
"ടീച്ചർ എപ്പോഴായിരിക്കും പ്രസവിക്കുക? കുഞ്ഞു വാവ ഉണ്ടായാൽ പിന്നെ വരൂല്ല അല്ലെ.. അത് കരയൂല്ലേ " ചെറിയ മോന്റെ ആകാംക്ഷ നിറഞ്ഞ ചോദ്യം.
വളരെ വർഷങ്ങൾക്കു മുൻപ് എന്നെ പ്പോലെ അവനും ഇത്തിരി പാട്ട് വാസന ഉണ്ടെന്നു തോന്നിയപ്പോഴാണ് ഞാൻ സംഗീതം പഠിപ്പിക്കാൻ വത്സല ടീച്ചറെ വിളിച്ചത്. അവനൊപ്പം ഞാനും അടുത്ത വീട്ടിലെ സരിത എന്ന പെൺകുട്ടിയും കൂട്ടിനിരുന്നു പാടും. ടീച്ചർ വരുമ്പോഴേ മോന്റെ മുഖം മങ്ങും. എന്നാലും ഞങ്ങൾ മുകളിൽ പോയിരുന്നു "സരിഗമ" പാടും. അങ്ങനെ പാടിപ്പാടി വർണ്ണം "നിന്നുക്കോരീ യൂ. നാ ""വരെ എത്തിയപ്പോൾ വലിയ വയർ താങ്ങി വരുന്നത് ടീച്ചർക്ക് ബുദ്ധിമുട്ടായി. പാട്ട് ക്ലാസ്സ് നിന്നു. പിന്നെ ചേട്ടനും അനുജനും ക്രിക്കറ്റ് തന്നെ. സ്കൂൾ ഗ്രൗണ്ടിൽ സിക്‌സറും ഫോറും ഒക്കെ അടിച്ചു പറത്തി 6.30 ആകുമ്പോൾ ഓടി വീടണയും. അല്ലെങ്കിൽ അച്ഛൻ ചൂരൽ കൊണ്ട് തുടയിലേക്ക് സിക് സ ർ വീശും. പാഠഭാഗങ്ങൾ മുഴുവൻ ഞാൻ പകൽ അവർ സ്കൂൾ വിട്ടു വന്നതിനു ശേഷം പഠിപ്പിക്കുന്നതിനാൽ സന്ധ്യ മുതൽ ഫ്രീ ആണ്. അന്ന് നിലവാരമുള്ള ടി വി സീരിയലുകൾ കാണാൻ അയൽക്കാരും എത്തുമായിരുന്നു.
അന്നൊക്കെ ഒരു മകനെങ്കിലും ഒരു പാട്ടുകാരനായി കാണണം എന്ന എന്റെ അത്യാഗ്രഹത്തെ അവർ സിക്സർ അടിച്ചു പറത്തി. സ്കൂൾ ക്രിക്കറ്റ് ടീമിൽ അംഗമായി കളിക്കാൻ പോയി. കുഞ്ഞു മെഡലും ചെറിയ ട്രോഫിയുമായി വന്നു.അച്ഛൻ ഷട്ടിൽ ബാഡ്മിന്റൺ കളിക്കാരൻ ആണെങ്കിലും ഞങ്ങളെ പ്രോത്സാഹിപ്പിച്ചില്ല എന്ന് ഇടയ്ക്ക് പരാതി പറഞ്ഞു . ഞാൻ കണ്ടെത്തിയ കഴിവിനെ ആകും വിധം പ്രോത്സാഹിപ്പിച്ചിരുന്നു എങ്കിലും പാട്ടിലേക്കൊന്നും പോയില്ല അവർ. മൂത്ത മോൻ ഞങ്ങളെ അമ്പരപ്പിച്ചു കൊണ്ട് അവന്റെ ഡിഗ്രി പഠന കാലത്ത് സൂപ്പറായി ബ്രേക്ക് ഡാൻസ് കളിച്ച ഒരു കാലവും ഉണ്ടായിരുന്നു. മക്കളുടെ പ്രായമുള്ള ആൺ കുട്ടികൾ പാടുമ്പോൾ, നൃത്തം ചെയ്യുമ്പോൾ നല്ലതെങ്കിൽ ഷെയർ ചെയ്യാൻ ഒരു മോഹം തോന്നുന്നതും അത് കൊണ്ടാകും.
ഇപ്പോൾ സിനിമയിൽ പാട്ടുകൾക്ക് ഏറെ പ്രസക്തിയില്ല. എങ്കിലും വല്ലപ്പോഴുമൊക്കെ ചില പാട്ടുകൾ നല്ലത് വരാറുണ്ട്. നല്ലതിനെ ഹൃദയത്തോട് ചേർത്തു പിടിക്കുക. വീണ്ടും ഇമ്പമേറിയ ഗാനങ്ങളുടെ ഒരു സുവർണ്ണ കാലം പ്രതീക്ഷിക്കാൻ ജീവിതത്തിൽ എത്ര വർഷങ്ങൾ ഇനി ബാക്കിയെന്നു അറിയില്ലല്ലോ. എങ്കിലും കാത്തിരിക്കാം. നല്ലത് എന്തെങ്കിലും വിരൽത്തുമ്പിൽ വന്നാൽ എഴുതാനോ ചില പരിഭാഷകൾ ചെയ്യാനോ കൂടിയാകും ഇങ്ങനെ തിരക്കില്ലാത്ത ഒരു ജീവിതം കാലം സമ്മാനിച്ചത് എന്ന് ചിലപ്പോൾ എന്റെ കാര്യത്തിൽ തോന്നാറുണ്ട്.
"സംഗീതമപി സാഹിത്യം
സരസ്വത്യാ സ്തനദ്വയം" എന്നാണല്ലോ. ഈ ജീവിതയാത്രയിൽ ഇവ രണ്ടും വളരെ ചെറിയ അളവിൽ മാത്രമെങ്കിലും നൽകി അനുഗ്രഹിച്ച സരസ്വതീ ദേവിക്ക് പ്രണാമം.!