Image

പുസ്തക പരിചയം - 15: വെനീസിലെ പെണ്‍കുട്ടി (കഥാസമാഹാരം) സാംസി കൊടുമണ്‍ : (പുസ്തക പരിചയം തയ്യാറാക്കിയത് : ബാജി ഓടംവേലി, ഡാലസ്)

ബാജി ഓടംവേലി, ഡാലസ് Published on 24 July, 2026
പുസ്തക പരിചയം - 15:  വെനീസിലെ പെണ്‍കുട്ടി (കഥാസമാഹാരം) സാംസി കൊടുമണ്‍  : (പുസ്തക പരിചയം തയ്യാറാക്കിയത് : ബാജി ഓടംവേലി, ഡാലസ്)

അമേരിക്കന്‍ മലയാളി എഴുത്തുകാരനായ സാംസി കൊടുമണ്‍ തന്റെ കഥകളിലൂടെയും നോവലുകളിലൂടെയും മലയാള മണ്ണിന് സുപരിചിതനാണ്. സ്‌നേഹ ശൂന്യതയാണ് ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തം എന്നാണ് അദ്ദേഹം കഥകളിലൂടെ പങ്കുവെയ്ക്കുന്ന പ്രധാന ജീവിതവീക്ഷണം. അത് നാനാവിധമായ ജീവിത സാഹചര്യങ്ങളിലൂടെ കഥകളായി ആവിഷ്‌ക്കാരം കൊണ്ടിരിക്കുന്നു. രാഷ്ട്രീയം മതം കുടുംബം മുതലായ സാമുഹ്യ സ്ഥാപനങ്ങളിലെ എല്ലാ അപചയങ്ങള്‍ക്കും മൂലഹേതു സ്‌നേഹരാഹിത്യമാണെന്ന് സാംസി സമര്‍ത്ഥിക്കുന്നു.
സ്വയം കുറ്റവിചാരണ ചെയ്യുന്ന കഥാപാത്രങ്ങള്‍ കഥകളില്‍ പോലും അത്ര സാധാരണമല്ല. നിത്യ ജീവിതത്തില്‍ അത്തരക്കാരെ തീരെ കണ്ടെത്താനാവില്ല. തന്നെത്തന്നെ ന്യായീകരിക്കുകയും തന്നെ കുറ്റപ്പെടുത്തുന്നവരെ അകറ്റി നിര്‍ത്തുകയും ചെയ്യുന്നവരാണ് അധികവും. സാംസിയുടെ മിക്ക കഥാപാത്രങ്ങളും തനിക്ക് പറ്റിപ്പോയ തെറ്റുകള്‍ തിരിച്ചറിയുകയും, സ്വയം വിമര്‍ശനം നടത്തുകയും ചെയ്യുന്നവരാണ്. സ്വന്തം ജീവിതത്തിലെ ദുരിതങ്ങള്‍ക്കൊക്കെ മറ്റുള്ളവരാണ് ഉത്തരവാദികള്‍ എന്ന് തീര്‍ച്ചപ്പെടുത്തുന്നവരോട് നമ്മുടെ കഥാകാരന്‍ കഥകളിലൂടെ സംസാരിക്കുന്നു. കഥാപാത്രങ്ങളുടെ ഈ സ്വയവിമര്‍ശനം സമൂഹത്തെ നേരായ ദിശയില്‍ ചലിക്കാന്‍ സഹായിക്കും.


'തടാകക്കരയിലെ ദേശാടനക്കിളി' എന്ന കഥയില്‍ എണ്‍പതാമത്തെ ജന്മദിനത്തിന്റെ തലേന്ന് ആത്മനൊമ്പരങ്ങളുടെ മാറാപ്പുമായി, സ്വന്തമെന്ന് കരുതിയ വീട് വിട്ട് ഇറങ്ങുന്ന ഒരാളുടെ തിരിഞ്ഞു നോട്ടത്തിന്റെ കഥയാണ്. തിരിഞ്ഞു നോക്കുന്നത് തന്റെ വീട്ടിലേക്കും ജീവിതത്തിലേക്കുമാണ്. ഓരോ ജന്മദിനവും ഓരോ നാഴികക്കല്ലുകളാണ്, പക്ഷേ അയാളുടെ ജീവിതത്തില്‍ ഒന്നും അടയാളക്കല്ലുകളായി ശേഷിച്ചിട്ടില്ലെന്ന തിരിച്ചറിവ് അയാളെയും വായനക്കാരുടെ മനസ്സിനെയും വല്ലാതെ നൊമ്പരപ്പെടുത്തും.

അമേരിക്കയിലേക്ക് കുടിയേറിയ ഒരു മലയാളി കുടുംബത്തിന്റെ കഥയാണ് 'ജയിക്കാനായി ഒരു ജീവിതം'. അപ്പന്‍, അമ്മ, രണ്ടു മക്കള്‍. കുട്ടികളെ വളരെ പ്രതീക്ഷയോടെ എല്ലാ സാഹചര്യങ്ങളും ഒരുക്കിക്കൊടുത്ത് വളര്‍ത്തുന്നുവെങ്കിലും, പലകുടുംബങ്ങളിലും സംഭവിക്കുന്നതുപോലെ കാര്യങ്ങള്‍ വേഗത്തില്‍ കൈവിട്ടു പോകുന്നു. മരുമക്കളായി വന്നത് നേപ്പാളുകാരിയും സ്പാനിഷുകാരിയുമാണ്. ചുറ്റിലും ഇരമ്പുന്ന ജീവിതം കണ്ടും കൊണ്ടും അനുഭവിക്കുന്ന കഥാകാരനെ ആധി കൊള്ളിക്കുന്നത് ബന്ധങ്ങളുടെ തകര്‍ച്ചയാണ്. എന്തുകൊണ്ട് വ്യക്തിബന്ധങ്ങളും കുടുംബബന്ധങ്ങളും ശിഥിലമായിപ്പോകുന്നു എന്ന് കൃത്യമായി അന്വേഷിക്കുന്നുണ്ട്.   
 'മോഹന വര്‍മ്മയുടെ അമ്മ' എന്ന കഥ നടക്കുന്നത് അറബിനാട്ടിലാണ്. മണലാരണ്യത്തിലെ സുഖലോലുപതയുടെയും മോഹവലയത്തിന്റെയും ചതിക്കുഴികളുടെയും കഥ പറയുന്നു. ധനത്തിനു വേണ്ടി മൂല്യരഹിതമായി ജീവിക്കുന്നതിന്റെ നിഷ്ഫലത തെളിയിക്കുന്നു.  ജീവിതത്തിന്റെ ധന്യത കുടികൊള്ളുന്നത് ധനത്തിലല്ല, പിന്നയോ മൂല്യങ്ങളിലാണെന്ന് കഥാകാരന്‍ ഊന്നിപ്പറയുന്നു. ബന്ധങ്ങളെ ഊട്ടി ഉറപ്പിക്കുന്നത് ഭൗതിക സൗകര്യമല്ല, സ്‌നേഹമാണ്.  


'പ്രളയം മുതല്‍ പ്രളയം വരെ' എന്ന കഥയില്‍, മഹാപ്രളയത്തിന്റെ ശേഷിപ്പായ മൂന്നു ദിവസം പഴക്കമുള്ള ഒരു അമ്മച്ചിയുടെ മൃതശരീരവുമായി ഒരു യുവാവ് മോര്‍ച്ചറികള്‍ തോറും കയറിയിറങ്ങുന്നതും ശരീരം മറവു ചെയ്യാനായി ഒരു സ്ഥലം തേടി അലയുന്നതുമാണ് കഥാതന്തു. ആ നാട്ടിലെ മോര്‍ച്ചറികളൊക്കെ വെള്ളപ്പൊക്കത്തില്‍ മരിച്ചവരെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. സെമിത്തേരികളിലും പള്ളികളിലുമൊക്കെ ഇപ്പോഴും വെള്ളം കയറിക്കിടക്കുകയാണ്. ഈ അമ്മച്ചി അപ്പുവിന്റെ ആരും അല്ലെന്നും, താന്‍ രക്ഷിക്കാന്‍ ശ്രമിച്ചൊരാള്‍ മാത്രമാണെന്നും അറിയുമ്പോഴാണ് പ്രളയം വരുത്തിവെച്ച കെടുതികളൂടെ ആഴവും മനുഷ്യത്വത്തിന്റെ ആഴവും തിരിച്ചറിയുന്നത്. 

പുസ്തകത്തിന്റെ പേരുള്ള 'വെനീസിലെ പെണ്‍കുട്ടി' എന്നത് ബാര്‍ബേറിയന്‍സ് റോമിനെ കീഴടക്കിയ കാലത്ത് അവിടെ നിന്നും രക്ഷപെട്ട്  വെനീസിലെത്തിയ കുടുംബത്തിലെ ഇളംതലമുറക്കാരി മരിയ ഗ്രെഗറി എന്ന ടൂര്‍ ഗൈഡിന്റെ ജീവിതമാണ്. വിനോദ സഞ്ചാരത്തിനെത്തിയ കഥാനായകനോട് വിലക്കുകള്‍ ലംഘിച്ച് തന്റെ ജീവിതം പറയുകയാണ്. പ്രതാപം നഷ്ടപ്പെട്ട വെനീസിന്റെ ചരിത്രം പറയുന്നതോടൊപ്പം അതു പറയാനുള്ള കാരണവും വ്യക്തമാകുന്നുണ്ട്. പെണ്‍കുട്ടിയുടെ ഒരു മുതുമുത്തച്ഛന്‍ കറുത്ത പൊന്നു തേടി ഇന്ത്യയില്‍ പോയതും കിഴക്കിന്റെ വെനീസായ ആലപ്പുഴയേക്കുറിച്ചു പറഞ്ഞറിഞ്ഞതും, കേരളീയനായ സഞ്ചാരിയോട് കഥ പറയാന്‍ കാരണമായി. ഫോണില്‍ നിന്നും, പോകെ പോകെ തിരിച്ചു വരാതായ മുതുമുത്തച്ഛന്റെ വരചിത്രം കാണിക്കുമ്പോള്‍, അത് ആരെന്ന് അറിയുന്ന അത്ഭുതത്തിലാണ് നാം കഥയറിയുന്നത്. . 

 'പരിശുദ്ധ കുഞ്ഞപ്പി, ഒരു ലഘു ചരിത്രം' എന്ന കഥയില്‍ കുഞ്ഞപ്പിച്ചായന്‍ എന്ന സാധു മനുഷ്യന്‍ മരണാനന്തരം അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്ന ദിവ്യനായിത്തീരുന്നു. വിശുദ്ധകുഞ്ഞപ്പി എന്ന പേരിനൊരു ഗാംഭീര്യക്കുറവുണ്ടെന്ന വിചാരത്തില്‍, കുഞ്ഞപ്പിയുടെ മാമോദീസപ്പേരായ സ്‌തേഫാനോസ് എന്ന പേരില്‍ വിശുദ്ധനാക്കാന്‍ പള്ളിക്കമ്മറ്റി ആലോചിച്ചെങ്കിലും, പൊതുയോഗത്തിലെ പുറകുബഞ്ചുകാര്‍ അതിന് സമ്മതിച്ചില്ല. പിന്‍ബെഞ്ചിലാണെങ്കിലും തിരുത്തല്‍ ശക്തികള്‍ കാലത്തിന്റെ ആവശ്യമാണ്. കുഞ്ഞപ്പിച്ചായന്‍ കാണിച്ച എല്ലാ അത്ഭുതങ്ങളും പാവങ്ങളുടെ ഇടയിലായതിനാല്‍, കുഞ്ഞപ്പി പാവങ്ങളുടെ പരിശുദ്ധനായി  കുരിശടിയില്‍ ഇന്നും വാഴുന്നു. ഈ കഥ അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരായ മികച്ച ആക്ഷേപഹാസ്യമാണ്.

കഥാകൃത്തിന്റെ മതേതര ജനാധിപത്യം എന്ന രാഷ്ട്രീയം കഥകളില്‍ വ്യക്തമായി വായിച്ചെടുക്കാനാവും. ഈ കഥാകാരനില്‍ പ്രവര്‍ത്തിക്കുന്ന ശക്തികള്‍ രണ്ടാണ്, ക്രിസ്തുവും ഗാന്ധിയും. അദ്യത്തേത് മതനിരപേക്ഷമായ ആത്മീയതയുടെയും, രണ്ടാമത്തേത് മതനിരപേക്ഷമായ രാഷ്ട്രീയതയുടെയും. അതുകൊണ്ടുതന്നെ പൗരോഹിത്യത്തെ കടന്നാക്രമിക്കുന്ന കഥാകാരന്‍, പുരോഹിതന്മാര്‍ കുഞ്ഞാടുകളെ എങ്ങനെയാണ് ചൂഷണം ചെയ്യുന്നതെന്നും, രാഷ്ട്രീയക്കാര്‍ എങ്ങനെയാണ് സമൂഹത്തില്‍ മത വര്‍ഗ്ഗീയത കുത്തി വെക്കുന്നതെന്നും തുറന്നു കാണിക്കുന്നു. 'എന്റെ ക്രിസ്തു ..., അങ്ങയുടെ മഹാപുരോഹിതന്മാര്‍ - സമാധാനത്തിന്റെ വെണ്‍പ്രാവുകള്‍ എങ്ങനെ അസമാധാനത്തിന്റെ കഴുകന്മാരായി ?' എന്ന് 'കാലന്‍കോഴികള്‍' എന്ന കഥയില്‍ ചോദിക്കുന്നുണ്ട്.
പ്രമേയ വൈവിധ്യം ഈ കഥകളുടെ എടുത്തു പറയേണ്ട ഒരു പ്രത്യേകതയാണ്. പാശ്ചാത്യ നാടുകളിലെന്ന പോലെ അറബുനാടുകളിലും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും ഈ കഥയുടെ പരിസരമായി വരുന്നുണ്ട്. 
എം. എന്‍. കാരശ്ശേരി അവതാരിക എഴുതിയിരിക്കുന്ന ഈ സമാഹാരത്തില്‍, ജോര്‍ജ്ജ് ആറാമന്റെ പരിണാമം, അംശീകരിക്കപ്പെട്ടവരുടെ ശോഭയാത്ര, അത്താഴമേശയിലെ ഒറ്റുകാരന്‍, ഒരു യുക്തിവാദിയുടെ ആത്മാവ് ഒരു വൈദികന്റെ ജഡത്തെ കണ്ടുമുട്ടിയപ്പോള്‍, തൂടങ്ങി 17  കഥകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. കവി സെബാസ്റ്റന്റെ ഉടമസ്ഥതയിലുള്ള കൊടുങ്ങല്ലൂര്‍ നിന്നുള്ള പുലിറ്റ്‌സര്‍ ബുക്ക്‌സാണ് 174 പേജുള്ള ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. വില 200 രൂപ.


സാംസി കൊടുമണ്‍   
1955 ല്‍ പത്തനംതിട്ട ജില്ലയിലെ കൊടുമണ്ണില്‍ ജനിച്ചു. നാലു പതിറ്റാണ്ടായി അമേരിക്കയിലുള്ള എഴുത്തുകാരന്‍ ഇപ്പോള്‍ ന്യൂയോര്‍ക്കില്‍ താമസിക്കുന്നു. വിചാരവേദി, കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക, ലിറ്റററി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (ലാന) തുടങ്ങിയ സാഹിത്യ സാംസ്‌കാരിക സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നു. ലാനയുടെ   സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഫൊക്കാന, ലാന, ജനനി, മാം, കേരള കള്‍ച്ചറല്‍ അസോസിയേഷന്‍, കേരള സെന്റര്‍, തൂടങ്ങിയവയുടെ സാഹിത്യ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
രാത്രി വണ്ടിയുടെ കാവല്‍ക്കാരന്‍, യിസ്മയേലിന്റെ സങ്കീര്‍ത്തനം, വെനീസിലെ പെണ്‍കുട്ടി എന്നീ കഥാസമാഹാരങ്ങളൂം; പ്രവാസിയുടെ ഒന്നാം പുസ്തകം, മോശയുടെ വഴികള്‍, ഉഷ്ണക്കാറ്റ് വിതച്ചവര്‍, ക്രൈം ഇന്‍ 1619 എന്നീ നോവലുകളും പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രവാസിയുടെ ഒന്നാം പുസ്തകം എന്ന നോവല്‍ The First Book of An Exotic എന്ന പേരില്‍ ഇംഗ്‌ളീഷില്‍ പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ചിട്ടുണ്ട്.


പിതാവ് :- ചെറിയമത്തായി, മാതാവ് :- കുഞ്ഞാമ്മ മത്തായി, ഭാര്യ :- എലിസബേത്ത് ശമുവേല്‍, മക്കള്‍ :- ഡെന്നി, ധന്യ, ദിവ്യ. email :  samcykodumon@hotmail.com
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക