
എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും കുത്തകയാക്കി വച്ചിരിക്കുന്ന ഇന്ത്യന്‍ വ്യോമയാന വിപണിയിലേക്ക് സ്വന്തമായി എയര്‍ലൈന്‍ സംരംഭവുമായി കടന്നുവരാന്‍ പ്രമുഖ വ്യവസായ ഭീമന്മാരായ അദാനി ഗ്രൂപ്പ് ആലോചിക്കുന്നു. വിമാനത്താവള നടത്തിപ്പില്‍ നിന്ന് നേരിട്ട് വിമാന സര്‍വീസിലേക്ക് കടക്കാനുള്ള അദാനി ഗ്രൂപ്പിന്റെ ഈ നീക്കം, രാജ്യത്തെ സിവില്‍ ഏവിയേഷന്‍ മേഖലയിലെ മത്സരസ്വഭാവത്തെയും വിപണി സമവാക്യങ്ങളെയും പാടെ തിരുത്തിക്കുറിക്കാന്‍ പോന്നതാണ്.
വിമാനക്കമ്പനി ആരംഭിക്കുന്നതിനായി നിലവിലെ വ്യോമയാന നിയമങ്ങളില്‍ ഇളവ് വരുത്തണമെന്ന് ഗ്രൂപ്പ് കേന്ദ്ര വ്യോമയാന മന്ത്രാലയത്തോട് അദാനി ഗ്രൂപ്പ് ആവശ്യപ്പെട്ടിരിക്കുകയാണ്. നിലവിലെ ചട്ടങ്ങളനുസരിച്ച് വിമാനത്താവളങ്ങള്‍ നടത്തുന്നവര്‍ക്ക് വിമാനക്കമ്പനികളില്‍ വലിയ പങ്കാളിത്തം വഹിക്കാന്‍ അനുമതിയില്ല. ഈ നിയമത്തില്‍ ഭേദഗതി വരികയാണെങ്കില്‍, അത് രാജ്യത്തെ അടിസ്ഥാന സൗകര്യ വികസനത്തിലും വ്യോമയാന മേഖലയിലും വന്‍ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കും.
മുംബൈ അന്താരാഷ്ട്ര വിമാനത്താവളം ഉള്‍പ്പെടെ ഇന്ത്യയിലെ എട്ട് വിമാനത്താവളങ്ങള്‍ കൈകാര്യം ചെയ്യുന്നത് അദാനി ഗ്രൂപ്പാണ്. ഗ്രൗണ്ട് ഹാന്‍ഡ്‌ലിംഗ്, എം.ആര്‍.ഒ (ങമശിലേിമിരല, ഞലുമശൃ മിറ ഛ്‌ലൃവമൗഹ), പൈലറ്റ് പരിശീലനം എന്നിവയില്‍ നിലവില്‍ ശക്തമായ സാന്നിധ്യമുണ്ട്. വിമാനത്താവള വികസനത്തിനായി 1,100 കോടി ഡോളറിന്റെ നിക്ഷേപ പദ്ധതികളാണ് അദാനിക്കുള്ളത്. ബ്രസീലിയന്‍ കമ്പനിയായ എംബ്രെയറുമായി ചേര്‍ന്ന് ഇന്ത്യയില്‍ പാസഞ്ചര്‍ ജെറ്റുകള്‍ നിര്‍മ്മിക്കുന്ന യൂണിറ്റ് സ്ഥാപിക്കാന്‍ അദാനി ഗ്രൂപ്പ് പദ്ധതിയിടുന്നുണ്ട്. ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന എംബ്രെയര്‍ വിമാനങ്ങളുടെ ആദ്യ ഉപഭോക്താക്കളായി അദാനിയുടെ സ്വന്തം വിമാനക്കമ്പനി തന്നെ മാറും എന്നത് ഈ നീക്കത്തിന് തന്ത്രപരമായ പ്രാധാന്യം നല്‍കുന്നു.
മുന്‍പ് നവി മുംബൈ വിമാനത്താവള ഉദ്ഘാടനവേളയില്‍ എയര്‍ലൈന്‍ ബിസിനസിലേക്ക് താല്‍പ്പര്യമില്ലെന്ന് അദാനി വ്യക്തമാക്കിയിരുന്നെങ്കിലും, വിപണിയിലെ പുതിയ സാഹചര്യങ്ങള്‍ ഗ്രൂപ്പിനെ മാറ്റിചിന്തിക്കാന്‍ പ്രേരിപ്പിക്കുകയായിരുന്നു. നിലവില്‍ ഇന്ത്യയിലെ ആഭ്യന്തര വ്യോമയാന മേഖല രണ്ടു പ്രധാന ശക്തികളുടെ നിയന്ത്രണത്തിലാണ്. 65.4 ശതമാനം വിപണി വിഹിതമുള്ള ഇന്‍ഡിഗോയും 25 ശതമാനം വിപണി വിഹിതമുള്ള എയര്‍ ഇന്ത്യയുമാണവര്‍. ഈ മേഖലയിലെ അമിതമായ കേന്ദ്രീകരണം വിപണിക്ക് ഭീഷണിയാണെന്ന് കഴിഞ്ഞ ഡിസംബറില്‍ ഇന്‍ഡിഗോയുടെ ശൃംഖലയിലുണ്ടായ പ്രതിസന്ധികള്‍ തെളിയിച്ചിരുന്നു.
രണ്ട് കമ്പനികള്‍ ചേര്‍ന്ന് വിപണിയുടെ 90 ശതമാനത്തോളം കൈയാളുന്നത് ടിക്കറ്റ് നിരക്കുകളിലും സര്‍വീസുകളിലും ഉപഭോക്താക്കള്‍ക്ക് പരിമിതമായ ഓപ്ഷനുകള്‍ മാത്രം നല്‍കുന്ന സാഹചര്യമുണ്ടാക്കുന്നു. അടുത്തിടെ പൈലറ്റുമാരുടെ ക്ഷാമം കാരണം ഇന്‍ഡിഗോ ആയിരക്കണക്കിന് സര്‍വീസുകള്‍ റദ്ദാക്കിയതും, എയര്‍ ഇന്ത്യ നേരിടുന്ന പരിശോധനാ വെല്ലുവിളികളും വിപണിയിലെ ഈ അസന്തുലിതാവസ്ഥ വെളിവാക്കിയിരുന്നു. ഈ ഘട്ടത്തില്‍ ഒരു വന്‍കിട കമ്പനിയുടെ വരവ് ഉപഭോക്താക്കള്‍ക്കും വിപണിക്കും പുതിയ പ്രതീക്ഷ നല്‍കുന്നു.
നേരത്തെ, നേരിയ ലാഭവിഹിതം മാത്രമുള്ള എയര്‍ലൈന്‍ ബിസിനസിലേക്ക് ഇറങ്ങാന്‍ താത്പര്യമില്ലെന്നും, ഗ്രൗണ്ടിലുള്ള അടിസ്ഥാന സൗകര്യ വികസനത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അദാനി എയര്‍പോര്‍ട്ട്‌സ് ഡയറക്ടര്‍ ജീത് അദാനി വ്യക്തമാക്കിയിരുന്നു. പുതിയ എയര്‍ലൈന്‍ ആരംഭിക്കുകയോ നിലവിലുള്ള ഏതെങ്കിലും എയര്‍ലൈനിന്റെ ഓഹരികള്‍ വാങ്ങുകയോ ചെയ്യാനുള്ള സാധ്യതകള്‍ അദാനി ഗ്രൂപ്പ് പരിശോധിക്കുന്നു. വിമാനത്താവള ഓപ്പറേറ്റര്‍മാര്‍ക്ക് എയര്‍ലൈനുകളില്‍ ഓഹരി പങ്കാളിത്തം നിഷേധിക്കുന്ന നിയമത്തില്‍ ഇളവ് തേടി അദാനി ഗ്രൂപ്പ് സര്‍ക്കാരിനെ സമീപിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
അദാനിയുടെ വരവ് വലിയ സാധ്യതകള്‍ തുറക്കുന്നുണ്ടെങ്കിലും ചില പ്രധാന നിരീക്ഷണങ്ങളും ആശങ്കകളും വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. വിമാനത്താവള ഉടമ തന്നെ എയര്‍ലൈന്‍ നടത്തുമ്പോള്‍ മറ്റ് എയര്‍ലൈനുകള്‍ക്ക് വിവേചനം നേരിടേണ്ടി വരുമോ എന്ന ചോദ്യം ഉയരുന്നുണ്ട്. തായ്‌ലാന്റ്, വിയറ്റ്‌നം തുടങ്ങിയ രാജ്യങ്ങളില്‍ ഇതിന് ഉദാഹരണങ്ങളുണ്ടെങ്കിലും, ഇന്ത്യ പോലെ വലിയൊരു വിപണിയില്‍ ഇത് കടുത്ത നിയന്ത്രണ നിരീക്ഷണങ്ങള്‍ ആവശ്യപ്പെടുന്നു.
