീറ്റു.  മുറ്റത്തും പറമ്പിലും  ചുറ്റി നടന്നു.  ബഷീറും ഉമ്മയും താമസിച്ചിരുന്ന പഴയ വീടിനരികിലേക്കും പോയി.  കാലപ്പഴക്കം കൊണ്ട് താമസയോഗ്യമല്ലാതായിരിക്കുന്നെങ്കിലും  ഇപ്പോഴുമതുണ്ട്. ചില്ലറ അറ്റകുറ്റണികളൊക്കെ നടത്തി അപ്പനത് നിലനിർത്തിയത് വെറുതെയായില്ല. അപ്പൻ്റെ പ്രതീക്ഷപോലെ അവകാശി  തിരിച്ചെത്തിയിരിക്കുന്നു.

റൈനു തിരികെ വന്ന് അടുക്കള വശത്തുകൂടെ  വീടിനകത്ത് കയറി. കുറച്ചുനേരം ലിസിയോട് സംസാരിച്ച ശേഷം  നടുവകത്തെ മുറിക്കകത്ത് കയറി.  അവിടെയാണ്  അമ്മയുടെ ആ പഴയ അലമാരി കിടക്കുന്നത്.  അതിനകത്ത് അമ്മയുടെ പല സാധനങ്ങളും അപ്പൻ സൂക്ഷിച്ച് വച്ചിട്ടുണ്ട്.  റൈനുവിനതിലുളള സാധനങ്ങളുമായി അപ്പനോളം വൈകാരിക ബന്ധമൊന്നും ഒരിക്കലും തോന്നിയിട്ടില്ല. അമ്മയെ കണ്ടിട്ടില്ലാത്തതിനാലായിരിക്കാം.  വിശേഷപ്പെട്ട ഒരു വസ്തു എന്ന നിലയ്ക്ക് അലമാരിക്കകത്തായിരിക്കും അപ്പൻ ബഷീറിൻ്റെ പഴയ പെട്ടിയും സാധനങ്ങളും സൂക്ഷിച്ച് വച്ചിരിക്കുന്നത്. റൈനു റിമോട്ടെടുത്ത് ടി. വി ഓൺ ചെയ്തശേഷം  അലമാര തുറന്നു.  തപ്പുന്ന ശബ്ദം അപ്പൻ കേട്ടാലോ ?  അപ്പനോട് ചോദിച്ചാൽ നിൻ്റേതല്ലാത്ത മൊതലൊന്നും തൊടണ്ടാന്നേ പറയൂ.  പിന്നെ മായയുടെ കഥയിവിടെ പറയുന്നത് അനുചിതവുമാണ്.  

ഇതേവരെ ഒരിക്കലും ആ പെട്ടിയിൽ എന്താണെന്നറിയണമെന്ന തോന്നലുണ്ടായിട്ടില്ല.  മുൻപതിൻ്റെ ആവശ്യമുണ്ടായിരുന്നില്ലല്ലോ. പക്ഷേ ഇപ്പോഴത് അത്യാവശ്യമായിരിക്കുന്നു.  റൈനു പെട്ടി പരിശോധിച്ച് കണ്ടുപിടിച്ചു. അമ്മയുടെ പഴയ സാരികൾ ഭാണ്ഡമാക്കി കെട്ടിവച്ചിരിക്കുന്നതിനോടൊപ്പം അതും വെച്ചിട്ടുണ്ട്. പതുക്കെ പെട്ടിയെടുത്ത് പുറത്ത് വച്ചു. പഴയ മോഡൽ ചതുരൻ സ്യൂട്ട്കേസ്. ബഷീറിൻ്റെ അമ്മയുടെ വീട്ടിൽ എതെങ്കിലും ദുബായ്ക്കാരുണ്ടായിരുന്നിരിക്കും. പൂട്ടൊന്നുമില്ലാത്തതിനാൽ പെട്ടി എളുപ്പം തുറക്കാൻ സാധിച്ചു. റൈനു അകത്ത് സസൂക്ഷ്‌മം പരിശോധിച്ചു.  പറമ്പിൻ്റെ ആധാരവും മറ്റുചില പേപ്പറുകളുമാണകത്ത്. അവരുടെ പഴയ ഒരു ഗ്രൂപ്പ് ഫോട്ടോയുമുണ്ട്.  ബ്ലാക് എൻ്റ് വൈറ്റ് ഫോട്ടോ. അവൻ്റെ  മീശക്കാരൻ ഉപ്പയെ അവൾ സൂക്ഷിച്ച് നോക്കി.  അയാളെ റൈനുവിന് ഓരോർമ്മയുമില്ല.  ഉമ്മയുടെ കാതിലെ ലോലാക്ക് .  ബഷീറിനെക്കാൾ അവൾക്കോർക്കാനാകുന്നത് ആ ലോലാക്കാണ്.  വിചാരിച്ച പോലെ എന്തെങ്കിലുമൊന്ന് കിട്ടാത്തതിൽ റൈനുവിന് സങ്കടം തോന്നി.  പഴയതുപോലെ എല്ലാം അടക്കി വയ്ക്കുന്നതിനിടയിലാണ്  മടക്കിവച്ച ഒരു കടലാസ് കഷണം ശ്രദ്ധയിൽ പെടുന്നത്.  അവളത് തുറന്നു.  അത്തിക്കാവിലെ ഒരഡ്രസ്സായിരുന്നു അത്.  പസിൽ ഭംഗിയായി  പൂർത്തിയായിരിക്കുന്നു.  ചിത്രം ഇപ്പോൾ മിഴിവോടെ മുന്നിലുണ്ട്. റൈനു പെട്ടി യഥാസ്ഥാനത്തുവച്ച്  അലമാരയടച്ചു.  റൈനുവിൻ്റെ മനസ്സിലേക്ക് പെട്ടെന്ന് ഹൈമവതി ടീച്ചർ വരച്ച ധാരാളം വേരുകളുള്ള ആ മരത്തിൻ്റെ ചിത്രം കയറിവന്നു.  

"സാമാന്യനായ മനുഷ്യന് മനസ്സിലാക്കാനാവാത്ത വിധം  സങ്കീർണ്ണമാണ് ജീവിതത്തിൻ്റെ അസാധാരണമായ ചില കൂട്ടിചേർക്കലുകൾ.”

ഉച്ചയ്ക്ക് ഭക്ഷണം കഴിക്കുമ്പോഴും  തിരിച്ച് പോരാനായി ബസിലിരിക്കുമ്പോഴും റൈനുവിൻ്റെ ചിന്തകളിൽ സങ്കീർണ്ണമെന്നും എന്നാൽ കൂട്ടിക്കിഴിച്ചെടുക്കുമ്പോൾ നിസ്സാരമെന്നും തോന്നിപ്പിക്കുന്ന ജീവിതത്തിൻ്റെ വൈരുദ്ധ്യാത്മകതയായിരുന്നു നിറഞ്ഞു നിന്നിരുന്നത്.

( തുടരും……)

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക