Image

മരണത്തിന്‍റെ മറുകര (സാഹിത്യം: പി എസ് ജോസഫ്‌)

Published on 24 July, 2026
മരണത്തിന്‍റെ മറുകര (സാഹിത്യം: പി എസ് ജോസഫ്‌)

ജീവിതത്തിലും സാഹിത്യത്തിലും അമ്മ എന്ന വാക്ക്  നിരന്തര സാന്നിധ്യമാണ് .ഏറ്റവും ശക്തമായ രചനകളുടെ പിന്നില്‍  ആ വലിയ സാന്നിധ്യം എക്കാലവും ഉണ്ടായിട്ടുണ്ട് അമ്മയെ കുറിച്ചുള്ള മൂര്‍ത്തമായ സ്മരണകള്‍  എക്കാലത്തെയും രചനകളിൽ പ്രധാന ഘടകമാണ് .മണ്മറഞ്ഞു പോയ അമ്മയെ ,അതേപോലെ  പ്രിയപ്പെട്ടവരേ  മരണത്തിന്‍റെ മറുകരയിൽ നിന്ന് ജീവിതത്തിലേക്ക് തിരികെ വിളിക്കാൻ ,വീണ്ടും ആ മധുരമായ ആ സാന്നിധ്യം അനുഭവിക്കാൻ ആഗ്രഹിക്കാത്തവർ ആരും തന്നെ ഉണ്ടാവില്ല  മരണത്തിന്‍റെ വന്‍കരയില്‍ നിന്ന് ഓര്‍മ്മകളുടെ അന്ത്യം കുറിക്കുന്ന മറവിയുടെ നദി കടന്നു പ്രേതങ്ങളെ തിരികെ വിളിക്കുന്ന ഒഡിസ്സിയസ് എക്കാലത്തും എന്‍റെ ഭാവനയെ ഉദ്ദീപിച്ച കാവ്യപുരുഷനായിരുന്നു .രക്തബലി സ്വീകരിച്ചു ജീവകണികകളായി രൂപം പ്രാപിക്കുന്ന ആ പിതൃ രൂപങ്ങള്‍ ഞാന്‍ എഴുതിയ കവിതകളില്‍ പ്രധാന ഘടകമായി .മരണം സൃഷ്ടിക്കുന്ന അതിരുകളെ ഭാവനക്ക് മാത്രമേ ഭേദിക്കാനാവൂ .വെയിസ്റ്റ് ലാന്‍ഡില്‍ ഇതേ പോലെ ടൈരേസിയാസ് മരണത്തിന്‍റെ മറുകരയില്‍ നിന്ന് ഭാവി പ്രവചിക്കാന്‍ എത്തുന്നുണ്ട് .എങ്കിലും ഇത്തരം ഒരു അനുഭവത്തിനു മൂര്‍ത്ത രൂപം നല്‍കിയത് ജാപ്പനീസ് എഴുത്തുകാരനായ തോഷികാഷു കാവഗുച്ചിയാണ് .അദ്ദേഹം തന്‍റെ  
ടെയില്‍സ്   ഫ്രം കഫേ എന്ന സീരിസില്‍  മൃതമനുഷ്യരുമായി ഒരു സമാഗമം ഏര്‍പ്പെടുത്തിയിരിക്കുന്നു .പൂര്‍ത്തിയാകാത്ത നമ്മുടെ മോഹങ്ങള്‍ക്ക് ഒരവസാന  വാക്കാണിവിടം.നമ്മുടെ തെറ്റുകള്‍ ഏറ്റുപറയാനുള്ള ഒരു ആധുനിക കുമ്പസാരകൂട്.

ആശുപത്രി കിടക്കയില്‍ അമ്മ അബോധ തലങ്ങളിലേക്ക് കൂപ്പു കുത്തുന്ന വേളയിലാണ് ഞാന്‍  കഫേ കഥകളില്‍  രണ്ടാമത്തെ പുസ്തകമായ ബിഫോര്‍ ദി കോഫി ഗെറ്റ്സ് കോള്‍ഡ്‌ -ലെ  ഒരു കഥ വായിക്കുന്നത് .മറവിയുടെ തലങ്ങളില്‍ നിന്ന് ഒരു തിരിച്ചു വരവിനു കാത്തിരിക്കുന്ന നിമിഷങ്ങളും മണിക്കൂറുകളും .ബോധതലത്തിലെ ആശയ വിനിമയം എത്രയോ അമൂല്യമായിരുന്നു എന്ന് നാം തിരിച്ചറിയുന്ന നിമിഷങ്ങള്‍ ആണവ .ഇത്ര നാള്‍ സംസാരിച്ചിട്ടും എപ്പോഴും ഒരേ കാര്യങ്ങള്‍ പറഞ്ഞിട്ടും മതിയാകാത്ത നിമിഷങ്ങള്‍ .ബോധതലത്തിലേക്കു മടങ്ങുന്നത് കാത്തിരിക്കുന്ന നിമിഷങ്ങള്‍ ദിവസങ്ങള്‍ ആഴ്ചകള്‍ .സമയം ഇവിടെ നിശ്ചലമാണ് .ലോകവും കാലവും സംഭവങ്ങളും ഇവിടെ നിശ്ചലമാണ് .അങ്ങനെയൊരു മുഹൂര്‍ത്തത്തില്‍ സമയത്തില്‍ നിന്ന് വിടുതല്‍ നേടി കഫേയില്‍ ഞാനും എത്തുന്നു .

കൗതുകകരമായ നിയമങ്ങളാണ് ജപ്പാനില്‍ ടോക്യോയില്‍ ഉള്ള ഈ  പഴയ കാല കഫേയില്‍ ഉള്ളത് .അപൂര്‍വസംഭവങ്ങള്‍ നടക്കുന്ന ഇടം എന്ന ഖ്യാതി ഉണ്ടെങ്കിലും ,ആ കഫേയിലെ അപ്പോള്‍ പൊടിച്ചു  തയാറാക്കുന്ന കാപ്പി നിഷ്ണാതരുടെ സന്തോഷമാണെങ്കിലും അവിടെ തിരക്കില്ല .ഇടക്ക് അപൂര്‍വമായി എത്തുന്ന അതിഥികള്‍. അവരില്‍ ചിലര്‍ക്ക് ഭൂതകാലത്തേക്ക്‌ മടങ്ങി ഇഷ്ടവ്യക്തിയെ കാണണം .പലപ്പോഴും പൂര്‍ത്തീകരിക്കാത്ത അനുഭവങ്ങള്‍ ആവര്‍ത്തിക്കാനോ തീര്‍ക്കാത്ത കടങ്ങള്‍ വീട്ടാനോ ചെയ്ത കുറ്റങ്ങള്‍ക്ക് മാപ്പ് ചോദിക്കാനോ ആകും ആ സമാഗമം തേടുന്നത് ..അല്ലെങ്കില്‍ പറയാതെ പോയ ആഗ്രഹങ്ങള്‍ തേടിയാകും ഈ അന്വേഷണം .

പക്ഷെ അത് അത്ര എളുപ്പമല്ല .മരിച്ചു പോയ വ്യക്തിയെ കണ്ടു എന്നത് കൊണ്ടു ഇന്നത്തെ ജീവിതത്തെ അത് ഒരു വിധത്തിലും ബാധിക്കാന്‍ പോകുന്നില്ല അതായതു ഭാവി നിങ്ങള്‍ക്ക് മാറ്റി വരക്കാനാവില്ല .ആ കഫേയില്‍ എന്നെങ്കിലും വന്ന വ്യക്തിയെ മാത്രമേ നിങ്ങള്‍ക്ക് വിളിച്ചു വരുത്താനാകൂ .ആ കഫേയില്‍ നിരന്തരമായ നോവല്‍ വായനയില്‍ ഏര്‍പ്പെട്ടിരിക്കുന്ന സ്ത്രീ  ദിവസത്തില്‍ ഒരേയൊരു തവണ ശുചി മുറിയില്‍ പോകുമ്പോള്‍ മാത്രമേ നിങ്ങള്‍ക്ക് ആള്മാവിനെ തേടി അവരുടെ കസേരയില്‍ ഇരിക്കാനാകൂ .അനന്തമായി ആ സമാഗമം  നീളുമെന്ന് നിങ്ങള്‍ കരുതരുത് .ആ കാപ്പി തണുക്കുന്നതിനു മുന്‍പ് നിങ്ങള്‍ സമാഗമം  അവസാനിപ്പിച്ചിരിക്കണം.ഇല്ലെങ്കില്‍ നിങ്ങള്‍ പ്രേതമായി മാറും .

ജീവിതത്തില്‍ എങ്ങുമെത്താതെ പോയ കളിമണ്‍ കരകൌശല വിദഗ്ദനാണ് ഇന്ന് കഫേയില്‍ എത്തിയിരിക്കുന്നത് .അമ്മയുടെ ശവസംസ്കാരച്ചടങ്ങുകളില്‍ പങ്കെടുക്കാന്‍ കഴിയാതെ പോയ ആളാണ്‌ അയാള്‍ .അന്ന് ബന്ധുക്കള്‍ക്ക് അയാളുമായി ബന്ധപ്പെടാന്‍ കഴിഞ്ഞില്ലത്രെ .പക്ഷേ ക്യോട്ടോയില്‍ നിന്ന് ടോക്യോ വരെ എത്താനുള്ള പണം കൈവശമില്ലാത്ത് കൊണ്ടാണ് അയാള്‍ക്ക് അന്ന് അന്തിമ ചടങ്ങുകളില്‍ പങ്കെടുക്കാന്‍  കഴിയാതെ പോയത് എന്ന് നാം ഇപ്പോള്‍ അറിയുന്നു .ഒരു കരകൌശല സ്റ്റുഡിയോ സ്ഥാപിക്കുക എന്ന അയാളുടെ ആഗ്രഹം മുതലെടുത്ത്‌ അയാളെ ഒരു ചതിയന്‍ വന്‍ കടക്കാരനാക്കി മാറ്റി എന്നും നാം അറിയുന്നു .തിരിച്ചു വരാനാകാത്ത വിധം കടക്കാരനാണ് അയാള്‍ ഇപ്പോള്‍ .ഇന്ന് അയാള്‍ ഇവിടെ എത്തിയിരിക്കുന്നത് താന്‍ അമ്മ ആഗ്രഹിച്ചത് പോലെ വലിയ നിലയില്‍ എത്തിയിരിക്കുന്നു എന്ന് അമ്മയെ അറിയിക്കാനാണ് അയാള്‍ക്ക്  അമ്മ സമ്മാനിച്ച സമ്പാദ്യ  സര്‍ട്ടിഫിക്കറ്റും അയാള്‍   കൊണ്ടു വന്നിട്ടുണ്ട് തനിക്കു  അത് ഉപയോഗിക്കേണ്ടി വന്നില്ല  എന്ന് അമ്മയെ അറിയിക്കാന്‍ .

കഫെ നടത്തിപ്പുകാരി അയാളുടെ ഗ്ലാസില്‍ ഒരു സ്റ്റീല്‍സ്പൂണ്‍  ഇട്ടു നല്‍കുന്നു കാപ്പി തണുക്കുമ്പോള്‍ മുന്നറിയിപ്പ് നല്കാനാണത്  .പക്ഷെ ജീവിതത്തിലേക്ക് തിരികെ വരാന്‍ മോഹിക്കാത്ത അയാള്‍ക്ക്‌ ഉണ്ടോ അതിന്റെ ആവശ്യം .പക്ഷെ അമ്മയുമായുള്ള കണ്ടു മുട്ടല്‍ എല്ലാം മാറ്റി മറിക്കുന്നു .മകനെ ജീവിതത്തിലേക്ക് തിരിച്ചു  കൊണ്ടു പോകാന്‍ ആ അമ്മ ശ്രമിക്കുന്നു .ആ കൂടികാഴ്ചയില്‍ ഇരുവരുടെയും കണ്ണുകളില്‍ നിന്ന് വലിയ കണ്ണുനീര്‍ തുള്ളികള്‍ ചുറ്റും വീഴുന്നുണ്ട്‌ ഒരു പുഴ ഉണ്ടാകുന്നത്ര വലുപ്പത്തില്‍ .ആമലികഫലം പോലെ കണ്ണീര്‍ വീണു എന്ന് ആശാന്‍ കരുണയില്‍  പറഞ്ഞത് പോലെ  .നല്കാനാകാത്ത പ്രണയത്തിന്‍റെ മാധുര്യമാര്‍ന്ന ആ ദര്‍ശനം  എത്രയോ മദനോത്സവങ്ങളിലും വലുതായിരിക്കും എന്ന് വാസവദത്ത  അന്ന് അനുഭവിച്ചിരിക്കണം .  അറിയാതെ എന്‍റെ കണ്ണില്‍ നിന്നും കണ്ണീര്‍  ഒഴുകി .കിടക്കയില്‍ അബോധാവസ്ഥയില്‍ കിടക്കുന്ന അമ്മ കണ്ണ് തുറന്നു നോക്കുന്നു .വായനയും ചിന്തയും യാഥാര്‍ത്ഥ്യവും  ഒന്നാകുന്ന നിമിഷം .
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക