
ബഹിർമുഖനും
അന്തർമുഖനും ഉള്ളത്
ഇരട്ടമുഖമൊന്നുമല്ലല്ലോ;
ഏകമുഖമല്ലേ?
ജനിമൃതിയുടെ ഇടുങ്ങിയ വാതിലിലൂടെ
നിഷ്പ്രയാസം കടന്നു പോകാറുള്ള
ആ ഏകമുഖം അജ്ഞാതം
അതിന്റെ സൗന്ദര്യം അവർണ്ണനീയം
തേടിയാൽ ലഭിക്കണമെന്നില്ല
ലഭിച്ചാലും ലഭിക്കുന്നത് അസ്സലാകണമെന്നില്ല
കണ്ടുപിടിക്കാതെ തന്നെ
അത് കണ്ടെത്തണം
കണ്ടെത്തുന്നതിനെക്കാളേറെ
അതരോർമ്മ പുതുക്കലാണത്രെ!
മൂന്നാം വയസ്സിൽ
മുഖം ദൈവദത്തം.
കുതിരകളുടെ ദൈവത്തിന്
കുതിരയുടെ മുഖമെന്ന് കേട്ടിട്ടുണ്ട്
ഞണ്ടുകളുടെ ദൈവത്തിന്
ഞണ്ടിന്റെ മുഖമായിരിക്കും
നിരീശ്വരവാദിയുടെ ദൈവത്തിന്
ഈശ്വരന്റെ മുഖമാണൊ
ചൈനക്കാരന്റെ ദൈവത്തിന്
ചൈനക്കാരന്റെ മുഖമാണൊ
ഇന്ത്യക്കാരന്റെ ദൈവത്തിന്
അമേരിക്കക്കാരന്റെ മുഖമല്ലല്ലൊ!
ഇരുപതാം വയസ്സിൽ
മുഖം പ്രകൃതിദത്തം.
നാൽപ്പതാം വയസ്സിൽ
മുഖം മുഖത്തെക്കാളേറെ
മുഖപ്പാളയ്ക്ക് സദൃശം.
അറുപതാം വയസ്സിൽ
സഞ്ചിതയാന്ത്രിക കർമ്മം വഴി
അർഹതയുള്ള ഒരു പ്രാരബ്ധമുഖം
ഏവർക്കും കിട്ടുമാറാകട്ടെ
മിക്കവാറും
ഒരു നരകമുഖമാകും
കിട്ടാൻ പോകുന്നത്
മുഖംമൂടികളുടെ വന്യമായ
താളക്രമത്തിൽ വാർത്തെടുത്ത,
ചുളിവുകളും കലക്കുഴികളും
അരിമ്പാറകളും തേറ്റകളും നിറഞ്ഞ,
ക്രൗര്യവും പകയും ആസക്തിയും
കുഴിച്ചിട്ട
ഇരുണ്ട ഒരു നരകമുഖം
അതിൽ അദൃശ്യമായ
ഒരു കുരിശിന്റെ താക്കോൽ
ഒളിഞ്ഞു കിടപ്പുണ്ടാകും
നിത്യതയിലേക്കുള്ള
വാതായനം അത് തുറന്നു തരും
മണിയറ കണ്ടെത്താൻ
മറന്നുപോയ മണവാട്ടിയുടെ
ദുഃഖവിലാപം അടഞ്ഞു കിടക്കുന്ന
ഓരോ അറവാതിലിലും
മാറ്റൊലി മുഴക്കുന്നു:
എന്റെ മണവാളനെവിടെ?
എന്റെ മണവാളനെവിടെ?
അസ്സൽ മുഖത്തിന്റെ
പ്രകീർത്തിക്കപ്പെട്ട തേജസ്സും സൗന്ദര്യവുമൊക്കെ
വെറും കെട്ടുകഥയായി കരുതാതെ
പ്രകാശമാനമായ ഒരു മുഖം തരാൻ സ്രഷ്ടാവിനോട്
അകമഴിഞ്ഞ് കുമ്പിട്ട് പ്രാർത്ഥിക്കാം
മരണത്തോടുള്ള മുഖാമുഖവേളയിൽ
ഇതല്ലാതെ ഒരുവന് മറ്റെന്തു ചെയ്യാൻ!