Image

സി ജെ പി പ്രക്ഷോഭം - യുവതയുടെ രോഷം, ഇന്ത്യയുടെ സ്വപ്നം (പി എസ് ജോസഫ്‌)

Published on 25 July, 2026
  സി ജെ പി പ്രക്ഷോഭം  - യുവതയുടെ രോഷം, ഇന്ത്യയുടെ സ്വപ്നം (പി എസ് ജോസഫ്‌)

യുവതയുടെ രോഷം ആളിക്കത്തുകയാണ് .ദല്‍ഹിയിലെ ജന്ദര്‍ മന്ദറില്‍ ജൂലൈ ഇരുപതിന് ആരംഭിച്ച പ്രക്ഷോഭം അടിയന്തിരാവസ്ഥയുടെ 51 ആം വാര്‍ഷികത്തിലും നാടെങ്ങും പടരുകയാണ് .സ്വന്തമായി പാര്‍ട്ടി സംഘടനയോ നേതൃ നിരയോ ഇല്ലാത്ത കോക്രോച്ചു ജനതാപാര്‍ട്ടി ആഹ്വാനം ചെയ്ത സമരമാണ് നാടെങ്ങും തീജ്വാലപോലെ പടര്‍ന്നത് .നീറ്റ് പരീക്ഷയിലെ ക്രമക്കേടുകളുടെ പേരില്‍ വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടൂ ആഹ്വാനം ചെയ്ത ഈ പ്രതിഷേധ സമരം എല്ലവിഭാഗത്തില്‍ പെട്ടവരെയും ഒരുമിപ്പിച്ചിരിക്കുന്നു.ജന്ദര്‍ മന്ദറിലേക്ക് ട്രെയിനിലും ബസിലും യുവാക്കള്‍ കൂട്ടത്തോടെ വരുകയായിരുന്നു.പോലിസ് ലാത്തിച്ചാര്‍ജും ഭീഷണിയുമൊന്നും അവര്‍ വകവെച്ചില്ല .സ്വാഭാവികവും നൈസര്‍ഗീകവുമായ ഇത്തരം ഒരു സമരം അടുത്തെങ്ങും ഈ നാട്ടില്‍ അരങ്ങേറിയിട്ടില്ല .നീറ്റ് പരീക്ഷയില്‍ ചോദ്യകടലാസു പുറത്തായതിനെ തുടര്‍ന്നു പരീക്ഷ മാറ്റി വെച്ചു .അതില്‍ ഹതാശരായ 12 വിദ്യാര്‍ഥികളാണ് ആല്മഹത്യ ചെയ്തത് .തങ്ങളുടെ അവകാശവും അര്‍ഹതയും അട്ടിമറിക്കപ്പെടുന്നു എന്നറിയുന്ന യുവാക്കളാണ് ദല്‍ഹിയില്‍ സമ്മേളിച്ചത് .ഇന്ത്യയില്‍ തങ്ങളുടെ ആഗ്രഹങ്ങള്‍ക്കും സ്വപ്നങ്ങള്‍ക്കും ഏക അഭയമായ മെരിറ്റ് വഴിയുള്ള തെരഞ്ഞെടുപ്പു അട്ടിമറിക്കപ്പെടുനു എന്നതിന്‍റെ ആശങ്കയാണ് സാധാരണക്കാരായ യുവജനങ്ങളെ സമര വേദിയിലെത്തിച്ചത് അവരുടെ ആശങ്ക യാഥാര്‍ത്ഥ്യമാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു .ബിജെപി അധികാരമേറ്റ 2014 മുതല്‍ ഇതുവരെ 142 തവണയാണ് ചോദ്യക്കടലാസ് ചോര്ച്ച ഉണ്ടായത് .അതാരെ സഹായിക്കാന്‍ ആണെന്നത് ഒരു ചോദ്യമാണ് .എന്തായാലും ഭീതിയുടെ നിഴലില്‍ കിടന്നിരുന്ന ഒരു സമൂഹം ഉയിര്‍ത്തെഴുനേല്‍ക്കുകയാണ്,യുവാക്കളുടെ നീണ്ട സമരത്തിലൂടെ . പലരും ചൈനയില്‍ ടിയനന്മാന്‍ സ്ക്വയറില്‍ നടന്ന വിദ്യാര്‍ഥി സമരത്തിനോടാണ് ചിലര്‍ ഇതിനെ ഉപമിച്ചത് .ടാങ്കുകള്‍ക്കു മുന്നില്‍ നിരായുധരായി  ജീവന്‍ ബലിനല്‍കിയ ആ യുവത ഇന്നും നൊമ്പരപ്പെടുത്തുന്ന ഓര്‍മ്മയാണ് .

ദല്‍ഹി പോലിസ് പ്രക്ഷോഭകരെ ഭയപ്പെടുത്താനും അടിച്ചമര്‍ത്താനും ശ്രമിച്ചുവെങ്കിലും വിദ്യാര്‍ഥികളുടെ മനോവീര്യം തകര്‍ക്കാന്‍ കഴിഞ്ഞില്ല .പോലീസിന്റെ കല്ലേറും ലാത്തിച്ചാര്‍ജും ടിയര്‍ ഗ്യാസ് പ്രയോഗവുമൊന്നും അവരുടെ മുന്നേറ്റത്തെ തകര്‍ത്തില്ല .പുതുതായി ചാര്‍ജ് എടുത്ത പോലിസ് മേധാവി ആവനാഴിയിലെ എല്ലാ  തന്ത്രങ്ങളും പ്രയോഗിച്ചുവെങ്കിലും അതൊന്നും യുവതയുടെ ശക്തി  ഭേദിക്കാന്‍ പര്യാപ്തമായിരുന്നില്ല .

കോണ്‍ഗ്രസ് ഭരിച്ച കാലത്ത് രാഷ്ട്രം അറിയാന്‍ വേണ്ടി ചോദ്യങ്ങള്‍ ചോദിച്ചിരുന്ന മെയിന്‍ സ്ട്രീം മാധ്യമങ്ങള്‍ ഇത് റിപ്പോര്‍ട്ട്‌ ചെയ്യുന്നതില്‍ അത്ര ആവേശം കാട്ടിയില്ല ,സമരം റിപ്പോര്‍ട്ട്‌  ചെയ്യാന്‍.അവര്‍ക്കെതിരെ  വലിയ പ്രതിഷേധം തന്നെയുണ്ടായി.ഫയിക്  ന്യൂസ്‌ വഴി ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്ന ഏകാധിപതികള്‍ക്ക് തുണയായ ഇന്റര്‍നെറ്റ്‌ ആണ് പക്ഷെ ഇവിടെ അവര്‍ക്കു സഹായകമായത്  .മണിക്കൂറുകള്‍ക്കുള്ളില്‍  അവരുടെ സമരത്തിന്‍റെ  ചിത്രങ്ങള്‍ നാടെങ്ങും വ്യാപിച്ചു .സ്വതവേ നിശബ്ദത പാലിക്കുന്ന സിനിമ താരങ്ങള്‍ പോലും ഇത്തവണ അവര്‍ക്ക് വേണ്ടി ശബ്ദം ഉയര്‍ത്തി .മന്ജൂ വാരിയര്‍ മുതല്‍ വിസ്മയ മോഹന്‍ ലാല്‍ വരെ.മമ്മൂട്ടിയും ദുല്‍ക്കര്‍ സല്‍മാനുംഉള്‍പടെ എല്ലാവരും . . ജനവികാരത്തില്‍ വലിയ മാറ്റം ഉണ്ടായിരിക്കുന്നു എന്നതിന്‍റെ സൂചനയായിരുന്നു അത്.പ്രസ്ഥാനത്തിന്റെ അമരക്കാരന്‍ അഭിജിപ്ത് ദിപ്കെ ഒരിക്കല്‍ ആപ്പിന്റെ സോഷ്യല്‍ മീഡിയ തലവന്‍ ആയിരുന്നു എന്നത് ഇതിനു കാരണമാകാം.അദ്ദേഹം പരമാവധി ഇന്റര്‍നെറ്റ് ഉപയോഗപ്പെടുത്തി .

കോക്രോച് ജനത പാര്‍ട്ടിയുടെ   ആവിര്‍ഭാവം തന്നെ ദിപ്കെ യുടെ ചടുലമായ സോഷ്യല്‍ മീഡിയ പോസ്റ്റിംഗ് വഴിയായിരുന്നു .ചീഫ് ജസ്റ്റീസ് സുര്യകാന്ത് മിശ്ര തൊഴിലില്ലാത്ത യുവാക്കളെ കോക്ക്റോച് അല്ലെങ്കില്‍ പാറ്റകള്‍ എന്ന് വിശേഷിപ്പിച്ചതായിരുന്നു ദിപ്കെയെ ചൊടിപ്പിച്ചത് .ഒരു കാലത്ത് ജൂതന്മാരെ പാറ്റകള്‍ എന്ന് വിശേഷിപ്പിച്ചായിരുന്നു ഹിറ്റ്ലര്‍വേട്ടയാടിയത് .ആ വിശേഷണം എല്ലാ ജനങ്ങളുടെ മനസ്സിലും വലിയ അനുരണനം ഉണ്ടാക്കി.   അദ്ദേഹത്തിന്‍റെ കോക്ക്രോച് ജനത പാര്‍ട്ടി എന്ന പേരിലുള്ള പോസ്റ്റുകള്‍ക്ക് എക്സില്‍  കോണ്‍ഗ്രസിനെക്കാളും മോദിയെക്കാളും വലിയ ഫോളോവേര്സിനെയാണ് ലഭിച്ചത് .അതെ തുടര്‍ന്നു അവരുടെ അക്കൌന്റ് സര്‍ക്കാര്‍ ഇടപെട്ട് പൂട്ടി.പക്ഷെ യഥാര്‍ത്ഥത്തില്‍ കുപ്പിയിലടച്ച ഭൂതത്തെ തുറന്നു വിടുകയായിരുന്നു സര്‍ക്കാര്‍ .
       
സമരവേദിയിലെകാഴ്ചകള്‍

ഒരു കാലത്ത് സമരങ്ങളുടെയും ചര്‍ച്ചകളുടെയും വേദിയായിരുന്ന ജെ എന്‍ യു വിലെ അന്തരീക്ഷം പൊതുവേദിയില്‍ പൊട്ടി മുളച്ചത് പോലെയുണ്ടായിരുന്നു ജന്ദര്‍ മന്ദറിലെ പ്രക്ഷോഭ ഇടം എന്ന് ഒരാള്‍ വിശേഷിപ്പിക്കുന്നു.ജെ എന്‍ യുവിലെ   ഐസയുടെ നേതാക്കള്‍  തന്നെ സമരത്തിനു മുന്നില്‍ ഉണ്ടായിരുന്നു.പാര്‍ലമെണ്ട് സമ്മേളനത്തിന് തൊട്ടു മുന്‍പ് ലഡാക്ക് പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയിരുന്ന സോനം വാങ്ങ്  ചുക്ക് നിരാഹാരസത്യാഗ്രഹം തുടങ്ങിയിരുന്നു .അത് ഈ പ്രക്ഷോഭത്തിനു ഊര്‍ജ്ജം  പകര്‍ന്നു.അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയതോടെ പാറ്റകള്‍ മാത്രമായി മുന്നില്‍ .ഇരുപത്തിയാറാം ദിവസം വാങ് ചുക്ക് നിരാഹാര സമരം പിന്‍വലിച്ചു .  കേന്ദ്ര മന്ത്രിമാരുടെ സാനിധ്യത്തില്‍ ചില ഉറപ്പുകളുടെ പേരില്‍ ആയിരുന്നു അദ്ദേഹം സമരം അവസാനിപ്പിച്ചത് .അദ്ദേഹത്തിന്‍റെ ഭാര്യ തീ പിടിക്കുമ്പോള്‍ വാഴവെട്ടുന്നുവെന്ന് കോണ്‍ഗ്രസ്സിനെ വിമര്‍ശിക്കുകയും ചെയ്തു .നിരാഹാര  വേദിയില്‍ രാഹുല്‍ എത്തിയിരുന്നില്ല..കോണ്‍ഗ്രസ്സിന്റെ സംശയങ്ങളെ ന്യായീകരിക്കുന്നതായി ആ പൊട്ടിത്തെറി .പക്ഷെ  സി ജെ പി  ആവശ്യങ്ങളില്‍ നിന്നു പിന്നോട്ട് പോയില്ല .മന്ത്രിതല ചര്‍ച്ചകളില്‍ അവരുടെ രണ്ടു ആവശ്യങ്ങള്‍ അംഗീകരിച്ചുവെങ്കിലും അവര്‍ മുട്ട് മടക്കിയില്ല .ഇതിനിടെ  പ്രധാനമന്ത്രി മോദി തന്നെ അര്‍ദ്ധരാത്രിയില്‍ വീഡിയോ സന്ദേശം നല്‍കി .

കോണ്‍ഗ്രസ് ഈ അവസരം സമര്‍ഥമായി ഉപയോഗിച്ചു .രാജസ്ഥാനിലെ കോട്ടയില്‍ വലിയ ഒരു വിദ്യാര്‍ഥി സംഘത്തെ അഭിസംബോധന ചെയ്ത രാഹുല്‍ കോണ്‍ഗ്രസ്സിനെ മുന്നില്‍നിന്നു നയിച്ചു പ്രധാന മന്ത്രിയുടെ വസതിക്ക്  മുന്നില്‍ പ്രതിഷേധപ്രകടനം നടത്തി  അദ്ദേഹത്തിന്‍റെ  മുഖത്ത് ചെറിയ മുറിവ് പറ്റി. പോലീസിനു  അദ്ദേഹത്തെ എടുത്തു കൊണ്ട് പോകേണ്ടി വന്നു .കര്‍ണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാറും പ്രിയങ്കയും  അറെസ്റ്റ്‌ ചെയ്യപ്പെട്ടു .മുഖ്യമന്ത്രി വി ഡി സതീശനും സമരത്തില്‍ പങ്കെടുത്തു .രാജ്യ വ്യാപകമായി കോണ്‍ഗ്രസ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു .പാര്‍ലിമെന്റില്‍ ധര്‍മേന്ദ്ര പ്രധാന്റെ രാജിയില്‍ അവര്‍ ഉറച്ചു നിന്നു.ഇന്ത്യ  സംഖ്യം ഒന്നിച്ചു  രാജ് ഘട്ടില്‍ രാഷ്ട്രപിതാവിന് ആദരം അര്‍പ്പിക്കുന്നതും സവിശേഷ കാഴ്ചയായി.

ഭീതിക്കെതിരെയുള്ള ചെറുത്തു നില്‍പ്പ്

രാഷ്ട്രത്തിലെ ഓരോ സ്ഥാപനങ്ങളുടെയും ശക്തി ചോര്‍ത്തി കൊണ്ടിരിക്കുന്ന കാലത്താണ് ഈ പോരാട്ടം എന്നത് ബി ജെപി അഴിച്ചു വിട്ട ഭീതിയുടെ മറ കുട്ടികള്‍ ഭേദിച്ചിരിക്കുന്നു എന്നതിന്‍റെ തെളിവാണ് .സമരത്തില്‍ പങ്കെടുത്തവരില്‍ ഭൂരിപക്ഷം പേരും ഭൂരിപക്ഷ സമുദായത്തില്‍ നിന്നായിരുന്നു എന്നതും പോലീസിന്റെ ആക്ഷനെ ബാധിച്ചിരിക്കണം.ബി ജെ പി തങ്ങളുടെതെന്നു കരുതുന്ന മണ്ഡലത്തില്‍ നിന്ന് പോലും ചോര്ച്ച അധികമാകുന്നു എന്നര്‍ത്ഥം .കൂറുമാറ്റത്തിലൂടെയും പണാധിപത്യത്തിലൂടെയും പാര്‍ലമെന്‍റില്‍ മൂന്നില്‍ രണ്ടു ഭൂരിപക്ഷം ഉറപ്പിക്കാന്‍ ബി ജെ പി ശ്രമിക്കുമ്പോഴാണ് ഈ ഇരൂട്ടടി.മൂന്നാം വട്ടവും അധികാരത്തില്‍ തുടരുന്ന ബി ജെ പിക്ക് ഇനി ഒരു അനായാസ വിജയം ഉണ്ടാവില്ല  എന്ന് ഈ പ്രക്ഷോഭം സൂചിപ്പിക്കുന്നു

മാത്രമല്ല ബി ജെ പി പ്രചാരണത്തിന്റെ നെടുംതൂണായിരുന്ന രാമക്ഷേത്രത്തില്‍ തന്നെ വന്‍  തുക കൊള്ളയടിപ്പെട്ടുവെന്ന വാര്‍ത്തകള്‍ അത്ര ശുഭകരമല്ല .യു പി യിലും പഞ്ചാബിലും തെരഞ്ഞെടുപ്പു വരുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും .നേരത്തെ തന്നെ അവര്‍ കര്‍ഷകരില്‍ നിന്ന് അകന്നിരുന്നു .ഇപ്പോള്‍ യുവാക്കളില്‍ നിന്നും .

 അധികാരത്തില്‍ മോദിയെ മാത്രം കണ്ട യുവാക്കളുടെ ഒരു തലമുറയാണ് പ്രക്ഷോഭത്തില്‍ എന്നത് ശ്രദ്ധേയമായ വസ്തുതയാണ് .അംബേദ്‌കറും ഭരണഘടനയുമായിട്ടയിരുന്നു  അവര്‍ തെരുവുകള്‍ നിറഞ്ഞത്‌ .ഒട്ടേറെ പെണ്‍കുട്ടികളും ഈ സമരത്തില്‍ പങ്കാളികള്‍ ആയി എന്നത് മറ്റൊരു സവിശേഷത .

 ബി ജെ പിക്ക് വഴിതെളിച്ച അണ്ണാഹസാരെയും ആപ്പും സൃഷ്ടിച്ച പ്രക്ഷോഭത്തിന്റെ ഓര്‍മ്മകള്‍ ഉള്ളവര്‍ക്ക് ഈ സമരത്തെയും സംശയത്തോടെയെ നോക്കാന്‍ ആകൂ .സോനം വാങ്ങ്ച്ചുക്ക് നിരാഹാരം അവസാനിപ്പിച്ചത് എന്ത് ഉറപ്പില്‍ ആണെന്നു  വ്യക്തമല്ല.പക്ഷെ സി ജെ പി വീര്യം കൈ വിട്ടിട്ടില്ല എന്നതാണ് ആശ്വാസം .

മാത്രമല്ല സി ജെ പി നിയത രൂപമുള്ള ഒരു സംഘടന അല്ലാത്തതിനാല്‍ ഈ സമരവും മുന്നേറ്റവും വലിയ ഗതിവേഗംകൈവരിക്കുമോ എ‌ സംശയിക്കാം.ഒരു രാഷ്ട്രതിന്റെ സര്‍വ്വ സന്നാഹങ്ങളും   ഉള്ള സര്‍ക്കാരിനെ ഒറ്റരാത്രി കൊണ്ടു ആര്‍ക്കും മുട്ടുകുത്തിക്കാനാകില്ല

പക്ഷെ സി ജെ പി ഒരു തുടക്കം കുറിച്ചിരിക്കുന്നു .ധര്‍മേന്ദ്ര പ്രധാന്‍ രാജിവെച്ചാല്‍  അത് അവരുടെ സമര ചരിത്രത്തിലെ പൊന്‍തൂവല്‍ ആകും .യുവതയുടെ സ്വപ്നങ്ങള്‍ക്ക് അത് നിറം പകരും 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക