Image

കരിങ്കടലില്‍ വാണിജ്യ കപ്പലിന് നേരെ ആക്രമണം; ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു

Published on 25 July, 2026
 കരിങ്കടലില്‍ വാണിജ്യ കപ്പലിന് നേരെ ആക്രമണം; ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു

 

തെഹ്റാന്‍: കരിങ്കടലില്‍ ചരക്ക് കപ്പലിന് നേരെ ഉണ്ടായ ആക്രമണത്തില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം. വിദേശ കാര്യ മന്ത്രാലയമാണ് വാര്‍ത്ത സ്ഥിരീകരിച്ചിരിക്കുന്നത്. റഷ്യന്‍ തീരത്തു കൂടി സഞ്ചരിക്കുന്നതിനിടെയാണ് എംവി ഒമോര്‍ഫി എന്ന കപ്പലിന് നേരെ ആക്രമണമുണ്ടായത്. ജൂലൈ 18നായിരുന്നു ആക്രമണം. മൂന്ന് ഇന്ത്യക്കാരടക്കം 10 പേരാണ് കപ്പലിലുണ്ടായിരുന്നത്. മറ്റ് രണ്ട് ഇന്ത്യക്കാര്‍ സുരക്ഷിതമാണെന്നാണ് വിവരം.

കൊല്ലപ്പെട്ട നാവികന്റെ മൃതദേഹം ഇന്ത്യയില്‍ എത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി വിദേശ കാര്യ മന്ത്രാലയം വ്യക്തമാക്കി. സംഭവത്തില്‍ അന്താരാഷ്ട്ര വേദികളില്‍ പ്രതിഷേധമറിയിക്കാനാണ് ഇന്ത്യയുടെ തീരുമാനം. കഴിഞ്ഞ ദിവസം ഹോര്‍മൂസിലും ഒരു ഇന്ത്യന്‍ കപ്പലിന് നേരെ ആക്രമണമുണ്ടായിരുന്നു. 28 ഇന്ത്യക്കാരായിരുന്നു ഉണ്ടായിരുന്നത്. അതില്‍ എല്ലാവരും സുരക്ഷിതരാണെന്ന് സ്ഥിരീകരണവുമുണ്ടായിരുന്നു.

അതേസമയം കഴിഞ്ഞ ദിവസവും അമേരിക്കയുടെ ഭാഗത്ത് നിന്ന് ശക്തമായ വ്യോമാക്രമണം ഇറാന് നേരെ ഉണ്ടായി. ബന്ധര്‍ അബാസ് അടക്കമുള്ള മേഖലകളിലാണ് ആക്രമണമുണ്ടായത്. ഇറാന്‍ ഗള്‍ഫ് മേഖലയിലെ അമേരിക്കന്‍ സേനാ താവളങ്ങളിലേക്ക് പ്രത്യാക്രമണവും നടത്തി. ചര്‍ച്ചയ്ക്കുള്ള സാധ്യതയും അടഞ്ഞ നിലയിലാണ്. സൈനിക നടപടിയോ കരാറോ മാത്രമാണ് ഇറാന് മുന്നിലുള്ള പോംവഴി എന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കി. ഹോര്‍മൂസിലൂടെ പോകുന്ന കപ്പലുകള്‍ക്ക് നേരെ ആക്രമണമുണ്ടായാല്‍ ഇറാനെ പൂര്‍ണമായും ഇല്ലാതാക്കുമെന്നും ഭീഷണിയുണ്ട്. ഹോര്‍മൂസ് വഴിയുള്ള കപ്പല്‍ ഗതാഗതവും താളംതെറ്റിയ നിലയിലാണ്. അതേസമയം കപ്പല്‍ ഗതാഗത്തിലെ നിയന്ത്രണങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ഒമാന്‍ സംഘം ഇറാനിലെത്തിയിട്ടുണ്ട്.

ഇസ്രയേല്‍ യുദ്ധത്തില്‍ നിന്ന് അല്പം മാറി നില്‍ക്കുന്നതായുള്ള വാര്‍ത്തകള്‍ പുറത്തു വരുന്നുണ്ട്. വിഷയത്തില്‍ അമേരിക്കയും ഇസ്രയേലുമായി ഭിന്നത നിലനില്‍ക്കുന്നതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ വിലയിരുത്തുണ്ട്. ഇതിനിടെ ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു തിങ്കളാഴ്ച അമേരിക്കയിലെത്തും. മറ്റൊരു പരിപാടിക്കായാണ് എത്തുന്നതെങ്കിയും ഡോണള്‍ഡ് ട്രംപുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയേക്കുമെന്നാണ് വിവരം. പശ്ചിമേഷ്യയിലെ തുടര്‍ നടപടികളടക്കം ചര്‍ച്ചയാകുമെന്നാണ് കരുതുന്നത്. യുദ്ധം വ്യാപിപ്പിക്കാനാണോ ചര്‍ച്ചകളിലേക്ക് പോകാനാണോ ഇരു നേതാക്കളും തീരുമാനിക്കുക എന്നത് നിര്‍ണായകമാകും. യുദ്ധം മുന്നോട്ട് പോകുക എന്നത് തന്നെയാകും ഇസ്രയേല്‍ നിലപാട്. വിഷയത്തില്‍ ചര്‍ച്ചകളുടെ പാത അമേരിക്ക തുറന്നിട്ടപ്പോഴായിരുന്നു ഭിന്നാഭിപ്രായവുമായി ഇസ്രയേല്‍ രംഗത്തെത്തിയത്. വീണ്ടും അമേരിക്ക ആക്രമണം തുടരുന്ന പശ്ചാത്തലത്തില്‍ ഇസ്രയേല്‍ കൂടി ഇതില്‍ പങ്കാളി ആകുമോ എന്നത് നിര്‍ണായകമാകും.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക