Image

1 ലക്ഷം പ്രതിഫലം, അതില്‍ 25000 വാങ്ങിയില്ല, പകരത്തിന് എന്റെ ആ ആഗ്രഹം സാധിച്ചു; സൈജു കുറുപ്പ്

Published on 25 July, 2026
 1 ലക്ഷം പ്രതിഫലം, അതില്‍ 25000 വാങ്ങിയില്ല, പകരത്തിന് എന്റെ ആ ആഗ്രഹം സാധിച്ചു; സൈജു കുറുപ്പ്

 

പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ടതാരമാണ് സൈജു കുറുപ്പ്. മയൂഖം എന്ന ചിത്രത്തിലൂടെ സിനിമയില്‍ നായകനായി അരങ്ങേറ്റം കുറിച്ച സൈജു കുറുപ്പ് ഇന്ന് നായകനായും സഹ നടനായും മികച്ച സിനിമകളുടെ ഭാഗമാണ്. കൃഷ്ണദാസ് മുരളി സംവിധാനം ചെയ്ത ഭരതനാട്യം, മോഹിനിയാട്ടം എന്നീ ചിത്രങ്ങളിലൂടെ മികച്ച പ്രകടനമായിരുന്നു സൈജു കുറുപ്പ് കാഴ്ചവച്ചത്. തിയേറ്ററില്‍ സാമ്പത്തിക വിജയം നേടാന്‍ കഴിയാതെ പോയെങ്കിലും ഭരതനാട്യത്തിന്റെ രണ്ടാം ഭാഗമായെത്തിയ മോഹിനിയാട്ടം മികച്ച പ്രേക്ഷക നിരൂപക പ്രശംസകളാണ് നേടിയത്.

ഇന്ന് സൈജു കുറുപ്പ് എന്ന നടന് ഫേസ് വാല്യൂ ഉണ്ട്. എന്നാല്‍ ഇത് ഇല്ലാതിരുന്ന ഒരുകാലത്ത് അങ്ങോട്ട് പൈസ കൊടുത്ത് തന്റെ ഒരു ആഗ്രഹം നടത്തിയതിനെക്കുറിച്ച് പറയുകയാണ് സൈജു. 1 ലക്ഷം പറഞ്ഞ തന്റെ ശമ്പളത്തില്‍ നിന്ന് 25000 രൂപയ്ക്ക് വൈറ്റില ജംഗ്ഷനിലെ ബില്‍ ബോര്‍ഡില്‍ പോസ്റ്റര്‍ വെച്ച് ആഗ്രഹം പറയുകയാണ് സൈജു. മൂവി വേള്‍ഡ് മൂവിയിക്ക് നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം.

'ഞാന്‍ പണ്ട് ഒരു പടം ചെയ്തിയിരുന്നു. ആ പടത്തില്‍ ഒരു ലക്ഷം രൂപ ആയിരുന്നു എന്റെ ശമ്പളം. അങ്ങനെ 75,000 രൂപ എനിക്ക് കിട്ടി, ഡബ്ബിങ് കഴിഞ്ഞാല്‍ 25,000 രൂപ കിട്ടാനുണ്ട്. ഞാന്‍ സിനിമയില്‍ വന്നതിനുശേഷമുള്ള എന്റെ ഏറ്റവും വലിയ ആഗ്രഹം അന്ന് വൈറ്റിലയില്‍ അഞ്ച് ബില്‍ ബോര്‍ഡ്സ് ഉണ്ട്, അതിനകത്ത് രണ്ടെണ്ണം നല്ല വലിപ്പമുള്ളതും മൂന്നെണ്ണം ചെറുതുമാണ്. അവിടെ ഏതെങ്കിലും ഒരു ബില്‍ ബോഡില്‍ എന്റെ ഒരു പടത്തിന്റെ, അത് ഞാന്‍ സപ്പോര്‍ട്ടിങ് റോള്‍ ചെയ്തതായാലും കുഴപ്പമില്ല, അവിടെ എന്റെ തലയുള്ള ഒരു ഫ്ളെക്സ് വരണമെന്ന് ആഗ്രഹിച്ചിരുന്നു. വൈറ്റില എന്ന് പറയുന്നത് കേരളത്തിന്റെ സെന്റര്‍ ആണ്. എല്ലാവരും പാസ് ചെയ്യുന്നതാണ്, നല്ല വിസിബിലിറ്റി ആണ്.

അങ്ങനെ അന്ന് ഞാന്‍ പ്രൊഡ്യൂസേഴ്സില്‍ ഒരാളായ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറെ വിളിച്ചു, 'ചേട്ടാ എനിക്ക് ബാക്കി 25,000 രൂപ തരണ്ട, പക്ഷേ വൈറ്റില ബില്‍ബോര്‍ഡില്‍ എന്റെ ഒരു ഫോട്ടോ വരണമെന്ന് പറഞ്ഞു. എന്റെ ഒരു സുഹൃത്ത് വിളിച്ചിട്ട് എടാ നിന്റെ ഒരു ബില്‍ ബോര്‍ഡ് അവിടെ വൈറ്റിലയില്‍ വന്നിട്ടുണ്ടെന്ന് പറഞ്ഞു.അങ്ങനെ ഞാനും എന്റെ വൈഫും കൂടെ വണ്ടിയില്‍ വൈറ്റില ജംഗ്ഷനില്‍ എത്തി. നോക്കുമ്പോള്‍ ആ സിനിമയില്‍ സപ്പോര്‍ട്ടിങ് റോള്‍ ചെയ്തത് വലിയ ആക്ടേഴ്സ് ആണ്, അവരുടെ വലിയ തലകളാണ് അതിനകത്തുള്ളത്.

ഞാനും എന്റെ ഹീറോയിനും, ഞങ്ങളുടെ ഫുള്‍ ഫിഗര്‍ ആണ്, പക്ഷേ താഴെ ചെറുതായിട്ട് നില്‍ക്കുന്നു. അതായത് എനിക്ക് മാത്രമേ മനസ്സിലാവുകയുള്ളൂ അത് ഞാനാണെന്ന്. അത് എനിക്ക് ഭയങ്കര വിഷമായി. പിന്നെ ഞാനും കൂടെ കാശ് കൊടുത്തിട്ടാണേ അതും ആലോചിക്കണം. അത് കരുതിയെങ്കിലും എന്റെ ഒരു വലിയ തല വയ്ക്കാമായിരുന്നല്ലോ. പക്ഷെ പോട്ടെ എന്റെ ഒരു ആഗ്രഹം സാധിച്ചല്ലോ, ആദ്യമായിട്ട് എന്റെ തല വരുന്ന ബില്‍ ബോര്‍ഡ് വന്നല്ലോ എന്ന് കരുതി ആശ്വസിച്ചു,' സൈജു കുറുപ്പ് പറഞ്ഞു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക