
തന്നെ സ്‌കൂളിൽ പഠിപ്പിച്ച ടീച്ചറിനെ കാണാനാണ് ഒരുപാട് വർഷങ്ങൾക്ക് ശേഷം അയാൾ ആ വീട്ടിലെത്തിയത്.
"അമ്മ ഏറെ ക്ഷീണിതയാണ്. ഓർമ്മയും ശരിയല്ല. പരിചയപ്പെടുത്തുമ്പോൾ അമ്മ അറിഞ്ഞു കൊള്ളണമെന്നില്ല"
മകൻ പറഞ്ഞു.
" സാരമില്ല. എനിക്കൊന്നു കണ്ടാൽ മതി. ഒരുപക്ഷേ ടീച്ചറെന്നെ ഓർത്തെടുത്തേക്കും. . .
പ്രസവത്തോടെ തളർന്നു പോയ അമ്മയെ നോക്കി മടുത്ത അച്ഛൻ ഞങ്ങളെ ഉപേക്ഷിച്ചു പോയപ്പോൾ എനിക്ക് കുടുംബനാഥനാകേണ്ടി വന്നു.
അതിരാവിലെ എണീറ്റ് പത്രമിടാൻ പോകണം. തിരിച്ചു വന്ന് വീട്ടിലെ എല്ലാ പണികളും ചെയ്യണം. അനിയത്തിയുടെ കാര്യങ്ങൾ നോക്കണം അമ്മയെ കുളിപ്പിക്കാൻ അടുത്ത വീട്ടിലെ ഒരമ്മ വരുമായിരുന്നു. പകലൊക്കെ അനിയത്തിയെ അവർ വീട്ടിൽ കൊണ്ടുപോയി നോക്കുമായിരുന്നു.
ടീച്ചറിൻ്റെ കണക്ക് പീരിഡിലെല്ലാം ഞാനുറങ്ങിപ്പോകുമായിരുന്നു. കണക്ക് ഇഷ്ടമല്ലാഞ്ഞിട്ടല്ല ...ക്ഷീണം കൊണ്ടായിരുന്നു.
പക്ഷേ അപ്പോഴൊക്കെ ടീച്ചറെന്നെ ചോക്കു കഷണമെറിഞ്ഞ് ഉണർത്തുമായിരുന്നു.
ചിലപ്പോൾ മുൻ ബഞ്ചിൽ കൊണ്ടിരുത്തി പഠിപ്പിച്ച ഭാഗങ്ങൾ വീണ്ടും പഠിപ്പിക്കുമായിരുന്നു. ഞാനാ ചോക്ക് കഷണങ്ങളെല്ലാം വീട്ടിൽ കൊണ്ടുപോയി ഒരു പാത്രത്തിലിട്ടു വയ്ക്കുമായിരുന്നു.
മറ്റെന്തിനേക്കാളും വിലയേറിയ സമ്പാദ്യമാണത്.
അതു മാത്രമല്ല അമ്മ മരിച്ചതേടെ അനാഥാലയത്തിലാക്കിയ അനുജത്തിയുടെ പഠനത്തിനുള്ള ചിലവുകൾ വഹിച്ചിരുന്ന അജ്ഞാതയായ സ്പോൺസർ ..
അത് ടീച്ചർ തന്നെയായിരുന്നു. . അവൾ പഠിച്ച് വലിയ നിലയിലെത്തുകയും ചെയ്തു
നോക്കൂ ഈ ചോക്ക് കഷണങ്ങൾ .... ഇതു കാണുമ്പോൾ പേരോർത്തില്ലെങ്കിലും പിൻബഞ്ചിലിരുന്ന് ഉറക്കം തൂങ്ങിയിരുന്ന കുട്ടിയെ ടീച്ചർ ഓർക്കാതിരിക്കില്ല"