Image

ഇതുവരെയാരും പറയാക്കഥയിത്, ഇരുളിന്‍ മറവിലെ മായക്കഥ...', ഉന്മാദത്തിലെ ആദ്യ ഗാനം പുറത്ത്; ചിത്രം ജൂലൈ 31-ന്

Published on 24 July, 2026
 ഇതുവരെയാരും പറയാക്കഥയിത്, ഇരുളിന്‍ മറവിലെ മായക്കഥ...', ഉന്മാദത്തിലെ ആദ്യ ഗാനം പുറത്ത്; ചിത്രം ജൂലൈ 31-ന്

 

കുഞ്ചാക്കോ ബോബനും ലിജോമോള്‍ ജോസും ആദ്യമായി ഒന്നിക്കുന്ന 'ഉന്മാദം' സിനിമയിലെ ആദ്യ ഗാനം പുറത്ത്. 'അകലെ ഒരു സ്വര്‍ണ്ണ കലമാനോ...' എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് സംഗീത സംവിധായകന്‍ ബിജിബാലാണ്. വിനായക് ശശികുമാര്‍ വരികളെഴുതിയിരിക്കുന്ന ഗാനത്തിന് സംഗീതമൊരുക്കിയിരിക്കുന്നത് മുജീബ് മജീദാണ്. ജൂലൈ 31നാണ് സിനിമയുടെ വേള്‍ഡ് വൈഡ് റിലീസ്.

ഗാനത്തിനിടയില്‍ 'ഇതുവരെയാരും പറയാക്കഥയിത്, ഇരുളിന്‍ മറവിലെ മായക്കഥ' എന്ന വരികള്‍ സിനിമയുടെ കഥാവഴിയെ കുറിച്ചുള്ള സൂചനകള്‍ നല്‍കുന്നതാണ്. കുഞ്ചാക്കോ ബോബന്‍ അവതരിപ്പിക്കുന്ന ഷെല്ലി എന്ന കഥാപാത്രത്തിന്റെ അച്ഛന്റെ മരണ ശേഷമുള്ള വീട്ടിലെ ചില രംഗങ്ങളാണ് ഗാന രംഗത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. സമാനതകളില്ലാത്ത അഭിനയ മുഹൂര്‍ത്തങ്ങളുമായി എത്തിയ ട്രെയിലര്‍ അടുത്തിടെ വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. മലയാളി പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന പനോരമ സ്റ്റുഡിയോസിന്റെ മലയാളത്തിലെ മൂന്നാം നിര്‍മ്മാണ സംരംഭമായ 'ഉന്മാദം' മലയാളത്തിലെ ഏറ്റവും ശ്രദ്ധേയരായ എഡിറ്റര്‍മാരില്‍ ഒരാളായ കിരണ്‍ ദാസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ്.

തീര്‍ത്തും വേറിട്ടൊരു പോലീസ് കഥാപാത്രമാണ് കുഞ്ചാക്കോ ബോബന്റേത് എന്നാണ് ട്രെയിലര്‍ സൂചന നല്‍കിയിട്ടുള്ളത്. ഒരു സ്റ്റേഷനില്‍ അന്ധവിശ്വാസവുമായി ബന്ധപ്പെട്ട, തൊട്ടാല്‍ പ്രശ്നമാകുന്ന ഒരു ഫയലിന് പിന്നാലെ നായക കഥാപാത്രം നീങ്ങുന്നതും അതിനെ തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം.

ദേശീയ പുരസ്‌കാര ജേതാവായ ഷാഹി കബീര്‍ 'ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി'ക്ക് ശേഷം കുഞ്ചാക്കോ ബോബനുമായി വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. സിദ്ദിഖ്, സുധീഷ്, വിശാഖ് നായര്‍, സാബു മോന്‍, കോട്ടയം നസീര്‍, ജിജോയ് രാജഗോപാല്‍, ഗോകുലന്‍, അരുണ്‍ ചെറുകാവില്‍, ഉണ്ണി ലാലു, ഷാജു ശ്രീധര്‍, കൃഷ്ണപ്രഭ, കിരണ്‍ പീതാംബരന്‍, വിഷ്ണു, റെയ്‌ന രാധാകൃഷ്ണന്‍, സിജോയ് വര്‍ഗീസ്, വിഘ്‌നേശ്വര്‍ സുരേഷ് തുടങ്ങിയ വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നു. ടി-സീരീസും പനോരമ സ്റ്റുഡിയോസും സംയുക്തമായി അവതരിപ്പിക്കുന്നതാണ് ചിത്രം.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക