
തിരുവനന്തപുരം: നീറ്റ് പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട വിദ്യാർത്ഥി സമരത്തിന് പിന്തുണ പ്രഖ്യാപിച്ചതിന്റെ പേരിൽ നടൻ മോഹൻലാൽ-ഗീതു മോഹൻദാസ് കൂട്ടുകെട്ടിൽ പുറത്തിറങ്ങാനിരിക്കുന്ന ചിത്രത്തിൽ നായികയായി അരങ്ങേറ്റം കുറിക്കുന്ന വിസ്മയ മോഹൻലാലിന് നേരെ കടുത്ത സൈബർ ആക്രമണം. ചോദ്യം ചോദിക്കുന്ന പൗരന്മാരെ ജനാധിപത്യ രാജ്യം നേരിടേണ്ടത് ഇങ്ങനെയല്ലെന്ന വിസ്മയയുടെ സോഷ്യൽ മീഡിയ പ്രതികരണത്തിന് പിന്നാലെയാണ് സംഘപരിവാർ അനുകൂലികളും വിദ്യാർത്ഥി സമരത്തെ എതിർക്കുന്നവരും വലിയ തോതിൽ സൈബർ ആക്രമണവുമായി രംഗത്തെത്തിയത്. വിസ്മയക്ക് പുറമെ അച്ഛൻ മോഹൻലാലിൻ്റെ സോഷ്യൽ മീഡിയ പേജുകളിലും നിരവധിയാളുകൾ അധിക്ഷേപ കമന്റുകളുമായി എത്തുമ്പോൾ, സിനിമയിൽ നിന്നടക്കം അധികമാരും പ്രതികരിക്കാത്ത വിഷയത്തിൽ ഉറച്ച നിലപാട് വ്യക്തമാക്കിയ വിസ്മയക്ക് വലിയ തോതിലുള്ള പിന്തുണയും ലഭിക്കുന്നുണ്ട്.
വിസ്മയ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന അരങ്ങേറ്റ ചിത്രമായ 'തുടക്കം' എന്ന സിനിമയുടെ പുതിയ പോസ്റ്റർ മോഹൻലാൽ പങ്കുവെച്ചതിന് പിന്നാലെയാണ് ചിത്രത്തിനെതിരെ പരസ്യമായ ബഹിഷ്‌കരണ ആഹ്വാനങ്ങൾ സജീവമായത്. രാജ്യദ്രോഹികളെയും കലാപകാരികളെയും പിന്തുണയ്ക്കുന്ന വിസ്മയയുടെ ചിത്രം തിയേറ്ററുകളിൽ പോയി കാണില്ലെന്നും 'തുടക്കം' എന്ന പേര് പോലെ തന്നെ സിനിമയുടെ 'ഒടുക്കം' ആയിരിക്കും ഇതെന്നും ചിലർ പോസ്റ്ററിന് താഴെ കമന്റ് ചെയ്തു. വിസ്മയക്ക് രാഷ്ട്രീയം അറിയില്ലെന്ന് സംവിധായകൻ മേജർ രവിയും നേരത്തെ ആരോപിച്ചിരുന്നു. വിദേശത്ത് പഠിച്ചുവളർന്നതിനാൽ നാട്ടിലെ കാര്യങ്ങൾ അറിയില്ലെന്നും, ദേശ സ്നേഹത്തേക്കാൾ വലുതല്ല സിനിമയെന്നും ചൂണ്ടിക്കാട്ടി ചിത്രത്തിനെതിരെ ബോയ്ക്കോട്ട് ക്യാമ്പയിനുകൾ ശക്തമായി പ്രചരിക്കുകയാണ്.
അതേസമയം, സംഘപരിവാറിന്റെ ആഹ്വാനങ്ങളെ തള്ളി വിസ്മയക്കും ചിത്രത്തിനും പിന്തുണയുമായി വൻജനവിഭാഗം രംഗത്തെത്തിയിട്ടുണ്ട്. അനീതിക്കെതിരെ ഭയമില്ലാതെ ആത്മാഭിമാനത്തോടെ കൃത്യമായ നിലപാട് വ്യക്തമാക്കിയ വിസ്മയയെ അഭിനന്ദിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. ഏതൊരു സിനിമയെയാണോ സംഘപരിവാർ ബഹിഷ്‌കരിക്കാൻ ആഹ്വാനം ചെയ്തിട്ടുള്ളത്, ആ ചിത്രങ്ങളെല്ലാം വൻ വിജയമായി തീർന്ന ചരിത്രമാണുള്ളതെന്ന് പിന്തുണയ്ക്കുന്നവർ ഓർമ്മിപ്പിക്കുന്നു. സ്വന്തം നിലപാടിൽ ഉറച്ചുനിന്ന വിസ്മയയുടെ ചിത്രം തിയേറ്ററുകളിൽ തന്നെ കണ്ടു വിജയിപ്പിക്കുമെന്നും നീതിയുടെ പക്ഷത്ത് നിൽക്കാൻ കാണിച്ച ധൈര്യത്തിന് ബിഗ് സല്യൂട്ടെന്നും കുറിച്ചുകൊണ്ടാണ് സോഷ്യൽ മീഡിയയിൽ അനുകൂല തരംഗം ഉയരുന്നത്.