അതേസമയം, ഉയര്‍ന്ന നികുതി, വിമാന ഇന്ധന വില, വിതരണ ശൃംഖലയിലെ തടസ്സങ്ങള്‍ എന്നിവ കാരണം കഴിഞ്ഞ 15 വര്‍ഷത്തിനിടെ കിങ്ഫിഷര്‍, ജെറ്റ് എയര്‍വേയ്‌സ്, ഗോ ഫസ്റ്റ് തുടങ്ങിയ വന്‍കിട കമ്പനികള്‍ തകര്‍ന്നുപോയ ചരിത്രം ഇന്ത്യന്‍ ആകാശത്തിനുണ്ട്. അദാനിയുടെ ഏവിയേഷന്‍ മോഹങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നതോടെ ഓഹരി വിപണിയില്‍ ദൃശ്യമായ മാറ്റങ്ങള്‍ പ്രകടമായി. അദാനി എന്റര്‍പ്രൈസസിന്റെ ഓഹരി വിലയില്‍ 3 ശതമാനത്തോളം ഇടിവുണ്ടായി. ഇന്‍ഡിഗോ ഓഹരികള്‍ 1 ശതമാനത്തോളം താഴ്ന്നു. പ്രതിസന്ധി നേരിടുന്ന ചെറിയ എയര്‍ലൈനായ സ്‌പൈസ്‌ജെറ്റിന്റെ ഓഹരികളില്‍ 10 ശതമാനം കുതിച്ചുചാട്ടമുണ്ടാവുകയും ചെയ്തു.
വിമാനങ്ങള്‍ ലഭ്യമാകുന്നതിലെ കാലതാമസം മറികടന്ന് പുതിയൊരു എയര്‍ലൈന്‍ വിജയകരമായി പടുത്തുയര്‍ത്താന്‍ വര്‍ഷങ്ങളുടെ പ്രയത്‌നവും വലിയ നിക്ഷേപവും ആവശ്യമാണ്. ചുരുക്കത്തില്‍, നിയമഭേദഗതി പ്രാബല്യത്തില്‍ വരികയാണെങ്കില്‍ ഇന്ത്യന്‍ വ്യോമയാന മേഖലയില്‍ പുതിയൊരു വിപ്ലവത്തിന് അത് തുടക്കമിടും.
2047-ഓടെ ഇന്ത്യയിലെ വിമാനത്താവളങ്ങളുടെ എണ്ണം 74-ല്‍ നിന്ന് 350-400 ആയി ഉയര്‍ത്താനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഈ വേഗത്തിലുള്ള വളര്‍ച്ചയ്ക്കിടയില്‍ അദാനിയെപ്പോലൊരു വമ്പന്‍ പ്ലെയര്‍ എയര്‍ലൈന്‍ രംഗത്തേക്ക് എത്തുന്നത് ഇന്‍ഡിഗോ-എയര്‍ ഇന്ത്യ കുത്തക തകര്‍ക്കാനും ആരോഗ്യകരമായ മത്സര അന്തരീക്ഷം സൃഷ്ടിക്കാനും സഹായിച്ചേക്കാം. എങ്കിലും വിമാനത്താവള നടത്തിപ്പുകാരനും എയര്‍ലൈന്‍ ഉടമയും ഒരാളാകുമ്പോള്‍ തുല്യനീതി ഉറപ്പാക്കാന്‍ ശക്തമായ റെഗുലേറ്ററി ചട്ടക്കൂട് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില് ഏവിയേഷന് ഉറപ്പാക്കേണ്ടി വരും.